Friday, May 18, 2018

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നവരോട് ഒരു മുന്നറിയിപ്പ്…!

 
ഗൾഫ്‌ നിർത്തി പോയി കുടുംബവുമായി സന്തോഷകരമായി ജീവിക്കുക എന്നത് എല്ലാ പ്രവാസികളുടേയും സ്വപ്നമാണ് . അലാറം വെക്കാതെ ഉറങ്ങാൻ കിടക്കാം , മഴ ആസ്വദിച്ചു കൈലി മുണ്ടും ഉടുത്തു , പോത്തിറച്ചിയും കപ്പയും മത്തിയും ഒക്കെ അടിച്ചു ,… അടിച്ചു പൊളിച്ചു ജീവിക്കാം എന്നൊക്കെ സ്വപ്നം കാണാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല . പക്ഷേ , എല്ലാ വിശ്രമത്തിനും ഗൃഹാതുരത്വ ത്തിനും ചില പരിധിയുണ്ട് . അത് കഴിഞ്ഞാൽ ഗൃഹാതുരത്വ ത്തിലെ ഗൃഹം പോയി വെറും ആതുരത്വം മാത്രമായി മാറും .
അത് കൊണ്ട് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട്
1) സ്വന്തം നാട്ടില്‍ നിന്ന് പറിച്ചു നടപ്പെട്ട ഒരാൾക്ക്‌ മറ്റൊരു രാജ്യത്തു വേര് പിടിക്കാനുള്ള സാധ്യത ഏറെയാണ്‌. പ്രവാസ ലോകത്ത് കഴിയുന്ന ഭൂരിഭാഗം പേരും അങ്ങനെ വേര് പിടിച്ചവരാണ്. എന്നാൽ ദീര്‍ഘ കാലം മറ്റൊരു രാജ്യത്ത് കഴിഞ്ഞ ഒരാളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്കു തിരിച്ചു പോയി അവിടെ വേര് പിടിക്കാൻ ഇത്തിരി പ്രയാസം ആണ് .മാത്രമല്ല നാടിന്റെ സ്പന്ദനങ്ങളോ ചലനങ്ങളോ വെട്ടിപ്പോ തട്ടിപ്പോ ഒന്നും പെട്ടെന്ന് മനസ്സിലാക്കാൻ ‘ഒരു സാധാരണ പ്രവാസിക്ക് ‘പൊതുവേ സാധിക്കുകയും ഇല്ല
2) ഗള്‍ഫിലെ ബിസിനസ്സും നാട്ടിലെ ബിസിനസ്സും തമ്മില്‍ വലിയ അന്തരമുണ്ട് . നാട്ടിലെ എക്സിപീരിയൻസ് പലപ്പോഴും മറു നാട്ടിൽ ഉപകാരപ്പെടും . പക്ഷേ ഗള്‍ഫിലെ എക്സ്പീരിയൻസ് നാട്ടിൽ അത്ര ഗുണപ്രദ മാവില്ല.
3) പ്രവാസി ആകുന്നതോടെ , അവന്റെ ഉള്ളിന്റെ ഉള്ളില്‍ കുടിയേറുന്ന ഒരു തരം ഭീതി , ആധി , വെപ്രാളം ഇതൊന്നും നാട്ടിലെ ഒരു പദ്ധതിക്കും പറ്റില്ല . ധൈര്യത്തോടെ ഇറങ്ങാൻ കഴിഞ്ഞാലെ നാട്ടിൽ ഏതു പദ്ധതിയും വിജയിപ്പിക്കാൻ പറ്റൂ . ശാരീരികമായും മാനസികമായും തളര്‍ന്ന ഒരു പ്രവാസിക്ക് ഒരിക്കലും നാട്ടില്‍ ക്ലച്ച് പിടിക്കാൻ കഴിയാതെ പോകുന്നത് അത് കൊണ്ടാണ് .ജീവിതത്തിന്റെ ചെറുപ്പവും കരുത്തും ശക്തിയും എല്ലാം തീർത്തശേഷം വെറും പുറം തോട് മാത്രമായാകും നാട്ടിലേക്ക് ചെല്ലുക.
4) സ്നേഹബന്ധങ്ങളൊക്കെ കാര്യ ലാഭം ഉണ്ടെങ്കിൽ മാത്രമേ ഉണ്ടാവൂ . അത് സൌഹൃദം ആയാലും കുടുംബ ബന്ധം ആയാലും . നമുക്ക് ക്ഷേമം ഉണ്ടെങ്കിലേ നമ്മെ ആര്‍ക്കുംആവശ്യമുള്ളൂ .
5) കുടുംബത്തെ സഹായിക്കുക തന്നെ വേണം . ബാധ്യതകൾ നിറവേറ്റുകയും വേണം . പക്ഷേ അതൊന്നും സ്വയം മറന്നാവരുത് . നമുക്ക് വേണ്ടി അല്പസ്വല്‍പം എന്തെങ്കിലും കരുതി വെച്ചേ മതിയാവൂ.
6) വിഷമ ഘട്ടങ്ങളിൽ ആരും സഹായിക്കാനുണ്ടാവണം എന്നില്ല . നാം സഹായിച്ചവരിൽ നിന്നാവും ഒരു പക്ഷേ നമുക്ക് വേദനാജനകമായ തിരിച്ചടി കിട്ടുക
7) കയ്യില്‍ എത്ര കാശ് ഉണ്ടായാലും അത് തീരാൻ ഒരു പണിയും ഇല്ല . വരവില്ലാതെ ചെലവ് മാത്രമാകുമ്പോൾ സുറുമ ക്കുപ്പിയിലെ കോല് പോലെ ആവും നമ്മൾ . വളരെ കുറച്ചേ എടുക്കൂ . പക്ഷേ മെല്ലെ മെല്ലെ കുപ്പി കാലിയാകും . ഒടുവില്‍ കുപ്പിയും കോലും മാത്രം അവശേഷിക്കും നിലവിലുള്ള എതൊന്നു നാം കൈവിട്ടാലും പിന്നെ അത് തിരിച്ചു കിട്ടാൻ വലിയ പ്രയാസം ആയിരിക്കും . അത് കൊണ്ട് കയ്യിലുള്ളത് കൈവിടും മുമ്പ് നൂറു വട്ടം ആലോചിക്കുക
8 ) കാലിയായ പോക്കറ്റ് നമ്മെ നിന്ദ്യനും കൊള്ളരുതാത്തവനും ആക്കും . ഭാര്യക്കും മക്കള്‍ക്കും പോലും നമ്മെ പറ്റില്ല . പിന്നെ . വെറും ഒരു ‘മൊടക്കാ ചെരക്ക് ‘ അല്ലെങ്കിൽ ഒരു ശല്യക്കാരൻ , അതുമല്ലെങ്കിൽ ഒരു അന്തവും കുന്തവും ഇല്ലാത്ത മുന്‍ പ്രവാസി ഇതൊക്കെയാവും നമ്മെ കുറിച്ചുള്ള അഭിപ്രായങ്ങൾ
9) എക്സിറ്റിൽ നാട്ടിലേക്ക് പോയ തൊണ്ണൂറ് ശതമാനം ആളുകളും തിരിച്ചു പോരാൻ വല്ല വഴിയും ഉണ്ടോ എന്ന് ചിന്തിക്കുന്നവരാണ്. കാരണം നാട്ടില്‍ അവര്‍ക്ക് ഒരു സീറ്റും ഇല്ല , സുഹൃത്തുക്കളില്ല , കയ്യില്‍ കാശ് വരാത്ത ആളായത് കൊണ്ട് ആശ്രിതര്‍ക്ക്പോ ലും ഒരു അധികപ്പറ്റായി മാറാനുള്ള സാധ്യത ഏറെയാണ്‌.
10) നിങ്ങൾ ഗൾഫിലായിരിക്കുമ്പോൾ നിങ്ങളേ സ്നേഹിച്ച് ഭാര്യ… കുടുംബം എന്നിവരുടെ അടുത്തു നിന്നും അതേ സ്നേഹ വാൽസല്യവും ബഹുമാനവും നിങ്ങൾ നാട്ടിലെത്തിയാൽ ലഭിക്കുമോ?
ഗൾഫു വിട്ട് നാട്ടിൽ പോയാൽ ആനയാക്കാം കുതിരയാക്കാം എന്നൊക്കേ ഗുൾഫിലിരുന്നു ബഡായിവിടുന്നവരുടെ വാക്ക് കേട്ട് നാട്ടിലേക്കു പോകാതിരിക്കുക .നല്ല കാലത്ത് ഭാവിയിലേക്ക് വല്ലതും കരുതി വെച്ചിട്ടുണ്ടെങ്കിൽ ,വല്ല വരുമാനവും അവിടെ ഉണ്ടെങ്കിൽ .
അതുമല്ലെങ്കിൽ വല്ലതും ചെയ്യാൻ മനക്കരുത്തും ഇച്ഛാ ശക്തിയും ഉണ്ടെങ്കിൽ നിങ്ങൾ ധൈര്യമായി പ്രവാസം മതിയാക്കി പോയ്കോളൂ പോകാനാണ് ഉദ്ദേശ്യം എങ്കിൽ നാല്പതു വയസ്സിനു മുൻപേ പോവുക ‘ഒന്നിന്നും കഴിയാത്ത’ അവസ്ഥയില്‍ രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമായി അങ്ങോട്ട്‌ ചെന്ന് എല്ലാവരുടെയും അനിഷ്ട കഥാപാത്രം ആയി ജീവിക്കുന്നതിനേക്കാൾ നല്ലത് ഏറെ കാലമായി ഇവിടെ ഉണ്ടാക്കിയെടുത്ത സൌഹൃദവും നാലു കാലുള്ള കട്ടിലും ഒരിത്തിരി ഇടവും തന്നെ ആയിരിക്കും ഇത് ഗൾഫ്‌ നിര്‍ത്തി പോകുന്നവരെ നിരുത്സാഹ പ്പെടുത്തുന്നതിന് വേണ്ടിയുള്ള പൊസ്റ്റല്ല .
ചില മുന്നറിയിപ്പുകളാണ് , നഗ്ന സത്യങ്ങളാണ് . പറയുമ്പോഴും കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത കയ്പ്പ് തോന്നും എങ്കിലും യാഥാര്‍ത്ഥ്യം വലിയ ഒരു പരിധി വരെ ഇതാണ് .ആഡംബരവും ,പൊങ്ങച്ചവും അനാവശ്യ ആഘോഷങ്ങളും ചിലവും , ധൂർത്തും ഒഴിവാക്കി കൊക്കിലൊതുങ്ങുന്നതുമായി മുന്നോട്ട് പോകുകയും നാളേക്ക് വേണ്ടി വല്ലതും കരുതിവെക്കുകയും ചെയ്യുക ,ബാങ്കിൽ നിന്നും കാർഡിൽ നിന്നും എടുത്തും ,കടം വാങ്ങിയും ഓരോ വർഷം കഴിയുന്തോറും ദേശാടന പക്ഷിയെ പോലെ നാട്ടിൽ വന്ന് ഉള്ളത് മുഴുവൻ ഒന്നോ രണ്ടോ മാസം കൊണ്ട് ദൂർത്തടിച്ചുതീർക്കുന്നവരായി നാം മറാതിരിക്കുക ,കേവലം ചികിത്സക്ക് വേണ്ടിയെങ്കിലും മറ്റുള്ളവരുടെ മുന്പിൽ കൈ നീട്ടാതിരിക്കാൻ പണം മാറ്റിവെക്കുക.

Wednesday, April 4, 2018

അനാർക്കലി


മുഗൾ രാജകുമാരനായിരുന്ന സലിം (ജഹാംഗീർ) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത പേർഷ്യൻ നർത്തകിയാണ് അനാർക്കലി. ഇവരുടെ ദുരന്ത പ്രേമകഥയെ ആസ്പദമാക്കി പല ഭാഷകളിലും, നാടകങ്ങളും കാവ്യങ്ങളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കഥ കേവലം സാങ്കല്പികമാണെന്ന് ഒരു നല്ലവിഭാഗം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു . അനാർക്കലിയുടേതെന്ന് കരുതപ്പെടുന്ന ശവകുടീരം ലാഹോറിൽ നിലനിൽക്കുന്നുണ്ട്.സലിം അനാർക്കലിയിൽ അനുരക്തനായതറിഞ്ഞ് ചക്രവർത്തി കോപാകുലനായി. സലിമിൽ നിന്നകന്നില്ലെങ്കിൽ മരണശിക്ഷ നൽകുമെന്ന അക്ബറുടെ ഭീഷണിക്കു മുന്നിലും അവൾ കുലുങ്ങിയില്ല. ചക്രവർത്തി അവളെ ജീവനോടെ തുറുങ്കിലടച്ച് കല്ലുപടുത്തു. സലിം രക്ഷിക്കാനെത്തിയപ്പോഴേക്കും അവൾ മരിച്ചുകഴിഞ്ഞിരുന്നു. 

മാതളനാരകമൊട്ട് എന്നാണ് അനാർക്കലി എന്ന വാക്കിന് അർഥം. അനാർക്കലിയുടെ ശവകുടീരം പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന മുഗൾ കാലത്തെ ചരിത്രസ്മാരകമാണ് .  പഞ്ചാബ് ആക്കൈവ്സിന്റെ കാര്യാലയം ഇവിടെ പ്രവത്തിക്കുന്നു. ഈ ശവകുടീരം നിലനിൽക്കുന്ന പ്രദേശത്തിന്റെ പേരും അനാർക്കലി എന്നാണ്. പ്രേമഭാജനമായ അനാർക്കലിക്കായി 1599-ലാണ് മുഗൾ ചക്രവർത്തി ജഹാംഗീർ അഷ്ടഭുജാകൃതിയിലുള്ള ഈ ശവകുടീരം പണിതത് എന്നാണ് കരുതപ്പെടുന്നത്. അനാർക്കലിയുടെ ശരീരാവശിഷ്ടങ്ങൾ ഇതിൽ അടക്കം ചെയ്തതായും കരുതപ്പെടുന്നു.

ഈ ശവകുടീരം അനാർക്കലിയുടേതാണെന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ഈ ശവകുടീരം അവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. 1611-ൽ ഇവിടം സന്ദർശിച്ച ഒരു ഇംഗ്ലീഷ് വ്യാപാരി ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ശവകുടീരം, രഞ്ജിത് സിങ്ങിന്റെ കീഴിലെ വിദേശപടയാളിയായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് വെഞ്ചുറയുടെ ഭാര്യയുടെ വസതിയായായിരുന്നു. വെഞ്ചുറയുടെ വസതിയായിരുന്ന വെഞ്ചുറ ഹൗസ് ഇതിന്റെ തൊട്ടടുത്താണ്. ബ്രിട്ടീഷ് അധീനകാലത്ത് (1846-നു ശേഷം) ഈ പ്രദേശം റെസിഡന്റിന്റെ ഗുമസ്തന്മാരുടെ കാര്യാലയവും താമസസ്ഥലവുമായി മാറിയിരുന്നു. അക്കാലത്ത് ഈ ശവകുടീരം സിവിൽലൈൻസ് എന്നറിയപ്പെട്ട ആ മേഖലയിലെ പള്ളിയാക്കി മാറ്റിയിരുന്നു. 1891-ൽ പഞ്ചാബ് ആർക്കൈവ്സിന്റെ കാര്യാലയമാക്കി. ഇന്നും ഈ നിലയിൽ തുടരുന്നു. ഈ ശവകുടീരത്തിന്റെ മദ്ധ്യഭാഗത്തായിരുന്ന ശവക്കല്ലറ, പിൽക്കാലത്ത് മാറ്റിസ്ഥാപിച്ചിരുന്നു.


Tuesday, February 13, 2018

പാലിയം കൊട്ടാരം

പാലിയം കൊട്ടാരം
കൊച്ചിയുടെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു പാലിയം കൊട്ടാരം. സ്വകാര്യ വസതിയാണ്‌ പാലിയം നാലുകെട്ട്‌. എറണാകുളം ജില്ലയിലെ ചേന്നമംഗലത്താണ്‌ പാലിയം കൊട്ടാരവും നാലുകെട്ടും മാളികകളും ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്‌. പാലിയത്തച്ചന്മാർ 1632 മുതൽ 1809 വരെ കൊച്ചി രാജാക്കന്മാരുടെ പ്രധാനമന്ത്രി എന്ന പദവി വഹിച്ചുവന്നു. കൊച്ചിരാജ്യത്തെ പകുതിയിലേറെ സ്ഥലങ്ങളും പാലിയത്തച്ചന്മാരുടെതായിരുന്നു. 'കൊച്ചിയിൽ പാതി പാലിയം' എന്നൊരു ചൊല്ലുതന്നെയുണ്ട്. കോമിയച്ചൻ I എന്ന പാലിയത്തച്ചൻ പോർച്ചുഗീസുകാർക്കെതിരെ ഡച്ചുകാരെ സഹായിച്ചതിന്റെ പ്രതിഫലമായി ഡച്ചുകാർ നിർമ്മിച്ചുനൽകിയതാണ്‌ പാലിയം കൊട്ടാരം. ഡച്ച്‌ വാസ്തുവിദ്യയും കേരളീയ വാസ്തുവിദ്യയും ഒരുമിച്ചുചേർത്താണ്‌ പാലിയം കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്‌. ഇതിനടുത്തായാണ്‌ നൂറ്റൊന്ന് മാളിക. നൂറ്റിയൊന്ന് കുടുംബങ്ങൾക്ക്‌ ഒരുമിച്ചു താമസിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു.
 

 
1800 കളിൽ പാലിയത്തച്ചനായിരുന്ന ഗോവിന്ദനച്ചൻ ബ്രിട്ടീഷുകാരുടെ അധീശത്വത്തെ അംഗീകരിച്ചില്ല. കേണൽ മെക്കാളയുടെ ആസ്ഥാനം ഗോവിന്ദനച്ചന്റെ നേതൃത്വത്തിൽ കൊച്ചിയിലെ നായർപടയാളികൾ ആക്രമിച്ചു. മേക്കാളെ പലായനം ചെയ്തു. ബ്രിട്ടീഷുകാർ യുദ്ധത്തടവുകാരായി പിടിച്ചവരെ കൊച്ചി സൈന്യം സ്വതന്ത്രരാക്കി. പിന്നീട്
ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി ദളവയുമായി ചേർന്ന് പോരാടുന്നതിനിടയിൽ ഗോവിന്ദൻഅച്ചനെ ബ്രിട്ടീഷുകാർ പിടികൂടി മദ്രാസിലേക്ക്‌ നാടുകടത്തുകയും അവിടെ സെന്റ്‌ ജോർജ്ജ്‌ കോട്ടയിൽ തടവുകാരനാക്കുകയും പിന്നീട്‌ ബോംബെയിലേക്ക് കൊണ്ടുപോയി തടവിൽ പാർപ്പിച്ചു. 1832 ൽ അദ്ദേഹം മരണമടഞ്ഞു. ഗോവിന്ദൻഅച്ചനു ശേഷം കൊച്ചിയിൽ പ്രധാനമന്ത്രി പദവി ഇല്ലാതാക്കി പകരം ദിവാൻ പദവി കൊണ്ടുവന്നു. പാലിയത്തച്ചന്റെ പരാജയത്തെ തുടർന്ന് ബ്രിട്ടീഷുകാരുമായി അനുരഞ്ജനത്തിലായ കൊച്ചിരാജാവ്‌ കേരളവർമ്മ III (1809 - 1828) ബ്രിട്ടീഷുകാർക്ക്‌ സമ്മതനായ കുഞ്ഞികൃഷ്ണ മേനോനെ ദിവാനായി നിയമിച്ചു. കേരളവർമ്മ III നെ പോലെത്തന്നെ അദ്ദേഹത്തിന്റെ സഹോദരനും തൊട്ടുമുൻപത്തെ കൊച്ചി രാജാവുമായിരുന്ന രാമവർമ്മ X (1805 - 1809) യും ഒരു കഴിവുറ്റ ഭരണാധികാരി അല്ലായിരുന്നു എന്നതും ഗോവിന്ദനച്ചന്റെ പരാജയകാരണങ്ങളിൽ പെടുന്നു. ഗോവിന്ദനച്ചന്റെ പരാജയത്തിനു ശേഷം കൊച്ചി, ബ്രിട്ടീഷ്‌ ഇന്ത്യക്കുകീഴിലെ ഒരു സംരക്ഷിത നാട്ടുരാജ്യമായി തുടർന്നു. മന്ത്രിപദവി നഷ്ടപ്പെട്ടെങ്കിലും പാലിയത്തച്ചന്മാർ കൊച്ചിയിലെ വലിയ ജന്മിമാരായി തന്നെ തുടർന്നു. പാലിയത്തച്ചന്മാരുടെ സഹായമില്ലാതെ ഭരണം നടത്തിയ ഒരേഒരു കൊച്ചിരാജാവ് 1790 മുതൽ 1805 വരെ രാജ്യം ഭരിച്ച രാമവർമ്മ IX എന്ന ശക്തൻ തമ്പുരാൻ ആയിരുന്നു.
 
 
പാലിയത്തെ പൊതുനിരത്തിലൂടെ അവർണ്ണർക്ക്‌ സഞ്ചാരസ്വാതന്ത്ര്യത്തിനായി നടന്ന സമരമായിരുന്നു പാലിയം സത്യാഗ്രഹം. കൊച്ചി രാജ്യത്ത്‌ ക്ഷേത്രപ്രവേശനം നടപ്പിൽവരുത്തിയത്‌ പാലിയം സമരത്തിനുശേഷമായിരുന്നു. ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഏതാണ്ട് 60000 ത്തോളം ആളുകൾ ഈ ഹർജിയിൽ ഒപ്പിട്ടിരുന്നു. 1947-48 കാലഘട്ടത്തിൽ നടന്ന പാലിയം സമരം സി. കേശവൻ ഉത്ഘാടനം ചെയ്തു. സത്യാഗ്രഹത്തിന്റെ നൂറാം ദിവസം കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. നിരോധനാജ്ഞ നിലനിന്നിട്ടും എ. കെ. ജി പാലിയത്ത് സമരത്തിനെത്തി. 1948 ഏപ്രിലിൽ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെ തുടർന്ന് പാലിയം റോഡിലൂടെ സഞ്ചരിക്കാൻ എല്ലാത്തരത്തിലുള്ള ആളുകൾക്കും അനുവാദം ലഭിച്ചു.
 
 ഇന്ത്യകണ്ട ഏറ്റവും വലിയ ഭാഗപത്രമാണ്‌ രണ്ടായിരത്തിലധികം പേജുകളുള്ള പാലിയം ഭാഗപത്രം. ഇന്നും ഈ പ്രദേശത്ത്‌ പാലിയം വീട്ടുകാർ മാത്രമാണുള്ളത്‌. പാലിയം ട്രസ്റ്റിന്റെ കീഴിലാണ്‌ കൊട്ടാരവും നാലുകെട്ടും. കൊട്ടാരത്തിലെ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ പാലിയം നീലകണ്ഠൻ എന്ന ആനയുടെ മരം കൊണ്ടുള്ള രൂപമാണ്‌ എഴുന്നള്ളിക്കുക. ഈ ആനയുടെ പ്രതിമ പാലിയം കൊട്ടാരത്തിന്റെ മുന്നിൽ കാണാം. ഉത്സവസമയത്ത്‌ പാലിയത്തെ കുട്ടികളാണ്‌ ഈ മര ആനയെ എഴുന്നള്ളിക്കുന്നത്‌. ഉത്സവത്തിന്റെ ഏഴുദിവസം ഇവിടേയ്ക്ക്‌ പുറമേനിന്നുള്ള ആർക്കും പ്രവേശനമില്ല എന്ന വ്യവസ്ഥയിലാണ്‌ കൊട്ടാരവും നാലുകെട്ടും ടൂറിസം ഡിപ്പാർട്ട്‌മെന്റിന്‌ വിട്ടുകൊടുത്തിരിക്കുന്നത്‌. പാലിയം ട്രസ്റ്റിന്റെ നിയമങ്ങൾ ഇവിടെ പാലിക്കേണ്ടതുണ്ട്‌. കൊട്ടാരത്തിനകത്ത്‌ ഫോട്ടോഗ്രാഫി അനുവദനീയമല്ല.


 

പാലിയം ശ്രീകൃണക്ഷേത്രത്തിലെ ഉത്സവത്തിനുശേഷമാണ്‌ ഈ പ്രദേശത്തെ മറ്റ്‌ ക്ഷേത്രങ്ങളിലെല്ലാം ഉത്സവങ്ങൾ കൊടിയേറുന്നത്. മറ്റെല്ലാ ക്ഷേത്രങ്ങളിലേയും ആറാട്ട്‌ നടക്കുന്നത്‌ ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിലുള്ള കുളത്തിലാണ്‌. ഇതിനുപുറമേ ഇവിടെ ഒരു പുരാതന ശിവക്ഷേത്രം കൂടിയുണ്ട്.

 


 
 

 

 

കടപ്പാട്: Hari NG (ഹരി എന്‍ ജി ചേര്‍പ്പ്‌)

 Monday, February 12, 2018

(വിസ്‌മൃതിയിൽമറഞ്ഞ കൊച്ചി രാജ്യം) Chochin state

കൊച്ചി രാജ്യത്തിന്റെ ഏകദേശ ഭൂപടമാണ് ചിത്രത്തിൽ
 
1947ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചകാലത്തു ഇന്ത്യൻ ഭൂഖണ്ഡത്തിൽ ഏതാണ്ട് അഞ്ഞൂറിൽപരം നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നതായിട്ടാണ് വിവിധ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ഏതാനും കിലോമീറ്ററുകൾ മാത്രം വിസ്തൃതിയുള്ള, നാടുവാഴികളാൽ ഭരിക്കപ്പെട്ടിരുന്ന ചെറു രാജ്യങ്ങൾ മുതൽ മഹാരാജാക്കന്മാർ ഭരിച്ചിരുന്ന നിരവധി നാഴികകൾ വിസ്‌തൃതിയുള്ള രാജ്യങ്ങൾവരെ ഇതിൽ ഉൾപ്പെടുന്നു.

വിസ്തൃതിയുടെ കാര്യത്തിൽ തീരെ ചെറുതാണെങ്കിലും പ്രബലമായ ഒരു നാട്ടുരാജ്യമായാണ് മധ്യ കേരളത്തിൽ സ്ഥിതിചെയ്തിരുന്ന കൊച്ചി രാജ്യത്തെ അന്ന് രാഷ്ട്രീയ നിരീക്ഷകർ നോക്കികണ്ടിരുന്നത്.1417 3/4 ചതുരശ്ര നാഴിക മാത്രമായിരുന്നു കൊച്ചി രാജ്യത്തിന്റെ ആകെ വിസ്തൃതി. പക്ഷെ മൈസൂർ, ഹൈദരാബാദ്, തിരുവിതാങ്കൂർ, കാശ്മീർ തുടങ്ങി മുൻനിര നാട്ടുരാജ്യങ്ങളുടെ പട്ടികയിൽ തന്നെ കൊച്ചി രാജ്യത്തിനു ജവാഹർലാൽ നെഹ്രുവിനെപ്പോലുള്ള പ്രമുഖർ സ്ഥാനം നൽകിയിരുന്നു. കാരണം മറ്റൊന്നും ആയിരുന്നില്ല, ചരിത്ര പരമായി നോക്കുമ്പോഴും സാംസ്‌കാരിക പുരോഗതി യുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോഴും കൊച്ചി രാജ്യത്തിന്റെ മാഹാത്മ്യം വളരെ വലുതായിരുന്നു.

കൊച്ചി രാജവംശം അഥവാ പെരുമ്പടപ്പ് സ്വരൂപം ക്രിസ്തുവിനു ശേഷം 6-ം നൂറ്റാണ്ടിൽ സ്ഥാപിതമായി എന്നാണ് കേരളോത്പത്തി എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത്. അവസാനത്തെ ചേരമാൻ പെരുമാളിന്റെ സഹോദരിയുടെ പുത്രനായ വീര കേരള വർമ ആയിരുന്നു ആദ്യത്തെ മഹാരാജാവ് എന്നാണ് ഐതിഹ്യം .ഭാസ്കര രവി വർമ, വീര രാഘവ വർമ, ഗോദ രവി വർമ എന്നിവർ ആദ്യ കാലത്തെ പ്രധാനപെട്ട ചില കൊച്ചി രാജാക്കന്മാർ ആയിരുന്നു. പിന്നീട് പല തവണ വിവിധ നൂറ്റാണ്ടുകളിൽ അയൽ രാജ്യങ്ങളുമായി യുദ്ധമുണ്ടായി. വിവിധ കാലയളവുകളിൽ വന്ന വിദേശ സഞ്ചാരികളും വാസ്കോഡ ഗാമയുടെ നേതൃത്വത്തിൽ വന്ന പറങ്കികളും പിന്നീട് വന്ന ലന്തക്കാരും പരസ്പരം പോരടിക്കുന്ന നാട്ടുരാജാക്കന്മാരെയാണല്ലോ
 ഇവിടെ കണ്ടത്. മലബാർ തീരപ്രദേശത്തെ ആധിപത്യം നേടിയെടുക്കുന്നതിനുവേണ്ടി കൊച്ചി രാജാക്കന്മാരും സാമൂതിരിമാരും തമ്മിൽ എണ്ണിയാലൊടുങ്ങാത്ത അത്ര തവണ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്.
15-ആം നൂറ്റാണ്ടിൽ ഇപ്രകാരം നടന്ന ഒരു യുദ്ധത്തിൽ കോഴിക്കോട് സാമൂതിരി വിജയിക്കുകയും കൊച്ചിരാജ്യത്തിന്റെ ചില പ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തു.
ഇതുകൂടാതെ കൊച്ചി രാജാവ് സാമൂതിരിക്കു കപ്പം കൊടുക്കാമെന്നേൽക്കുകയും ചെയ്തു.ഏതാണ്ട് ഇക്കാലത്താണ് പോർച്ചുഗീസുകാരുടെ കൊച്ചിയിലേക്കുള്ള കടന്നുവരവ്. ഇവർ സാമൂതിരിയുമായുള്ള യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിക്കാമെന്നേറ്റു. തുടർന്ന് പോർച്ചുഗീസ് പിന്തുണയോടെ കൊച്ചി രാജ്യം സാമൂതിരിയുടെ മേൽക്കോയ്മ നിരാകരിക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. പോർച്ചുഗീസുകാരുടെ അധപധനത്തിനു ശേഷം ലന്തക്കാർ എന്ന് നമ്മുടെ പൂർവികർ വിളിച്ചിരുന്ന ഡച്ചുകാർ ഇവിടെയെത്തുകയും ഭരണത്തിൽ ഇടപെഴകുകയും ചെയ്തു. പിന്നത്തെ ഊഴം ബ്രിട്ടീഷ്കാരുടെ ആയിരുന്നു. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ ബ്രിട്ടീഷ്കാർകൈകൊണ്ട പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കു കാരണമായി.

കൊച്ചി രാജ്യത്തിനു 18-ം നൂറ്റാണ്ടുവരെ വളരെ വിസ്തൃതമായ അധികാര പരിധി ഉണ്ടായിരുന്നു. ചേർത്തല, വൈക്കം, ഏറ്റുമാനൂർ തുടങ്ങിയ പ്രദേശങ്ങൾ അക്കാലത്തു കൊച്ചി രാജാവിന്റെ കീഴിലായിരുന്നു. മുവാറ്റുപുഴ, തൊടുപുഴ, അമ്പലപ്പുഴ, ആലങ്ങാട്, പാറൂർ എന്നിവ കൊച്ചി രാജാവിന്റെ മേല്കോയ്മയിൽ പൊറക്കാട് രാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശങ്ങളായിരുന്നു. പോന്നാനിക്കടുത്തുള്ള വന്നേരിനാട്‌ അന്ന് കൊച്ചിരാജ്യത്തിലായിരുന്നു.
 മൊത്തം 4000 ചതുരശ്ര നാഴികയായിരുന്നു അന്നത്തെ കൊച്ചി രാജ്യത്തിന്റെ വിസ്തൃതി.
18-ം നൂറ്റാണ്ടിൽ അയൽരാജ്യങ്ങളുമായി യുദ്ധങ്ങൾ ഉണ്ടായതോടെ മേൽ പറഞ്ഞ പ്രദേശങ്ങൾ ശത്രുക്കൾ പിടിച്ചടക്കുകയോ ഒത്തുതീർപ്പിനുവേണ്ടി പ്രദേശങ്ങൾ വിട്ടുകൊടുക്കുകയോ കൊച്ചി രാജാവിന് ചെയ്യേണ്ടിവന്നു.

18-ം നൂറ്റാണ്ടിനു മുൻപുവരെ വിവിധ ദേശങ്ങൾ അഥവാ നാടുകളായി രാജ്യം വിഭജിക്കപെട്ടിരുന്നു. ഓരോനാട്ടിലും പാരമ്പര്യനിയമങ്ങളനുസരിച്ചു
ള്ള നാടുവാഴികളും ഉണ്ടായിരുന്നു.നാടുവാഴികൾ സ്വരൂപി, പ്രഭു, മാടമ്പി എന്നിങ്ങനെ മൂന്ന് തരമുണ്ട്.ഇവർക്കെല്ലാവർക്കും രാജാവിന്റേത് പോലെയുള്ള ചില അധികാരങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്വന്തമായി നാണയമിറക്കാൻ ഇവർക്കു അവകാശമുണ്ടായിരുന്നില്ല,എന്നാൽ സ്വന്തമായി സൈന്യത്തെ വിന്യസിക്കാമെന്നതിനാൽ സ്വാർത്ഥ താല്പര്യങ്ങൾക്കും സ്വന്തം ദേശത്തിന്റെ ഉന്നതിക്കുംവേണ്ടി നാടുവാഴികൾ തമ്മിൽ യുദ്ധമുണ്ടാവുക പതിവായിരുന്നു, ഇതുകാരണം രാജ്യത്ത് ആഭ്യന്തര കലഹങ്ങൾ രൂക്ഷമായിരുന്നു.തന്റെ ദേശത്തിന്റ പ്രതാപവും സാമ്പത്തിക നേട്ടവുമായിരുന്നു ഓരോ നാടുവാഴിയുടെയും ലക്‌ഷ്യം.നാടുവാഴികളെല്ലാവരും രാജാവിന് നിശ്ചിത വേളകളിൽ കപ്പം,ദശാംശം എന്നിവ കൊടുക്കേണ്ടതുണ്ടായിരുന്നു.കപ്പം പലവിധത്തിലുണ്ടായിരുന്നു. പുരുഷാന്തരം എന്നറിയപ്പെട്ടിരുന്ന,പിന്തുടർച്ച അവകാശത്തിന്മേലുള്ള കപ്പമായിരുന്നു അതിൽ പ്രധാനപെട്ടത് . സൈനിക സുരക്ഷയ്ക്കുമേലുള്ള രക്ഷാഭോഗം, പാലം, ചങ്ങാതം എന്നിവയായിരുന്നു മറ്റ് കപ്പങ്ങൾ. മാടമ്പിമാർ കെട്ടുതെങ്ങു എന്നൊരു നികുതിയും അടക്കേണ്ടതുണ്ടായിരുന്നു.
നാടുവാഴികളിൽ കൂടുതലും നായർ വിഭാഗക്കാർ ആയിരുന്നു.നായർ വിഭാഗക്കാർ തന്നെയായിരുന്നു കൊച്ചിരാജ്യത്തിലെ സൈനികരിൽ അധികവും. സൈനിക പരിശീലനത്തിനുവേണ്ടി ദേശം തോറും കളരികൾ ഉണ്ടായിരുന്നു. ഏഴാം വയസ്സുമുതൽ സൈനിക അഭ്യാസം ആരംഭിക്കുകയായി. ഏതാനും വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആയുധ പരിശീലനം പൂർത്തീകരിക്കണമെങ്കിൽ കളരിആശാനെ തൃപ്തിപെടുത്തുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാനാകണം.പിന്നീട് സൈനികനായി പ്രതിജ്ഞ ചെയ്തു വാൾ ഏറ്റുവാങ്ങുന്നു. നാടുവാഴികൾക്കു പുറമെ ചില ദേവസ്വങ്ങൾക്കും അന്ന് ചില അധികാരമാനങ്ങളുണ്ടായിരുന്നു
. ഏതാനും പ്രദേശങ്ങൾ ഭരിച്ചിരുന്നത് ദേവസ്വം അധികാരികളായിരുന്നു.

18-ം നൂറ്റാണ്ടിന്റെ മധ്യത്തിൽ നാടുവാഴികൾക്കുണ്ടായിരുന്ന അധികാരങ്ങൾ പിൻവലിച്ചു പകരം രാജ്യത്തെ 10 കോവിലകത്തുംവാതിൽ അഥവാ താലൂക്കുകളായി തിരിച്ചുകൊണ്ടുള്ള പുതിയ വ്യവസ്ഥിതി രൂപപ്പെടുത്തി. ഇതോടെ രാജ്യത്തു പ്രഭുത്വത്തിൽ അഥവാ ഫ്യൂഡലിസ്റ് ആശയങ്ങളിൽ അധിഷ്‌ഠിതമായ ഭരണം അവസാനിച്ചു.

കൂടുതൽ ഭരണ സൗകര്യാർത്ഥം 1840-ൽ താലൂക്കുകളുടെ എണ്ണം ആറായും പിന്നീട് അഞ്ചായും ചുരുക്കി.
ശങ്കര വാരിയർ ആയിരുന്നു അന്നത്തെ കൊച്ചി ദിവാൻ. ചിലവ് ചുരുക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇദ്ദേഹത്തിനു നഷ്ടത്തിലായിരുന്ന ഖജനാവിനെ ലാഭത്തിലാക്കാൻ സാധിച്ചു. താലൂക്കുകളുടെ എണ്ണം വെട്ടികുറച്ചപ്പോൾ അനാവശ്യ ചിലവുകൾ ഇല്ലാതായി എന്നുവേണം കരുതാൻ.

1907 ലെ കൊച്ചി രാജ്യത്തെ താലൂക്കുകളും അവയുടെ ആസ്ഥാനങ്ങളും താഴെ പറഞ്ഞിരിക്കുന്ന പോലെയാണ്.

കണയന്നൂർ-കൊച്ചി -എറണാകുളം
മുകുന്ദപുരം -ഇരിഞ്ഞാലക്കുട
തൃശൂർ -തൃശൂർ
തലപ്പിള്ളി -വടക്കാഞ്ചേരി
ചിറ്റൂർ -ചിറ്റൂർ
കൊടുങ്ങല്ലൂർ -കൊടുങ്ങല്ലൂർ

ഇതിൽ കൊടുങ്ങല്ലൂർ മേഖലയ്ക്ക് സ്വയം ഭരണ പദവിയുണ്ടായിരുന്നു. ചിറ്റൂർ താലൂക്ക് മലബാർ ജില്ലയുടെ അതിർത്തികൾക്കുള്ളിൽ, രാജ്യത്തിന്റെ പ്രധാന മേഖലയിൽനിന്നും ഒറ്റപെട്ടു സ്ഥിതി ചെയ്യുന്നു.വടവക്കോട്, വെള്ളാരപ്പിള്ളി, മലയാറ്റൂർ, ചേന്ദമംഗലം എന്നീസ്ഥലങ്ങൾ തിരുവിതാംകൂറിന്റെഅതിർത്തിക
ൾക്കുള്ളിൽ കൊച്ചിരാജാവിന്റെ അധികാരപരിധിയിലുണ്ടായിരുന്നദേശങ്ങളാണ്.

എറണാകുളം, മട്ടാഞ്ചേരി, തൃശൂർ എന്നിവയായിരുന്നു രാജ്യത്തെ പ്രധാന പട്ടണങ്ങൾ. വിദേശികളടക്കം 20000 താഴെ മാത്രമായിരുന്നു പ്രസ്തുത പട്ടണങ്ങളിലെ ജനസംഖ്യ. രാജ്യത്തിനു ഭരണഘടനാപരമായി പ്രഖ്യാപിതമായ ഒരു തലസ്ഥാനം ഉണ്ടായിരുന്നില്ല. തലസ്ഥാനം എവിടെയായിരിക്കണമെന്നു നിശ്ചയിക്കുന്നത് അതാതുകാലത്തെ രാജാക്കന്മാരുടെ തീരുമാന പ്രകാരമാണ്. ഇപ്രകാരം വിവിധ കാലയളവുകളിലെ മഹാരാജാക്കൻമാരുടെ തീരുമാനപ്രകാരം വന്നേരി, കൊച്ചി, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, തൃശൂർ എന്നീ സ്ഥലങ്ങൾ മാറി മാറി തലസ്ഥാനങ്ങളായി.
നദികളും കായലുകളും നിരവധിയുണ്ടായിരുന്ന രാജ്യത്തെ പ്രധാന ഗതാഗത മാർഗം ജലാശയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായ
ിരുന്നു. അരി, കുരുമുളക്, നാളികേരം എന്നിവയായിരുന്നു രാജ്യത്തെ പ്രധാന വിളകൾ. നായർ വിഭാഗക്കാരുടെ മേൽനോട്ടത്തിൽ കീഴാളരായിരുന്നു കൃഷി പണികൾ ചെയ്തിരുന്നത്.

1925ൽ ആണ് ദ്വിഭരണ സമ്പ്രദായം എന്നനിലയിൽ രാജ്യത്തു നിയമസഭ നിലവിൽവന്നത്.പ്രജകൾ സമ്മതിദായക അവകാശമുപയോഗിച്ചു തിരഞ്ഞെടുത്ത ജനപ്രതിനിധികളും ബ്രിട്ടീഷുകാർ നിയമിക്കുന്ന ദിവാനും ചേർന്ന് ഭരണം നിർവഹിക്കുന്നതിനെയാണ് ദ്വിഭരണ സമ്പ്രദായം എന്ന് പറയുന്നത്.ഇതോടെ ജനാതിപത്യ ഭരണസംവിധാനത്തിനു രാജ്യത്ത് ആരംഭം കുറിച്ചു.എങ്കിലും പ്രധാന ഭരണ ദൗത്യങ്ങൾ ദിവാനിൽ നിഷിപ്തമായിരുന്നു.
അക്കാലത്തു സ്ഥലം ഉടമകൾക്കും നികുതി ദായകർക്കും മാത്രമായിരുന്നു വോട്ടവകാശം എന്നത്‌ അസ്തമിച്ചിട്ടില്ലാത്ത ജന്മിത്ത വ്യവസ്ഥിതിയുടെ സൂചനകളായി വേണമെങ്കിൽ വിലയിരുത്താം.

1947 ജൂലായ്‌ മാസത്തിൽ നെഹ്‌റു സംസ്ഥാനത്തു ജനങ്ങൾക്ക്‌ കൂടുതൽ അധികാരം നൽകപ്പെടുന്ന ഉത്തര വാദ ഭരണം സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി രാജാവിന് സന്ദേശമയക്കുകയുണ്ടായി. തുടർന്ന് ഓഗസ്റ്റ് മാസത്തിൽ ധനകാര്യം, നിയമ സമാധാനം തുടങ്ങിയ വകുപ്പുകൾ ദിവാന്റെ ചുമതലയിൽനിന്നും മാറ്റിക്കൊണ്ട് രാജാവ് വിളംബരം പുറപ്പെടുവിച്ചു. ഇതോടെ ദിവാൻ പദവി ആലങ്കാരികമായി മാറുകയും അന്നത്തെ ദിവാൻ രാജിവെച്ചൊഴിയുകയും ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിക്കുശേഷം സർദാർ വല്ലഭായ് പട്ടേലിന്റെ നെത്ര്വത്വത്തിൽ ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ രൂപീകരിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
ഇതിന്റെ ഫലമായി,1949ൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതോടെ കൊച്ചി രാജ്യം വിസ്‌മൃതിയിൽ മറഞ്ഞു.അന്നത്തെ കൊച്ചി രാജാവ് സർവ്വശ്രീ രാമവർമ പരീക്ഷിത് തമ്പുരാൻ സ്ഥാനത്യാഗം ചെയ്തു.

Wednesday, January 31, 2018

എന്താണ് എംആർഐ സ്കാൻ ?(MRI Scan). ഇതിന്‍റെ അപകട സാദ്ധ്യത എത്രത്തോളമാണ്?


എംആർഐ സ്കാനറിൽ പ്രവേശിച്ച രോഗിയുടെ സഹായി ഓക്സിജൻ സിലിണ്ടർ ഇടിച്ചു മരിച്ച ദാരുണമായ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. എന്നാൽ പല മാധ്യമങ്ങളും പല രീതിയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എംആർഐ വളരെ സുരക്ഷിതമായ ഒരു സ്കാനാണെങ്കിലും ഇതിന്റെ അശ്രദ്ധമായ ഉപയോഗം ലോകത്താകമാനം ഇത്തരത്തിലുള്ള അപകടങ്ങൾ ചെറിയ അളവിലാണെങ്കിലും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു മുൻപേ തന്നെ ഒരു മരണമെങ്കിലും ഉണ്ടായിട്ടുമുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത് 2001ൽ ന്യൂയോർക്കിൽ വച്ചാണ്. മൈക്കൽ കൊളംബിനി എന്ന ആറു വയസ്സുകാരനെ എംആർഐ സ്കാൻ ചെയ്യുന്നതിനുവേണ്ടി യന്ത്രത്തിൽ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുവന്ന നേഴ്സ് അലൂമിനിയം കൊണ്ട് നിർമ്മിച്ചതെന്നു കരുതപ്പെട്ട ഒരു ഓക്സിജൻ സിലിണ്ടറും കൂടെ കൊണ്ടു വന്നിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് ഇരുമ്പുകൊണ്ട് നിർമ്മിച്ച സിലിണ്ടറായിരുന്നു. സ്കാൻ ചെയ്യാൻ കുട്ടിയെ കിടത്തിയ ഉടനെ ഓക്സിജൻ സിലിണ്ടർ യന്ത്രത്തിനകത്തേക്കു കുതിക്കുകയും കുട്ടിയുടെ തലയിൽ ചെന്ന് ഇടിക്കുകയും ചെയ്തു. ഇതിൽ നിന്നേറ്റ പരിക്കുകളിൽ നിന്ന് ആ ആറു വയസ്സുകാരൻ മരണപ്പെട്ടു.
നമ്മുടെ നാട്ടിൽ ഇന്ന് കൂടുതൽ വ്യാപകമായി ലഭ്യമായിക്കൊണ്ടിരിക്കുന്ന ഈ സ്കാനിനെ പറ്റി കൂടുതൽ അറിയാം. എന്തുകൊണ്ടാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത് എന്നു പരിശോധിക്കുകയും ചെയ്യാം.
1. എന്താണ് എംആർഐ സ്കാൻ ? മറ്റു സ്കാനുകളുമായി ഇതിനുള്ള വ്യത്യാസം എന്താണ് ?
ശരീരഭാഗങ്ങളുടെ ആന്തരിക ചിത്രങ്ങൾ ലഭിക്കാൻ നാമുപയോഗിക്കുന്ന സംവിധാനങ്ങളായ എക്സ് റേ, സിടി സ്കാൻ എന്നിവ അമിതമായാൽ ശരീരത്തിനു ദോഷം ചെയ്യുന്ന റേഡിയേഷൻ ഉപയോഗിക്കുന്ന സംവിധാനങ്ങളാണ്. എന്നാൽ ഇതിൽനിന്നു തികച്ചും വ്യത്യസ്തമാണ് എംആർഐ സ്കാൻ. അതിശക്തമായ ഒരു കാന്തം ഉപയോഗിച്ച് ശരീരത്തിന്റെ ആന്തരിക ഘടന കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എംആർഐ സ്കാൻ ഉപയോഗിക്കുന്നത്. ശരീരത്തിനു ഹാനികരമായ റേഡിയേഷനുകൾ ഒന്നും ഉപയോഗിക്കാത്തതിനാൽ സുരക്ഷിതമാണ് ഈ സ്കാൻ.
2. അതിശക്തമായ കാന്തം എന്നു പറയുമ്പോൾ ?
സങ്കല്പാതീതമായ ശക്തിയാണ് എം.ആർ.ഐ യന്ത്രത്തിന്റെ കാന്തത്തിന്. ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ പതിനായിരക്കണക്കിനു മടങ്ങു ശക്തിയുണ്ട് ഈ യന്ത്രത്തിന്റെ കാന്തികക്ഷേത്രത്തിന്. ഭൗമോപരിതലത്തിലുള്ള ഭൂമിയുടെ കാന്തികക്ഷേത്രം വെറും മുപ്പതു മൈക്രോ ടെസ്ല ആണെങ്കിൽ സാധാരണ കാണുന്ന ഒരു ഒന്നര ടെസ്ല (1.5 T) എംആർഐ യന്ത്രത്തിന് അതിന്റെ അമ്പതിനായിരം മടങ്ങു ശേഷിയുണ്ട്. ഇത്തരം ശക്തമായ കാന്തിക ക്ഷേത്രത്തിൽ ശരീരത്തിലെ വെള്ളത്തിനു പോലും കാന്തികമായ അനുരണനങ്ങൾ ഉണ്ടാകും. ശരീരത്തിലെ വെള്ള-തന്മാത്രകളിലെ ഹൈഡ്രജൻ ആറ്റങ്ങളെ ശക്തമായ കാന്തികക്ഷേത്രം എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കിയാണ് ഈ സ്കാൻ ശരീരത്തിന്റെ ആന്തരിക ഘടന തിരിച്ചറിയുന്നത്.
3 . അത്രയും ശക്തമായ കാന്തികക്ഷേത്രം ഉണ്ടെങ്കിൽ പ്രശ്നമാകില്ലേ ?
കാന്തം ആകർഷിക്കുന്നതും കാന്തം ആകർഷിക്കാത്തതുമായ വസ്തുക്കൾ ഉണ്ട് എന്നു നിങ്ങൾക്ക് അറിയാമല്ലോ. ശരീരം പോലെ കാന്തം ആകർഷിക്കാത്ത വസ്തുക്കളിൽ ഈ കാന്തികക്ഷേത്രം തകരാറൊന്നും വരുത്തില്ല. എന്നാൽ കാന്തം ആകർഷിക്കുന്ന വസ്തുക്കളെ അതീവ ശക്തമായി ആകർഷിക്കാൻ ഈ യന്ത്രത്തിനു സാധിക്കും. ഇതാണ് ഈ യന്ത്രം മൂലമുള്ള പല അപകടങ്ങളിലേക്കും നയിച്ചിട്ടുള്ളത്.
ഉദാഹരണത്തിന് ആശുപത്രികളിൽ ഉപയോഗിക്കുന്ന കട്ടിലുകൾ, ഉന്തു വണ്ടികൾ, ഓക്സിജൻ സിലിണ്ടർ തുടങ്ങി ഇരുമ്പിൽ നിർമിച്ച വസ്തുക്കളൊന്നും എംആർഐ സ്കാനറിന്റെ സമീപത്തേക്കു കൊണ്ടുവരാൻ പാടുള്ളതല്ല. അങ്ങനെ ചെയ്താൽ അതിവേഗത്തിൽ ഇവ യന്ത്രത്തിനു നേരെ കുതിക്കുകയും ഇവയ്ക്ക് ഇടയിൽ പെടുന്നവർക്ക് മാരകമായ പരിക്കേൽക്കുകയും ചെയ്യും.
കൂടാതെ ഇത്തരത്തിലുള്ള വസ്തുക്കൾ യന്ത്രത്തിൽ വന്നു പതിക്കുമ്പോൾ യന്ത്രത്തിനുണ്ടാകുന്ന തകരാറുകൾ മൂലവും അപകടം സംഭവിക്കാം. ഉയർന്ന അളവിൽ വൈദ്യുതി പ്രവഹിക്കുന്ന യന്ത്രത്തിലെ കാന്തിക ചുരുളുകളിൽ നിന്ന് വൈദ്യുതി പ്രവഹിക്കുകയോ തീപ്പിടുത്തം ഉണ്ടാവുകയോ ചെയ്യാം. ഈ കാന്തിക ചുരുളുകൾ അതിചാലകതയിൽ (superconductivity) നിലനിർത്താൻ മൈനസ് 269 ഡിഗ്രി സെൽഷ്യസിൽ ഉള്ള ദ്രാവക ഹീലിയമാണ് ഉപയോഗിക്കുന്നത്. ഇതു യന്ത്രത്തിനു പുറത്തേക്ക് ലീക്ക് ചെയ്തും അപകടമുണ്ടാകാം.
ഇൻഡക്ഷൻ കുക് ടോപ്പിൽ വച്ചിരിക്കുന്ന പാത്രം ചൂട് പിടിക്കുന്നതു പോലെ എംആർഐ യന്ത്രത്തിന് അകത്തു കടക്കുന്ന ലോഹഭാഗങ്ങൾക്കും ചൂടുപിടിക്കാം. ഇതു ഗുരുതരമായ പൊള്ളലേയ്ക്കു നയിക്കാനും സാധ്യതയുണ്ട്.
4. ഇത്തരത്തിലുള്ള അപകടങ്ങൾ തടയാൻ എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത് ?
അപകടങ്ങൾ തടയുന്നതിന് എംആർഐ യന്ത്രം വളരെ ഉയർന്ന സുരക്ഷയിൽ കാന്തികതരംഗങ്ങൾ കടത്തിവിടാത്ത മുറിയിലാണ് സ്ഥാപിക്കുന്നത്. അപകടം ഉണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ ഒരു ലിസ്റ്റ് ഈ മുറിക്ക് പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ടാകും. അവിടെ നിൽക്കുന്ന ടെക്നീഷ്യൻ ഈ വിവരങ്ങളെല്ലാം കൃത്യമായി രോഗിയെയും ബന്ധുവിനെയും ധരിപ്പിക്കുകയും ചെയ്യുന്നു. താക്കോൽ, കോയിനുകൾ, മൊബൈൽ ഫോൺ തുടങ്ങി എല്ലാ ലോഹ വസ്തുക്കളും മുറിയുടെ പുറത്ത് ഉപേക്ഷിക്കണം. ഒന്നും മറന്നു പോയിട്ടില്ല എന്നത് ഒരു മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യും‌. മെഡിക്കൽ ഉപകരണങ്ങൾ എന്തെങ്കിലും രോഗിക്ക് ആവശ്യമുണ്ടെങ്കിൽ എംആർഐ സ്കാനറിന്റെ അകത്ത് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ നിർമിച്ച ഉപകരണങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകും. അലൂമിനിയത്തിൽ നിർമിച്ച ഓക്സിജൻ സിലിണ്ടറുകളും ടൈറ്റാനിയം ഇമ്പ്ലാന്റുകളും മറ്റുമായി അത്തരത്തിലുള്ള ഉപകരണങ്ങൾ ഇന്നു ലഭ്യമാണ്.
5 . ശരീരത്തിൽ വല്ല ലോഹവും പിടിപ്പിച്ച ആളാണെങ്കിലോ രോഗി ? ഉദാഹരണത്തിന് എല്ലിന് കമ്പിയിട്ട ആളോ മറ്റോ ആണെങ്കിൽ ?
എല്ലിന്റെ ശസ്ത്രക്രിയയിലും മറ്റും ഉപയോഗിക്കുന്ന കമ്പികൾ പലതും എംആർഐ സ്കാനിൽ ഉപയോഗിക്കാൻ സുരക്ഷിതമായ രീതിയിൽ നിർമ്മിച്ചിട്ടുള്ളവയാണ്. ഇത്തരത്തിലുള്ള കമ്പികളാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ സുരക്ഷിതമായി സ്കാൻ എടുക്കാവുന്നതാണ്. എന്നാൽ കോക്ലിയർ ഇംപ്ളാന്റുകൾ, പെയ്സ് മേക്കർ, അപകടത്തിലോ യുദ്ധത്തിലോ മറ്റോ ശരീരത്തിൽ കുടുങ്ങിപ്പോയ ലോഹ വസ്തുക്കൾ എന്നിവ ഉള്ളവരിൽ എംആർഐ സ്കാൻ ചെയ്യാൻ സാധിക്കില്ല. ചെയ്താൽ അത് ഈ ഉപകരണങ്ങൾ തകരാറിലാകുന്നതിലേക്കോ ഗുരുതരമായ പരിക്കിലേക്കോ മരണത്തിലേക്കു വരെയോ നയിക്കാം. ഈയിടെയായി ശരീരത്തിൽ പിടിപ്പിക്കുന്ന പല ലോഹ ഉപകരണങ്ങളും എംആർഐ ചെയ്താൽ തകരാറു വരാത്ത ടൈറ്റേനിയം പോലെയുള്ള ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഉപകരണങ്ങളാണ് ശരീരത്തിൽ ഉള്ളതെങ്കിൽ സുരക്ഷിതമായി സ്കാൻ എടുക്കാവുന്നതാണ്.
വേണ്ട മുൻകരുതലുകൾ എടുത്താൽ ഏറ്റവും സുരക്ഷിതമായ സ്കാൻ സംവിധാനങ്ങളിൽ ഒന്നാണ് എംആർഐ സ്കാൻ. താരതമ്യേന പുതിയ സാങ്കേതിക വിദ്യയായതിനാൽ സുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണം ആരോഗ്യ പ്രവർത്തകർക്കു പോലും വേണ്ടത്ര ലഭിക്കാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്.

എഴുതിയത് Dr. Arun Mangalath

Saturday, November 18, 2017

ആര്‍ക്കും പ്രചോദനമാകുന്ന ജീവിതം; ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി

ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി 


കേവലം പതിനെട്ടു വർഷം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി അമേരിക്കൻ ഡോളർ ആസ്തിയുമായി ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ ഒരുവനായി മാറിയ ജാക്ക് മായെക്കുറിച്ചു കേട്ടിട്ടുണ്ടോ…?

സ്വന്തമായി ഒരു ഇ-മെയിൽ പോലും ഇല്ലാതിരുന്നിടത്തുനിന്ന്, വളരെ കുറച്ചു നാളുകൾകൊണ്ട് ദിനംതോറും പത്തു കോടിയോളം ആളുകൾ വ്യാപാരത്തിനായി ആശ്രയിക്കുന്ന ലോകത്തിലെ മുൻനിര ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികളിൽ ഒന്നായി മാറിയ ആലിബാബ എന്ന ഇ-കൊമേഴ്‌സ് കമ്പനിയുടെ ഉടമയാണ് ജാക്ക് മാ.

സമ്പത്തിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരൻ മുകേഷ് അംബാനിയെക്കാളും മുകളിലാണ് കേവലം ഒരു വെബ് പ്ലാറ്റഫോം വഴി വെറും പതിനെട്ടു വർഷം കൊണ്ട് കോടീശ്വരനായ ജാക്ക് മായുടെ സ്ഥാനംആലിബാബയെക്കുറിച്ചും, താൻ കടന്നുവന്ന വഴികളെക്കുറിച്ചും ജാക്ക് മാ പറയുന്നത് കേൾക്കൂ


എന്റെ ജന്മദേശമായ ഹാങ്ങ് ഷുവിലെ ഷാങ്-റില ഹോട്ടലിൽ അമേരിക്കയിൽനിന്നും മറ്റും വരുന്ന വിദേശികളെ സ്ഥലങ്ങൾ ചുറ്റിനടന്നു കാണിക്കാൻ ഒൻപതു വർഷക്കാലം ഞാൻ ഒരു ഗൈഡ് ആയി ജോലിനോക്കിയിരുന്നു. അവരാണ് എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചത്. എന്നെ രൂപപ്പെടുത്തുന്നതിൽ അത് വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഒരിക്കൽപ്പോലും ചൈനയ്ക്കു പുറത്തുപോയിട്ടില്ലാത്ത ഞാൻ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങി. ജാക്ക് നീയെങ്ങനെ ഇംഗ്ലീഷ് പഠിച്ചു.


നീയെങ്ങനെ വിദേശികളെപ്പോലെ സംസാരിക്കുന്നു…?” കൂട്ടുകാർക്കെല്ലാം അത് വലിയ അത്ഭുതമായിരുന്നു. ആ ഒൻപതു വർഷക്കാലം വിദേശ വിനോദസഞ്ചാരികളാണ് എന്റെ മനസ്സ് തുറന്നത് .ഞാൻ എന്റെ നാട്ടിലെ സ്‌കൂളിനിന്നു പഠിച്ചതിൽ നിന്ന്, ഞാൻ അതുവരെ അറിഞ്ഞതിൽനിന്ന് വളരെ വ്യത്യസ്തമായ അറിവുകളാണ് അവരിൽനിന്നു എനിക്ക് ലഭിച്ചത്

എന്റെ ശരിക്കുള്ള പേര് മാ യുൻ എന്നാണ്. ഷാങ്-റില ഹോട്ടലിൽ വച്ചു പരിചയപ്പെട്ട ടെന്നസിയിൽ നിന്നുള്ള എന്റെ ഒരു കൂട്ടുകാരിയാണ് മാ യുൻ എന്ന എന്റെ പേര് ജാക്ക് മാ എന്നാക്കിയത്. അവർ ഹാങ്ങ് ഷുവിൽ വന്നതുമുതൽ ഞങ്ങൾ സുഹൃത്തുക്കളായി. പിന്നെ തൂലികാ സുഹൃത്തുക്കളായി. അവൾക്കു എന്റെ പേര് എഴുതാനും പറയാനും ബുദ്ധിമുട്ടു വന്നപ്പോൾ അവളാണ് ഒരു എളുപ്പത്തിനുവേണ്ടി എന്നെ ജാക്ക് എന്ന് വിളിച്ചുതുടങ്ങിയത്.


അങ്ങനെയിരിക്കെ, ഒരു ഹൈവേ പണിക്കായാണ് 1995-ൽ ഞാൻ അമേരിക്കയിൽ എത്തുന്നത്.അന്ന് സിയാറ്റിലിൽ എന്റെ ഒരു കൂട്ടുകാരന് ഒരു ഓഫീസുണ്ട്. അവിടെ കുറെ കംപ്യൂട്ടറുകളുണ്ടായിരുന്നു. എന്നെ ഇന്റർനെറ്റ് കാണിച്ചിട്ടു അവൻ പറഞ്ഞു ജാക്ക്, ഇതാണ് ഇന്റർനെറ്റ്. നിനക്കു ഇഷ്ടമുള്ളത് സേർച്ച് ചെയ്യൂ. അത് കാണിച്ചുതരും.  ഞാൻ ബിയറിനെക്കുറിച്ചു സേർച്ച് ചെയ്തു. ദാ വരുന്നു ഉത്തരം. അമേരിക്കൻ ബിയർ; ജർമൻ ബിയർ; ജപ്പാൻ ബിയർ; പക്ഷെ, ചൈനയിൽ നിന്നുമാത്രം ഒന്നുമില്ല. ചൈനയെക്കുറിച്ചു ഉത്തരം തരാൻ സൈറ്റുകൾ ഒന്നുമില്ല. അന്നുതന്നെ, ഞങ്ങൾ ചൈനയെക്കുറിച്ചു ഒരു വെബ് പേജുണ്ടാക്കി രജിസ്റ്റർ ചെയ്തു. രാവിലെ 9:40-നാണ് ആ സൈറ്റ് പ്രസിദ്ധപ്പെടുത്തുന്നത് . ഉച്ചയ്ക്ക് 12:30-ആയപ്പോൾ എനിക്ക് കൂട്ടുകാരന്റെ ഫോൺ വന്നു. ജാക്ക് നിനക്ക് 5 ഇ-മെയിലുകൾ വന്നിരിക്കുന്നു. എന്താണ് ഇ-മെയിൽ..? അന്ന് ഇതൊന്നും എനിക്കറിയില്ല . ഇന്റർനെറ്റിന്റെ വലിയ സാദ്ധ്യതകളെക്കുറിച്ചു ഞാൻ അറിയുന്നത് അങ്ങനെയാണ്അങ്ങനെയിരിക്കെ, ഒരു ഹൈവേ പണിക്കായാണ് 1995-ൽ ഞാൻ അമേരിക്കയിൽ എത്തുന്നത്.അന്ന് സിയാറ്റിലിൽ എന്റെ ഒരു കൂട്ടുകാരന് ഒരു ഓഫീസുണ്ട്. അവിടെ കുറെ കംപ്യൂട്ടറുകളുണ്ടായിരുന്നു. എന്നെ ഇന്റർനെറ്റ് കാണിച്ചിട്ടു അവൻ പറഞ്ഞു ജാക്ക്, ഇതാണ് ഇന്റർനെറ്റ്. നിനക്കു ഇഷ്ടമുള്ളത് സേർച്ച് ചെയ്യൂ. അത് കാണിച്ചുതരും.  ഞാൻ ബിയറിനെക്കുറിച്ചു സേർച്ച് ചെയ്തു. ദാ വരുന്നു ഉത്തരം. അമേരിക്കൻ ബിയർ; ജർമൻ ബിയർ; ജപ്പാൻ ബിയർ; പക്ഷെ, ചൈനയിൽ നിന്നുമാത്രം ഒന്നുമില്ല. ചൈനയെക്കുറിച്ചു ഉത്തരം തരാൻ സൈറ്റുകൾ ഒന്നുമില്ല. അന്നുതന്നെ, ഞങ്ങൾ ചൈനയെക്കുറിച്ചു ഒരു വെബ് പേജുണ്ടാക്കി രജിസ്റ്റർ ചെയ്തു. രാവിലെ 9:40-നാണ് ആ സൈറ്റ് പ്രസിദ്ധപ്പെടുത്തുന്നത് . ഉച്ചയ്ക്ക് 12:30-ആയപ്പോൾ എനിക്ക് കൂട്ടുകാരന്റെ ഫോൺ വന്നു. ജാക്ക് നിനക്ക് 5 ഇ-മെയിലുകൾ വന്നിരിക്കുന്നു. എന്താണ് ഇ-മെയിൽ..? അന്ന് ഇതൊന്നും എനിക്കറിയില്ല . ഇന്റർനെറ്റിന്റെ വലിയ സാദ്ധ്യതകളെക്കുറിച്ചു ഞാൻ അറിയുന്നത് അങ്ങനെയാണ്അമേരിക്കയിൽനിന്നും ഇന്റർനെറ്റിൽ എന്തെങ്കിലും ചെയ്യുക എന്ന വലിയ സ്വപ്നവുമായാണ് ഞാൻ ചൈനയിൽ തിരികെ എത്തുന്നത്. ലോകത്തെ മാറ്റാൻ തക്ക ശേഷി ഇന്റർനെറ്റിനുണ്ടെന്ന് എനിക്കറിയാമായിരുന്നു . പക്ഷെ, 1996-1997 ഞങ്ങൾക്ക് വലിയൊരു പ്രതിസന്ധിയുടെ സമയമായിരുന്നു. ബന്ധുക്കളിൽ നിന്നും, കൂട്ടുകാരിൽ നിന്നും രണ്ടായിരം ഡോളർ കടം വാങ്ങി. തുടക്കത്തിൽ ചൈന ടെലികോമിനോട് ചേർന്ന് ഞങ്ങൾ പ്രവർത്തിക്കാൻ തീരുമാനിച്ചു. പക്ഷെ, അത് അധികകാലം നീണ്ടില്ല. ഇന്റർനെറ്റ് രാജ്യത്ത് കൂടുതൽ വ്യാപിപ്പിക്കാൻ ഗവൺമെന്റിൽ സ്വാധീനം ചെലുത്താൻ വേണ്ടി ബീജിങ്ങിൽ പോയി .  പക്ഷെ, രണ്ടു കൂട്ടരുടെയും ആശയങ്ങൾ ഒത്തുപോവില്ലെന്ന് അറിഞ്ഞതോടെ ഞാൻ ബീജിംഗ് വിട്ടു. എങ്ങും ആശ്രയമില്ല. .മൊത്തം നിരാശ. എല്ലാം വിട്ടെറിഞ്ഞു പോയാലോ എന്ന് ചിന്തിച്ച കാലം . തിരിച്ചു നാട്ടിലേക്ക്, ഹാങ്ങ് ഷുവിലേക്ക്. അങ്ങനെ 1999 ഫെബ്രുവരി 21-നു എന്റെ വീട്ടിലേക്കു എന്റെ പതിനെട്ടു സുഹൃത്തുക്കളെ ഞാൻ വിളിച്ചു. ആ മീറ്റിങ്ങിന്റെ വീഡിയോ ഇന്നും ഞങ്ങളുടെ കയ്യിലുണ്ട്. അന്നുതൊട്ടിന്നോളം കമ്പനി സംബന്ധമായ എല്ലാ മീറ്റിങ്ങുകളുടെയും വിഡിയോ ഞങ്ങൾ സൂക്ഷിക്കുന്നുണ്ട്. ഞങ്ങൾ എടുത്ത തീരുമാനങ്ങളിൽ എവിടെയാണ് തെറ്റുകൾ വന്നതെന്ന് അടുത്ത തലമുറയ്ക്ക് അറിയാൻ അത് വളരെ സഹായിക്കും. ഹാങ്ങ് ഷുവിൽ 1999-ലാണ് ആലിബാബ ആരംഭിക്കുന്നത്. ചിലർ ചോദിച്ചു എന്താണ് നിങ്ങൾക്ക് ബീജിങ്ങിൽ അല്ലെങ്കിൽ ഷാങ് ഹായിൽ തുടങ്ങാമായിരുന്നില്ലേ…?

അന്ന് ഹാങ്ങ് ഷു ഒന്നുമല്ല. അവരോടു ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്. അന്ന് നോക്കിയ വലിയൊരു കമ്പനിയാണ്. .അതിന്റെ ആസ്ഥാനം എവിടെയാണ്. .ഫിൻലണ്ടിലെ ഒരു കുഞ്ഞു ദ്വീപിലാണ്. നിങ്ങൾ എവിടെയാണ് എന്നതല്ല പ്രധാനം. നിങ്ങളുടെ ഉൾക്കാഴ്ച എത്രമാത്രം ശക്തമാണ് എന്നതാണ്. ബീജിങ്ങിൽ പ്രധാനമായും ഗവൺമെന്റിന്റെ വ്യവസായങ്ങളാണ്. ഷാങ് ഹായിൽ ആണെങ്കിൽ ഐ. ബി. എം., മൈക്രോസോഫ്റ്റ് പോലുള്ള ബഹുരാഷ്ട്ര കമ്പനികളാണ്. ഈ കുഞ്ഞൻ സ്റ്റാർട്ട് അപ്പ് പ്രസ്ഥാനത്തിന് അവിടെ വലിയ പ്രസക്തിയില്ല ബീജിങ്ങിലോ ഷാങ്ഹായിലോ നമ്മൾ ഒന്നുമല്ല. എന്നാൽ, സ്വന്തം നാടായ ഹാങ്ങ് ഷുവിൽ നമ്മൾ എന്തോ ആണ്
1999-2000 കാലത്ത് ആലിബാബ തുടങ്ങിയ സമയത്ത്, ഞങ്ങളുടെ ബിസിനസ് രീതികൾ അന്ന് അധികമാർക്കും അറിയില്ല. അന്ന് ആകെ അറിയപ്പെട്ടിരുന്നത് യാഹൂ, അതുപോലുള്ള കുറച്ചു കമ്പനികൾ മാത്രം. ഒരു കിറുക്കൻ തങ്ങൾക്കു മനസ്സിലാകാത്ത എന്തോ വികൃതികൾ ചെയ്യുന്നതായിട്ടാണ് ആളുകൾക്ക് തോന്നിയിരുന്നത്. ടൈം മാഗസിൻ പോലും ആദ്യം എന്നെ വിശേഷിപ്പിച്ചത് ക്രേസി ജാക്ക് എന്നാണ്. എല്ലാവർക്കും തുടക്കത്തിൽ മനസ്സിലാകുന്ന ഒരു കാര്യം ചെയ്യുന്നതിൽ എന്താണ് നമുക്കുള്ള മേന്മ…? ആളുകൾ കിറുക്കൻ എന്ന് വിളിച്ചാലും ഞാൻ ചെയ്യുന്നതെന്താണെന്നു എനിക്ക് വ്യക്തമായി അറിയാമായിരുന്നു

ലോകം മുഴുവൻ പരക്കുന്ന ഇന്റർനെറ്റിൽ ലോകം മുഴുവൻ അറിയുന്ന ഒരു പേര് വേണം എന്ന് കരുതിയിട്ടാണ് ആലിബാബ എന്ന പേര് നൽകിയത്. അക്കാലത്തെ അറിയപ്പെടുന്ന ഒരു പേര് യാഹൂ ആണ്. അന്ന് ഞാൻ സാൻഫ്രാൻസിസ്കോയിലാണ്മു. റിയിലേക്ക് വന്ന വേലക്കാരിയോട് ഞാൻ ചോദിച്ചു. അലിബാബയെക്കുറിച്ചു കേട്ടിട്ടുണ്ടോ..?” “ആലിബാബയെക്കുറിച്ചും നാൽപതു കള്ളന്മാരെക്കുറിച്ചും കേൾക്കാത്തവർ ആരുണ്ട്..!!! “.അതായിരുന്നു അവളുടെ മറുപടിഇന്റർനെറ്റ് പ്രതീക്ഷിച്ചപോലെ വ്യാപിക്കാതിരുന്ന തുടക്കകാലത്തു കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്നോർത്തു വളരെ സമ്മർദ്ദം അനുഭവിച്ചിട്ടുണ്ട്. ആ സമയത്താണ് ഫോറസ്ററ് ഗമ്പ് എന്ന സിനിമ ഞാൻ കാണുന്നത്. നമുക്ക് വളരെക്കാര്യങ്ങൾ ആ സിനിമയിൽ നിന്ന് പഠിക്കാനുണ്ട്. അതിലെ കഥാപാത്രവുമായി വളരെ സാമ്യം തോന്നിയ നാളുകൾ. വളരെ സാധാരണമെന്നു നമുക്ക് തോന്നിയാലും ഒരിക്കലും വിട്ടുകൊടുക്കാത്ത മനസ്സ്. ആലിബാബ തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോൾ ഞാൻ വളരെ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഫോറസ്ററ് ഗമ്പ് എന്ന സിനിമയാണ് ആ സമയത്തു എന്നെ മുന്നോട്ട് നയിച്ചത്.
ചെയ്യുന്നതെന്തോ അതിൽ വിശ്വസിക്കുക. മറ്റുള്ളവർ എന്തു കരുതിയാലും കുഴപ്പമില്ല. അതിലെ ഒരു ഡയലോഗുണ്ട് ജീവിതം ഒരു ചോക്ലേറ്റ് പെട്ടിപോലെയാണെന്ന് എന്താണ് അതിൽ നിന്ന് കിട്ടുകയെന്നു നിങ്ങൾക്ക് ഒരു ഉറപ്പുമില്ല.”  ഞാൻ ഇന്ന് ഇങ്ങനെയെല്ലാം ആയിത്തീരുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അന്ന്, 18 വർഷം മുൻപ്, ആദ്യത്തെ മീറ്റിങ്ങിനായി കൂടിയവരോട് ഞാൻ പറഞ്ഞ കാര്യമുണ്ട്. നമുക്ക് വിജയിക്കാനായാൽ ചൈനയിലെ എൺപതു ശതമാനം യുവജനങ്ങൾക്കും വിജയിക്കാനാകും. കാരണം, ഞങ്ങൾക്ക് ധനാഢ്യനായ പിതാവില്ല, ശക്തരായ അമ്മാവന്മാരില്ല, ബാങ്കിൽ നിന്നോ, ഗവൺമെന്റിൽ നിന്നോ ഒരു നയാപൈസ പോലും കടം കിട്ടുകയുമില്ല. ഒരു ടീമായി ജോലിചെയ്യുക. 


പതിനെട്ടു വർഷങ്ങൾ പിന്നിടുമ്പോൾ, ദിനംതോറും പത്തു കോടി ആളുകളാണ് ആലിബാബ വെബ്സൈറ്റ് സന്ദർശിക്കുകയും സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നത്. ചൈനയിൽ മാത്രം ഏതാണ്ട് പതിനാലു ദശലക്ഷം ആളുകൾക്കാണ് പ്രത്യക്ഷമായും, പരോക്ഷമായും ഞങ്ങൾ ജോലി നൽകിയിട്ടുള്ളത്. വെറും പതിനെട്ടു പേരിൽനിന്നാണ് ആലിബാബ ആരംഭിച്ചത്. ഇന്ന് ഞങ്ങൾക്ക് നാലു വലിയ ക്യാംപസുകളുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങൾ വളർന്നത്. ഇന്ന് ആലിബാബയെ ലോകം മുഴുവൻ അറിയും. പതിനെട്ടു വർഷം മുൻപ് ഈ ആശയം പറഞ്ഞപ്പോൾ പലരും നെറ്റിചുളിച്ചു. എന്താണ് ഇതുകൊണ്ടുള്ള ഗുണം, എന്താണ് ഇ-കൊമേഴ്സ് എന്ന് അധികമാർക്കും അറിയില്ല. ഇന്റർനെറ്റിൽ ബിസിനസ് ചെയ്യാൻ പറ്റുമോ.? ധാരാളം ചോദ്യങ്ങൾ. എന്നാൽ, ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. കുറച്ചുകൂടി കഴിയുമ്പോൾ ആളുകൾക്ക് ഇ-കൊമേഴ്സ് നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത വൈദ്യുതി പോലെയോ, കുടിവെള്ളം പോലെയോ ഉള്ള ഒന്നായി മാറിയിരിക്കും. അങ്ങനെ ഒരവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ സ്വപ്നം കാണുന്നത്.

എന്റെ കുടുംബ പശ്ചാത്തലവും, പഠനത്തിന്റെ നിലവാരവും എല്ലാം വച്ചുനോക്കിയാൽ സത്യസന്ധമായി പറഞ്ഞാൽ ഞാനൊരു മൈനസ് 3 എന്ന തലത്തിലാണ് എന്നെ കാണുന്നത്. ഞാനാരാണെന്നു എനിക്കറിയാം. എന്റെ അപ്പനും, അമ്മയും വീട്ടിലെ ആരും സർക്കാർ ഉദ്യോഗസ്ഥരോ, വലിയ കാശുകാരോ അല്ല. അതുകൊണ്ടുതന്നെ, കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ഒരു നയാപൈസ പോലും സർക്കാരിൽ നിന്നോ, ചൈന ബാങ്കുകളിൽ നിന്നോ ഞങ്ങൾക്ക് കിട്ടിയിട്ടില്ല .  കോളേജിൽ ചേരാൻ വേണ്ടിയുള്ള പ്രവേശന പരീക്ഷ മൂന്നുപ്രാവശ്യം എഴുതി പരാജയപ്പെട്ടവനാണ് ഞാൻ. പരാജയങ്ങളുടെ ഒരു പരമ്പരതന്നെ എന്റെ ജീവിതത്തിലുണ്ട്. പ്രൈമറി സ്‌കൂളിൽ രണ്ടു തവണ ഞാൻ തോറ്റിട്ടുണ്ട്. മിഡിൽ സ്‌കൂളിൽ മൂന്നുതവണ തോറ്റിട്ടുണ്ട്. അന്ന് ഞങ്ങളുടെ നാട്ടിൽ, ഹാങ്ങ് ഷുവിൽ, ആകെ ഒരു മിഡിൽ സ്‌കൂളെ ഉള്ളൂ. പഠനത്തിൽ അത്ര മോശമായതുകൊണ്ട് മറ്റു മിഡിൽ സ്‌കൂളുകളിൽ പോകാനും നിർവ്വാഹമില്ല. തിരസ്കരണം നമ്മുടെ ജീവിതത്തിൽ വലിയ പാഠങ്ങൾ തരുന്നുണ്ട്. ഇന്നും അനേകർ എന്നെ തിരസ്കരിക്കുന്നുണ്ട്. ജോലിക്കുവേണ്ടി അപേക്ഷിച്ചിട്ടു മുപ്പതു പ്രാവശ്യം എന്റെ അപേക്ഷ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. പോലീസിൽ ചേരാൻ പോയിട്ടുണ്ട്. ഞങ്ങൾ അഞ്ചുപേരാണ് പോയത്. കൂട്ടുകാർ നാലുപേരും തിരഞ്ഞെടുക്കപ്പെട്ടു. എന്റെ രൂപം കണ്ടിട്ട് അവർക്ക് എന്നെ വേണ്ട .കെ. എഫ്. സി. ചൈനയിൽ വന്നപ്പോൾ ഞങ്ങൾ 24-പേരാണ് ജോലിക്കു അപേക്ഷിച്ചത്. അതിൽ 23-പേർക്കും ജോലികിട്ടി. എന്നെ അവർ തിരസ്കരിച്ചു. ഹാർവാർഡിൽ പഠിക്കാൻ പോകാൻ ഞാൻ പത്തു തവണയാണ് അപേക്ഷിച്ചത്. പത്തു പ്രാവശ്യവും എന്റെ അപേക്ഷ തിരസ്കരിക്കപ്പെട്ടു….

ചെറുപ്പത്തിലേ ഞാൻ ചിന്തിച്ചിരുന്നത് ഒന്നും അസാധ്യമല്ല എന്നാണ്. എന്നാൽ, ഇന്ന് ഞാൻ തിരിച്ചറിയുന്നു, മറ്റുള്ളവരെക്കൂടി പരിഗണിക്കുമ്പോൾ നമുക്ക് എല്ലാം സാധ്യമല്ല. നമ്മുടെ ഇടപാടുകാർ, സമൂഹം, നമ്മുടെ കൂടെ ജോലിചെയ്യുന്നവർ. പക്ഷെ, നമ്മുടെ സ്വപ്നം മുന്നിൽ വച്ച് കഠിനാധ്വാനം ചെയ്താൽ അസാധ്യമായി യാതൊന്നുമില്ല. ആദ്യത്തെ അഞ്ചു വർഷം, നിലനിൽപ്പിനു വേണ്ടിയുള്ള ശ്രമമായിരുന്നു. ആദ്യത്തെ മൂന്നുവർഷം ഞങ്ങളുടെ വരുമാനം പൂജ്യമായിരുന്നു. ക്രമേണ, ആലിബാബയിലൂടെ കുറേപ്പേരുടെ ജീവിതങ്ങൾ മാറിയ കാഴ്ച ഞങ്ങൾ കണ്ടു. പക്ഷെ, ഞങ്ങൾ ജോലി ചെയ്തുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഹോട്ടലിൽ ഭക്ഷണം കഴിച്ച് ബിൽ കൊടുക്കാൻ തുടങ്ങുമ്പോൾ, എന്റെ ബില്ല് ആരോ കൊടുത്തുകഴിഞ്ഞു; അവിടെ ഒരു കുറിപ്പ് വച്ചിരിക്കുന്നു. സർ, ഞാൻ നിങ്ങളുടെ ആലിബാബ പ്ലാറ്റഫോമിലെ ഒരു ഇടപാടുകാരനാണ്.  ആലിബാബ വഴി ഞാൻ ജീവിതം കണ്ടെത്തി. നന്ദിഇങ്ങനെ എത്രയെത്ര സംഭവങ്ങൾ. നമ്മൾ അധ്വാനിച്ചുകൊണ്ടിരുന്നാൽ എല്ലാം സാധ്യമാണ്.

ഓൺലൈൻ ബിസിനസിന്റെ പ്രധാന അടിസ്ഥാനം പരസ്പരമുള്ള വിശ്വാസമാണ്ഈ വിശ്വാസം പടുത്തുയർത്താനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്പരസ്പര വിശ്വാസം കുറവുള്ള ഒരു നാടാണ് ചൈന. എന്നാൽ, ഇപ്പോൾ നോക്കൂ. അറുപതു ദശലക്ഷം ഇടപാടുകളാണ് ദിവസംതോറും ഞങ്ങൾ നടത്തുന്നത്. ഇവർക്കാർക്കും പരസ്പരം അറിയില്ല. ഉത്പന്നങ്ങൾ അയക്കുന്നു. പണം വാങ്ങുന്നു. മലകളും, നദികളും താണ്ടി അറുപതു ദശലക്ഷം വിശ്വാസമാണ് ഓരോ ദിവസവും ആലിബാബയിലൂടെ സഞ്ചരിക്കുന്നത്. ആദ്യത്തെ മൂന്നുവർഷങ്ങൾ ആലിബാബ വെറുമൊരു വെബ് സൈറ്റ് മാത്രമായിരുന്നു. ഒരു വ്യാപാരവും നടന്നിരുന്നില്ല. ബാങ്കുകളൊന്നും ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഇതിനുവേണ്ടി ഞാനൊരു പണമിടപാട് സ്ഥാപനം തുടങ്ങിയാൽ സർക്കാർ ലൈസൻസ് തുടങ്ങി നൂലാമാലകൾ ഏറെയാണ്. അങ്ങനെയിരിക്കെയാണ്, ദാവോസിൽ വച്ച് ഒരു നേതൃത്വ പരിശീലനക്ലാസ് കേൾക്കുന്നത്. ഉടനെ ഞാൻ ഹാങ്ങ് ഷുവിലേക്ക് വിളിച്ചു. ഇന്നുതന്നെ ആലി പേയ്ക്ക് വേണ്ട നടപടികൾ തുടങ്ങുക. എന്തുപ്രശ്നം വന്നാലും, ഇനി ജയിലിൽ പോകേണ്ടി വന്നാലും ഞാൻ പൊയ്ക്കോളാം. അങ്ങനെയാണ് ആലി പേ തുടങ്ങുന്നത്. ആലി പേ തുടക്കത്തിൽ ആളുകൾക്ക് അംഗീകരിക്കാൻ വലിയ പാടായിരുന്നു. ആന മണ്ടത്തരം എന്ന് പറഞ്ഞാണ് അവർ എന്നെ കളിയാക്കിയത്. പക്ഷെ, ഇന്ന് 800 ദശലക്ഷം ആളുകളാണ് ആലി പേ ഉപേയാഗിക്കുന്നത്.

ചെറുകിട ബിസിനസുകാരെ ലോകം മുഴുവൻ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അനേക ലക്ഷം ചെറുകിട ബിസിനസുകാരാണ് അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അവരിൽ നിന്നും 30 കോടി ആളുകളാണ് വളരെ വിലക്കുറവിൽ കാര്യക്ഷമമായി ആലിബാബ വഴി ഉത്പന്നങ്ങൾ വാങ്ങുന്നത്. വാഷിംഗ്ടൺ സംസ്ഥാനത്തെ കർഷകരുടെ മുന്നൂറു ടൺ ചെറിപ്പഴമാണ്‌ കഴിഞ്ഞവർഷം ചൈനയിൽ വിറ്റഴിച്ചത്. അമേരിക്കൻ സ്ഥാനപതി ഈ ആവശ്യവുമായി ആലിബാബയെ സമീപിക്കുകയായിരുന്നു. ഓർഡർ കിട്ടി 48 മണിക്കൂറുകൾക്കുള്ളിൽ ചെറി മുഴുവൻ വിറ്റഴിച്ചു. പിന്നെയും ആവശ്യക്കാരായിരുന്നു. ഇതുപോലെ അലാസ്‌കയിൽ നിന്നുള്ള കടൽ ഉത്പന്നങ്ങളും ചൈനയിൽ വിറ്റഴിക്കുന്നുണ്ട്. ഇതെല്ലം ചെറുകിടക്കാരിൽ നിന്നുമുള്ള ഉത്പന്നങ്ങളാണ്. ലോകത്തു എവിടെനിന്നുമുള്ള സാധനങ്ങൾ വീട്ടിലിരുന്നു വാങ്ങാനുള്ള സൗകര്യമാണത്.

വളരെ കുറഞ്ഞ തുകയാണ് പരസ്യത്തിൽ നിന്നും ഇടപാടുകാരിൽ നിന്നും ലഭിക്കുന്നത്. ഒരു കോടി ചെറുകിട ബിസിനസുകാരാണ് ആലിബാബയിലുള്ളത്. ദിനംപ്രതി വാൾമാർട് കഴിഞ്ഞാൽ, ലോകത്തിലെ രണ്ടാമത്തെ വലിയ ഇടപാടുകൾ നടക്കുന്നത് ആലിബാബയിലാണ്. പത്തുവർഷത്തിനുള്ളിൽ വാൾമാർട്ടിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. കാരണം പുതിയ പതിനായിരം ഇടപാടുകാരെ അവർക്കു വേണമെങ്കിൽ, പുതിയ കെട്ടിടം, ഗോഡൗൺ തുടങ്ങി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം..പക്ഷെ, ഞങ്ങൾക്ക് ഇതിനെല്ലാം കൂടി രണ്ടു വലിയ സെർവറുകൾ മതി.

ഇരുപത്തയ്യായിരം കോടി അമേരിക്കൻ ഡോളർ ശേഖരിച്ച ആലിബാബ ഐ. പി. ഓ. ആണ് ലോകത്തിലെ ഏറ്റവും വലിയ ഐ. പി. ഓ ആയി കണക്കാക്കപ്പെടുന്നത്. എന്നാൽ, 2001-ൽ അഞ്ചു ദശലക്ഷം ഡോളർ വെഞ്ച്വർ കാപിറ്റൽ വഴി ശേഖരിക്കാൻ ഞങ്ങൾ ചെന്നപ്പോൾ, ഞങ്ങൾ മടങ്ങിയത് നിരാശരായി വെറും കയ്യോടെയാണ്. എന്നാൽ, ഇപ്പോൾ നോക്കൂ. ഞങ്ങൾ ഈ ശേഖരിച്ച ഇരുപത്തയ്യായിരം കോടി അമേരിക്കൻ ഡോളർ വെറുതെ പണമായല്ല ഞങ്ങൾ കാണുന്നത്. ഇത് ലോകം ഞങ്ങൾക്ക് തന്ന വിശ്വാസമാണ്. നല്ല ജോലിക്കുവേണ്ടി, നല്ല വരുമാനത്തിനുവേണ്ടി അതുകൊണ്ടുതന്നെ ഇത് കാര്യക്ഷമമായി വിനിയോഗിക്കുക എന്നത് ഞങ്ങൾക്ക് വലിയ സമ്മർദ്ദം തന്നെയാണ്. കാരണം, ഇപ്പോൾ ഓഹരി മൂലധനത്തിന്റെ കാര്യത്തിൽ, ഐ. ബി. എമ്മിനേക്കാളും, വാൾ മാർട്ടിനേക്കാളും മുകളിലാണ് ഞങ്ങൾ. മൂലധനത്തിന്റെ കാര്യത്തിൽ .ലോകത്തിലെ പത്തു വലിയ കമ്പനികളിൽ ഒന്നാണ് ആലിബാബ.

ആലിബാബയെല്ലാം തുടങ്ങുന്നതിനു മുൻപ് ഒരു ദിവസം ഞാൻ ഭാര്യയോട് ചോദിച്ചു, നിന്റെ ഭർത്താവ് സമ്പന്നനാകുന്നതാണോ, സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നതാണോ നിനക്കിഷ്ടം..? സമൂഹത്തിലെ ബഹുമാനമുള്ള ഭർത്താവിനെയാണ് അവൾ കൂടുതൽ ഇഷ്ടപെട്ടത്.കാരണം, അവൾ ഒരിക്കലും ഇങ്ങനെയൊരു വളർച്ച സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ആയിരം കോടി ഡോളർ നിങ്ങളുടെ കയ്യിലുണ്ടെന്നു കരുതുക. അത് ഒരിക്കലും നിങ്ങളുടെ പണമല്ല. അത് ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസമാണ്. നിങ്ങൾ ആ പണം സർക്കാരിനേക്കാൾ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു


ഇന്ന് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് വളരെയേറെ ചെറുപ്പക്കാർ പ്രതീക്ഷയും ദർശനവും നഷ്ടപ്പെട്ടവരായി മാറി പരാതികൾ മാത്രം പറയാൻ തുടങ്ങുന്ന കാഴ്ചയാണ്. തുടർച്ചയായി തിരസ്കരിക്കപ്പെട്ടവനാണ് ഞാൻ. അത്രയും തിരസ്കരണം ഒരുപക്ഷെ നിങ്ങളിൽ അധികം പേർക്ക് കിട്ടിയിട്ടുണ്ടാകില്ല. അവിടെയെല്ലാം, പരാതികൾ പറയാൻ നിൽക്കാതെ എന്നിലെ കുറവുകളെ കണ്ടുപിടിച്ച് മാറ്റിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. നിങ്ങൾ വിജയിയോ, പരാജിതനോ ആയിക്കോട്ടെ. പക്ഷെ, നിങ്ങൾ മറ്റുള്ളവരെക്കുറിച്ചു പരാതി പറയാൻ തുടങ്ങുമ്പോൾ നിങ്ങൾക്കു ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതിക്കൊള്ളുക
(ദാവോസിലെ ലോക സാമ്പത്തീക സമ്മേളനത്തിൽ വച്ച് ജാക്ക് നടത്തിയ പ്രഭാഷണമാണ് ഇതിന് ആധാരം)