ഇന്ത്യയുടെ ആദ്യത്തെ വനിതാ ഫോട്ടോ ജേണലിസ്റ്റ് ആരാണെന്നറിയാമോ?
ഇന്ത്യയുടെ ആദ്യത്തെ വനിതാ ഫോട്ടോ ജേണലിസ്റ്റ് എന്ന ബഹുമതി ഹോമായ് വ്യാരവാലയ്ക്കാണ് (9 ഡിസംബർ 1913 - 15 ജനുവരി 2012). തെക്കൻ ഗുജറാത്തിലെ നവ്സാരിയിൽ ഒരു പാഴ്‌സി കുടുംബത്തിൽ ജനിച്ച ഹോമായ്, ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സില്‍ വിദ്യാർത്ഥിനിയായിരിക്കെയാണ് ഫോട്ടോഗ്രാഫിയിൽ ആകൃഷ്ടയായത്. ആദ്യചിത്രം 'ബോംബെ ക്രോണിക്കിളി'ൽ പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവായിരുന്നു ഹോമായ്യുടെ ക്യാമറയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി. ഗാന്ധിജിയുടെ ചിത്രവും ഹോമായ് ക്യാമറയിൽ പകർത്തി. ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസ്, ഓൺലുക്കര്‍, ടൈം, ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി എന്നിവയില്‍ അവര്‍ പ്രവര്‍ത്തിച്ചു. ' ഡാൽഡ 13 ' എന്ന പേരില്‍ അവര്‍ അറിയപ്പെട്ടു. തന്‍റെ ജന്മ വര്‍ഷമായ 1913, 13ആം വയസ്സില്‍ പിന്നീട് തന്‍റെ ജീവിതപങ്കാളിയായ മനേക് ഷാ വ്യാരവാലയെ ആദ്യമായി കണ്ടത്, തന്‍റെ ആദ്യ കാറിന്‍റെ നമ്പറായ "DLD 13″ എന്നിവയാണ് ഹോമായ് യുടെ ഈ രസകരമായ പേരിനുപിന്നിലെ പ്രചോദനം.
1938 മുതൽ 1973വരെയാണ് അവര്‍ വാർത്താ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി നിന്നത്. രണ്ടാം ലോകമഹായുദ്ധം, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ബംഗാൾ വിഭജനം, റെഡ് ഫോർട്ടിൽ ആദ്യമായി ദേശീയ പതാക ഉയർത്തുന്നത്, പാകിസ്താനിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് വ്യാകുലനായി കാണപ്പെട്ട ജിന്നയുടെ പടം, ഗാന്ധിജിയുടെ വിയോഗവേളയിലെ ദൃശ്യങ്ങൾ ഇവയെല്ലാം അവരുടെ ക്യാമറയിലൂടെ ചരിത്രത്തിന്‍റെ താളുകളിലെ മായാത്ത ചിത്രങ്ങളായി. 2011ല്‍ രാജ്യം പത്മവിഭൂഷൺ നല്‍കി ഹോമായ് വ്യാരവാലയെ ആദരിച്ചു.