Assassination of Mahmoud Al-Mabhouh
ജനുവരി ആദ്യവാരത്തില്‍ വടക്കന്‍ തെല്‍അവീവിന്റെ മലഞ്ചെരുവിലുള്ള ഒരു കെട്ടിടത്തിന്റെ പ്രധാന കവാടത്തില്‍ ഓഡി എ6 ഇനത്തില്‍ പെട്ട രണ്ടു വാഹനങ്ങള്‍ ചീറിപ്പാഞ്ഞെത്തി. ജൂതരാജ്യത്തിന്റെ ചാരസംഘടനയായ മൊസാദിന്റെ താവള കവാടത്തിലാണ് വാഹനങ്ങള്‍ നിന്നത്. വാഹനത്തിലൊന്നില്‍ നിന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്തിറങ്ങി. ചാരത്തലവന്‍ കെട്ടിട കവാടത്തില്‍ നിന്നും പ്രധാന മന്ത്രിയെ സ്വീകരിച്ചാനയിച്ചു. ചാര കിങ്കരന്റെ കൂടെ പ്രധാനമന്ത്രി കെട്ടിടത്തിന്റെ ഉള്ളിലൊരുക്കിയ ഗൂഢാലോചനാവേദിയിലേക്ക്. മൊസാദിന്റെ കൊലക്കയര്‍ കുരുക്കുന്നതില്‍ പ്രാവീണ്യമുള്ളവര്‍ ഒത്തുകൂടിയ യോഗസ്ഥലത്ത് പ്രധാനമന്ത്രി അവരോടൊപ്പം ചേര്‍ന്നു.
ഫലസ്‌തീന്‍ സംഘടനയായ ഹമാസിന്റെ സൈനിക തലവന്‍ മഹ്‌മൂദ് അല്‍മബ്‌ഹൂഹിന്റെ ജീവനെടുക്കാനുള്ള മൊസാദിന്റെ ഗൂഢപദ്ധതിക്ക് പച്ചക്കൊടി കാണിച്ച് അനുഗ്രഹിക്കാനാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചാരകൂടാരത്തില്‍ സന്നിഹിതനായത്. നെതന്യാഹുവിന്റെ മുന്നില്‍ അംഗങ്ങള്‍ പദ്ധതി വിശദീകരിച്ചു. പദ്ധതിക്കു കയ്യൊപ്പു ചാര്‍ത്തിയ ശേഷം നെതന്യാഹു പറഞ്ഞു: ഇസ്‌റാഈല്‍ ജനത നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു വിജയം നേരുന്നു. പിന്നീട്, തെല്‍അവീവിലെ തന്നെ ഒരു ഹോട്ടലില്‍ മബ്‌ഹൂഹിനെ വധിക്കാനുള്ള ട്രയല്‍ നടത്തി. ഹോട്ടലുടമ അറിയാതെയാണ് ഈ ദുബയ് ഓപ്പറേഷന്റെ മുന്നോടിയായുള്ള പ്രതീകാത്മക വധാവതരണം നടന്നത്. പരിശീലനം നടത്തിയും ഗൃഹപാഠം ചെയ്‌തുമാണ് സംഘം ദുബായിലെത്തിയത്.
![]() |
Mahmoud Al-Mabhouh |
ജനുവരി 19നു ദുബായ് റൊട്ടാന ഹോട്ടലിലെ 230-ാം നമ്പര്‍ മുറിയിലാണ് മബ്‌ഹൂഹ് കൊല്ലപ്പെടുന്നത്. ഹമാസിനു വേണ്ടി ഇറാന്‍ വഴി മഹ്‌മൂദ് ആയുധക്കടത്ത് നടത്തുന്നുണ്ടെന്ന സംശയമാണ് അയാളെ ഇല്ലാതാക്കാന്‍ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനു പുറമെ, രണ്ട് ഇസ്‌റാഈല്‍ സൈനികരെ തട്ടിക്കൊണ്ടുപോയി വധിച്ചതിനു പിന്നില്‍ മബ്‌ഹൂഹാണെന്നു മൊസാദ് സംശയിച്ചിരുന്നു. ദമസ്‌കസില്‍ നിന്നു പുറപ്പെട്ടു ദുബയിലെത്തിയ മബ്‌ഹൂഹിന്റെ നീക്കങ്ങള്‍ മൊസാദ് നിയോഗിച്ച ചാരക്കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പല രാജ്യങ്ങളില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ടുകളില്‍ ദുബയ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതികള്‍ മബ്‌ഹൂഹിന്റെ തൊട്ടടുത്ത മുറി തരപ്പെടുത്തി. യാത്രാമധ്യേ വേഷവും രൂപവും മാറ്റിയാണ് കൊലയാളികള്‍ ദുബയ് ചുറ്റിക്കറങ്ങിയത്.
![]() |
An Al Bustan Rotana Hotel room in Dubai |
പ്രതികള്‍ ആദ്യം പതിനൊന്നംഗ സംഘമായിരുന്നെങ്കിലും ദുബയ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പ്രതിപ്പട്ടിക ഇരുപത്തി ആറായിട്ടുണ്ട്. മൂന്ന് ആസ്‌ത്രേലിയക്കാരൊഴിച്ചാല്‍ എല്ലാവരും യൂറോപ്യന്‍ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടിലാണ് ദുബയിലെത്തിയത്. അതിസുരക്ഷിതമായ ഹോട്ടല്‍ മുറിയുടെ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തുറന്നാണ് സ്‌ത്രീകളടങ്ങിയ സംഘം മബ്‌ഹൂഹിനെ വധിച്ചതെന്നാണ് നിഗമനം. വാതില്‍ ഉള്ളില്‍ നിന്നും സാക്ഷയിട്ട നിലയിലാണ് ഉണ്ടായിരുന്നത്. സ്വാഭാവിക മരണമെന്ന നിഗമനത്തില്‍ ദുബയ് പൊലീസിനെ എത്തിക്കാന്‍ സാധിച്ചത് കൊല നടത്തിയതിലെ വൈദഗ്‌ധ്യമാണ്. വിഷം കുത്തിവച്ചോ ഷോക്കടിപ്പിച്ചോ ശ്വാസംമുട്ടിച്ചോ കൊല ചെയ്‌തതെന്ന വ്യക്തത വരാനിരിക്കുന്നു.
ഒരാളെ കൊല്ലാന്‍ പല ദിക്കുകളില്‍ നിന്നായി നിരപരാധികളുടെ യാത്രാരേഖകള്‍ ചോര്‍ത്തി വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കി പതിനൊന്നു പേരെത്തിയതു ഭീരുത്വമാണെന്നു ദുബയ് പൊലീസ് മേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ മരണവാര്‍ത്ത പുറത്തുവന്നയുടനെ പ്രതികരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തു ഒരാള്‍ക്കും മുഖംകൊടുക്കാതെ രക്ഷപ്പെടുന്ന മൊസാദിന്റെ ഉടുതുണി അഴിയുന്നതു പോലെയായിരുന്നു ദുബയ് ഓപ്പറേഷന്‍. ദുബയ് വിമാനത്താവളത്തിലെത്തി, പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങി, വേഷവും കോലവും മാറ്റി, തിരിച്ച് വിമാനത്തില്‍ രക്ഷപ്പെടുന്നതുവരെയുള്ള മൊസാദ് കൊലയാളി സംഘത്തിന്റെ വീഡിയോ ചിത്രം ദുബയ് പോലീസ് സംശയലേശമെന്യേ പുറത്തുവിട്ടു. ഹോട്ടലിലെ ക്ലോസ്‌ഡ് സര്‍ക്യൂട്ട് ടീവികളും വിമാനത്താവളങ്ങളില്‍ സുരക്ഷയ്‌ക്കായി ഘടിപ്പിച്ച ക്യാമറകളും പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ജാള്യത മറച്ചുവയ്‌ക്കാന്‍ കഴിയാതെ ചാരപരിവാരവും ഇസ്‌റാഈലും ലോകത്തിനു മുന്നില്‍ പരുങ്ങി.
കൊലയാളികളെ സഹായിച്ചതായി സംശയിക്കുന്ന രണ്ടു ഫലസ്‌തീന്‍ വംശജര്‍ കൃത്യം നടന്നയുടന്‍ തന്നെ ദുബയ് പോലീസിന്റെ പിടിയിലൊതുങ്ങിയിട്ടുണ്ട്. സൗഹൃദത്തിന്റെ പേരില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു യു എ ഇയില്‍ വിസാനിയമത്തില്‍ ഇളവുണ്ട്. പാസ്‌പോര്‍ട്ടു മാത്രമുണ്ടെങ്കില്‍ ഇവര്‍ക്കു ഏതു സമയവും ഇവിടെ ഇറങ്ങാം. ഈ സൗകര്യം ബോധപൂര്‍വം ദുരുപയോഗം ചെയ്യുകയായിരുന്നു കൊലയാളി ഗ്രൂപ്പ്. വിനോദ, വാണിജ്യ മേഖലകളില്‍ പുരോഗതി കൈവരിച്ച ദുബയ് പോലുള്ള തുറന്ന നഗരത്തിലെത്തി കുറ്റം ചെയ്‌തു മുങ്ങാന്‍ പ്രതികള്‍ക്കു പ്രചോദനമായതും ഈ സൗകര്യമാണ്.
ഫലസ്‌തീന്‍ സംഘടനകളായ ഹമാസും ഫത്‌ഹും തമ്മില്‍ വാദകോലാഹലത്തില്‍ പെടാനും മബ്‌ഹൂഹ് വധം വഴിവെച്ചു. മബ്‌ഹൂഹിന്റെ യാത്രാവിവരങ്ങള്‍ യഥാസമയം മൊസാദിനു ചോര്‍ത്തി അദ്ദേഹത്തെ കുരുതി കൊടുത്തതില്‍ ഇരുകൂട്ടരും പരസ്‌പരം പഴിചാരുകയാണ്. പിടിക്കപ്പെട്ടവര്‍ ചോദ്യംചെയ്യപ്പെട്ടു അന്യരാജ്യങ്ങളില്‍ പോയി ശത്രുക്കളെ നിഗ്രഹിക്കുന്ന ശൈലി മൊസാദിനു പുത്തരിയല്ല. ബയ്‌റൂത്ത്, അമ്മാന്‍, ദമസ്‌കസ്, തുനീഷ്യ, കയ്‌റോ നഗരങ്ങളിലെല്ലാം നുഴഞ്ഞുകയറി വേണ്ടവരെ വധിച്ചു മൊസാദ് കടന്നിട്ടുണ്ട്. ദുബയ് പോലെ ഉദാര വിസാനിയമമുള്ള രാജ്യങ്ങളല്ലാതിരുന്നിട്ടും അവിടെയെത്താന്‍ കൊലയാളികള്‍ക്കു നിഷ്‌പ്രയാസം സാധിച്ചു. ദുബായില്‍ മൊസാദിന്റെ മുഖംമൂടി വലിച്ചൂരാന്‍ സാധിച്ചതിലാണ് ദുബായ് പൊലീസ് മിടുക്കു തെളിയിച്ചത്.
2008 ഫെബ്രുവരിയില്‍ ദമസ്‌കസില്‍ വച്ചു കൊല്ലപ്പെട്ട ഫതഹ് നേതാവ് ഇമാദ് ഫാഇസിന്റെ കൊലയ്‌ക്കു പിന്നില്‍ മൊസാദായിരുന്നു. ഇതുവരെ കൊലയാളികളെക്കുറിച്ചുള്ള ചിത്രം വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല. അതിനൂതന സാങ്കേതികവിദ്യകളും കര്‍മനിരതരായ കുറ്റാന്വേഷണ ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മയും കുറ്റവാളികളെ പുറംലോകത്തിനു ബോധ്യപ്പെടുത്താന്‍ അധികൃതര്‍ക്ക് സഹായകമായി. അറബ് രാജ്യങ്ങള്‍ കാളവണ്ടി യുഗം താണ്ടിയിട്ടുണ്ടെന്നു കാലിടറിയ ചാരന്മാര്‍ക്കു മുന്നറിയിപ്പു നല്‌കാനും ദുബയിലെ നിയമ സംവിധാനങ്ങള്‍ക്കു സാധിച്ചു! ഫലസ്‌തീന്‍ ജനതയുടെ മണ്ണും വിണ്ണും കവര്‍ന്നു അവരെ വഴിയാധാരമാക്കി പശ്ചിമേഷ്യ സംഘര്‍ഷ ഭൂമിയാക്കിയതിനു പുറമെ സമാധാനത്തോടെ കഴിയുന്ന അറബ് രാജ്യങ്ങളില്‍ ഫിത്‌നയുടെ വിത്തിടുന്ന പുതിയ രീതിയാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യാജ പാസ്‌പോര്‍ട്ട് കുറ്റവാളികള്‍ ഉപയോഗിച്ചതിന്റെ പിന്നിലും ബന്ധങ്ങള്‍ വഷളാക്കുകയെന്ന ലക്ഷ്യം തന്നെയായിരിക്കണം. തന്നിഷ്‌ടങ്ങള്‍ നടപ്പാക്കാന്‍ ഏതു രാജ്യത്തെ പൗരന്മാരുടെ വ്യക്തിവിവരങ്ങളും ചോര്‍ത്തി കൃത്രിമ രേഖ ചമയ്‌ക്കാന്‍ മൊസാദിനു മടിയില്ലെന്നവര്‍ വീണ്ടും തെളിയിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളിലെ സാധാരണ ജനങ്ങളുടെ പാസ്‌പോര്‍ട്ടിനു പുറമെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുകളും കൊല നടത്താന്‍ മൊസാദ് വ്യാജമായി പടച്ചതായാണ് സൂചന. എന്നിട്ടും യൂറോപ്യന്‍ യൂണിയന്‍ ചേര്‍ന്ന സന്ദര്‍ഭത്തില്‍ പേരെടുത്തു ഇസ്‌റാഈലിനെയും മൊസാദിനെയും വിമര്‍ശിക്കാന്‍ ആ രാജ്യങ്ങളുടെ തലവന്മാര്‍ക്കു നാവു പൊങ്ങാതിരുന്നതാണ് സമാധാനം ആഗ്രഹിക്കുന്നവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.
ദുബായ് പോലീസ് പുറത്തു വിട്ട കൊലപാതകത്തിന്റെ വിശദമായ CCTV രംഗങ്ങള്‍ താഴെ...