Sunday, July 22, 2018

വിജയം ആഗ്രഹിക്കുന്ന സംരംഭകര്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍


ഓരോ വ്യക്തിയുടെയും ചിന്തയില്‍ നിന്നാണ് ഓരോ സംരംഭവും പിറവിയെടുക്കുന്നത്. മനസില്‍ തെളിഞ്ഞ ആശയം പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ തന്നെ വീട്ടുകാരില്‍ നിന്നും പരിചയക്കാരില്‍ നിന്നുമൊക്കെ ഒരുപാട് ഉപഭേശങ്ങളെത്തും. ബിസിനസില്‍ യാതൊരു മുന്‍പരിചയമോ അറിവോ ഇല്ലാത്തവരാകും അവരില്‍ ഏറെയും.അതുകൊണ്ടുതന്നെ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ഉപദേശങ്ങള്‍ക്ക് പഞ്ഞമുണ്ടാകില്ല. അവയ്ക്കൊന്നും അധികം ചെവി കൊടുക്കാതിരിക്കുക. ചെയ്യാവുന്ന കാര്യം ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നതാണ്. ചെയ്യാനുദ്ദേശിക്കുന്ന ബിസിനസിനു സഹായകമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതി പരമാവധി മനസിലാക്കുക. അമിതമായ ചിന്തയും കണക്കുകൂട്ടലുകളും ബിസിനസ് തുടങ്ങാനുള്ള ധൈര്യം ചോര്‍ത്തുമെന്ന് അറിയുക. സംരംഭകനാകാനുള്ള തീരുമാനം മനസില്‍ ഉറപ്പിച്ചെങ്കില്‍ തുടര്‍ന്നു വായിക്കാം. സംരംഭം വിജയകരമാക്കാന്‍ ഉതകുന്ന അഞ്ച് ലളിതമായ മാര്‍ഗങ്ങള്‍ വിവരിക്കുകയാണിവിടെ.


1. ബിസിനസ് പ്ലാന്‍ തയ്യാറാക്കുക

ഇതേറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സംരംഭത്തോടുള്ള വൈകാരിക അടുപ്പം അത്യാവശ്യം തന്നെ. സ്വന്തമായി ചെയ്ത് വിജയിപ്പിക്കാനാവും എന്നുള്ള പൂര്‍ണ്ണ ആത്മവിശ്വാസം ഉണ്ടായിരിക്കണം. പദ്ധതി എങ്ങനെ നടപ്പിലാക്കാം, അതിന് എത്ര പേരുടെ അധ്വാനം ആവശ്യമുണ്ട്, പദ്ധതിയ്ക്കുള്ള പണം എങ്ങനെ കണ്ടെത്താം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വേണം ബിസിനസ് പ്ലാന്‍ തയ്യാറാക്കാന്‍ .മൂന്നോ അഞ്ചോ വര്‍ഷം കണക്കാക്കി ബിസിനസിന്റെ വരുമാനം ലക്ഷ്യമാക്കുക. ഇത്ര കാലയളവുകൊണ്ട് എത്രമാത്രം ബിസിനസ് ചെയ്യാനാവും എന്നത് കണക്കുകൂട്ടി ഉറപ്പിക്കുക.

2. ബിസിനസ് മേഖലയില്‍ കൂടുതല്‍ ബന്ധങ്ങള്‍ ഉണ്ടാക്കുക

നിങ്ങള്‍ നല്‍കുന്ന സേവനമോ ഉത്പന്നമോ എത്ര നല്ലതാണെങ്കില്‍ പോലും തുടക്കത്തില്‍ അത് തേടി ആരും ഇങ്ങോട്ട് വരില്ല. നാം ചെയ്യുന്ന ബിസിനസ് മേഖലയുമായി ബന്ധപ്പെട്ടവരുമായി ബന്ധമുണ്ടാക്കി അവര്‍ക്ക് നമ്മുടെ സംരംഭത്തിന്റെ ഗുണഗണങ്ങള്‍ മനസിലാക്കി കൊടുക്കുക. കോള്‍ഗേറ്റ് നല്ലതാണെന്ന് ക്ലോസപ്പ് പറയില്ലല്ലോ. നിങ്ങളുടെ മികവുകള്‍ മറ്റുള്ളവരോട് നിങ്ങള്‍ തന്നെ പറയണം. സ്വന്തം സംരംഭത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിങ്ങള്‍ മാറണമെന്ന് ചുരുക്കം. വ്യവസായ മേളകള്‍ , സംരംഭകരുടെ മീറ്റിങ്ങുകള്‍ , സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ എന്നിവയില്‍ പങ്കുചേരുന്നതിലൂടെ ബിസിനസ് മേഖലയിലുള്ള മറ്റു വ്യക്തികളുമായി പരിചയം സ്ഥാപിക്കാനാവും. ഇത്തരം പരിചയങ്ങളാണ് ഭാവിയില്‍ നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനും പുതിയ പങ്കാളികളെ നേടുന്നതിനും സഹായകമാകുക.


3. കൂടെയുള്ളവര്‍ നല്ലതായിരിക്കണം
നല്ലൊരു നിക്ഷേപകനെയോ സമാനചിന്താഗതിയുള്ള ബിസിനസ് പങ്കാളിയെയോ ലഭിച്ചതുകൊണ്ടു മാത്രം സംരംഭം വിജയിക്കണമെന്നില്ല. നിങ്ങളുടെ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാന്‍ പങ്കുചേരുന്ന ജീവനക്കാരാണ് ഏറെ ആവശ്യം. സ്ഥിരോത്സാഹം, കഴിവ്, പെരുമാറ്റഗുണം എന്നിവയുള്ളവരായിരിക്കണം ജീവനക്കാര്‍. സ്തുതിപാഠകര്‍ക്ക് വിലകൊടുക്കാതിരിക്കുക. നന്നായി ജോലി ചെയ്യുന്നവര്‍ തൊഴില്‍ദാതാവിനെ പുകഴ്ത്താന്‍ സമയം കളയാറില്ല. നല്ലൊരു ടീം വര്‍ക്ക് സംരംഭത്തിന്റെ പുരോഗതിയ്ക്ക് അടിത്തറ പാകും. സംരംഭത്തിന്റെ ഓരോ നേട്ടങ്ങളും എല്ലാ ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ട് കൂട്ടുചേര്‍ന്ന് ആഘോഷിക്കുന്നതായിരിക്കണം തൊഴിലിടം.


4. ട്രെന്‍ഡ് മാറുന്നത് അറിയണം
നിങ്ങളുടെ ബിസിനസ് മേഖലയില്‍ ഭാവിയില്‍ വരാനിരിക്കുന്ന മാറ്റങ്ങളെപ്പറ്റി മുന്‍കൂട്ടി പ്രവചിക്കാന്‍ ശേഷി വളര്‍ത്തിയെടുക്കുക. ഉദാഹരണത്തിന് പ്ലാസ്റ്റിക് പ്ലേറ്റുകളോ ബാഗുകളോ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് നിങ്ങള്‍ നടത്തുന്നതെന്നിരിക്കട്ടെ. മഹാരാഷ്ട്രയില്‍ അടുത്തിടെ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കും പ്ലേറ്റുകള്‍ക്കും വന്ന നിരോധനം വന്ന വാര്‍ത്ത നിങ്ങള്‍ ഗൌരവമായി കാണണം. പരിസ്ഥിതി മലിനീകരണത്തിനു മുഖ്യ കാരണമായ ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ നമ്മുടെ സര്‍ക്കാരും തീരുമാനിക്കാനിടെയുണ്ടെന്ന് കണക്കുകൂട്ടണം. അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ സ്വഭാവികമായും നിങ്ങള്‍ മുന്നൊരുക്കം നടത്തും. മണ്ണില്‍ ലയിച്ചുചേരുന്ന തരം ബാഗുകളുടെയും പ്ലേറ്റുകളുടെയും നിര്‍മാണത്തിലേയ്ക്ക് മാറുന്നതിലൂടെ ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനുമാകും..
ആനുകാലിക സംഭവങ്ങളെപ്പറ്റി അവബോധം ഉണ്ടായിരിക്കണം. പത്രം, വ്യവസായ വാര്‍ത്തകള്‍ വരുന്ന വെബ്സൈറ്റുകള്‍ , മാസികകള്‍ എന്നിവയൊക്കെ വായിക്കുന്നത് ശീലമാക്കുക.


5. കുടുംബത്തെ മറക്കരുത്.
ബിസിനസ് കെട്ടിപ്പടുക്കാനുള്ള നെട്ടോട്ടത്തില്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മറക്കരുത്. ബിസിനസിനും കുടുംബത്തിനും ചെലവഴിക്കുന്ന സമയത്തിന് ഒരു സമതുലനാവസ്ഥ ഉണ്ടായിരിക്കണം. കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവിടുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കും. അത് ബിസിനസ് ജോലികള്‍ ചെയ്യാന്‍ നവോന്മേഷം പകരും.യഥാസമയങ്ങളില്‍ ആഹാരം കഴിച്ചും വ്യായാമം ചെയ്തുമൊക്കെ ആരോഗ്യം കാത്തുസൂക്ഷിക്കാനും ശ്രദ്ധിക്കുക.



അവസാനവാക്ക്
വലിയ പ്രതീക്ഷയോടെ തുടങ്ങിയ സംരംഭം ഉദ്ദേശിച്ച കാലയളവിനുള്ളില്‍ വിജയകരമായില്ലെങ്കില്‍ യാതൊരു ആശങ്കയും കൂടാതെ അത് അവസാനിപ്പിക്കാന്‍ തയ്യാറാകണം. പരാജയകാരണങ്ങള്‍ വിലയിരുത്തി തയ്യാറാക്കിയ പുതിയ പദ്ധതിയുമായി മുന്നോട്ടിറങ്ങുക.