Saturday, August 12, 2017

പേരകത്തുശ്ശേരി തണ്ടാരുടെ ദാരുണ അന്ത്യം



പതിനേഴാം നൂറ്റാണ്ടില്‍ തെക്കുംകൂര്‍ രാജ്യത്തെ പടിഞ്ഞാറന്‍ കായല്‍നിലങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിളകള്‍ തളിയിലെ ഇടത്തില്‍ കോവിലകത്ത്‌ കപ്പമായി എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ഈഴവപ്രമാണി ആയിരുന്നു പേരകത്തുശ്ശേരി തണ്ടാര്‍. തണ്ടാര്‍ ഒരു ജാതിപ്പേരല്ല, രാജവാഴ്ചക്കാലത്തെ ഒരു ഔദ്യോഗിക പദവി ആയിരുന്നു എന്നോര്‍ക്കണം.

രാജാവിന് വിശ്വസ്തനും ബഹുമാനിതനും ആയിരുന്ന ഒരു പേരകത്തുശേരിത്തണ്ടാരുടെ സ്മരണയ്ക്കായി ഒരു തെക്കുംകൂര്‍ രാജാവ് പണികഴിപ്പിച്ച സ്മാരകമാണ് ചിത്രത്തിൽ! കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ജീര്‍ണ്ണാവസ്ഥയിലായ ഈ മാളിക പൊളിച്ചു നീക്കപ്പെട്ടു.
ഈ സ്മാരകസൌധം പണിയിച്ചതിനു പിന്നില്‍ ഒരു ദാരുണമായ കഥയുണ്ട്. അതിങ്ങനെയാണ്: 

വേളൂര്‍കരയില്‍ വിളയുന്ന നാളികേരങ്ങളില്‍ നിശ്ചിത എണ്ണം ഓരോ മണ്ഡലകാലങ്ങള്‍ കൂടുമ്പോഴും കപ്പമായി കൊട്ടാരത്തില്‍ എത്തിക്കേണ്ടത്‌ പേരകത്തുശേരി തണ്ടാരുടെ ചുമതല ആയിരുന്നു. അത് മുടക്കം കൂടാതെ അദ്ദേഹം നിര്‍വഹിച്ചുമിരുന്നു. ഒരിക്കല്‍ കാറ്റുവീഴ്ച ബാധിച്ചിട്ടോ വരള്‍ച്ച മൂലമോ തേങ്ങയുടെ ഉത്പാദനം പൊതുവേ കുറഞ്ഞു. ആ മാസം അളവില്‍ കുറവ് വരുത്തണമെന്ന് തണ്ടാര്‍ രാജാവിനോട് അപേക്ഷിച്ചു. പൊതുവേ അല്‍പ്പം എടുത്തുചാട്ടക്കാരനായ രാജാവ് അത് അംഗീകരിച്ചില്ല. മാത്രമല്ല പതിവുമുറ തെറ്റിച്ചാല്‍ തക്കതായ ശിക്ഷ എറ്റുവാങ്ങേണ്ടിവരുമെന്ന്‍ മുന്നറിയിപ്പും നല്‍കി. തണ്ടാര്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും രാജാവ് ചെവിക്കൊണ്ടില്ല. അക്കാര്യത്തില്‍ ഇരുവരും ഒന്നിടയുകയുമുണ്ടായി. തണ്ടാര്‍ ഈര്‍ഷ്യയോടെയാണ് അവിടെ നിന്നുംപോയത്.

അടുത്ത മീനം ഒടുവില്‍ രാജസമക്ഷം എത്തിക്കേണ്ട വിഭവങ്ങളുമായി വിവിധ ദേശങ്ങളില്‍നിന്നും ചുമതലപ്പെടുത്തിയവര്‍ എത്തിയിട്ടും തണ്ടാരെ മാത്രം കാണാഞ്ഞ് രാജാവ് അദ്ദേഹത്തെ തിരക്കി. തണ്ടാര്‍ തേങ്ങക്ക് പകരം ഒതളങ്ങ വള്ളത്തില്‍ കയറ്റി വരുന്നുണ്ട് എന്ന വിവരം ആരോ രാജാവിനെ അറിയിച്ചു. രാജാവിനോടുള്ള പ്രതിഷേധം അറിയിക്കാനാവാം അത്തൊരമൊരു സമരമാര്‍ഗ്ഗം തണ്ടാര്‍ സ്വീകരിച്ചത്. പക്ഷെ അത് അദ്ദേഹത്തിനു വിനയായി. രാജാവ് താഴത്തങ്ങാടിയിലെത്തി തണ്ടാരുടെ വരവ് കാത്തുനിന്നു. മീനച്ചിലാറ്റിലൂടെ വളവര വള്ളത്തില്‍ ഒതളങ്ങയും നിറച്ച് അണിയത്തിരുന്നു തുഴഞ്ഞുവരുന്ന തണ്ടാരെ ദൂരത്തുനിന്നുതന്നെ രാജാവ് കണ്ടു. തന്‍റെ അനുചരന്മാരായ മൂസാംബികളോട്(മുസ്ലിം സൈനികര്‍) വെടിവെയ്ക്കാന്‍ രാജാവ് ഉത്തരവിട്ടു. അത് നടപ്പിലായി. 

വള്ളമടുപ്പിച്ച് തണ്ടാരുടെ ശവശരീരം കരക്കിറക്കിയ ശേഷം ഒതളങ്ങകള്‍ രാജസേവകര്‍ നീക്കംചെയ്യാന്‍ തുടങ്ങി. അപ്പോഴതാ, ഒതളങ്ങയുടെ ഒരു നിരയുടെ അടിയില്‍ തേങ്ങകള്‍ നിറച്ചിരിക്കുന്നു. അതും രാജാവ് ആവശ്യപ്പെട്ട നിശ്ചിത എണ്ണം!!! കൂടാതെ രാജാവിന് നല്‍കാനായി ഒരു പണക്കിഴിയും!!!
തന്‍റെ എടുത്തുചാട്ടം മൂലമുണ്ടായ അബദ്ധത്തില്‍ രാജാവ് അങ്ങേയറ്റം പശ്ചാത്താപവിവശനാവുകയും തണ്ടാരുടെ മൃതദേഹത്തിന് എല്ലാ ആദരവുകളും നല്‍കി അദ്ദേഹത്തിന്‍റെ പുരയിടത്തില്‍ തന്നെ സംസ്കരിക്കുകയും പട്ടട കാക്കാന്‍ നാലുപേരെ നിയമിക്കുകയും ചെയ്തു. പിണ്ഡകര്‍മ്മാദികള്‍ നടത്തിയ ശേഷം തണ്ടാരുടെ ആത്മാവിനെ ആവാഹിച്ച ദാരുബിംബം ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ മനോഹരമായ ഈ മാളികക്കെട്ടു പണിത് അതിന്‍റെ മേള്‍നിലയില്‍ നിശ്ചിത സ്ഥാനത്തായി പ്രതിഷ്ടിക്കുകയും ചെയ്തു. 

ഈ രാജാവ് വേളൂര്‍ ദിക്കിലെത്തുമ്പോഴെല്ലാം ഈ മാളികയുടെ മുകളിലെത്തി തണ്ടാരുടെ ബിംബത്തിനു മുമ്പിലിരുന്ന് നിറകണ്ണുകളോടെ സമയം ചെലവഴിക്കുമായിരുന്നുവെന്നും വായ്മൊഴികഥയായി പ്രചരിച്ചുവരുന്നു