Tuesday, November 7, 2017

ഔദ് നവാബിന്‍റെ അവസാന കണ്ണിയും ഒാർമയായി

തകർന്നടിഞ്ഞ മാൽചാ മഹൽ കൊട്ടാരവും അലി റാസയും (Photo Courtesy: http://www.hindustantimes.com)

കുതിരവണ്ടിയും പടയാളികളും പരിചാരകരും ഇല്ലാതെ ദുരിതംപേറി ജീവിതം തള്ളി നീക്കേണ്ടി വന്ന ഒരു നവാബ് കുടുംബം ഉണ്ടായിരുന്നു രാജ്യതലസ്ഥാനമായ ഡൽഹിയിൽ. ഒൗദിലെ നവാബായിരുന്ന വാജിദ് അലി ഷായുടെ പിന്തുടർച്ചക്കാരെന്ന് അവകാശപ്പെടുന്നവരാണ് ബീഗം വിലായത് മഹലിന്‍റെ ഈ കുടുംബം. സെപ്റ്റംബർ രണ്ടിന് 58കാരനായ അലി റാസയും ലോകത്തോട് വിടപറഞ്ഞതോടെ ആണ് നവാബിന്‍റെ അവസാന കണ്ണിയും ഒാർമയായ വിവരം പുറംലോകം അറിയുന്നത്.  
1856ൽ സ്ഥാനഭ്രഷ്‌ടനാക്കപ്പെട്ട നവാബ് വാജിദ് അലി ഷായുടെ സ്വത്തുക്കൾ ബ്രിട്ടീഷുകാർ പിടിച്ചെടുത്തതോടെയാണ് നവാബിന്‍റെ പിൻതലമുറക്കാരുടെ ജീവിതം ദുരിതത്തിലായത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷവും അലി ഷായുടെ പിൻഗാമികൾ വളരെ ബുദ്ധിമുട്ടിയാണ് ജീവിതം തള്ളി നീക്കിയത്. 1970ൽ ബീഗം വിലായത് തന്‍റെ മക്കളെയും സഹായികളെയും വളർത്തുനായെയും കൂട്ടി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ഒന്നാം ക്ലാസ് വിശ്രമമുറിയിൽ ഇരിപ്പുറപ്പിച്ചതോടെയാണ് ഒൗദ് നവാബിന്‍റെ പിൻഗാമികളുടെ കഷ്ടപ്പാടുകൾ പുറംലോകം അറിയുന്നത്. 

പിടിച്ചെടുത്ത സ്വത്തുക്കൾക്ക് പകരമായി നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ബീഗം വിലായത്തിന്‍റെ ആവശ്യം. തുടർന്ന് വിഷയത്തിൽ ഇടപെട്ട അധികാരികൾ ലക്നോവിൽ ഒരു വീട് തരപ്പെടുത്തി കൊടുത്തു. എന്നാൽ, അലിഗഞ്ചിലെ വീട്ടിലേക്ക് പോകാൻ അവർ തയാറായില്ല. കൊട്ടാരത്തിൽ കഴിഞ്ഞിരുന്ന അവർ ഡൽഹിയിലെ ഫ്ലാറ്റിൽ ജീവിക്കാനും സമ്മതം നൽകിയില്ല. 
പിന്നീട് 14ാം നൂറ്റാണ്ടിൽ സുൽത്താൻ ഫിറോസ് ഷാ തുഗ്ലക് ഡൽഹിയിലെ ലുത്യാനിൽ നായാട്ട് നടത്താൻ എത്തുമ്പോൾ താമസിക്കാനായി നിർമിച്ച കൊട്ടാരത്തിൽ ബീഗം വിലായത്തും മക്കളും പരിചാരകരും താമസമാക്കി. 11 ലാമ്പ്രഡോർ നായ്ക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. മാൽചാ മാർഗിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന് മാൽച മഹൽ എന്നാണ് അറിയപ്പെട്ടിരുന്നത്. കൊട്ടാരത്തിൽ നിരവധി മുറികൾ ഉണ്ടെങ്കിലും വെള്ളവും വൈദ്യുതിയും ലഭ്യമായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികളെ ബീഗം വിലായത് സമീപിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, 1993 സെപ്റ്റംബർ 10ന് ബീഗം വിലായത് മഹൽ ആത്മഹത്യ ചെയ്തു. ഇത് മക്കളായ അലി റാസയെയും സഹോദരി സകീനയെയും മാനസികരോഗികളാക്കി. നാലു വർഷം മുമ്പ് സകീനയും മരണപ്പെട്ടത് മുതൽ അലി റാസ ഏകാന്ത വാസത്തിലായിരുന്നു. വല്ലപ്പോഴും വിദേശ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ കൊട്ടാരത്തിൽ എത്തിയിരുന്നെങ്കിലും അവരോട് സമയം ചെലവഴിക്കാൻ അലി റാസ താൽപര്യം കാട്ടിയില്ല. 
വൈകുന്നേരങ്ങളിൽ സൈക്കിളിൽ അവശ്യ സാധനങ്ങൽ വാങ്ങിക്കാൻ നഗരത്തിൽ എത്താറുണ്ട്. രാജപദവിയിലാണ് അലി റാസ പെരുമാറിയിരുന്നത്. അനുവാദം ചോദിക്കാതെ ആരും കൊട്ടാരത്തിൽ പ്രവേശിച്ചിരുന്നില്ലെന്നും മാൽച മഹലിന് സമീപം പ്രവർത്തിക്കുന്ന ഐ.എസ്ആർ.ഒ ഡൽഹി എർത്ത് സ്റ്റേഷനിലെ ജീവനക്കാരൻ വിജയ് യാദവ് പറയുന്നു. 

അസുഖ ബാധിതനായോടെ അലിയുടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നു. പലച്ചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. മരണത്തിന് ഏതാനും ദിവസം മുമ്പ് അദ്ദേഹം ഐസ്ക്രീമും മാമ്പഴവും വാങ്ങിയിരുന്നതായും സ്റ്റേഷനിലെ സുരക്ഷാ ജീവനക്കാരൻ രജീന്ദർ കുമാർ ഒാർമ്മിക്കുന്നു.



കഴിഞ്ഞ ദിവസമാണ് ഒൗദ് നവാബിന്‍റെ കുടുംബത്തിലെ അവസാന അംഗമായ അലി റാസ കഷ്ടപ്പാട് നിറഞ്ഞ ഏകാംഗ ജീവിതത്തിൽ നിന്ന് വിടപറഞ്ഞത്. മൂന്നു ദിവസമായി കൊട്ടാരത്തിൽ നിന്ന് ശബ്ദമൊന്നും കേൾക്കാത്തതിനെ തുടർന്നാണ് ഐ.എസ്ആർ.ഒ ജീവനക്കാർ നടത്തിയ തിരച്ചിലിൽ കൊട്ടാരത്തിന്‍റെ വരാന്തയിലാണ് അലിയുടെ മൃതദേഹം കണ്ടെത്തിയത്. വഖഫ് ബോർഡിന്‍റെ സഹായത്താൽ ഡൽഹി ഗേറ്റിലെ ഖബറിസ്താനിൽ സെപ്റ്റംബർ അഞ്ചിന് അലിയുടെ ഭൗതികശരീരം മറവ് ചെയ്തു. 

കടപ്പാട്: മാധ്യമം (07-11-2017)