Thursday, June 4, 2015

കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാവുന്ന 5 സംരംഭങ്ങള്‍



അബ്ദുല്‍ മനാഫ്

സ്റ്റാര്‍ട്ട് അപ് സംസ്‌കാരം കേരളത്തിന്റെ സിരകളിലും പടര്‍ന്നുപിടിക്കുകയാണ്. ജോലി തേടി അലയാതെ സ്വന്തമായി ഒരു സംരംഭം ഇന്ന് പലരുടെയും 'പാഷന്‍' ആയി മാറിയിട്ടുണ്ട്. ഇത്തരത്തില്‍, കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാവുന്ന അഞ്ച് ന്യൂ ജനറേഷന്‍ ബിസിനസ് ആശയങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ:

വിര്‍ച്വല്‍ റെസ്‌റ്റോറന്റ്:
വെബ്‌സൈറ്റുകള്‍ വഴിയും മൊബൈല്‍ ആപ് വഴിയും ഭക്ഷ്യ വസ്തുക്കളുടെ ഓര്‍ഡര്‍ സ്വീകരിച്ച് അവ എത്തിക്കുന്ന ബിസിനസ് ആശയം അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വലിയ വിജയമായിട്ടുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ഇത്തരം സംരംഭങ്ങള്‍ ക്ലിക്ക് ആയി. എന്നാല്‍, കേരളത്തില്‍ ഇനിയും പച്ചപിടിച്ചിട്ടില്ല. റെസ്‌റ്റോറന്റുകളില്‍ നിന്ന് സഹകരണമുണ്ടാവാത്തതാണ് പ്രധാന കാരണം. പ്രൊഫഷണലായി നടത്തിക്കൊണ്ടുപോകാനാവാത്തതും ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതിലെ കാലതാമസവുമാണ് മറ്റു കാരണങ്ങള്‍. എന്നാല്‍ സ്വന്തമായ സെന്‍ട്രലൈസ്ഡ് കിച്ചണും ലിമിറ്റഡ് മെനുവും വച്ചുള്ള വിര്‍ച്വല്‍ റെസ്‌റ്റോറന്റ് കേരളത്തില്‍ നല്ലൊരു സാധ്യതയാണ് തുറന്നുനല്‍കുക. വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്പ് എന്നിവ ഓര്‍ഡര്‍ സ്വീകരിക്കാന്‍ ഉപയോഗിക്കാം. 

ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വേര്‍
വന്‍കിട കമ്പനികള്‍ ഐ.ടി. അടിസ്ഥാനസൗകര്യങ്ങള്‍ക്കായി ഏതാനും വര്‍ഷം മുമ്പ് വരെ കോടികളാണ് മുതല്‍മുടക്കിയിരുന്നത്. എന്നാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി അതിവേഗം വളരാന്‍ തുടങ്ങിയതോടെ പല കമ്പനികളും തങ്ങളുടെ ഐ.ടി. അടിസ്ഥാനസൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത ക്ലൗഡ് കമ്പ്യൂട്ടിങ്ങിലേക്ക് മാറ്റാന്‍ തുടങ്ങി. വലിയ കമ്പനികള്‍ മാത്രമാണ് ക്ലൗഡിന്റെ സാധ്യത ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും വേഗവും കൂടുന്നതോടെ ചെറുകിടഇടത്തരം കമ്പനികള്‍ പോലും ക്ലൗഡ് സേവനം ഉപയോഗിക്കും. ഇന്ന് ഡെസ്‌ക് ടോപ് കമ്പ്യൂട്ടറില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല സോഫ്റ്റ് വേറുകളും (എച്ച്.ആര്‍. പേയ്‌റോള്‍, സി.ആര്‍.എം, അക്കൗണ്ടിങ്) താമസിയാതെ ക്ലൗഡിലേക്ക് മാറും. ഇത് വലിയൊരു ബിസിനസ് അവസരമാണ് തുറന്നുനല്‍കുന്നത്. ക്ലൗഡില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വേറുകളും മൊബൈല്‍ ആപ്പുകളും വികസിപ്പിക്കാന്‍ കഴിയുന്നവര്‍ക്കാണ് അവസരങ്ങളുള്ളത്. സോഫ്റ്റ്‌വേറുകള്‍ക്ക് വലിയ തുക നല്‍കാതെ ചെറിയ വാടക നല്‍കി അത് ഉപയോഗിക്കാമെന്ന ആശയമാണ് ക്ലൗഡ് മുന്നോട്ടുവയ്ക്കുന്നത്. 


ഓണ്‍ലൈന്‍ ഷോപ്പിങ് സ്‌റ്റോര്‍
ള്‍ട്ടി ബ്രാന്‍ഡ്, മള്‍ട്ടി കാറ്റഗറി, മള്‍ട്ടി പ്രോഡക്ട് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഇന്ത്യയില്‍ വന്‍ വിജയമായി മാറിക്കഴിഞ്ഞു. ഇത്തരത്തിലുള്ള സംരംഭം ഇനി തുടങ്ങുക അങ്ങേയറ്റം ശ്രമകരമായിരിക്കും. എന്നാല്‍, ചില പ്രത്യേക ഉത്പന്നങ്ങള്‍ക്ക് മാത്രമായുള്ള എക്‌സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്ക് നല്ല സാധ്യതയാണ് ഉള്ളത്. നവജാത ശിശുക്കളുടെ ഉത്പന്നങ്ങള്‍, പ്രത്യേക തരം കളിപ്പാട്ടങ്ങള്‍, ഫര്‍ണീച്ചര്‍, ആര്‍ട്ട് വര്‍ക്ക് എന്നിവയ്ക്കായുള്ള പ്രത്യേക ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഉദാഹരണങ്ങളാണ്. 


പേഴ്‌സണലൈസ്ഡ് ഗിഫ്റ്റ് പോര്‍ട്ടലുകള്‍
പേഴ്‌സണലൈസ്ഡ് ഗിഫ്റ്റ് ഉത്പന്നങ്ങള്‍ക്ക് ഇന്ന് നല്ല ഡിമാന്‍ഡാണ്. പേരും മറ്റും പ്രിന്റ് ചെയ്ത ടിഷര്‍ട്ടുകളിലും ചിത്രം പതിപ്പിച്ച കോഫി മഗ്ഗുകളിലും ഒതുങ്ങുന്നതല്ല ഈ വിപണി. ലോഹത്തിലും തടിയിലുമൊക്കെ പേരു കൊത്തിയതും ഫോട്ടോ ആലേഖനം ചെയ്തതുമായ ഉത്പന്നങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡ്. പേനകള്‍, കീച്ചെയിന്‍, വിസിറ്റിങ് കാര്‍ഡ് ബോക്‌സുകള്‍, മൊബൈല്‍ കെയ്‌സുകള്‍, വാലറ്റുകള്‍, ഡയറികള്‍, പെന്‍ ്രൈഡവുകള്‍, ഫോട്ടോ ഫ്രെയിമുകള്‍ തുടങ്ങി എന്തിലും ഇന്ന് എന്‍ഗ്രേവിങ് സാധ്യമാണ്. കല്യാണ ഫോട്ടോ തടിയില്‍ എന്‍ഗ്രേവ് ചെയ്തു നല്‍കുന്ന ബിസിനസ്സിന് വലിയ സാധ്യതയാണ്. നാലു ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ് എന്‍ഗ്രേവ് മെഷീനുകളുടെ വില. ഇവ വാങ്ങി പരിശീലനം നേടുകയാണ് ആദ്യ പടി. നല്ലൊരു വെബ് പോര്‍ട്ടലും പ്രൊമോഷനു വേണ്ടി ഫേസ്ബുക്ക് പേജും അത്യാവശ്യമാണ്. 


കണ്ടന്റ് റൈറ്റിങ്
ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, വെബ്‌സൈറ്റ്, ബ്ലോഗ് എന്നിവയിലൂടെ ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും പ്രചാരണം നടത്താന്‍ കമ്പനികള്‍ ഇന്ന് വന്‍തോതില്‍ പണം ചെലവഴിക്കുന്നുണ്ട്. നിലവാരമുള്ള കണ്ടന്റ് ഉണ്ടെങ്കിലേ വായനക്കാരുടെയും ശ്രോതാക്കളുടെയും കാഴ്ചക്കാരുടെയും ശ്രദ്ധ കവരാന്‍ കഴിയുകയുള്ളൂ. നല്ല സര്‍ഗാത്മക ശേഷിയും കഴിവുറ്റ കണ്ടന്റ് ഡെവലപ്പര്‍മാരുടെ സംഘവുമുണ്ടെങ്കില്‍ നല്ലൊരു കണ്ടെന്റ് മാര്‍ക്കറ്റിങ് കമ്പനി കെട്ടിപ്പടുക്കാം. മുതല്‍മുടക്ക് കുറവാണ് എന്ന നേട്ടവുമുണ്ട്.


(കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈസിസോഫ്റ്റ് ടെക്‌നോളജീസിന്റെ സി.ഇ.ഒ. ആണ് ലേഖകന്‍. മമ്മൂട്ടി ഉള്‍പ്പെടെ ഒട്ടേറെ സെലിബ്രിറ്റികള്‍ക്കും കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ സേവനങ്ങള്‍ ഒരുക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍വിജയമായ മൈട്രീ ചലഞ്ച്, അഡിക്ടഡ് ടു ലൈഫ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇമെയില്‍: manaf@esaysoftindia.com)


http://www.mathrubhumi.com/nrifest/article.php?id=549189