Saturday, November 28, 2020

കൊട്ടാരത്തിൽ നിന്ന് കുടിലിലേയ്ക്ക് പടിയിറക്കപ്പെട്ട രാജകുടുംബങ്ങൾ

പണ്ട് രാജ്യം ഭരിച്ചിരുന്ന നമ്മുടെ രാജാക്കന്മാർ പ്രൗഢഗംഭീരമായ ജീവിതമാണ് നയിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പോലും വളരെയധികം ശക്തരും, പ്രതാപശാലികളുമായിരുന്നു അവർ.എന്നാൽ, കാലം കടന്നപ്പോൾ അവരുടെ സമ്പത്തും, അധികാരവും നശിക്കാൻ തുടങ്ങി. ഒരു കാലത്ത് സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ചിരുന്ന അവരിൽ ചിലർ ഇന്ന് ഒരു സാധാരണ ജീവിതമാണ് നയിക്കുന്നത്.  കൊട്ടാരത്തിൽ നിന്ന് കുടിലിലേയ്ക്ക് പടിയിറക്കപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്.


ഉസ്മാൻ അലി ഖാന്റെ പിൻഗാമികൾ

ബ്രിട്ടീഷ് ഭരണകാലത്തെ ഏറ്റവും വലിയ നാട്ടുരാജ്യമായ ഹൈദരാബാദിലെ അവസാനത്തെ നിസാമാണ് മിർ ഉസ്മാൻ അലി ഖാൻ. അദ്ദേഹത്തിന് 18 ആൺമക്കളും 16 പെൺമക്കളുമുണ്ടെന്നാണ് റിപ്പോർട്ട്. അലി ഖാന്റെ മരണത്തെത്തുടർന്ന് 1967 -ൽ ഹൈദരാബാദിലെ എട്ടാമത്തെ നിസാമായി കിരീടമണിഞ്ഞ മുക്കറാം ജാ രാജകുമാരൻ ഇപ്പോൾ തുർക്കിയിലാണ് താമസിക്കുന്നത്. കിരീടധാരണത്തിനുശേഷം മുക്കറാം ജാ അമേരിക്കൻ റിപ്പോർട്ടറോട് ഹൈദരാബാദിലേക്ക് പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: "എനിക്ക് അവിടെ സന്തോഷിക്കാൻ ആകെ ബാക്കിയുണ്ടായിരുന്നത് മുത്തച്ഛന്റെ ഗാരേജിലെ തകർന്ന കാറുകൾ മാത്രമാണ്. എനിക്ക് ഒരു സ്ക്രാപ്പ്‍യാർഡ് സ്വന്തമായി ലഭിച്ചിരിക്കുന്നു." അദ്ദേഹം തന്റെ അസാന്നിധ്യത്തിൽ കാര്യങ്ങൾ നോക്കാൻ ഏല്പിച്ച നടത്തിപ്പുകാർ അദ്ദേഹത്തെ ചതിച്ചു. അമൂല്യമായ പുരാതനവസ്തുക്കൾ കൊള്ളയടിക്കുകയോ, വിൽക്കപ്പെടുകയോ ചെയ്തു. അന്താരാഷ്ട്ര ലേലശാലകളിൽ ആ ആഭരണങ്ങൾ വിൽക്കപ്പെട്ടു. കൊട്ടാരം ഭൂമി കൈയേറ്റം ചെയ്യപ്പെട്ടു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് മിർ ഉസ്മാൻ അലി ലണ്ടൻ ബാങ്കിൽ നിക്ഷേപിച്ച 36 ദശലക്ഷം പൗണ്ട് ഇന്ത്യയ്ക്ക് വിട്ടു കിട്ടുകയുണ്ടായി. അതിന്റെ വിഹിതത്തിനായി നിസാമിന്റെ പിൻഗാമികളായ നൂറ്റിയിരുപതോളം പേർ ഇപ്പോൾ നിയമപോരാട്ടത്തിലാണ്. 


രാജാ ബ്രജ്‌രാജ് ക്ഷത്രിയ ബിർബാർ ചാമുപതി സിംഗ് മോഹൻപത്ര

കൊളോണിയൽ ഇന്ത്യയുടെ പ്ലേബോയ് രാജകുമാരൻ എന്നാണ് ടി​ഗിരിയയിലെ രാജാവ് അറിയപ്പെട്ടിരുന്നത്. ജീവിതം വളരെയധികം ആസ്വദിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. വേട്ടയാടലിൽ തല്പരനായിരുന്ന അദ്ദേഹത്തിന് സ്വന്തമായി 25 വിന്റേജ് കാറുകളുണ്ടായിരുന്നു. ചിലപ്പോൾ അദ്ദേഹം ആനപ്പുറത്തും സവാരി ചെയ്യുമായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഈ ആഡംബരപൂർവമായ ജീവിതം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്തോടെ അവസാനിച്ചു. 1947 -ൽ അദ്ദേഹത്തിന്റെ രാജ്യം ഇന്ത്യൻ റിപ്പബ്ലിക്കുമായി ലയിപ്പിച്ചു കഴിഞ്ഞപ്പോൾ, സംസ്ഥാനത്തിന്റെ നികുതി വരുമാനം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പകരം സംസ്ഥാനം വാർഷിക വരുമാനമായി 11,200 രൂപ അദ്ദേഹത്തിന് നൽകി. ഒടുവിൽ ജീവിക്കാൻ നിവൃത്തി ഇല്ലാതെ കൊട്ടാരം വിൽക്കാൻ നിർബന്ധിതനായി. കൊട്ടാരം ഇപ്പോൾ പെൺകുട്ടികൾക്കുള്ള ഒരു ഹൈസ്കൂളാണ്. പിന്നീട്, ഇന്ദിരാഗാന്ധി സർക്കാർ അവശേഷിക്കുന്ന അവസാന രാജകീയ പദവി കൂടി പിൻവലിച്ചപ്പോൾ, വാർഷികവരുമാനവും നഷ്ടപ്പെട്ടു. പട്ടിണിയും കഷ്ടപ്പാടുമായി ഒരു കുടിലിൽ താമസിച്ചിരുന്ന അദ്ദേഹം 2015 നവംബറിൽ മരിക്കുന്നതുവരെ ഗ്രാമീണരുടെ കാരുണ്യത്തിലാണ് ജീവിച്ചിരുന്നത്.


ബഹദൂർ ഷാ സഫറിന്റെ കൊച്ചുമകന്റെ ഭാര്യ സുൽത്താന ബീഗം

ബഹദൂർ ഷാ സഫറിന്റെ ചെറുമകനായ പ്രിൻസ് മിർസ ബേദർ ബുഖിന്റെ ഭാര്യ സുൽത്താന ബീഗം പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ രണ്ട് മുറികളുള്ള വീട്ടിലാണ് ഇന്ന് താമസിക്കുന്നത്. ബഹദൂർ ഷാ സഫർ അവസാനത്തെ മുഗൾ രാജാവായിരുന്നു. സർക്കാർ പ്രതിമാസം 6000 രൂപ പെൻഷൻ അനുവദിക്കുന്നത്തിന് മുൻപ് വരെ അവർ ജീവിക്കാനായി ഒരു ചായക്കട നടത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അവരുടെ ദുരവസ്ഥ നിരവധി തവണ വാർത്തകളിൽ ഇടം നേടിയിരുന്നു. സുൽത്താനയ്ക്ക് അഞ്ച് പെൺമക്കളും ഒരു മകനുമുണ്ട്, ഇവരെല്ലാം വളരെ ബുദ്ധിമുട്ടിലാണ് ഇന്ന് ജീവിക്കുന്നത്.


ടിപ്പു സുൽത്താന്റെ പിൻഗാമികൾ

ടിപ്പു സുൽത്താന്റെ നിര്യാണത്തിനുശേഷം, ബ്രിട്ടീഷുകാർ അദ്ദേഹത്തിന്റെ പിൻഗാമികളെ കൊൽക്കത്തയിലേക്ക് മാറ്റി. അവർ ഒരിക്കലും മടങ്ങി വരില്ലെന്നും അവർ ഉറപ്പാക്കി. ടിപ്പു സുൽത്താന്റെ മൂത്തമകൾ ഫാത്തിമ ബീഗത്തിന്റെ ആഭരണങ്ങൾ ഈസ്റ്റ് ഇന്ത്യാ കമ്പനി കൈവശപ്പെടുത്തി. അവ കൊണ്ടുപോകാൻ ആറ് കാളകൾ വേണ്ടിവന്നു എന്നാണ് പറയപ്പെടുന്നത്. ഇന്ന് അവരുടെ പിൻഗാമികൾ കൊൽക്കത്തയിലെ കുടിലുകളിൽ താമസിക്കുന്നു. ടിപ്പുവിന്റെ കൊച്ചുമകളായ സാഹെബ്സാദി റഹീമുനിസയെ വിവാഹം കഴിച്ചത് സാഹെബ്സാദ സയ്യിദ് മൻസൂർ അലി സുൽത്താനാണ്. ഈ കുടുംബത്തിന് സാമ്പത്തിക സഹായം വേണമെന്ന് ആവശ്യം പല കോണിൽനിന്നും ഉയർന്നിരുന്നു. ഇന്ന് ആ കുടുംബത്തിലെ ഭൂരിഭാഗം ആളുകളും റിക്ഷകൾ വലിക്കുന്നതോ, സൈക്കിളുകൾ നന്നാക്കുന്നതോ ആയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു.


അവധിലെ അവസാന രാജാവായ നവാബ് വാജിദ് അലി ഷായുടെ പിൻഗാമികൾ 

നവാബ് വാജിദ് അലി ഷായുടെ കൊച്ചുമകനായ ഡോ. കൗക്കാബ് ഖുദർ മീർസ കൊൽക്കത്തയിലെ തെരുവുകളിൽ ഒന്നിൽ ഒരു ഒറ്റനില കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. കൊവിഡ് -19 ബാധിച്ചതിനെ തുടർന്ന് 2020 സെപ്റ്റംബറിൽ അദ്ദേഹം അന്തരിച്ചു. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസറായ മീർസക്കും ഭാര്യ ലക്‌നൗവിലെ പ്രശസ്ത ഷിയാ ക്ലറിക് കുടുംബത്തിലെ മംലികാത് ബദറും ആറ് മക്കളുമുണ്ട്. നവാബിന്റെ രണ്ടാമത്തെ ഭാര്യയായി മാറിയ കൊട്ടാരം നർത്തകി ബീഗം ഹസ്രത്ത് മഹലിന്റെ പിന്മുറക്കാരാണ് മീർസയുടെ കുടുംബം.​


കടപ്പാട്: https://www.asianetnews.com/