Thursday, October 19, 2017

കേരളബ്രാഹ്മണരുടെ അറുപത്തിനാല് ആചാരങ്ങൾ


പുരാതനകേരളത്തിലെ ജനങ്ങളുടെ സാമൂഹ്യ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച സാമൂഹ്യ നിയമങ്ങളാണ് കേരളബ്രാഹ്മണരുടെ 64 ആചാരങ്ങൾ .ഇൗ ആചാരങ്ങളാണ് നമ്പൂതിരിമാരെന്ന കേരളബ്രാഹ്മണരെ മറ്റു ഇന്ത്യന്‍ ബ്രാഹ്മണരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. നമ്പൂതിരിമാർക്കുപോലും ആചാരലംഘനത്തിന് ശിക്ഷാനടപടികൾ നേരിടേണ്ടി വരുമായിരുന്നു . ക്ഷത്രിയരായ കേരളത്തിലെ അധികാരി വർഗ്ഗത്തിനുപോലും ഇൗ ആചാരമര്യാദകൾ ലംഘിക്കാൻ അശക്തരായിരുന്നു .ശങ്കരൻ രചിച്ചുവെന്ന് നമ്പൂതിരിമാർ വിശ്വസിക്കുന്ന ശാങ്കരസ്മൃതി (ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ അദ്വൈത സിദ്ധാന്തക്കാരനായ ശങ്കരനല്ല അതേ നാമധാരിയായ എതോ നമ്പൂതിരിയാണ് ശാങ്കരസ്മൃതിയുടെ ഉപജ്ഞാതാവ് ) എന്ന പുസ്തകമാണത്രേ മനുസ്മൃതിപോലെ കേരളബ്രാഹ്മണരുടെ ജീവിതനിയമപുസ്തകമായത് അതിലെ 64 ആചാരങ്ങളാണ് ഇവ.



1- ദന്തധാവനം കോലുകൊണ്ട് പാടില്ല .
2-ഉടുവസ്ത്രങ്ങൾ ധരിച്ച് സ്നാനം ചെയ്യരുത് 
3-കുളി കഴിഞ്ഞ് ഉടുവസ്ത്രങ്ങൾകൊണ്ട് ദേഹം തോർത്തരുത് .
4-ഉഷഃസന്ധ്യയ്ക്കു മുൻപേ കുളിക്കരുത് .
5-സ്നാനം നടത്തി ദേഹശുദ്ധി വരുത്താതെ ഭക്ഷണം പാകം ചെയ്യരുത് .
6-തലേന്ന് രാത്രിയില്‍ എടുത്തുവെച്ച വെള്ളം പിറ്റേദിവസം ഉപയോഗിക്കരുത് .
7-സ്നാനം , ജപം മുതലായവ ചെയ്യുമ്പോള്‍ ഫലത്തെ ഇച്ഛിക്കരുത് .
8-കാലു കഴുകാനായി എടുത്ത വെള്ളത്തിന്റെ ബാക്കി കൊണ്ട് മറ്റു കർമ്മങ്ങൾ ചെയ്യരുത് .
9-ശൂദ്രാദികളെ തൊട്ടാൽ മുങ്ങിക്കുളിക്കണം .
10-താണജാതികൾ അടുത്തുവന്നാലും കുളിക്കണം 
11-താണജാതിക്കാർ തൊട്ട കുളമോ ,കിണറോ തൊട്ടാലും കുളിക്കണം .
12-കഴുകി വൃത്തിയാക്കാത്ത ചൂലുകൊണ്ട് അടിച്ചുവാരിയ വഴിയിലൂടെ നടക്കരുത് .
13-മൂന്നു വിരല്‍ കൊണ്ടുവേണം നെറ്റിയില്‍ ഭസ്മലേപനം ചെയ്യേണ്ടത് .
14-മന്ത്രോച്ചാരണം സ്വയം നടത്തണം .
15-തണുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ കഴിക്കരുത് .
16-കുട്ടികൾ കഴിച്ചതിന്റെ ഉച്ഛിഷ്ടം കഴിക്കരുത് .
17-ശിവന് നേദിച്ചത് കഴിക്കരുത് .
18-ഭക്ഷണം ചട്ടുകം കൊണ്ടല്ലാതെ .വെറും കൈകൊണ്ട് വിളമ്പരുത് . 
19-ഹോമാദികർമ്മങ്ങൾക്ക് എരുമപ്പാലും എരുമ നെയ്യും ഉപയോഗിക്കരുത് .
20-തീണ്ടാരിയായ സ്ത്രീയെ സ്പർശിച്ചാൽ അപ്പോള്‍ തന്നെ കുളിക്കണം .
21-ചോറ് ഉരുളയുരുട്ടി കഴിക്കണം .
22-കുടിക്കുനീർ വീഴ്ത്തിയശേഷമേ ആഹാരം കഴിക്കാവൂ .
23-ബ്രഹ്മചാരിയുടെ സമാവർത്തനം വൈകരുത് .
24- വേദാദ്ധ്യയനം കഴിഞ്ഞാല്‍ ഗുരുനാഥന് ദക്ഷിണ നൽകണം .
25-പൊതുവഴിയിൽ വേദങ്ങൾ ഉരുവിടരുത് 
26-വിധിപോലെ ഷോഡശകർമ്മങ്ങൾ ചെയ്യണം .
27- പുല, വാലായ്മ ആചരിക്കുമ്പോൾ താംബൂലചർവ്വണം പാടില്ല .
28- സ്ത്രീകള്‍ക്ക് ദ്രവ്യം വാങ്ങി കൊടുക്കരുത് .
29-സ്വാഭിലാഷപൂർത്തിയാക്കിയ വ്രതാനുഷ്ഠാനങ്ങൾ നടത്തരുത് .
30-ബ്രാഹ്മണൻ നൂൽനൂൽക്കരുത് ,അലക്കരുത് .
31-ബ്രാഹ്മണൻ രുദ്രാക്ഷം മുതലായവയിൽ ശിവപൂജ ചെയ്യരുത് .
32-ശൂദ്രാദികളുടെ ശ്രാദ്ധകർമ്മങ്ങളിൽ ബ്രാഹ്മണർ പങ്കെടുക്കരുത് .
33-പിതൃക്കളുടെ ശ്രാദ്ധകർമ്മങ്ങൾ യഥോചിതം നിർവ്വഹിക്കണം .
34-കറുത്തവാവുതോറും പിതൃതർപ്പണം ചെയ്യണം .
35-അച്ഛനും അമ്മയും മരിച്ച് ഒരുവർഷം തികയുന്ന ദിവസങ്ങളില്‍ ശ്രാദ്ധകർമ്മങ്ങൾ ചെയ്യണം .
36-മരിച്ചദിവസം തൊട്ട് ഒരു കൊല്ലം തികയുന്നതുവരെ സംവത്സരദീക്ഷ അനുഷ്ഠിക്കണം.
37-ശ്രാദ്ധദിവസം നിശ്ചയിക്കുന്നത് നക്ഷത്രമനുസരിച്ചായിരിക്കണം .
38-ശ്രാദ്ധം അനുഷ്ഠിക്കുന്നതിനിടയിൽ കുടുംബത്തിൽ പ്രസവം ഹേതുവായുള്ള വാലായ്മ ഉണ്ടായാല്‍ അതുകൊണ്ടുമതി ശ്രാദ്ധകർമ്മങ്ങൾ .
39-ദത്തുപുത്രൻ വളർത്തുപിതാവിന്റെയും സ്വപിതാവിന്റെയും ശ്രാദ്ധം അനുഷ്ഠിക്കണം .
40-ഒരാൾ മരിച്ചാൽ അയാളുടെ ജഡം വീട്ടുവളപ്പിൽതന്നെ സംസ്കരിക്കണം .
41-സന്യാസധർമ്മം സ്വീകരിച്ചവർ സ്ത്രീകളെ കാണാന്‍ പാടില്ല .
42-സന്യാസിമാരുടെ ശ്രാദ്ധം കുടുംബാംഗങ്ങൾ നടത്തരുത് .
43-സന്യാസധർമ്മം സ്വീകരിച്ചവർ 
ഇതര സന്യാസിമാരുടെ ശ്രാദ്ധം ചെയ്യരുത് .
44-ബ്രാഹ്മണസ്ത്രീകൾ സ്വന്തം ഭർത്താക്കന്മാരെയല്ലാതെ പരപുരുഷന്മാരെ കാണരുത് .
45-ദാസിമാരുടെ അകമ്പടിയില്ലാതെ ബ്രാഹ്മണസ്ത്രീകൾ പുറത്തിറങ്ങി നടക്കരുത് .
46-അവർ വെളുത്ത വസ്ത്രങ്ങളേ ധരിക്കാവൂ.
47-മൂക്കു കുത്താൻ പാടില്ല .
48-മദ്യം ബ്രാഹ്മണന് നിഷിദ്ധമാണ് 
49-സ്വഭാര്യയല്ലാതെ മറ്റൊരു ബ്രാഹ്മണസ്ത്രീയുമായി ലൈംഗിക ബന്ധം പുലർത്തുന്ന ബ്രാഹ്മണനെന സ്വജാതിയിൽ നിന്നും പുറത്താക്കണം 
50-ക്ഷേത്രങ്ങളിൽ പ്രേതപ്രതിഷ്ഠ പാടില്ല .
51-ശൂദ്രജാതികളെയും മറ്റും ക്ഷേത്രവിഗ്രഹങ്ങൾ തൊട്ട് അശുദ്ധമാക്കാൻ അനുവദിക്കരുത് .
52-ഒരു ദേവന് നിവേദിച്ചത് മറ്റൊരു ദേവന് നിവേദിക്കരുത് .
53-വിവാഹാദികർമ്മങ്ങളിൽ ഹോമക്രിയങ്ങൾ കൂടാതെ നടത്തരുത് .
54-ബ്രാഹ്മണർ പരസ്പരം നമസ്കരിക്കരുത് .
55-അവർ പരസ്പരം ആശീർവദിക്കരുത് .
56-പശുവിനെ ബലികഴിച്ചുകൊണ്ടുള്ള അനുഷ്ഠാനങ്ങൾ പാടില്ല .
57ശൈവ വൈഷ്ണവ ആരാധനകൾ വഴി വേർതിരിവുണ്ടാക്കരുത് .
58-ബ്രാഹ്മണൻ ഒറ്റ പൂണൂലേ ധരിക്കാവൂ.
59-മൂത്തപുത്രൻ മാത്രമേ വേളികഴിക്കാവൂ .
60- അരിവേവിച്ചു മാത്രമേ പിതൃക്കൾക്ക് ബലിയിടേണ്ടത് .
61-ക്ഷത്രിയാദികൾ അമ്മാവനു ബലിയിടണം .
62-ക്ഷത്രിയന് മരുമക്കത്തായമാണ് ദായക്രമം .
63-വിധവകൾ സന്യാസധർമ്മം ആചരിക്കണം 
64-സതീസമ്പ്രദായം ആവശ്യമില്ല .

ഇവയില്‍ എനിക്ക് ഏറ്റവും ചിന്തനീയമായി തോന്നിയത് നമ്പൂതിരിമാർ പരസ്പരം നമസ്കരിക്കരുതെന്നും ,ആശീർവദിക്കരുതെന്നുമുള്ള ആചാരങ്ങളാണ് .ഒരുപക്ഷേ ഇതുകൊണ്ടായിരിക്കും തമിഴന് വണക്കം എന്ന പോലെ ഗോസായിക്ക് നമസ്ക്കാർ എന്ന പോലെ ബിലാത്തിക്കാരുടെ ഗുഡ് മോർണിംഗ് പോലെ പരസ്പരം അഭിവാദ്യം ചെയ്യാന്‍ ഒരു പദം മലയാളിക്ക് ഇല്ലാതെ പോയത്.


* * * * * * * * * *
വിവരശേഖരണം : ശ്രീ .എം.ജി. ശശിഭൂഷൺ രചിച്ച മലയാളികളുടെ ആചാരങ്ങളും അനാചാരങ്ങളും എന്ന പുസ്തകം