Tuesday, February 13, 2018

പാലിയം കൊട്ടാരം

പാലിയം കൊട്ടാരം
കൊച്ചിയുടെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു പാലിയം കൊട്ടാരം. സ്വകാര്യ വസതിയാണ്‌ പാലിയം നാലുകെട്ട്‌. എറണാകുളം ജില്ലയിലെ ചേന്നമംഗലത്താണ്‌ പാലിയം കൊട്ടാരവും നാലുകെട്ടും മാളികകളും ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്‌. പാലിയത്തച്ചന്മാർ 1632 മുതൽ 1809 വരെ കൊച്ചി രാജാക്കന്മാരുടെ പ്രധാനമന്ത്രി എന്ന പദവി വഹിച്ചുവന്നു. കൊച്ചിരാജ്യത്തെ പകുതിയിലേറെ സ്ഥലങ്ങളും പാലിയത്തച്ചന്മാരുടെതായിരുന്നു. 'കൊച്ചിയിൽ പാതി പാലിയം' എന്നൊരു ചൊല്ലുതന്നെയുണ്ട്. കോമിയച്ചൻ I എന്ന പാലിയത്തച്ചൻ പോർച്ചുഗീസുകാർക്കെതിരെ ഡച്ചുകാരെ സഹായിച്ചതിന്റെ പ്രതിഫലമായി ഡച്ചുകാർ നിർമ്മിച്ചുനൽകിയതാണ്‌ പാലിയം കൊട്ടാരം. ഡച്ച്‌ വാസ്തുവിദ്യയും കേരളീയ വാസ്തുവിദ്യയും ഒരുമിച്ചുചേർത്താണ്‌ പാലിയം കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്‌. ഇതിനടുത്തായാണ്‌ നൂറ്റൊന്ന് മാളിക. നൂറ്റിയൊന്ന് കുടുംബങ്ങൾക്ക്‌ ഒരുമിച്ചു താമസിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു.
 

 
1800 കളിൽ പാലിയത്തച്ചനായിരുന്ന ഗോവിന്ദനച്ചൻ ബ്രിട്ടീഷുകാരുടെ അധീശത്വത്തെ അംഗീകരിച്ചില്ല. കേണൽ മെക്കാളയുടെ ആസ്ഥാനം ഗോവിന്ദനച്ചന്റെ നേതൃത്വത്തിൽ കൊച്ചിയിലെ നായർപടയാളികൾ ആക്രമിച്ചു. മേക്കാളെ പലായനം ചെയ്തു. ബ്രിട്ടീഷുകാർ യുദ്ധത്തടവുകാരായി പിടിച്ചവരെ കൊച്ചി സൈന്യം സ്വതന്ത്രരാക്കി. പിന്നീട്
ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി ദളവയുമായി ചേർന്ന് പോരാടുന്നതിനിടയിൽ ഗോവിന്ദൻഅച്ചനെ ബ്രിട്ടീഷുകാർ പിടികൂടി മദ്രാസിലേക്ക്‌ നാടുകടത്തുകയും അവിടെ സെന്റ്‌ ജോർജ്ജ്‌ കോട്ടയിൽ തടവുകാരനാക്കുകയും പിന്നീട്‌ ബോംബെയിലേക്ക് കൊണ്ടുപോയി തടവിൽ പാർപ്പിച്ചു. 1832 ൽ അദ്ദേഹം മരണമടഞ്ഞു. ഗോവിന്ദൻഅച്ചനു ശേഷം കൊച്ചിയിൽ പ്രധാനമന്ത്രി പദവി ഇല്ലാതാക്കി പകരം ദിവാൻ പദവി കൊണ്ടുവന്നു. പാലിയത്തച്ചന്റെ പരാജയത്തെ തുടർന്ന് ബ്രിട്ടീഷുകാരുമായി അനുരഞ്ജനത്തിലായ കൊച്ചിരാജാവ്‌ കേരളവർമ്മ III (1809 - 1828) ബ്രിട്ടീഷുകാർക്ക്‌ സമ്മതനായ കുഞ്ഞികൃഷ്ണ മേനോനെ ദിവാനായി നിയമിച്ചു. കേരളവർമ്മ III നെ പോലെത്തന്നെ അദ്ദേഹത്തിന്റെ സഹോദരനും തൊട്ടുമുൻപത്തെ കൊച്ചി രാജാവുമായിരുന്ന രാമവർമ്മ X (1805 - 1809) യും ഒരു കഴിവുറ്റ ഭരണാധികാരി അല്ലായിരുന്നു എന്നതും ഗോവിന്ദനച്ചന്റെ പരാജയകാരണങ്ങളിൽ പെടുന്നു. ഗോവിന്ദനച്ചന്റെ പരാജയത്തിനു ശേഷം കൊച്ചി, ബ്രിട്ടീഷ്‌ ഇന്ത്യക്കുകീഴിലെ ഒരു സംരക്ഷിത നാട്ടുരാജ്യമായി തുടർന്നു. മന്ത്രിപദവി നഷ്ടപ്പെട്ടെങ്കിലും പാലിയത്തച്ചന്മാർ കൊച്ചിയിലെ വലിയ ജന്മിമാരായി തന്നെ തുടർന്നു. പാലിയത്തച്ചന്മാരുടെ സഹായമില്ലാതെ ഭരണം നടത്തിയ ഒരേഒരു കൊച്ചിരാജാവ് 1790 മുതൽ 1805 വരെ രാജ്യം ഭരിച്ച രാമവർമ്മ IX എന്ന ശക്തൻ തമ്പുരാൻ ആയിരുന്നു.
 
 
പാലിയത്തെ പൊതുനിരത്തിലൂടെ അവർണ്ണർക്ക്‌ സഞ്ചാരസ്വാതന്ത്ര്യത്തിനായി നടന്ന സമരമായിരുന്നു പാലിയം സത്യാഗ്രഹം. കൊച്ചി രാജ്യത്ത്‌ ക്ഷേത്രപ്രവേശനം നടപ്പിൽവരുത്തിയത്‌ പാലിയം സമരത്തിനുശേഷമായിരുന്നു. ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഏതാണ്ട് 60000 ത്തോളം ആളുകൾ ഈ ഹർജിയിൽ ഒപ്പിട്ടിരുന്നു. 1947-48 കാലഘട്ടത്തിൽ നടന്ന പാലിയം സമരം സി. കേശവൻ ഉത്ഘാടനം ചെയ്തു. സത്യാഗ്രഹത്തിന്റെ നൂറാം ദിവസം കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. നിരോധനാജ്ഞ നിലനിന്നിട്ടും എ. കെ. ജി പാലിയത്ത് സമരത്തിനെത്തി. 1948 ഏപ്രിലിൽ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെ തുടർന്ന് പാലിയം റോഡിലൂടെ സഞ്ചരിക്കാൻ എല്ലാത്തരത്തിലുള്ള ആളുകൾക്കും അനുവാദം ലഭിച്ചു.
 




 ഇന്ത്യകണ്ട ഏറ്റവും വലിയ ഭാഗപത്രമാണ്‌ രണ്ടായിരത്തിലധികം പേജുകളുള്ള പാലിയം ഭാഗപത്രം. ഇന്നും ഈ പ്രദേശത്ത്‌ പാലിയം വീട്ടുകാർ മാത്രമാണുള്ളത്‌. പാലിയം ട്രസ്റ്റിന്റെ കീഴിലാണ്‌ കൊട്ടാരവും നാലുകെട്ടും. കൊട്ടാരത്തിലെ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ പാലിയം നീലകണ്ഠൻ എന്ന ആനയുടെ മരം കൊണ്ടുള്ള രൂപമാണ്‌ എഴുന്നള്ളിക്കുക. ഈ ആനയുടെ പ്രതിമ പാലിയം കൊട്ടാരത്തിന്റെ മുന്നിൽ കാണാം. ഉത്സവസമയത്ത്‌ പാലിയത്തെ കുട്ടികളാണ്‌ ഈ മര ആനയെ എഴുന്നള്ളിക്കുന്നത്‌. ഉത്സവത്തിന്റെ ഏഴുദിവസം ഇവിടേയ്ക്ക്‌ പുറമേനിന്നുള്ള ആർക്കും പ്രവേശനമില്ല എന്ന വ്യവസ്ഥയിലാണ്‌ കൊട്ടാരവും നാലുകെട്ടും ടൂറിസം ഡിപ്പാർട്ട്‌മെന്റിന്‌ വിട്ടുകൊടുത്തിരിക്കുന്നത്‌. പാലിയം ട്രസ്റ്റിന്റെ നിയമങ്ങൾ ഇവിടെ പാലിക്കേണ്ടതുണ്ട്‌. കൊട്ടാരത്തിനകത്ത്‌ ഫോട്ടോഗ്രാഫി അനുവദനീയമല്ല.


 

പാലിയം ശ്രീകൃണക്ഷേത്രത്തിലെ ഉത്സവത്തിനുശേഷമാണ്‌ ഈ പ്രദേശത്തെ മറ്റ്‌ ക്ഷേത്രങ്ങളിലെല്ലാം ഉത്സവങ്ങൾ കൊടിയേറുന്നത്. മറ്റെല്ലാ ക്ഷേത്രങ്ങളിലേയും ആറാട്ട്‌ നടക്കുന്നത്‌ ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിലുള്ള കുളത്തിലാണ്‌. ഇതിനുപുറമേ ഇവിടെ ഒരു പുരാതന ശിവക്ഷേത്രം കൂടിയുണ്ട്.

 


 








 

 

 

കടപ്പാട്: Hari NG (ഹരി എന്‍ ജി ചേര്‍പ്പ്‌)