Friday, May 8, 2020

പുത്തൻ മാളിക കൊട്ടാരം (കുതിരമാളിക)

പത്മസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാള്‍ രാമവര്‍മ്മ പണി തീര്‍ത്ത ഒരു കൊട്ടാരമാണ് കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തന്‍ മാളിക കൊട്ടാരം.കൊട്ടാരത്തിന്റെ മുകളിലത്തെ നിലയില്‍, പുറമേ തടിയില്‍ 122 കുതിരകളെ വരി വരിയായി കൊത്തിവെച്ചിട്ടുണ്ട്. അങ്ങനെയാണ് 22 ഏക്കര്‍ സ്ഥലത്ത് നില്‍ക്കുന്ന ഈ കൊട്ടാരത്തിനു കുതിര മാളിക എന്ന പേര് കിട്ടിയത്. പാലക്കാട് പരമേശ്വര ഭാഗവതര്‍ , ഇരയിമ്മന്‍ തമ്പി, ശദ്കാല ഗോവിന്ദ മാരാര്‍ തുടങ്ങിയ സംഗീത വിദ്വാന്‍മാരുടെ ധ്വനികള്‍ ഈ കൊട്ടാരച്ചുമരുകളില്‍ ഒരു കാലത്ത് പ്രകമ്പനം കൊണ്ടിരുന്നു. രാജഭരണം നാടുനീങ്ങിയെങ്കിലും കാലത്തെ അതീജീവിച്ച സ്വാതിയുടെ സംഗീത സദസ്സ് സന്ദര്‍ശകരെ ഇപ്പോഴും ആകര്‍ഷിച്ചു വരുന്നു.
തിരുവനന്തപുരം കോട്ടക്കകത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനുടുത്താണ് ഈ രാജഹര്‍മ്യം. തികഞ്ഞ ദൈവ ഭക്തനായ സ്വാതിതിരുനാള്‍ പത്മനാഭസ്വാമി ദര്‍ശനവും തന്റെ സംഗീതസപര്യയും മുന്നില്‍ കണ്ടാണ് ഈ കൊട്ടാരം പണിതത്. കല്ല്, മരം, തേക്ക് എന്നിവ കൊണ്ട് 1846 ലാണ് ഈ കൊട്ടാരം പണിതതെന്നാണ് ചരിത്ര രേഖകള്‍ നല്‍കുന്ന സൂചന. പുത്തന്‍ മാളിക എന്നാണ് ഈ കൊട്ടാരം രേഖകളില്‍ അറിയപ്പെടുന്നതെങ്കിലും കുതിരമാളിക എന്ന പേരിലാണ് ഇത് പ്രസിദ്ധമായത്. തേക്ക് തടിയില്‍ നിര്‍മിച്ച കുതിരയുടെ രൂപങ്ങള്‍കൊണ്ടാണ് കൊട്ടാരത്തിന്റെ മുഖ ഭാഗത്തുള്ള മേല്‍പ്പുരയുടെ പല ഭാഗങ്ങളും തമ്മില്‍ യോജിപ്പിച്ചിട്ടുള്ളത്. 122 കുതിരകളുടെ രൂപങ്ങള്‍ ഇത്തരത്തില്‍ കൊട്ടരക്കെട്ടുകള്‍ കൂട്ടി യോജിപ്പിക്കാനായി സ്ഥാപിച്ചതായി കാണാം. അതു കൊണ്ടാണ് ഈ കൊട്ടാരം കുതിരമാളിക(Mansion of Horses) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കേരളീയ വാസ്തുശില്‍പ്പ രീതിയില്‍ ഈ കൊട്ടാരത്തിന് 80 ഓളം മുറികളുണ്ടെങ്കിലും 20 മുറികളില്‍ മാത്രമെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. കൊട്ടാരത്തിലെ അപൂര്‍വമായ വസ്തുക്കളും ഇതിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്. ബല്‍ജിയം ഗ്ലാസുകളാല്‍ നിര്‍മിതമായ ആള്‍ കണ്ണാടികള്‍, പെയിന്റുകള്‍, സ്ഫ്ടിക നിര്‍മിതമായ അലങ്കാര വസ്തുക്കള്‍, രാജ വിളമ്പരം പുറപ്പെടുവിക്കുന്ന ചെണ്ട (Royal drum) ആനക്കൊമ്പിലും സ്ഫടികത്തിലും നിര്‍മിച്ച സിംഹാസനങ്ങള്‍ എന്നിവ ആരെയും ആകര്‍ഷിക്കും. കൂടാതെ സ്വാതി തിരുനാളിന്റെ ലൈബ്രറി, സംഗീത സഭ, പ്രാര്‍ത്ഥന നടത്തുന്ന അമ്പാരി മുഖപ്പ് എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിച്ചു വരുന്നു. സ്വാതി തിരുനാളിന്റെ കാലത്ത് നിരവധി സംഗീത പ്രതിഭകള്‍ ഇവിടെ കച്ചേരി നടത്താന്‍ എത്താറുണ്ടായിരുന്നു. സ്വയം ഒരു കവിയും സംഗീത പ്രേമിയുമായിരുന്ന രാജാവിന്റെ കാലത്ത് അന്യദേശങ്ങളില്‍ നിന്നുപോലും ഇവിടെ സംഗീത പ്രതിഭള്‍ എത്തിയതായി തിരുവിതാംകൂര്‍ ചരിത്രം വ്യക്തമാക്കുന്നു. ഈ കൊട്ടാരത്തോടു ചേര്‍ന്ന കരുവേലിപ്പുറ മാളികയിലാണ് ചരിത്രപ്രസിദ്ധമായ മേത്തന്‍ മണി സ്ഥിതിചെയ്യുന്നത്.