Thursday, March 26, 2020

1918 ൽ സൗദിയില്‍ വ്യാപിച്ച സ്പാനിഷ് ജ്വരം

റിയാദ്- രാത്രി ഉറങ്ങാൻ കിടന്ന വീട്ടുകാർ രാവിലെ ഉണർന്നെണീറ്റില്ല. സന്നദ്ധ പ്രവർത്തകരെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുമ്പോൾ കാണുന്നത് ചേതനയറ്റ ശരീരങ്ങൾ. അവയെല്ലാം കുളിപ്പിച്ച് നിസ്‌കരിച്ച് ഖബറടക്കുന്നു. അനുശോചിക്കാനാരുമില്ല. പള്ളികളിലും അങ്ങാടികളിലും ആളനക്കമില്ല. ഒട്ടകങ്ങൾ ഉടമകളില്ലാതെ മരുഭൂമിയിൽ അലഞ്ഞു നടക്കുന്നു. 


നജ്ദിൽ മാത്രം നൂറോളം പേരാണ് ഒരു ദിവസം മരിക്കുന്നത്. എച്ച് വൺ, എൻ വൺ എന്ന് ഇന്ന് അറിയപ്പെടുന്ന സ്പാനിഷ് ജ്വരം സുദൈറിലും നജ്‌ദെന്ന ഇന്നത്തെ റിയാദിലും അൽഹസയിലും മക്കയിലും യാമ്പുവിലും ഇറാഖിലും ഭീകര താണ്ഡവമാടിയത് മൂന്നു മാസത്തോളമായിരുന്നു. കൊറോണ കോവിഡ് വ്യാപിക്കുമ്പോൾ റിയാദുകാരുടെ മനസ്സിൽ ഓടിവരുന്നത് തങ്ങളുടെ പിതാക്കൾ പറഞ്ഞുതന്നിരുന്ന നൂറു വർഷം മുമ്പുള്ള ആ നോവുന്ന ഓർമകളാണ്. 1918 ൽ സ്പാനിഷ് ജ്വരം മനുഷ്യന്റെ പ്രതിരോധ ശേഷിയെ നിശ്ശേഷം നശിപ്പിച്ചായിരുന്നു മുന്നേറിയതെങ്കിലും കോവിഡ് അത്തരമൊരു രീതിയിലല്ല നീങ്ങുന്നതെന്നത് ആശ്വാസമാണ്. സ്പാനിഷ് ജ്വരം ബാധിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനകം മരണം സംഭവിക്കുമായിരുന്നു. നജ്ദിൽ ഹിജ്‌റ വർഷം 1337 സഫർ മാസം 15 മുതൽ റബീഉൽ അവ്വൽ ഏഴുവരെയുള്ള കാലത്തായിരുന്നു ഈ പകർച്ചവ്യാധി അതിന്റെ രൗദ്രഭാവം പൂണ്ടിരുന്നതെന്നാണ് ചരിത്രകാരനായ ഇബ്രാഹീം ബിൻ ഈസാ പറയുന്നത്. മയ്യിത്ത് കട്ടിലുകൾ കൂടുതൽ ലഭ്യമല്ലാത്തതിനാൽ മരപ്പലകകളും കഫൻ പുടയില്ലാത്തതിനാൽ ബ്ലാങ്കറ്റുകളുമായിരുന്നു മരണാനന്തര കർമങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. റബീഉൽ അവ്വൽ അവസാനമായപ്പോഴേക്കും രോഗം വിട്ടൊഴിയുമ്പോൾ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞിരുന്നു. ആധുനിക സൗദി അറേബ്യയുടെ ശിൽപിയായ രാഷ്ട്രപിതാവ് അബ്ദുൽ അസീസ് ആൽ സൗദ് രാജാവിന്റെ മക്കളായ ഫഹദ് അൽഅവ്വൽ, തുർക്കി അൽഅവ്വൽ, ഭാര്യ ജൗഹറ ബിൻതു മുസാഇദ്, ശഖ്‌റാ ട്രഷറി സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽസബീഇ തുടങ്ങിയ പ്രമുഖർ ഈ പകർച്ച വ്യാധികളുടെ ഇരകളായാണ് മരണം പുൽകിയത്.

പകർച്ചപ്പനി തുടങ്ങുന്നതിന്റെ രണ്ടുവർഷം മുമ്പുള്ള റിയാദ് നഗരം



ഒന്നാം ലോക മഹായുദ്ധം അവസാനിച്ച 1918 ൽ അമേരിക്കയിലെ കൻസാസായിരുന്നു ഈ പനിയുടെ പ്രഭവ കേന്ദ്രം. അവിടെ നിന്ന് നാവികർ വഴി ഫ്രാൻസ്, ഓസ്ട്രിയ, ജർമനി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലൂടെ ഈജിപ്തിലെത്തി. ഈജിപ്തിൽ മഹാമാരി അതിന്റെ മൂർധന്യദശയിലായിരുന്ന സമയത്താണ് അവിടെ നിന്ന് തുണികളുമായി രണ്ട് പായക്കപ്പലുകൾ ജിദ്ദയിലെത്തിയത്. ഇതു വഴി രോഗം ജിദ്ദയിൽ പ്രവേശിക്കുകയും അവിടെനിന്ന് മക്കയിലേക്കും യാമ്പുവിലേക്കും പിന്നീട് നജ്ദിലേക്കും കടക്കുകയായിരുന്നുവെന്നാണ് ചരിത്രം.


നജ്ദിന്റെ തെക്ക് ഭാഗത്ത് നിന്ന് ആഞ്ഞുവീശിയ രോഗം എല്ലാ ഗോത്രമേഖലകളെയും കടന്ന് സുദൈർ, വശ്ം, അൽഹസാ, ഇറാഖ് എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചു. രോഗം ബാധിച്ചവരെ വീട്ടിൽ നിന്ന് മാറ്റിനിർത്തി പ്രത്യേക കേന്ദ്രത്തിലിരുത്തി നാട്ടുവൈദ്യം പരീക്ഷിച്ചിരുന്നുവെങ്കിലും ചിലർ മാത്രമാണ് രക്ഷപ്പെട്ടത്. ഇതിനിടെ അബ്ദുൽ അസീസ് രാജാവ് ബഹ്‌റൈനിൽ ആശുപത്രി നടത്തുകയായിരുന്ന അമേരിക്കൻ ഡോക്ടർമാരായ പോൾ ആർമോറിംഗ്, പോൾ ഹാരിസൻ എന്നിവരെ റിയാദിലേക്ക് വിളിച്ചുവരുത്തി ഒരു കെട്ടിടത്തിൽ ആശുപത്രി സജ്ജീകരിച്ച് ആളുകൾക്ക് സൗജന്യ ചികിത്സയൊരുക്കി. അങ്ങനെയാണ് മഹാമാരിയെ നിയന്ത്രണവിധേമാക്കാനായത്. ഡോക്ടർമാരെത്തും മുമ്പേ തന്റെ രണ്ടു മക്കളും രോഗം ബാധിച്ച് മരിച്ചിരുന്നു.

പകർച്ചപ്പനിക്കാലത്തെ നജ്ദ്.



സ്‌പെയിനിൽ 30 ലക്ഷത്തോളം പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. മാധ്യമ സ്വാതന്ത്ര്യം ഏറെയുണ്ടായിരുന്ന സ്‌പെയിനിൽ ഇത് കൂടുതൽ ചർച്ചയാവുകയും അമേരിക്കയാണ് പ്രഭവ കേന്ദ്രമെങ്കിലും പിന്നീട് സ്പാനിഷ് ജ്വരം എന്ന പേരിൽ അറിയപ്പെടുകയുമായിരുന്നു. ലോക ജനസംഖ്യയുടെ മൂന്നു മുതൽ അഞ്ചു ശതമാനം വരെ അഥവാ 50 മുതൽ 100 വരെ മില്യൻ ജനങ്ങൾ ഈ രോഗം ബാധിച്ച് മരിച്ചുവീണെന്നാണ് കണക്ക്. മരിച്ചവരോട് കരുണ ചെയ്യുന്ന കാലമായതിനാൽ കാരുണ്യത്തിന്റെ വർഷമെന്നർഥമുള്ള സനതു റഹ്മ എന്ന പേരിലാണ് ഈ വർഷം അറബികൾക്കിടയിൽ അറിയപ്പെടുന്നത്.