Monday, September 4, 2017

India - China conflict

പ്രാചീനകാലം മുതൽക്കേ ഇന്ത്യ ഒരുപാട് വിദേശശക്തികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് എങ്കിലും ആധുനിക ഇന്ത്യക്ക് തലകുനിക്കേണ്ടിവന്നിട്ടുള്ള 1962ലെ ഇന്ത്യ - ചൈന യുദ്ധം ഇന്നും തീരാത്ത പൊടിപടലങ്ങൾ കൊണ്ട് തന്നെ പ്രത്യേക ശ്രദ്ധയര്ഹിക്കുന്ന ഒന്നാണ്. പുരാതന ഭരണവ്യവസ്ഥയിലെ രാജഭരണ കാലഘട്ടങ്ങളിൽ പോലും സഹസ്രാബ്ദങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്ന ഈ രണ്ടു രാജ്യങ്ങൾ അല്ലെങ്കിൽ ഈ രണ്ടു സംസ്കാരങ്ങൾ എങ്ങനെയാണ് സ്വാതന്ത്ര്യം നേടി ആധുനികലോകത്തിന്റെ വെളിച്ചത്തിലേക്കിറങ്ങി പതിറ്റാണ്ടുകൾക്കുള്ളിൽ ഇന്നും ഉണങ്ങാത്ത മുറിവുകൾ പരസ്പരം സമ്മാനിച്ച ഒരു യുദ്ധത്തിലേക്കെത്തിയത് ?
ഇന്ത്യ -ചൈന അതിർത്തിയെ പടിഞ്ഞാറൻമേഖല, മധ്യമേഖല, കിഴക്കൻ മേഘല എന്നിങ്ങനെ മൂന്നായി വേർതിരിക്കാം. ഇതിൽ പടിഞ്ഞാറൻ മേഖലയും കിഴക്കൻ മേഘലയുമാണ് പ്രധാനമായും രണ്ടു രാജ്യങ്ങൾക്കുമിടയിൽ തർക്കങ്ങൾക്ക് ഹേതുവാകുന്നത്. കിഴക്കൻ മേഖലയിൽ മക്മോഹൻ രേഖയാണ് (അരുണാചൽ പ്രദേശ് ബോർഡർ ) പ്രധാനപ്പെട്ട കുഴപ്പക്കാരനായ ഇന്ത്യ ചൈന അതിര്ത്തി. പടിഞ്ഞാറ് കശ്മീരിലെ അക്‌സായി ചിന് എന്ന ഏരിയയിൽ ഇന്ത്യയും ചൈനയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുവെങ്കിലും ഈ ഭാഗം 1962നു ശേഷം ചൈനീസ്‌ നിയന്ത്രണത്തിലാണ്.

ഇന്ത്യ ചൈന തർക്കത്തിന്റെ കാരണങ്ങൾ ചികഞ്ഞാൽ ചെന്നെത്തുക തീർച്ചയായും മക്മോഹൻ രേഖയുടെ നിർണയത്തിലും കശ്മീർ - ചൈന അതിർത്തിയിലേക്കുമാണ്.


1. മക്മോഹൻ രേഖ.
മക്മോഹൻ രേഖ യഥാർത്ഥത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ഉള്ള അതിർത്തിയല്ല ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യ - ടിബറ്റ് അതിർത്തിയാണ്. 
പതിമൂന്നാം ദലൈലാമയായിരുന്ന തുപ്റ്റോൺ ഗ്യാറ്റ്സോ ടിബറ്റിന്റെ ആത്മീയ നേതാവും രാഷ്ട്രത്തലവനുമായി 1895 ൽ അധികാരമേറ്റതോടെയാണ് ആധുനിക ടിബറ്റിന്റെ ചരിത്രം ആരംഭിക്കുന്നത്. 

തന്റെ ഗുരുവും ആത്മീയ ഉപദേഷ്ടാവുമായ റഷ്യക്കാരനായ അഗ്വെൻ ഡോർജിയോവ് വഴി ദലൈലാമ റഷ്യയുമായി നല്ല രീതിയിലുള്ള സൗഹൃദം സ്ഥാപിച്ചു. എന്നാൽ ഇത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സുഖകരമായ ഒരു വാർത്തയായിരുന്നില്ല. ടിബറ്റ് റഷ്യയുടെ അധീനതയിലായാൽ അത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് ഭീഷണിയാകുമെന്ന് ഭയന്ന കഴ്സൺ പ്രഭു ടിബറ്റിലേക്ക് ഒരു സൈനിക ദൗത്യസംഘത്തെ അയക്കുകയും ബ്രിട്ടന്റെ അനുമതിയില്ലാതെ ചൈന ഉൾപ്പെടെയുള്ള മറ്റേതെങ്കിലും രാജ്യങ്ങളുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധത്തിൽ ഏർപ്പെടുന്നത് വിലക്കിക്കൊണ്ടുള്ള ഒരു ഉടമ്പടി ഒപ്പുവക്കുകയും ചെയ്തു. 

കൂടാതെ ടിബറ്റിനെ റഷ്യ വിഴുങ്ങാതിരിക്കാനുള്ള മുൻകരുതൽ എന്നോണം ടിബറ്റിനുമേലുള്ള ചൈനയുടെ അധീശാധികാര സങ്കൽപ്പത്തെ പ്രോത്സാഹിപ്പിച്ചു. ഇതിലൂടെ ടിബറ്റ് പിടിച്ചടക്കാതെ തന്നെ അതുവഴിയുള്ള റഷ്യൻ കടന്നുകയറ്റം തടയാമെന്ന് ഇംഗ്ളീഷുകാർ കണക്കുകൂട്ടി. ടിബറ്റ് ചൈനയുടെ നിയന്ത്രണത്തിലായാൽ റഷ്യയുടെ, ടിബറ്റിലൂടെ ഇന്ത്യയിലേക്കുള്ള പ്രയാണത്തിന് ചൈനീസ്‌ പട്ടാളം തടസ്സം ആകുമെന്നതായിരുന്നു ബ്രിട്ടീഷ് തന്ത്രം. 




എന്നാൽ അവസരം മുതലെടുത്ത ചൈന 1910 ആയപ്പോഴേക്കും ടിബറ്റ് ഏറെക്കുറെ പിടിച്ചെടുത്ത് അവിടുത്തെ ഭരണം തന്നെ സ്വന്തം നിയന്ത്രണത്തിലാക്കിയത് ബ്രിട്ടൺ കണക്കു കൂട്ടിയതിലും ഏറെ അപ്പുറമായിരുന്നു. അതോടെ അകലെയുള്ള വൻശക്തിയായ റഷ്യയേക്കാൾ താരതമ്യേന ചെറുതെങ്കിലും അതിർത്തിയോളം മാത്രം അകലത്തിലെത്തിയ ചൈന ബ്രിട്ടീഷ് ഇന്ത്യക്ക് തലവേദനയായി. റഷ്യൻ ഭീഷണികളേക്കാൾ ചൈനയിൽ നിന്നുള്ള ഭീഷണികളെക്കുറിച്ചു അവർ ചിന്തിച്ചു തുടങ്ങി.


ഭാവിയിൽ ചൈനയിൽ നിന്നും ഉണ്ടായേക്കാവുന്ന ആക്രമണങ്ങൾക്ക് തടയിടാൻ ആസ്സാമിലെ (അതായത് ഇന്നത്തെ നോർത്ത് ഈസ്റ്റിലെ അരുണാചൽ പ്രദേശ് ഒഴികെയുള്ള പ്രദേശം ) മലനിരകളുടെ താഴ്‌വരയിൽ നിന്നും മലമുകളിലേക്ക് അതിര്ത്തി നീട്ടേണ്ടത് അത്യാവശ്യമാണെന്ന്‌ മനസ്സിലാക്കിയ ബ്രിട്ടീഷ് ഗവൺമെന്റിന് കാര്യങ്ങൾ എളുപ്പമാക്കിക്കൊണ്ട് ചൈനയിലെ ക്വിങ് രാജവംശത്തിന്റെ ഭരണകാലം അസ്തമിക്കുകയും പുതിയ ഒരു റിപ്പബ്ലിക്കൻ ഗവന്മെന്റ് രൂപം കൊള്ളുകയും ചെയ്തു. ഇതോടു അനുബന്ധിച്ചുണ്ടായ ചൈനയിലെ പട്ടാള കലാപത്തോടെ ടിബറ്റിലെ ചൈനീസ്‌ പട്ടാളഭരണം ദുർബലമായി. അതോടെ ടിബറ്റ് പ്രശ്നത്തിൽ ഇടപെട്ട ബ്രിട്ടൺ 1913 ഒക്ടോബർ 13 ന് മൂന്നു രാഷ്ട്രങ്ങളുടെയും പ്രതിനിധികൾ ഉള്ക്കൊള്ളുന്ന ഒരു ത്രികക്ഷി സമ്മേളനം വിളിച്ചു ചേർത്തു ഇന്ത്യൻ പ്രതിനിധിയും വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന സർ എ എച് മക്മോഹൻ ആയിരുന്നു സംമ്മേളനത്തിന്റെ അദ്ധ്യക്ഷൻ.

ഈ സമ്മേളനത്തിൽ വച്ചു ചൈനയുടെ നിയന്ത്രണത്തിലുള്ള അകം ടിബറ്റ്, ഇന്ത്യൻ അതിർത്തിയോട് ചേർന്നുകിടക്കുന്നതും സ്വാതന്ത്രമായതുമായ ( സ്വാഭാവികമായും ചൈനയേക്കാൾ ഉപരി ബ്രിട്ടീഷ് ഇന്ത്യയെ ആശ്രയിക്കുന്നതുമായിരിക്കും ) പുറം ടിബറ്റ് എന്നിങ്ങനെ രണ്ടായി ടിബറ്റിനെ വിഭജിക്കാൻ തീരുമാനിക്കപ്പെട്ടു. 
ഇത് നടപ്പിൽ വരുന്നതോടെ ചൈനയുടെ ആഗ്രഹം പോലെ അവരുടെ പൂർണ്ണമായ അധീനതയിൽ ടിബറ്റിന്റെ വലിയൊരു ഭാഗം വരും. ടിബറ്റുകാർക്ക് സ്വതന്ത്രഭരണാധികാരം ഉള്ള ഔട്ടർ ടിബറ്റ് രൂപീകൃതമാകും. ബ്രിട്ടീഷിന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യയുടെ വരവ് ഇന്നർ ടിബറ്റ് ഉള്ളതിനാൽ ചൈന തടയും, ചൈന പുറം ടിബറ്റിനു അപ്പുറമായതിനാൽ നോർത്ത് ഈസ്റ്റ്‌ സുരക്ഷിതമാകും. ഇവക്കെല്ലാം പുറമേ സ്വതന്ത്ര ടിബറ്റിന്റെ അതിര്ത്തി ആസ്സാമിൽ നിന്നു 50000 ചതുരശ്ര മൈലോളം മുകളിലേക്ക് കയറ്റികൊണ്ടുള്ള മക്മോഹന്റെ ഒരു ചുവന്ന വരയിലൂടെ ഇന്നത്തെ അരുണാചൽ പ്രദേശ് ഉള്ക്കൊള്ളുന്ന അത്രയും പ്രദേശം ടിബറ്റിൽ നിന്നും ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലാകുകയും ചെയ്തു.

ബ്രിട്ടീഷിന്ത്യയുടെ തലച്ചോറിന്റെ ആവശ്യവും ഉല്പന്നവും ആയിരുന്നെങ്കിലും ഈ തീരുമാനങ്ങളെ ചൈനയും ടിബറ്റും അംഗീകരിക്കുകയും കരാറിന്റെ കരടിലും ഭൂപടത്തിലും മൂന്നുപ്രതിനിധികളും ഒപ്പുവെക്കുകയും ചെയ്തു . പക്ഷേ പുറം ടിബറ്റും അകം ടിബറ്റും തമ്മിലുള്ള അതിര്ത്തി നിർണ്ണയത്തിൽ ചൈന തൃപ്തർ ആയിരുന്നില്ല. ചൈനയ്ക്കു അകം ടിബറ്റിൽ കൂടുതൽ സ്ഥലം വേണമെന്ന ആവശ്യവും തുടർന്ന് വന്ന നിർദ്ദേശങ്ങളും ബ്രിട്ടനോ ടിബറ്റിനോ സ്വീകാര്യമായില്ല. തുടർന്ന് ചർച്ചകൾ സ്തംഭനാവസ്ഥയിലായപ്പോൾ ചൈനയെ ഒഴിവാക്കിക്കൊണ്ട് 1914 ജൂലായ്‌ മൂന്നിന് മക്മോഹനും ടിബറ്റൻ പ്രതിനിധി ലോഞ്ചൻ ക്ഷത്രയും മക്മോഹൻ രേഖ രൂപീകരിച്ചുകൊണ്ടുള്ള ഉഭയകക്ഷി കരാറിൽ (സിംല കരാർ )ഒപ്പുവച്ചു. എന്നാൽ ബ്രിട്ടനും ടിബറ്റും ചേർന്നുണ്ടാക്കിയ ഒരു കരാറും ചൈന അംഗീകരിക്കുന്നതല്ലെന്ന് ചൈനീസ്‌ ഗവന്മെന്റ് വ്യക്തമാക്കി. 

അതിനാൽ സിംല കരാറിന്റെ ഭാഗമായ മക്മോഹൻ രേഖ അവർ ഇന്നും അംഗീകരിക്കാൻ മടിക്കുകയും മക്മോഹൻ രേഖയിലൂടെ ഇന്ത്യയുടെ കീഴിലായ, ഇന്നത്തെ നമ്മുടെ സംസ്ഥാനമായ അരുണാചൽ പ്രദേശ് അവരുടെ രാജ്യത്തിൻറെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു 





2. അക്‌സായിചിൻ
ജമ്മുകശ്‌മീരിനും ചൈനക്കും ഇടയിലുള്ള അതിര്ത്തി ഏകദേശ ധാരണകൾക്കും ഊഹങ്ങൾക്കും ഉപരിയായി നിയമപരമായി രണ്ടു രാഷ്ട്രങ്ങളും തമ്മിൽ ഇന്നുവരെ നിർവ്വചിക്കുകയോ വേർതിരിക്കുകയോ ചെയ്തിട്ടില്ല. 

തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു സാമ്രാജ്യത്തിന്റെ ഭൂപടം ഏകപക്ഷീയമായി മാറ്റി വരക്കുകയും ഭൂഭാഗങ്ങൾ അതിർത്തിയോട് കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ഭൂപടം കൊണ്ടുള്ള ആക്രമണം എന്ന നയം ബ്രിട്ടൺ ഇന്ത്യയിലും യഥേഷ്ടം ഉപയോഗിച്ചിരുന്നു. കശ്മീരിന്റെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിലും ഇത് തന്നെയായിരുന്നു അവസ്ഥയെങ്കിലും ചൈന അതിർത്തി വ്യക്തമായി നിർണ്ണയിക്കാൻ ബ്രിട്ടൺ പ്രത്യേകം താല്പ്പര്യം കാണിച്ചിരുന്നു. ഇതിനായി 1846 മുതൽ ഒരു നൂറ്റാണ്ടിനിടയിൽ പലതവണ ശ്രമിക്കുകയും ചെയ്തിരുന്നെങ്കിലും ചൈനയുടെ നിസ്സഹകരണം കാരണം ഈ ശ്രമങ്ങൾ പരാജയപ്പെട്ടു.


കശ്മീർ ചൈന അതിർത്തി നിർണ്ണയിക്കുന്നതിന് പ്രധാനമായും രണ്ടു കമ്മീഷനുകളെ ബ്രിട്ടൺ നിയമിച്ചിരുന്നു. അലക്‌സാണ്ടർ കണ്ണിങ്ഹാം, ആർ. എ. വാൻസ്‌ ആഗ്‌ന്യൂ എന്നിവരുൾപ്പെട്ട 1847 ലെ ആദ്യ കമ്മീഷൻ പഠനങ്ങൾക്ക് ശേഷം ഒരു അതിര്ത്തി ഭൂപടം തയ്യാറാക്കുകയും ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാനായി ചൈനയിൽ നിന്നുള്ള ഒരു കമ്മീഷന്റെ കൂടെ പങ്കാളിത്തത്തിനു ശുപാര്ശചെയ്യുകയും ചെയ്തു. 

ഇതനുസരിച്ചു ബ്രിട്ടൺ രണ്ടാമത് ഒരു അതിർത്തി നിർണ്ണയ കമ്മീഷനെ നിയമിക്കുകയും അവരോടു സഹകരിച്ചു പ്രവർത്തിക്കുന്നതിന് ഒരു കമ്മീഷനെ നിയമിക്കണമെന്ന് ചൈനയോട് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ ചൈന അനുകൂലമായി പ്രതികരിക്കാതിരുന്നത് കൊണ്ട് മാത്രം ഈ രണ്ടു കമ്മീഷനുകളുടെയും പ്രയത്നം വിഫലമായി. തുടർന്ന് ഇന്ത്യ സ്വതന്ത്രമായപ്പോഴും ബ്രിട്ടീഷുകാർ ഏകപക്ഷീയമായി നിർമിച്ച ഒരു മാപ്പ് അല്ലാതെ ഒരു യഥാർത്ഥ ഭൂപടം ഇന്ത്യക്ക് ലഭിക്കാതെപോയി. അത് ആധുനിക ഇന്ത്യയുടെ ചൈന ബന്ധത്തെ പൂർണ്ണമായും തച്ചുടക്കാൻ കാരണമാവുകയും ചെയ്തു.

ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് ഒരു കമ്മീഷനെ നിയമിച്ചുകൊണ്ട് ചൈന അതിർത്തിനിര്ണയത്തിൽ സഹകരിച്ചിരുന്നുവെങ്കിൽ ചൈന ഇന്ന് കൈവശം വയ്ക്കുന്ന ഇന്ത്യൻ മാപ്പിലടങ്ങിയിട്ടുള്ള ഒരുവിധം ഭൂഭാഗങ്ങളൊക്കെ തന്നെയും പൂർണ്ണമായും ചൈനയുടെ ഭാഗമാക്കാമായിരുന്നു. കാരണം കാരക്കോറം മലനിരകൾക്കപ്പുറമുള്ള "ഉപയോഗശൂന്യമായ മരുഭൂമി " ചീനക്കാരെക്കൊണ്ട് നിറച്ചു റഷ്യൻ ഭീഷണി തടയുക എന്നതായിരുന്നു ടിബറ്റ് വിഷയത്തിൽ എന്നപോലെ ഇക്കാര്യത്തിലും മുൻപുതന്നെ ബ്രിട്ടന്റെ നയം. അല്ലാതെ അക്സായിചിൻ പ്രദേശത്ത് യാതോരു താൽപ്പര്യങ്ങളും ബ്രിട്ടന് ഉണ്ടായിരുന്നില്ല. 1865 ൽ W H ജോന്സൺ നിർമിച്ച അക്സായിചിൻ ഇന്ത്യയോട് ചേർത്തുള്ള ഭൂപടം പോലും ബ്രിട്ടീഷ് ഗവന്മെന്റ് തള്ളിക്കളയുകയാണ് ചെയ്തത്.

പക്ഷേ നിർഭാഗ്യവശാൽ അക്‌സായി ചിന്നിന്റെ ഭൂരിഭാഗവും ചൈനക്ക് വിട്ടുനല്കിക്കൊണ്ടുള്ള, അതിർത്തിപ്രശ്നം രമ്യമായി പരിഹരിക്കാൻ എന്തുകൊണ്ടും പ്രാപ്തമായ മികച്ച ഒരു നിർദേശം അഥവാ മക്കാർട്ട്നി -മക്‌ഡൊണാൾഡ് രേഖ 1899 ൽ ബ്രിട്ടീഷ് ഗവന്മെന്റ് സമർപ്പിച്ചതുപോലും നടപ്പിലാക്കാൻ ചൈനയുടെ നിഷ്‌ക്രിയത്വം സമ്മതിച്ചില്ല.

1947ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോഴും കാശ്മീരിന്റെ ഭൂപടം അവ്യക്തമായി തന്നെ തുടർന്നു. തുടർന്ന് സ്വതന്ത്ര ഇന്ത്യക്ക് ഏറ്റെടുക്കാനുണ്ടായിരുന്ന അസംഖ്യം വെല്ലുവിളികളിൽ പ്രാധാന്യമേറിയ ഒന്നായി, ഇന്നും തുടരുന്ന ഒരു തലവേദനയായി ഇത് മാറുകയും ചെയ്തു. 
ഇങ്ങനെ അവ്യക്തമായ, നീണ്ട അതിർത്തിപ്രദേശങ്ങളും പലവിധ അവകാശത്തർക്കങ്ങളും നിലനില്ക്കുന്ന വലിയൊരു ഭൂപ്രദേശവുമായി, മതിയായ സൈനിക ശക്തിയോ സാമ്പത്തിക ശേഷിയോ ഇല്ലാതെ. നാലുഭാഗത്തുനിന്നും ഉയരാനുള്ള ഭീഷണികളെ നയതന്ത്ര പാടവവും ആദർശവും മാത്രം കൈമുതലായിക്കൊണ്ട് നേരിട്ടു അതിജീവിക്കാൻ വിധിക്കപ്പെട്ടുകൊണ്ട് സ്വതന്ത്ര്യ ഇന്ത്യ രൂപം കൊള്ളുന്നതോടെ ഇന്ത്യ - ചൈന നയതന്ത്ര ബന്ധങ്ങൾക്ക് പുതിയ അദ്ധ്യായം കുറിക്കപ്പെടുന്നു.

ഉദ്യോഗസ്ഥരുടെ ഈഗോ മുതൽ രാജ്യാന്തര കുടിയേറ്റങ്ങളും,കയ്യേറ്റങ്ങളും വരെയും എന്തിന് മാധ്യമങ്ങളുടെ ഇടപെടലും ജനങ്ങളുടെ അതിവൈകാരികതയും പോലും ഒരു രക്തച്ചൊരിച്ചിലിലേക്ക് കൊണ്ടെത്തിക്കുന്ന തരത്തിൽ പ്രശ്നങ്ങൾക്ക് പുതിയ കാരണങ്ങളും ജനിക്കുന്നു.