Wednesday, February 8, 2017

തൂത്തന്‍ഖാമന്‍െറ തകര്‍ന്ന താടി

തൂത്തന്‍ ഖാമന്‍െറ മുഖംമൂടി ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍
തഹ്രീര്‍ സ്ക്വയറിന് വടക്കേമൂലയില്‍ നൈല്‍ നദിക്ക് ചാരെയുള്ള ചുവന്ന കെട്ടിടത്തിന് മുന്നിലത്തെുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. യന്ത്രത്തോക്കേന്തിയ ഭടന്മാര്‍ കാവല്‍ നില്‍ക്കുന്ന ചെറുഗേറ്റിന് മുന്നിലെ വരിക്ക് 100 മീറ്ററിലേറെ നീളമുണ്ട്. ഏതൊക്കെയോ നാടുകളില്‍നിന്ന് വന്നവര്‍ പൊരിവെയിലിനെയും അവഗണിച്ച് അവിടെ കാത്തുനില്‍ക്കുന്നത് വെറുതെയല്ല. ജീവിതകാലത്തിലെ ഏറ്റവും അമൂല്യമായ കാഴ്ചകളിലേക്കാണ് അവര്‍ പോകുന്നത്. മനുഷ്യചരിത്ര വികാസ പരമ്പരയിലെ നിര്‍ണായക ഏടായ നൈല്‍ നദീതട സംസ്കാരത്തിന്‍െറ വിശിഷ്ട വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന കൈറോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയം ആണത്. ഫ്രഞ്ച് ശില്‍പി മാര്‍സല്‍ ദുര്‍നോന്‍ നിയോ ക്ളാസിക്കല്‍ ശൈലിയില്‍ 115 വര്‍ഷം മുമ്പ് നിര്‍മിച്ച ഈ മന്ദിരം തന്നെ ഒരു അതിശയമാണ്. അതിനകത്തുള്ളതാകട്ടെ 4500-5000 വര്‍ഷങ്ങളുടെ ചരിത്രഭാരം പേറുന്ന വസ്തുക്കളും. ഇതൊക്കെ കാണാത്ത കണ്ണൊന്നും കണ്ണല്ല എന്നാണ് ഈജിപ്തുകാര്‍ പറയുക. 
ലോകത്തിലെ ഏറ്റവുംവലിയ കാഴ്ച ബംഗ്ളാവുകളിലൊന്നായ ഇവിടെ നൂറിലേറെ പ്രദര്‍ശന തളങ്ങളിലായി ഒന്നര ലക്ഷത്തിലേറെ അമൂല്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നു.  പലനിലകളിലായി നാഴികകളോളം നീണ്ടുകിടക്കുന്ന ഇടനാഴികളിലും വഴിതെറ്റിക്കുന്ന അവയുടെ ഉള്‍പ്പിരിവുകളിലുമായി ശിലാ ഫറോവമാര്‍ നിരന്നിരിക്കുന്നു. പിരമിഡുകള്‍ക്കുള്ളില്‍ സഹസ്രാബ്ദങ്ങളോളം പുനര്‍ജന്മം കാത്തുകിടന്ന രാജകീയ മമ്മികളെ കാലം കണ്ണാടിക്കൂട്ടിലാക്കി. ഏതോ കാലങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍, ഉരഗങ്ങള്‍ തുടങ്ങിയവയൊക്കെ തുണിക്കെട്ടിനുള്ളിലെ ശരീരം മാത്രമായി ഇവിടെ കിടക്കുന്നു. ഒന്നര നൂറ്റാണ്ടു മുമ്പുവരെ അര്‍ഥമറിയാതെ മനുഷ്യന്‍ അന്ധാളിച്ചുനിന്ന ഹീറോഗ്ളിഫിക്സ് ലിപിയുടെ ചാരുതയേന്തുന്ന കരിങ്കല്‍ പാളികള്‍. വിഗ്രഹങ്ങള്‍, ശില്‍പങ്ങള്‍, രാജകീയ പല്ലക്കുകള്‍, സിംഹാസനങ്ങള്‍,  പടുകൂറ്റന്‍ മനുഷ്യരൂപങ്ങള്‍, പാപ്പിറസ് ചുരുളുകള്‍, സ്വര്‍ണമുഖാവരണങ്ങള്‍, കല്ലറകള്‍, അനാദികാലത്ത് നൈല്‍തടത്തില്‍ വിളഞ്ഞ ധാന്യശേഖരം. ഫറോവനിക് ശേഷിപ്പുകളുടെ ലോകത്തെ ഏറ്റവുംവലിയ ശേഖരമാണിവിടം. 
തൂത്തന്‍ എന്ന ബാലരാജന്‍ രണ്ടാം നിലയിലെ പ്രധാന തളത്തിലാണ് പ്രധാന ഫറോവമാരുടെ പ്രത്യേക ശേഖരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പുരാവസ്തു ചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടിത്തമായി വാഴ്ത്തപ്പെടുന്ന ബാല ഫറോവ തൂത്തന്‍ഖാമന്‍െറ അമൂല്യ മുഖാവരണം സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണ്. ആധുനിക ഈജിപ്തിന്‍െറ അഭിമാനവും ടൂറിസം വകുപ്പിന്‍െറ പരസ്യമുദ്രയുമാണ് ഈ തങ്ക മുഖംമൂടി. ഈജിപ്തിന്‍െറ നിരവധി സര്‍ക്കാര്‍ മുദ്രകളില്‍ പ്രമുഖവുമാണിത്. അശോകസ്തംഭം ഇന്ത്യക്കെന്താണോ, അതാണ് തൂത്തന്‍െറ മുഖംമൂടി ഈജിപ്തിന്. ഇതു കാണാനും ഇതിന്‍െറ രഹസ്യങ്ങള്‍ പഠിക്കാനുമായി മാത്രം വര്‍ഷംതോറും എത്രയോ ചരിത്രകാരന്മാരും പുരാവസ്തുശാസ്ത്രജ്ഞരും ലോകത്തെ വിവിധ സര്‍വകലാശാലകളില്‍നിന്ന് ഇവിടെയത്തെുന്നു. 
10ാം വയസ്സില്‍ ഫറോവയായ തൂത്തന്‍ഖാമന്‍ നൈല്‍ നദീതട സംസ്കാര ചരിത്രത്തിലെ ഉത്തരംകിട്ടാത്ത പ്രഹേളികകളിലൊന്നാണ്. ബി.സി 1323ല്‍ 18ാം വയസ്സില്‍ മരിച്ച തൂത്തന്‍ ജീവിതകാലത്തും അതിനുശേഷം സഹസ്രാബ്ദങ്ങള്‍ക്കിപ്പുറം ഈ 21ാം നൂറ്റാണ്ടിലും ഏറ്റവും ആഘോഷിക്കപ്പെട്ട ഫറോവയായി തുടരുന്നു. ഏതാനും വര്‍ഷങ്ങള്‍ മാത്രം നീണ്ട അദ്ദേഹത്തിന്‍െറ വാഴ്ചയില്‍ ഫറോവനിക് യുഗത്തില്‍ മുമ്പെങ്ങുമില്ലാത്ത രാഷ്ട്രീയ നീക്കങ്ങളാണ് നടന്നത്. ബാലരാജനും അദ്ദേഹത്തിന്‍െറ അതിസുന്ദരിയായ പട്ടമഹിഷി അന്‍ഖിസെനാമുനും പ്രാചീനകാവ്യങ്ങളില്‍ സുവര്‍ണതാരങ്ങളായി. ഇരുവരുടെയും അന്തപ്പുര ജീവിതവും മൃഗയാവിനോദങ്ങളും നൈല്‍തടത്തിലെ ശിലകളില്‍ കൊത്തിവെക്കപ്പെട്ടു. പക്ഷേ, ആഘോഷങ്ങളെല്ലാം പെട്ടെന്ന് അവസാനിച്ചു. 18ാം വയസ്സില്‍ അജ്ഞാതമായ കാരണങ്ങളാല്‍ തൂത്തന്‍ രാജന്‍ മരണപ്പെട്ടു. ഇന്നത്തെ ലക്സറിന് സമീപമുള്ള രാജതാഴ്വരയിലെ (വാലി ഓഫ് ദ കിങ്സ്) നിഗൂഢമായ കല്ലറകളിലൊന്നില്‍ തൂത്തനെ അടക്കപ്പെട്ടു. അദ്ദേഹം ഉപയോഗിച്ചിരുന്നതും വിശ്വാസപ്രകാരമുള്ള മരണാനന്തര ജീവിതത്തിനാവശ്യമുള്ളതുമായ വസ്തുക്കള്‍ ഉള്‍പ്പെടെയായിരുന്നു മമ്മിയാക്കപ്പെട്ട ശരീരം മറവുചെയ്തത്. തൂത്തന്‍െറ നിദ്ര മൂന്ന് സഹസ്രാബ്ദത്തിലേറെ നീണ്ടു. 
ഇരുളിന്‍ മഹാനിദ്രയില്‍1925ല്‍ ഹോവാര്‍ഡ് കാര്‍ട്ടര്‍ എന്ന ബ്രിട്ടീഷ് പുരാവസ്തുശാസ്ത്രജ്ഞന്‍ തട്ടിയുണര്‍ത്തുമ്പോള്‍ തനിത്തങ്കത്തില്‍ തീര്‍ത്ത അദ്ഭുത മുഖംമൂടിക്ക് കീഴിലായിരുന്നു തൂത്തന്‍െറ വദനം. കാര്‍ട്ടറുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി രാജതാഴ്വരയില്‍ ഉദ്ഖനനം നടക്കുകയായിരുന്നു. നിരാശക്കുമേല്‍ നിരാശയായിരുന്നു ഓരോ സംരംഭത്തിന്‍െറയും ഒടുക്കത്തില്‍ കാര്‍ട്ടറെ കാത്തിരുന്നത്. എല്ലാം അവസാനിപ്പിച്ച് മടങ്ങാനിരിക്കവെ യാദൃച്ഛികമായി ഒരു വെളിപാടുണ്ടാകുന്നു, ഒരു തുരങ്കത്തിന്‍െറ രൂപത്തില്‍. ഘോരാന്ധകാരത്തിലേക്ക് വഴിതുറന്ന ആ തുരങ്കം കാര്‍ട്ടറെ ലോകത്തിന്‍െറ വെള്ളിവെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തി. 
ആഴ്ചകള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ കാര്‍ട്ടറും സംഘവും മണ്ണുതുരന്ന് തൂത്തന്‍െറ അധോലോക രാജധാനിയിലത്തെി. കണ്ണില്‍ കുത്തുന്ന ഇരുട്ടില്‍ ഒരു ടോര്‍ച്ചിന്‍െറ മാത്രം വെളിച്ചത്തില്‍ കാര്‍ട്ടര്‍ മുന്നിലെ ശിലയില്‍ ശ്രദ്ധാപൂര്‍വം ഉളികൊണ്ട് തട്ടി. ചെറിയൊരു ദ്വാരം രൂപപ്പെട്ടു. മുന്നില്‍നിന്ന കാര്‍ട്ടര്‍ ആ ദ്വാരം വഴി ഉള്ളിലേക്ക് ടോര്‍ച്ച് വീശി. ഉള്ളില്‍ കണ്ട കാഴ്ചകളില്‍ കാര്‍ട്ടര്‍ക്ക് മതിഭ്രമമുണ്ടായി. ശബ്ദം നഷ്ടപ്പെട്ടു. ശരീരം വിയര്‍ക്കാന്‍ തുടങ്ങി. പിറകില്‍നിന്നവര്‍ ആകാംക്ഷപൂര്‍വം വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു: എന്തെങ്കിലും കാണുന്നുണ്ടോ? പുരാവസ്തു ശാസ്ത്രശാഖയില്‍ സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെട്ട വാക്കുകളായിരുന്നു മറുപടി: ‘അതെ, ഞാന്‍ കാണുന്നു, വിസ്മയങ്ങള്‍’ (1).
രണ്ടു നൂറ്റാണ്ടിലേറെയായി തുടര്‍ന്നിരുന്ന നൈല്‍തടത്തിലെ നിയമവിധേയ, ശാസ്ത്രീയ പുരാവസ്തുഖനനത്തിലെ നാഴികക്കല്ലായിരുന്നു തൂത്തന്‍ രാജന്‍െറ കല്ലറയുടെ കണ്ടുപിടിത്തം. ഈജിപ്തിന്‍െറ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ അധ്യായം. ഫറോവമാരുടെ കല്ലറകള്‍ അതിന് മുമ്പൊരിക്കലും അന്യസ്പര്‍ശമേല്‍ക്കാതെ കണ്ടത്തൊന്‍ സാധിച്ചിരുന്നില്ല. കാലങ്ങളില്‍ തകര്‍ക്കപ്പെട്ടതും കൊള്ളക്കാര്‍ കൈവെച്ചതുമല്ലാത്ത ശേഷിപ്പുകളും കുറവായിരുന്നു.  
ഈജിപ്തിന്‍െറ അമൂല്യനിധിരാജതാഴ്വരയിലെ വെളിച്ചം കയറാത്ത തുരങ്കഭവനത്തില്‍നിന്ന് തൂത്തന്‍െറ ശരീരവും അതിലെ അമൂല്യ വസ്തുക്കളും കൈറോയിലേക്ക് കൊണ്ടുവരപ്പെട്ടു. കൂട്ടത്തിലുണ്ടായിരുന്ന ആ മുഖംമൂടി ലോകത്തെ അമ്പരപ്പിച്ചു. സ്വര്‍ണത്താല്‍ നിര്‍മിച്ച 10.23 കിലോഗ്രാം ഭാരമുള്ള ഈ മുഖാവരണത്തില്‍ തുത്തന്‍ രാജന്‍െറ വിഷാദമുഖം ആലേഖനം ചെയ്തിരിക്കുന്നു. അലങ്കാര ശിരോകവചം അണിഞ്ഞ നിലയിലാണ് മുഖാവരണത്തിന്‍െറ നിര്‍മാണം. ഉഗ്രമൂര്‍ത്തികളായ നാഗങ്ങള്‍ നെറ്റിത്തടത്തില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്നു. മുഖാവരണത്തില്‍നിന്ന് നീണ്ടുനില്‍ക്കുന്ന വിശിഷ്ടമായ താടിഭാഗത്തെ തങ്കത്തില്‍ നീലരത്നങ്ങളുടെ നിറം ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്. മുഖംമൂടിയുടെ ഏറ്റവും ശ്രദ്ധേയഭാഗവും ഈ താടി തന്നെ. 54 സെ.മീറ്റര്‍ നീളവും 39 സെ.മീറ്റര്‍ വീതിയുമാണ് മുഖംമൂടിക്ക് ആകെയുള്ളത്. 1.5 -3 മി.മീറ്ററാണ് കനം. 
വിലമതിക്കാനാവാത്ത ഈ വസ്തുവിനെ ഈജിപ്ഷ്യന്‍ മ്യൂസിയത്തിനുള്ളില്‍ പ്രത്യേക ഉരുക്കുവാതിലുകള്‍ക്കുള്ളില്‍ സംവിധാനിച്ച പ്രത്യേകയിടത്തില്‍ സൂക്ഷിച്ചിരിക്കുന്നു. സെന്‍സര്‍ ഘടിപ്പിച്ച കണ്ണാടി കതക് കടന്നുവേണം ആ ചെറുമുറിയിലത്തൊന്‍. വെളിച്ചം ക്രമീകരിച്ച മുറിയുടെ ഒത്ത നടുവില്‍ ഒരുപീഠത്തിന് മുകളില്‍ ചില്ലുകൂട്ടില്‍ ഈ മുഖംമൂടി സ്ഥാപിച്ചിരിക്കുന്നു. സന്ദര്‍ശകര്‍ മിഴിച്ച കണ്ണുകളോടെ അതിനുമുന്നില്‍ നില്‍ക്കുന്നു. 
തിരക്കിനിടയില്‍ ഇത്തിരിയിടം കണ്ടത്തെി കാമറ പുറത്തെടുത്തതും പിറകില്‍നിന്ന് ഉച്ചത്തില്‍ വിളിവന്നു. ‘തസ്വീര്‍ മമ്നൂ...’ ഫോട്ടോയെടുക്കരുതെന്ന് അറബിയില്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ അലറിയതാണ്. ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോള്‍ മുകളില്‍ തൂങ്ങുന്ന ‘ഫോട്ടോഗ്രഫി പ്രോഹിബിറ്റഡ്’ എന്ന ബോര്‍ഡിലേക്ക് അയാള്‍ വിരല്‍ചൂണ്ടി. കുറച്ചുനേരം അവിടെ പരുങ്ങിനിന്നെങ്കിലും രക്ഷയുണ്ടായില്ല. മുകളിലേക്ക് നോക്കിയപ്പോള്‍ മ്യൂസിയത്തിന്‍െറ മറ്റിടങ്ങളിലൊന്നുമില്ലാത്ത നിലയില്‍ അസംഖ്യം സി.സി.ടി.വി കാമറകള്‍. 24 മണിക്കൂറും മുഖംമൂടിയില്‍ ഫോക്കസ് ചെയ്തവയും സന്ദര്‍ശകരെ നിരീക്ഷിക്കുന്നവയും അതിലുണ്ട്. ഗാര്‍ഡിനെ വെട്ടിച്ച് എങ്ങനെയെങ്കിലും ഫോട്ടോയെടുത്താലും ഈ കാമറകളില്‍നിന്ന് രക്ഷപ്പെടാനാവില്ല. വെറുതെ പുലിവാലു പിടിക്കണ്ട എന്നുകരുതി വേഗം പുറത്തിറങ്ങി. ലക്ഷക്കണക്കിന് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ തൂത്തന്‍ഖാമന്‍െറ മുഖംമൂടിയുടെ ചിത്രം ഒന്നെടുത്താല്‍ എന്തായിത്ര കുഴപ്പം എന്നായിരുന്നു ആലോചന.
അഹമദ് എന്ന നിഗൂഢതആ സംശയത്തിന് മറുപടി കിട്ടിയത് രണ്ടുദിവസത്തിന് ശേഷമാണ്. മ്യൂസിയത്തിന് വിളിപ്പാടകലെയുള്ള, ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റ് അഹമദ് വഴി. അഹമദ് ഈജിപ്ത് മ്യൂസിയത്തിലെ പുരാവസ്തു സംരക്ഷണവിഭാഗം താല്‍ക്കാലിക ജീവനക്കാരനാണ്. വൈകീട്ട് നാലുമണിക്ക് മ്യൂസിയം ഡ്യൂട്ടി കഴിഞ്ഞാല്‍ പിന്നെ റിസപ്ഷനിസ്റ്റ് പണിക്കായി ഹോട്ടലിലത്തെും. രണ്ടുജോലി ചെയ്താലേ കുടുംബം പോറ്റാനുള്ള വക കിട്ടുവെന്ന് അഹമദ്. മ്യൂസിയത്തിലെ കാഴ്ചകള്‍ എങ്ങനെയുണ്ടായിരുന്നുവെന്ന് അഭിമാനപൂര്‍വം അഹമദ് ചോദിച്ചു. പിന്നെ ഈജിപ്തിനെക്കുറിച്ചും മ്യൂസിയത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചു. സംസാരമധ്യേ പെട്ടെന്ന് ഒന്നാലോചിച്ച പോലെ നിന്നിട്ട് അഹമദ് ശബ്ദം താഴ്ത്തി ആരാഞ്ഞു: തൂത്തന്‍ഖാമനെ കണ്ടോ? 
തൂത്തനെ മാത്രമല്ല, മ്യൂസിയം മൊത്തം മണിക്കൂറുകളെടുത്ത് കണ്ട കാര്യം വിളമ്പി. തൂത്തന്‍െറ ഫോട്ടോ എടുത്തോ എന്നായി അടുത്ത ചോദ്യം. എടുക്കാന്‍ സമ്മതിച്ചില്ളെന്ന മറുപടിയില്‍ അഹമദിന്‍െറ ചുണ്ടുകളില്‍ ഒരു പരിഹാസചിരി വിരിഞ്ഞു. ‘‘ഫോട്ടോയെടുക്കാന്‍ പറ്റില്ല, അതിന് സമ്മതിക്കില്ല’’. എന്താ കാരണമെന്ന് ചോദിച്ചപ്പോള്‍ പലതവണ സംശയിച്ച്, പലതവണ ചുറ്റും നോക്കി അയാള്‍ ആ കഥ പറയാന്‍ തുടങ്ങി. 
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഒരു മ്യൂസിയം ജീവനക്കാരന്‍ തൂത്തന്‍ഖാമന്‍െറ മുഖംമൂടി ചില്ലുകൂട് തുറന്ന് വൃത്തിയാക്കുകയായിരുന്നു. സന്ദര്‍ശകര്‍ അധികമില്ലാത്ത സമയത്താണ് ഇത്തരം പണികള്‍ സാധാരണ ചെയ്യുക. തുത്തന്‍ഖാമന്‍െറ ചേംബറിന്‍െറ വാതിലടച്ച് വൃത്തിയാക്കിക്കൊണ്ടിരിക്കെ ജീവനക്കാരന് ഒരബദ്ധം പറ്റി. അയാളുടെ കൈമുട്ട് തട്ടി തൂത്തന്‍െറ നീണ്ട താടി ചെറുതായൊന്നു വളഞ്ഞു. തനിത്തങ്കത്തില്‍ നിര്‍മിച്ചതായതിനാല്‍തന്നെ ലോലമാണ് മുഖംമൂടി. ജീവനക്കാരന്‍ പരിഭ്രാന്തനായി. കുറച്ചുനേരം സ്തബ്ധനായിനിന്ന ശേഷം ഏതുമനുഷ്യനും ചെയ്യുന്നതുതന്നെ അയാളും ചെയ്തു. വളഞ്ഞ താടി പതിയെ പിടിച്ചു നേരെവെക്കാന്‍ ശ്രമിച്ചു. പക്ഷേ, ആ ശ്രമത്തിനിടയില്‍ താടിയിളകി കൈയില്‍വന്നു. അയാള്‍ വിറക്കാന്‍ തുടങ്ങി. ലോകമറിയുന്ന മഹാശില്‍പം ഇതാ തന്‍െറ കൈയാല്‍ തകര്‍ന്നിരിക്കുന്നു. വിവരമറിഞ്ഞ് സെക്ഷനില്‍നിന്ന് ആളുവന്നു. താടിയില്ലാത്ത തൂത്തനെ കണ്ട് അവര്‍ ഞെട്ടി. ഗവണ്‍മെന്‍റ് അറിഞ്ഞാല്‍, ലോകമറിഞ്ഞാല്‍ ഉണ്ടാകാവുന്ന കോലാഹലമെന്താകും. 
താടിയില്ലാത്ത തൂത്തന്‍പരിഭ്രാന്തിയില്‍ പിന്നെ ചെയ്തതൊക്കെ അബദ്ധങ്ങളായിരുന്നു.  കാഠിന്യമുള്ള ലോഹങ്ങളും ശിലകളും വിളക്കിച്ചേര്‍ക്കുന്ന ഇപോക്സി എന്ന പശകൊണ്ട് അവര്‍ ഒടിഞ്ഞ താടി ഒട്ടിച്ചുചേര്‍ത്തു. ഒന്നും സംഭവിക്കാത്തപോലെ തൂത്തനെ പീഠത്തില്‍ പുന$സ്ഥാപിച്ചു. പക്ഷേ, അടുത്ത ദിവസം പ്രശ്നം വഷളായി. കാഠിന്യമേറിയ ഇപോക്സി കാരണം ഒട്ടിച്ചഭാഗം കട്ടപിടിച്ചു. താടിയുടെ സ്ഥിതി വിലക്ഷണമായി. ഇനി രക്ഷയില്ളെന്ന് കണ്ടതോടെ സംഭവം മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാതെ വയ്യെന്നായി. വിഷയത്തിന്‍െറ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ സര്‍ക്കാര്‍ വിഷയം ഒരു കാരണത്താലും പുറത്തുപോകരുതെന്ന് നിര്‍ദേശിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. 
പുരാവസ്തു സംരക്ഷണമേഖലയില്‍ അഗ്രഗണ്യനായ ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ക്രിസ്റ്റ്യന്‍ അക്മാനെ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അടിയന്തരമായി ക്ഷണിച്ചുവരുത്തി. അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ മണിക്കൂറുകളെടുത്ത് തൂത്തന്‍െറ താടി പഴയ അവസ്ഥയിലാക്കി. പക്ഷേ, ആ മുറിവുണ്ടാക്കിയ പാടുകള്‍ മുഖംമൂടിയില്‍ ശേഷിച്ചു. ഒട്ടിപ്പിടിച്ച ഇപോക്സി പശയുടെ അംശം പൂര്‍ണമായും മാറ്റാനായില്ല. ഏതാണ്ട് പഴയരൂപത്തിലായെങ്കിലും കളങ്കമേശാത്ത പഴയ ശോഭ മങ്ങി. 
ജീവനക്കാരന്‍െറ കൈയില്‍നിന്ന് താടി തകര്‍ന്നതും പിന്നീട് ഇപോക്സികൊണ്ട് ഒട്ടിച്ചുചേര്‍ക്കുന്നതും കണ്ടുനിന്ന ഒരു യൂറോപ്യന്‍ സന്ദര്‍ശക തന്‍െറ മൊബൈലില്‍ അതിന്‍െറ ചിത്രങ്ങള്‍ എടുത്തിരുന്നു. അത് പിന്നീട് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) പുറത്തുവിട്ടെങ്കിലും സര്‍ക്കാര്‍ പ്രതികരിച്ചില്ല. താടി ഒട്ടിച്ചുചേര്‍ത്ത അക്മാന്‍ ഇക്കാര്യം പിന്നീട് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടും ഈജിപ്ഷ്യന്‍ പുരാവസ്തുവകുപ്പ് ഇപ്പോഴും മൗനം തുടരുകയാണ്. അതിന്‍െറ ഭാഗമായാണ് മുഖംമൂടിയുടെ ചിത്രം എടുക്കുന്നതൊക്കെ നിരോധിച്ചത്.



തൂത്തന്‍ ഖാമന്‍െറ ഒടിഞ്ഞതാടി മ്യൂസിയം ജീവനക്കാരന്‍ ഇപോക്സി ഉപയോഗിച്ച് ഒട്ടിക്കുന്നു

മൊബൈലിലെ തൂത്തന്‍അവിശ്വസനീയതയോടെ ഇതുകേട്ട് നില്‍ക്കുമ്പോള്‍ തന്‍െറ പാന്‍റിന്‍െറ പോക്കറ്റില്‍നിന്ന് അഹമദ് മൊബൈല്‍ ഫോണ്‍ പതിയെ വലിച്ചെടുത്തു. അതില്‍നിന്ന് ഒരുനിധിയെപ്പോലെ ആറുചിത്രങ്ങള്‍ കാട്ടിത്തന്നു. അക്മാന്‍െറ നേതൃത്വത്തില്‍ തൂത്തന്‍െറ താടി പുന$സ്ഥാപിക്കുന്നതിന്‍െറ ഐഫോണ്‍ മിഴിവിലുള്ള ചിത്രങ്ങള്‍. ലോകം ഇന്നേവരെ കാണാത്ത കാഴ്ച. അക്മാനെ സഹായിക്കാന്‍ ഈജിപ്ഷ്യന്‍ മ്യൂസിയം നിയോഗിച്ചവരില്‍ ഒരാളായിരുന്നു അഹമദ്. അതീവസുരക്ഷാകേന്ദ്രത്തില്‍ അക്മാന്‍ പണി ചെയ്യുമ്പോള്‍ ഓവര്‍കോട്ടിന്‍െറ പോക്കറ്റിന് മുകളില്‍വെച്ച് രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് അഹമദിന്‍െറ പക്കലുള്ളത്. എ.പി പുറത്തുവിട്ട ആദ്യ ചിത്രങ്ങളേക്കാലും പതിന്മടങ്ങ് വ്യക്തതയുള്ള ചിത്രങ്ങള്‍. 
ഒരുവാര്‍ത്ത കിട്ടിയ ആവേശത്തില്‍ ആ ചിത്രങ്ങള്‍ തരുമോ എന്ന് അഹമദിനോട് ചോദിച്ചു. തരാമെന്ന മറുപടി കേട്ടതും മൊബൈലെടുത്ത് ബ്ളൂടൂത്ത് ഓണാക്കി. പൊടുന്നനെ അഹമദിന്‍െറ ഭാവം മാറി. തന്‍െറ കൈയിലുള്ള വസ്തുവിന്‍െറ മൂല്യമറിയുന്ന ഒരു കച്ചവടക്കാരനായി അയാള്‍. വിലക്ഷണമായ ഒരു ചിരിയുടെ അകമ്പടിയില്‍ മൊഴിഞ്ഞു: 500 ഡോളര്‍ വേണം. ആകാശംമുട്ടിയ ആവേശത്തിന്‍െറ കാറ്റുപോയി. 500 ഡോളറിനെ രൂപയില്‍ പരിവര്‍ത്തനപ്പെടുത്തിയതോടെ ആ ഉദ്യമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പോരുമ്പോള്‍ അഹമദ് വീണ്ടും സൂചിപ്പിച്ചു: ‘‘ഞാനിത് കൊടുത്താല്‍ വാങ്ങാന്‍ ലോക മാധ്യമങ്ങള്‍ വരും. ഒരിക്കല്‍കൂടി ആലോചിക്കൂ’’. 
ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഫോട്ടോ ചോദിച്ച് അവസാനമായി അഹമദിന് വാട്സ്ആപ്പില്‍ സന്ദേശമയച്ചു. വെളുക്കനെ ചിരിക്കുന്ന ഒരു സ്മൈലി ആയിരുന്നു മറുപടി.

Kadappad: മുഹമ്മദ് സുഹൈബ്