Monday, November 6, 2017

മൊസാദിന്റെ മുട്ടുവിറച്ച നാളുകള്‍ (ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഖാലിദ് മിശ്അലിന് നേരെയുള്ള വധശ്രമം)

ഖാലിദ് മിശ്അല്‍

1997 സെപ്തംബര്‍ 25-ാം തിയതി ജൂത പുതുവര്‍ഷം ആഘോഷിക്കാന്‍ തെല്‍അവീവിനു വടക്ക് ഹെര്‍സിലിയയിലെ മൊസാദ് ആസ്ഥാനത്ത് പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ എത്തിയപ്പോള്‍ മൊസാദ് തലവന്‍ ഡാന്നി യേറ്റാം വിളറിയ മുഖവുമായാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അമ്മാനിലെ ഇസ്രായേല്‍ എംബസിയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍നിന്ന് അപ്പോള്‍ ലഭിച്ച സന്ദേശം യേറ്റാം പ്രധാനമന്ത്രിയെ മാറ്റിനിര്‍ത്തി പതിഞ്ഞസ്വരത്തില്‍ ചെവിയില്‍ പറഞ്ഞു. ''അമ്മാനിലെ ദൗത്യം പരാജയപ്പെട്ടു. നാം കുഴപ്പത്തലായിരിക്കുന്നു. രണ്ട് മൊസാദ് ഏജന്റുമാര്‍ അമ്മാനില്‍ ജയിലിലാണ്. മറ്റ് ആറുപേര്‍ ഉടനെ പിടിക്കപ്പെടും.'' ഈ വാര്‍ത്ത നെതന്യാഹുവിനെ ഞെട്ടിച്ചു. യേറ്റാമും മൊസാദിന്റെ ഓപ്പറേഷന്‍ ഡയറക്ടരും വിശദീകരിച്ച ഒരുക്കങ്ങളെക്കുറിച്ചോര്‍ത്തു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ഭരണകൂടം നടത്തിവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ ഹമാസിന്റെ രക്തസാക്ഷി ആക്രമണ പ്രതികരണങ്ങള്‍ ശക്തിപ്പെട്ടതോടെ ചേര്‍ന്ന ക്യാബിനറ്റ് യോഗം മുന്‍നിര ഹമാസ് നേതാക്കളെ വധിക്കാന്‍ തന്നെ തീരുമാനമെടുത്തു. ''ഞാനവരെ വറുതെ വിടില്ല.'' നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഖാലിദ് മിശ്അലായിരുന്നു ഇസ്രായേലിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാമന്‍.



ഓപ്പറേഷന്ന് ആഴ്ചകള്‍ക്കുമുമ്പുതന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി റിഹേഴ്‌സല്‍ നടത്തിയിരുന്നു. 13 പേരടങ്ങിയ സംഘം വ്യത്യസ്ത നഗരങ്ങളില്‍നിന്നായി ഓരോ ദിവസങ്ങളില്‍ അമ്മാനില്‍ വിമാനമിറങ്ങുന്നു. ഇവരില്‍ അഞ്ചുപേര്‍ കനേഡിയന്‍ ടൂറിസ്റ്റുകളെന്ന വ്യാജേനയും, ഒരു വനിതാ കാര്‍ഡിയോളജിസ്റ്റും അവര്‍ക്കൊരു സഹായിയും ദമ്പതിമാര്‍ എന്ന വ്യാജേനയുമെത്തി പ്രത്യേക ഹോട്ടലില്‍ താമസിക്കുന്നു. മിശ്അലിന്റെ മേല്‍ പ്രയോഗിക്കാനുള്ള മാരക വിഷം സംഘാംഗങ്ങള്‍ക്ക് ഏല്‍ക്കാന്‍ ഇടവന്നാല്‍ ഉടന്‍ മറുമരുന്ന് പ്രയോഗിച്ച് രഹസ്യമായി സുഖപ്പെടുത്തുന്നത് ഈ ഡോക്ടറായിരിക്കും. ഇതിന്റെയെല്ലാം റിഹേഴ്‌സല്‍ തെല്‍അവീവിലെ തെരുവില്‍ തൃപ്തികരമായി നടത്തിക്കഴിഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍വെച്ച് നിരവധി ഫലസ്തീന്‍ നേതാക്കളെ വധിച്ച പരിചയ സമ്പന്നരായിരുന്നു കൊലയാളികള്‍. 1988 ഏപ്രിലില്‍ യാസിര്‍ അറഫാത്തിന്റെ സെക്രട്ടറി അബൂ ജിഹാദ് എന്ന ഖലീല്‍ വസീറിനേയും 1991 ജനുവരിയില്‍ പി.എല്‍.ഒ. സുരക്ഷാമേധാവി ഹായില്‍ അബ്ദുല്‍ ഹമീദ്്, സലാഹ് ഖലഫ് (അബൂ ഇയാദ്), ഉപദേശകന്‍ ഫഖ്‌രി അല്‍ഉമരി എന്നിവരെ തൂനിസിലും, 1995 ലിബിയന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഇസ്‌ലാമിക് ജിഹാദ് നേതാവ് ഫതഹ് അല്‍ശഖാഖിയെ മാള്‍ട്ടയിലും, 1996 ജനുവരിയില്‍ ഹമാസിന്റെ രക്തസാക്ഷി ആക്രമണ കേന്ദ്രതലവന്‍ എഞ്ചിനീയര്‍ യഹ്‌യാ അയാശിനെ റിമോട്ട് മോബൈല്‍ ബോംബ് ഉപയോഗിച്ചും കൊലപ്പെടുത്തിയത് മൊസാദിന്റെ യൂനിറ്റായിരുന്നു.


1997 സെപ്തംബര്‍ 25 വ്യഴാഴ്ച ജൂത പുതുവര്‍ഷദിനത്തില്‍ രാവിലെ ഒമ്പതു കഴിഞ്ഞപ്പോള്‍ അമ്മാനിലെ റാബിയ സ്ട്രീറ്റിലെ ഇസ്രായേലി എമ്പസി വളപ്പില്‍നിന്ന് രണ്ട് ഹ്യുണ്ടായി കാറുകള്‍ പുറത്തേക്ക് വന്നു. ഖാലിദ് മിശ്അലിന്റെ വസതിയായിരുന്നു ലക്ഷ്യം. ഡ്രൈവര്‍, ഒരു അംഗരക്ഷകന്‍, ദൗത്യനിര്‍വഹണം എല്‍പിക്കപ്പെട്ട ജോണ്‍ കെന്‍ഡാല്‍, ബാരിബീഡ്‌സ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതൊരു വാടകവണ്ടിയായിരുന്നു. ഡിപ്ലോമാറ്റിക് നമ്പര്‍പ്ലേറ്റുള്ള രണ്ടാമത്തെ കാറില്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാല് മൊസാദ് ഏജന്റുമാരാണുണ്ടായിരുന്നത്. പത്ത് മണിയോടെ ഓഫീസിലേക്ക് പുറപ്പെടുന്ന മിശ്അലിനെ കാത്ത് രണ്ട് വണ്ടികളും വീട്ടിന് സമീപം നിലയുറപ്പിച്ചു. അല്‍പസമയത്തിനുശേഷം അംഗരക്ഷകന്‍ അബൂ സെയിഫിനും മൂന്നുമക്കള്‍ക്കുമൊപ്പം മിശ്അല്‍ കാറില്‍ കയറി. വ്യാഴാഴ്ചയായതിനാല്‍ സ്‌കൂള്‍ അവധിയായിരുന്നു. ഓഫീസില്‍ മിശ്അലിനെ ഇറക്കി കുട്ടികളെ മുടിവെട്ടാന്‍ കൊണ്ടുപോകുന്നതിന് ഡ്രൈവറെ ചട്ടംകെട്ടിയിട്ടുണ്ടായിരുന്നു. ഡിപ്ലോമാട്രിക് നമ്പര്‍ പ്ലേറ്റുള്ള കാര്‍ അടുത്ത തെരുവിലേക്ക് തിരിച്ചപ്പോള്‍ വാടക വണ്ടി മിശ്അലിന്റെ കാറിനെ പിന്തുടര്‍ന്നു. ഓഫീസിനു മുമ്പില്‍ നിര്‍ത്തിയ കാറില്‍നിന്ന് പുറത്തിറങ്ങിയ മിശ്അല്‍ കെട്ടിടത്തിനകത്തേക്ക് കടക്കാന്‍ തുടങ്ങിയപ്പോള്‍ കെന്‍ഡലും ബീഡ്‌സും പിന്നാലെ കുതിച്ചെത്തി എന്തോ ഉപകരണംകൊണ്ട് മിശ്അലിന്റെ ഇടത്തേ ചെവിയില്‍ സ്‌പ്രേ ചെയ്തു. മിശ്അലിന്റെ അംഗരക്ഷകന്‍ അബൂസെയിഫ് കാറില്‍നിന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. രക്ഷപ്പെടാന്‍ ശ്രമിച്ച മൊസാദ് ഏജന്റ്മാരെ അംഗരക്ഷകന്‍ വഴിപോക്കരുടെ സഹായത്തോടെ മല്‍പിടുത്തത്തിനുശേഷം കീഴടക്കി പോലീസിനു കൈമാറി. അക്രമികള്‍ എന്തോ ലോഹ വസ്തുകൊണ്ട് അടിച്ചതിനാല്‍ അബൂസെയിഫിന്റെ തലക്ക് പരിക്കുപറ്റി.



ഓഫീസിലെത്തി അസ്വസ്ഥത അനുഭവപ്പെട്ട മിശ്അല്‍ മക്കളെ വീട്ടിലേക്കയച്ച് ജോര്‍ഡാനിലെ ഹമാസ് പ്രതിനിധി മുഹമ്മദ് നസ്സാലിന്റെ വീട്ടിലേക്ക് തിരിച്ചു. വിവരമറിഞ്ഞ് നസ്സാല്‍ ഹമാസ് നേതൃത്വത്തിന്റെ അടിയന്തിരയോഗം വീട്ടല്‍ വിളിച്ചിരുന്നു. മിശ്അലിനെതിരെ വധശ്രമം നടന്നതായ വാര്‍ത്ത എ.എഫ്.പി. വാര്‍ത്താ ഏജന്‍സിയുടെ പ്രതിനിധി ഹബീബിനേയും നസ്സാല്‍ അറിയിച്ചു. വാര്‍ത്താവിതരണ മന്ത്രിയുമയി ബന്ധപ്പെട്ടപ്പോള്‍ വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്താമെന്നും ഉറപ്പുനല്‍കി. അല്‍പസമയിത്തിനുശേഷം മന്ത്രി ഫോണില്‍ വിളിച്ച് വധശ്രമമൊന്നും ഉണ്ടായിട്ടില്ലെന്നും രണ്ട് കനേഡിയന്‍ ടൂറിസ്റ്റുകള്‍ ഖാലിദ് മിശ്അലുമായി വാക്കേറ്റമുണ്ടായപ്പോള്‍ അംഗരക്ഷകന്‍ അബൂസെയിഫ് അവരെ ഉപദ്രവിക്കുകയാണുണ്ടായതെന്നും വിശദീകരിച്ചു.

ഖാലിദ് മിശ്അലിനെ വധിക്കാന്‍ ഇസ്രായേലി ഏജന്റുമാര്‍ ശ്രമിച്ചുവെന്ന മുഹമ്മദ് നിസ്സാലിന്റെ പ്രസ്താവന മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ചെയ്തു. അത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നും ഹമാസ് നേതാക്കള്‍ നുണ പ്രചരിപ്പിക്കുകയാണെന്നുമാണ് മൊത്തം അറബ് നാടുകളുടെയും അതൃപ്തി വകവെക്കാതെ ഇസ്രയേലുമായി നയതന്ത്രബന്ധം പുലര്‍ത്തുന്ന ജോര്‍ഡാന്‍ അധികൃതര്‍ വെളിപ്പെടുത്തിയത്. വലിയൊരു വിഭാഗം ഫലസ്തീന്‍ അഭയാര്‍ഥികള്‍ വസിക്കുന്ന രാജ്യത്ത് മൊസാദിന്റെ ഓപറേഷന്‍ നടന്നുവെന്ന് പറഞ്ഞാല്‍ ഹുസൈന്‍ രാജാവിന്റെ പ്രതിഛായക്ക് കനത്ത ആഘാതമായിരിക്കുമെന്നതിനാല്‍ അങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് വരുത്താനായിരുന്നു ജോര്‍ഡാന്‍ അധികൃതരുടെ ശ്രമം. തനിക്കെന്താണ് സംഭവിച്ചതെന്ന് പിന്നീട് മിശ്അല്‍ വിശദീകരിക്കുകയുണ്ടാ.യി. ''അക്രമികള്‍ എന്തോ ഉപകരണം ചെവിയുട ഭാഗത്തേക്ക് കൊണ്ടുവന്നു. അത് ശരീരത്തില്‍ എവിടേയും സ്പര്‍ശിച്ചിരുന്നില്ല. എന്നാല്‍ ശക്തിയായ വൈദ്യുതി ഷോക്ക് അടിച്ചപോലെ അനുഭവപ്പെട്ടു.'' വിശദീകരണം നടത്തുമ്പോള്‍ അദ്ദേഹത്തിനുണ്ടായ മാറ്റം സഹപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. പെട്ടെന്ന് വിറയലും തലകറക്കവുമുണ്ടായ അദ്ദേഹത്തെ ആംബുലന്‍സില്‍ ഉച്ചക്ക് 1.30-ന് ഹോസ്പിറ്റലിലെത്തിക്കുമ്പോള്‍ ബോധം നഷ്ടപ്പെട്ടിരുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുന്നതായാണ് ടെസ്റ്റുകള്‍ സൂചിപ്പിച്ചത്. അപ്പോഴേക്കും വിവരം കാട്ടുതീ പോലെ പടര്‍ന്നു കഴിഞ്ഞു. ജോര്‍ഡാന്‍ പാര്‍ലിമെന്റംഗവും ഇഖ്‌വാന്‍ നേതാവുമായ ഡോ. അബ്ദുല്ല അല്‍അകൈല മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവരം ഹുസൈന്‍ രാജാവിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടു.
വിനോദസഞ്ചാരികളായ തങ്ങളെ ഹമാസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന നുണ കസ്റ്റഡിയില്‍പെട്ട മൊസാദ് കിങ്കരന്മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ കനേഡിയന്‍ എംബസിയും ബേജാറിലായി. നയതന്ത്രബന്ധങ്ങള്‍ കുഴപ്പത്തിലാകുമെന്ന് മാത്രമല്ല മൊസാദ് പോലുള്ള കൊലയാളിസംഘങ്ങളുമായി ബന്ധമുണ്ടെന്നറിയുന്നത് അന്താരാഷ്ട്ര തലത്തില്‍ പേര് മോശമാക്കുമെന്നതും കണക്കിലെടുത്ത് ഒട്ടാവയില്‍നിന്ന് വിളി വരുന്നതിന് മുമ്പുതന്നെ ലോക്കപ്പില്‍ ചെന്ന് കനേഡിയന്‍ പ്രതിനിധി പുള്ളികളെ നേരില്‍ കണ്ടു കോണ്‍സുലറുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനോ സഹകരിക്കാനോ അവര്‍ തയാറായില്ല. രണ്ടുപേരുടേയും പാസ്‌പോര്‍ട്ടുകള്‍ ഒറിജിനലായിരുന്നു. അപ്പോഴേക്കും കനേഡിയന്‍ പാര്‍ലിമെന്റില്‍ ഖാലിദ് മിശ്അലിനെ വധിക്കാനുള്ള ഗൂഡാലോചനയില്‍ സര്‍ക്കാറിന് പങ്കുണ്ടെന്ന ആരേപണമുയര്‍ത്തി പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടങ്ങിയിരുന്നു. ഉടനെ പ്രധാനമന്ത്രി അലിശുക്‌രിയേയും തുടര്‍ന്ന് ഹുസൈന്‍ രാജാവിനെയും കാണുക എന്ന ഫോണ്‍ സന്ദേശമാണ് കനേഡിയന്‍ അംബാസഡര്‍ സ്റ്റീവ് ബെന്നറ്റിന് ലഭിച്ചത്. ശുക്‌രിയുടെ ഓഫീസില്‍ ഹാജരായ അംബാസഡര്‍ക്ക് പുള്ളികളില്‍നിന്ന് പിടിച്ചെടുത്ത പാസ്‌പോര്‍ട്ടുകള്‍ കാണിച്ചപ്പോള്‍ യഥാര്‍ത്ഥ കനേഡിയന്‍ പാസ്‌പോര്‍ട്ടുകളാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് ഏജന്റുമാരെ നേരില്‍ കണ്ട് സംസാരിക്കാന്‍ സൗകര്യം നല്‍കി. കൗണ്‍സിലര്‍ക്കുണ്ടായ അനുഭവം തന്നെയായിരുന്നു ഫലം. അവര്‍ സഹകരിക്കാനോ തൃപ്തികരമായി മറുപടി നല്‍കാനോ കൂട്ടാക്കിയില്ല. പക്ഷെ ഒരു കാര്യം വ്യക്തമായി. രണ്ടുപേരും ഇസ്രായേലി ചുവയുള്ള ഇംഗ്ലീഷാണ് സംസാരിക്കുന്നത്. ഇരുവര്‍ക്കും കനഡയിലെ ഏതെങ്കിലും റോഡിന്റെപേരോ, സ്‌ക്കൂളിന്റെ പേരോ, ദേശീയഗാനമോ, ആഘോഷദിനമോ ഒന്നും അറിയില്ല. ഉപയോഗിച്ചത് കനേഡിയന്‍ പാസ്‌പോര്‍ട്ടാണെങ്കിലും ഇവര്‍ കനഡയുമായി ഒരു ബന്ധവുമില്ലാത്തവരാണെന്നുറപ്പായി. അതിനാല്‍ തന്നെ ഇവര്‍ കനേഡിയന്‍ പൗരന്മാര്‍ തന്നെയാണോ എന്ന് തീരുമാനിക്കാനും പറ്റിയില്ല.

ഹുസൈന്‍ രാജാവ്

സയണിസ്റ്റ് അനുകൂലമെന്നറിയപ്പടുന്ന ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും, ചൂടാറി പതിനൊന്ന് ദിവസം കഴിഞ്ഞാണ് ഇതുസംബന്ധിച്ച വാര്‍ത്ത കൊടുത്തതെന്നതും ശ്രദ്ധേയമായി. മിശ്അലിനെ ബോംബ് സ്‌ഫോടനത്തിലൂടെയോ വെടിവെച്ചോ വധിക്കാന്‍ മൊസാദിന് കഴിയുമായിരുന്നു. പക്ഷെ അത്തരം നടപടി കൃത്യം നിര്‍വഹിച്ചവരെ പെട്ടെന്ന് തിരിച്ചറിയാന്‍ ഇടയാക്കും. അതോടെ നയതന്ത്ര ബന്ധങ്ങള്‍ മുറിയാനും അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടാനും ഇടയാകും. വിഷവാതകമോ രാസപദാര്‍ത്ഥങ്ങളോ തന്ത്രപൂര്‍വ്വം ഉപയോഗിച്ച് ഉന്മൂലനം ചെയ്യുമ്പോള്‍ തിരിച്ചറിയപ്പെടാതെ ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാം. ഇപ്പോള്‍ ഏജന്റുമാര്‍ പിടിയിലായതോടെ പദ്ധതി പൊളിയുകയും ഇസ്രായല്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു.
കസ്റ്റഡിയിലുള്ള ഏജന്റുമാരെ തിരിച്ചറിഞ്ഞവിവരം കിട്ടിയതോടെ ഹുസൈന്‍ രാജാവിന് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു. അടിയന്തിരമായി മിശ്അലിന്റെ ജീവന്‍ രക്ഷിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുള്ള അല്‍ ഹുസൈന്‍ മെഡിക്കല്‍ സെന്ററിലേക്ക് അദ്ദേഹത്തെ മാറ്റി. അമേരിക്കയിലെ അര്‍ബുദ ചികില്‍സാകേന്ദ്രമായ മായോക്ലിനിക്കിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ വിളിപ്പിച്ചു. ഹുസൈന്‍ രാജാവും പ്രധാനമന്ത്രി നെതന്യാഹുവും ഒരേ സമയം അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ക്ലിന്റന്‍ അവധിയാഘോഷത്തിലായിരുന്നു. പ്രസിഡന്റിന്റെ പ്രതിനിധി ഡെന്നിസ് റോസിന് ഉടനെ നെതന്യാഹുവിനെ ബന്ധപ്പെടണമെന്ന് സന്ദേശം ലഭിക്കുന്നു. ഫോണ്‍ എടുത്തപ്പോള്‍ ''നയതന്ത്രബന്ധം വിച്ഛേദിക്കുമെന്നാണ് രാജാവിന്റെ താക്കീത്.'' ഇടറിയ ശബ്ദത്തില്‍ നെതന്യാഹു.

നെതന്യാഹു 

റോസിന് ഒന്നും മനസ്സിലായില്ല. ''ഖാലിദ് മിശ്അലിനെ വധിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. അയാള്‍ ആശുപത്രിയിലാണ്.'' നടന്ന സംഭവം മഴുവന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എറ്റുപറയാന്‍ തുടങ്ങി. ''വിഷത്തിനുള്ള മറുമരുന്ന് നല്‍കി അയാളെ രക്ഷിച്ചില്ലെങ്കില്‍ ഹുസൈന്‍ രാജാവ് ബന്ധം വിച്ഛേദിക്കും''. ''ആവശ്യപ്പെടുന്നത് ചെയ്യുന്നതായിക്കും ബുദ്ധി. നിങ്ങളള്‍ക്കതല്ലാതെ വേറെ വഴിയുണ്ടോ?'' ഉറച്ച സ്വരത്തില്‍ റോസ്. നെതന്യാഹുവിന് ഇത് സ്വീകാര്യമായില്ല. അയാളുടെ കുബുദ്ധി കണ്ടെത്തിയത് മിശ്അലിനെ രക്ഷിക്കാന്‍ അദ്ദേഹത്തെ ഇസ്രായേലിലെ ആശുപത്രിയിലേക്ക് മാറ്റലാണ്. പ്രസിഡന്റ് ക്ലിന്റനുമായി സംസാരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ കടുത്ത സ്വരത്തില്‍ റോസ് ''നിങ്ങള്‍ എത്ര നിരുത്തരവാദവരമായാണ് നീങ്ങുന്നത്? ജോര്‍ഡാനുമയുള്ള ബന്ധത്തിന്റെ ഗൗരവത്തെക്കുറിച്ച് നിങ്ങള്‍ക്ക് ബോധമില്ലേ. ഹുസൈന്‍ രാജാവിനോട് നിങ്ങളുടെ കളി ഇങ്ങിനെയാണെങ്കില്‍ അദ്ദേഹവും ഇതുപോലെ പ്രതികരിക്കും'' രാജാവിന്റെ ആവശ്യം നടപ്പിലാക്കാത്തിടത്തോളം താന്‍ ഇക്കാര്യത്തില്‍ നിസ്സഹായനാണെന്ന് റോസ് തീര്‍ത്തുപറഞ്ഞു

1994-ലെ സമാധാന ഉടമ്പടിയുടെ കാര്‍മികത്വം വഹിച്ചയാളെന്ന നിലയില്‍ അതിന് കോട്ടം തട്ടുന്നതൊന്നും സംഭവിക്കരുതെന്ന് ആഗ്രഹിച്ചിരുന്ന ബില്‍ ക്ലിന്റന് അമ്മാനില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വാര്‍ത്ത വലിയ ആഘാതമുണ്ടാക്കി. അറബ് ലോകത്ത് അമേരിക്കയുടെ അടുത്ത സുഹൃത്തായ ജോര്‍ഡാനുമായുള്ള ബന്ധം വഷളാകുന്നത് ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്ന് ബോധ്യമായ പ്രസിഡന്റ്, ഹുസൈന്‍ രാജാവുമായി ബന്ധപ്പെട്ടപ്പോള്‍ രാജാവിന്റെ സ്വരം കടുത്തതായിരുന്നു. ''48 മണിക്കൂറിനകം മരണം സംഭവിക്കാന്‍ സാധ്യതയുള്ള മാരക വിഷദ്രാവകമാണ് മിശ്അലിനുനേരെ പ്രയോഗിച്ചിരിക്കുന്നത്. വിഷം നിര്‍വീര്യമാക്കുന്ന മറുമരുന്ന് ഉടന്‍ എത്തിച്ചില്ലെങ്കില്‍ ഇസ്രായിലുമായുള്ള ബന്ധം വിച്ഛേദിക്കും''. ഹുസൈന്‍ തമാശ പറയുന്നതല്ലെന്നും അമ്മാനിലെ ഇസ്രായേലി എംബസി കൊലയാളികളുടെ താവളമാകാന്‍ അനുവദിക്കരുതെന്നും വൈറ്റ്ഹൗസ് മേധാവികളും ഉപദേശിച്ചതോടെ ആവശ്യമായത് ചെയ്യാമെന്ന് ക്ലിന്റന് ഉറപ്പുനല്‍കേണ്ടിവന്നു.
തുടര്‍ന്ന് അമ്മാനിലെ അമേരിക്കന്‍ എംബസി, പിടിയിലായ മൊസാദ് ഏജന്റുമാരെ ജോര്‍ഡാന്‍ തൂക്കിലേറ്റിയേക്കുമെന്ന വാര്‍ത്ത അയച്ചതോടെ ക്ലിന്റന്‍ ആകെ ബേജാറായി. പിന്നീട് അമ്മാനില്‍ നിന്ന് വന്നവാര്‍ത്ത അതിലും ഘോരമായതായിരുന്നു. വിദേശമാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ അമ്മാനിലെ ഇസ്രായേലി എംബസിയിലേക്ക് ഹുസൈന്‍ രാജാവിന്റെ മൂത്ത മകന്റെ നേതൃത്വത്തില്‍ കമാണ്ടോ ആക്രമണം നടത്താന്‍ കൊട്ടാരത്തിലെ ഉന്നതര്‍ രാജാവിനെ നിര്‍ബന്ധിക്കുന്നുണ്ടെന്നായിരുന്നു പുതിയ വാര്‍ത്ത. ശനിയാഴ്ച രാത്രിക്കകം തന്റെ ആവശ്യം അംഗീകരിച്ച് നടപ്പാക്കിയില്ലെങ്കില്‍ എംബസിയിലേക്ക് കമാണ്ടോകളെ അയക്കാനും അവിടെ ഒളിച്ചിരിക്കുന്ന മൊസാദ് കിങ്കരന്മാരെ അറസ്റ്റ്‌ചെയ്യാനും രാജാവ് സമ്മതിച്ചു. അപ്പോഴേക്കും മിശ്അലിനുനേര ആക്രമണം നടന്ന് അറുപത് മണിക്കൂര്‍ കഴിഞ്ഞിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ജോര്‍ഡാനും ഇസ്രായേലും സമാധാന ഉടമ്പടി ഒപ്പുവെച്ചിരിക്കെ സര്‍വ മര്യാദകളും ലംഘിച്ച് അമ്മാന്‍ നഗരമദ്യത്തില്‍ മൊസാദ് നടത്തിയ ഓപറേഷനെകുറിച്ചും നെതന്യാഹുവിന്റെ വഞ്ചനയെകുറിച്ചും രാഷ്ട്രത്തോടുള്ള ഹുസൈന്‍ രാജാവിന്റെ പ്രസ്താവന തല്‍സമയ സംപ്രേഷണം ചെയ്യാന്‍ വിവിധ ടി.വി. ചാനലുകള്‍ ഒരുക്കം തുടങ്ങി. മിശ്അലിന്റെ ദേഹത്ത് പ്രയോഗിച്ച വിഷത്തിനുള്ള പ്രതിമരുന്ന് ഉടന്‍ ലഭ്യമാക്കാമെന്ന് പ്രസിഡന്റ് ക്ലിന്റന്‍ ഉറപ്പുനല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിക്ക് പ്രതിബന്ധമാകുന്ന ഒരു നീക്കവും പാടില്ലെന്ന് നെതന്യാഹുവിനെ പ്രസിഡന്റ് താക്കീത് ചെയ്തു. രാജാവിനോടും വിവരം പറഞ്ഞു. രാജാവ് സമ്മതിച്ചുകൊണ്ട് പറഞ്ഞു. ''ഈ ജോര്‍ഡാനിയന്റെ ജീവനുമേലാണ് സമാധാന പ്രക്രിയയുടെ ഭാവി നില്‍ക്കുന്നത്. അദ്ദേഹമെങ്ങാന്‍ കൊല്ലപ്പെട്ടാല്‍..... അത് സമാധാനത്തിന്റെ കൂടി മരണമായിരിക്കും.''
നെതന്യാഹുവിനെ ഒരു പാഠം പഠിപ്പിക്കുന്നതോടൊപ്പം ജോര്‍ഡാന്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്ന പലസ്തീനികളുടെ വിശ്വാസമാര്‍ജിക്കുകയെന്നതും സുപ്രധാനമാണെന്ന് ബോധ്യമുള്ള ഹുസൈന്‍ രാജാവ് സമാധാനക്കരാറ് ഒപ്പിട്ടതിന്റെ പേരില്‍ നിലവിലുള്ള നാണക്കേട് കുറച്ചെങ്കിലും പരിഹരിക്കും വിധമായിരിക്കണം ഏതു തീരുമാനമെന്നും രാജാവ് തന്റെ ഉപദേശകരെ ഓര്‍മിപ്പിച്ചു. മൊസാദ് ഏജന്റുമാരെ അമ്മാനില്‍ വിചാരണ ചെയ്യണമെന്നായിരുന്നു ഹമാസിന്റെ ആവശ്യം. എല്ലാവരേയും ഒരേസമയം തൃപ്തിപ്പെടുത്താനുള്ള ഒരു പദ്ധതി രാജാവും ഉപദേശകരും മുമ്പോട്ടുവെച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഹമാസ് സ്ഥാപകനേതാവ് ശൈഖ് അഹമദ് യാസീനെ മോചിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ ഇസ്രായേലി മേധാവികള്‍ പല മുരട്ടുന്യായങ്ങളും പറയാന്‍തുടങ്ങി. രാജാവിന്റെ പരിചയക്കാരനും സമാധാനക്കരാറിന്റെ ശില്‍പികളില്‍ ഒരാളും യൂറോപ്യന്‍ യൂനിയനില്‍ ഇസ്രായേലി അംബാസിഡറുമായ എഫ്രെയിം ഹെലാവി മൊസാദിന്റെ പ്രശ്‌നം എങ്ങിനെ തീര്‍ക്കണമെന്നല്ല ഹുസൈന്‍ രാജാവിന്റെ ആവശ്യം എങ്ങിനെ പരിഹരിക്കാം എന്നാണ് ആലോചിക്കേണ്ടതെന്നും ഇതല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിന് അദ്ദേഹം വഴങ്ങില്ലെന്നും നെതന്യാഹുവിനെ ഓര്‍മിപ്പിച്ചു.
അടുത്ത ദിവസം പുലര്‍ന്നപ്പോള്‍ നെതന്യാഹു തങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ചതില്‍ ക്രുദ്ദരായ ജോര്‍ഡാന്റേയും, മൊസാദിന്റെ തെമ്മാടിത്തം കാരണം മുഖഛായ നഷ്ടപ്പെട്ട കാനഡയുടേയും, മിഡിലീസ്റ്റ് സമാധാനപ്രക്രിയ താറുമാറാക്കിയതില്‍ അരിശംപൂണ്ട അമേരിക്കയുടേയും വലയത്തിലായി. നിലപാട് മാറ്റാതെ ഒരു നിവൃത്തിയുമില്ല. മാറ്റിയില്ലെങ്കില്‍ മൂന്ന് രാഷ്ട്രങ്ങളെ എങ്ങിനെ നേരിടുമെന്നതിനേക്കാള്‍, മൊസാദ് കിങ്കരന്മാര്‍ അമ്മാനില്‍ തൂക്കിലേറ്റപ്പെടുകയും എംബസിയില്‍ കഴിയുന്നവര്‍ ജോര്‍ഡാന്റെ പിടിയിലാവുകയും ചെയ്താല്‍ ഇസ്രായേലിനകത്ത് തനിക്കെതിരെ ഉയരാന്‍ പോകുന്ന ജനകീയ പ്രക്ഷോഭം ഓര്‍ത്ത് കാല്‍മുട്ട് വിറക്കാന്‍ തുടങ്ങിയ നെതന്യാഹു, ഹലാവി വഴി ഹുസൈന്‍ രാജാവിനെ തീരുമാനം അറിയിച്ചു. അന്ന് പാതിരാവില്‍ ഒരു കൊച്ചു ഇസ്രായേലി വിമാനം ജോര്‍ഡാനിലെ സൈനിക വിമാനത്താവളത്തില്‍ വന്നിറങ്ങി. ഒരു കീഴടങ്ങലിന്റെ ഇറക്കമായിരുന്നു അത്. വിമാനത്തിലെത്തിയ ഡോക്ടര്‍ അവിടെ കാത്തിരുന്ന ജോര്‍ഡാന്റെ ഉന്നത ഉദ്യോഗസ്ഥന് ഒരു ചെറിയ കുപ്പി മരുന്നും രണ്ടുപേജുള്ള രേഖയും കൈമാറി. ഖാലിദ് മിശ്അലിന്റെ ചെവിയിലേക്ക് മൊസാദ് ഏജന്റുമാര്‍ സ്‌പ്രേ ചെയ്തത് 'ലെവോഫെന്റാലിന്‍' എന്ന വിഷമരുന്നാണെന്ന് മിശ്അലിനെ ചികില്‍സിച്ച ജോര്‍ഡാനിയന്‍ ഡോക്ടരോട് മൊസാദിന്റെ കൂട്ടത്തില്‍പെട്ട ഇസ്രായേലി ഡോക്ടര്‍ സമ്മതിച്ചു. ശസ്ത്രക്രിയാനന്തര വേദനാസംഹാരിയായി ബെല്‍ജിയത്തിലെ 'ജാന്‍സെന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്' ഫെന്റാനില്‍ എന്ന ഒരു മരുന്ന് വികസിപ്പിച്ചെടുത്തിരുന്നു. അമേരിക്കയിലെ ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്ന കുത്തക മരുന്ന് കമ്പനിയായിരുന്നു ഈ സ്ഥാനത്തിന്റെ ഉടമ. 'ഫെന്റാലി'ന്റെ വന്‍ വിജയം അവര്‍ക്ക് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് പ്രേരകമായി. ഇതിന്റെ ഉപോല്‍പന്നത്തിനായുള്ള ഗവേഷണം പരാജയപ്പെട്ടപ്പോള്‍ 'ലെവോഫെന്റാലിന്‍' എന്ന ഈ മാരക വിഷത്തിന്റെ ഫോര്‍മുല മോഷ്ടിച്ചെടുത്ത മൊസാദ് വിപണിയിലില്ലാത്ത ഈ ഔഷധം സ്വന്തം ലാബറട്ടറിയില്‍ രഹസ്യമായി നിര്‍മിക്കുകയായിരുന്നു. അബദ്ധത്തില്‍ മൊസാദ് ഏജന്റുമാര്‍തന്നെ ഇതിന് ഇരയായാല്‍ രക്ഷപ്പെടുത്താനായി മറുമരുന്നും വികസിപ്പിച്ചെടുത്തു. നാര്‍കാന്‍ എന്ന ഈ മരുന്നും അമ്മാനിലെത്തിയ മൊസാദ് കൊലയാളി സംഘത്തില്‍പെട്ട വനിതാഡോക്ടര്‍ താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍ നിന്ന് കണ്ടെടുത്ത സിറിഞ്ചിലെ മരുന്നും ഒന്നാണെന്ന് കണ്ടെത്തി.
മൊസാദ് എജന്റുമാരെ കൈകാര്യം ചെയ്യുന്ന വിഷയവും എട്ട് വര്‍ഷമായി ഇസ്രായേലി ജയിലില്‍ കഴിയുന്ന ഷൈഖ് അഹമദ് യാസീന്റെ മോചനവും ചര്‍ച്ചചെയ്യവേ ജോര്‍ഡാനില്‍ മിശ്അലിന്റെ സഹപ്രവര്‍ത്തകനായിരുന്ന മൂസ മര്‍സൂഖ്, ഷൈഖ് അഹമദ് യാസീന്റെ കൂടെ ജയിയലിലുള്ള 100 ഫലസ്തീന്‍ തടവുകാരെയെങ്കിലും മോചിപ്പിക്കണമെന്ന ആവശ്യം മുമ്പോട്ടുവെച്ചു. ഹുസൈന്‍ രാജാവിനെ നേരില്‍ കണ്ട് മാപ്പുചോദിക്കാനും പിടിയിലുള്ള മൊസാദ് ഏജന്റുമാരെ മോചിപ്പിക്കാനും പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ക്യാബിനറ്റ് അംഗങ്ങള്‍ അമ്മാനിലക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. സെപ്‌തെംബര്‍ 29 ഞാറാഴ്ച അര്‍ധരാത്രി പ്രത്യേക കോപ്റ്ററില്‍ പ്രോട്ടോകാളിനു വിരുദ്ധമായി ഒന്നിലധികം കേബിനറ്റ് മന്ത്രിമാരും പ്രധാനമന്ത്രിയും ഒരേവാഹനത്തില്‍ പുറപ്പെട്ടു. ജോര്‍ഡാനിലെ റോയല്‍ ഹെലിപാഡില്‍ ലാന്‍ഡ് ചെയ്യാന്‍ സമ്മതം കിട്ടിയെങ്കിലും ഒരു രാഷ്ട്രത്തലവന് കിട്ടേണ്ട സ്വീകരണമൊന്നും നെതന്യാഹുവിനും സംഘത്തിനും ലഭിച്ചില്ല. അവരെ കാണാനും ഹുസൈന്‍ രാജാവ് തയാറായില്ല. രാജാവിന്റെ ഓഫീസ് ഡയറക്ടരുടെ ഫാംഹൗസിലേക്കാണ് അവരെ കൊണ്ടുപോയത്. കിരീടാവകാശി ഹസന്‍ രാജകുമാരനേയാണ് ചര്‍ച്ചക്കയച്ചത്. ചര്‍ച്ചയില്‍ മൊസാദ് എജന്റുമാരെ വിട്ടുകൊടുക്കുമെന്ന ഒരു ഉറപ്പും കിട്ടാതെ നിരാശരായി മടങ്ങി അവര്‍.

ഷൈഖ് അഹമദ് യാസീന്‍
പ്രതിഛായ വഷളായ നെതന്യാഹു സംഭവത്തിന്റെ ഇത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് 1997 ഒക്‌ടോബര്‍ അഞ്ചിന് പരസ്യ പ്രസ്താവനയിറക്കി. ഇത്തരത്തിലുള്ള ഓപറേഷനുകള്‍ നിര്‍ത്തിവെക്കുമെന്ന ഒരു സൂചനയും പ്രസ്താവനയിലില്ലായിരുന്നു. തുടര്‍ന്നു സംഭവം അന്വേഷിച്ച ഇസ്രായേലി അന്വേഷണക്കമ്മീഷന്റെ പരാമര്‍ശങ്ങള്‍ കാരണം മൊസാദ് തലവന്‍ രാജിവെക്കേണ്ടിവന്നു. ഹുസൈന്‍ രാജാവും നെതന്യാഹുവും തമ്മിലുണ്ടാക്കിയ ഒരു ഒത്തുതീര്‍പ്പുപ്രകാരം രണ്ട് ഏജന്റുമാരെയും വെറുതെ വിട്ടു. 1997 ഒക്‌ടോബര്‍ ആറിന് പകല്‍ രണ്ട് മണിയോടെ ഇന്റലിജന്‍സ് ആസ്ഥാനത്തുനിന്ന് ചികല്‍സക്കുശേഷം ഖാലിദ് മിശ്അലിനേയും ശൈഖ് യാസീനേയും വഹിച്ചുള്ള സൈനിക ഹെലികോപ്റ്റര്‍ ഗസ്സയിലേക്കും മൊസാദ് ഏജന്റുമാരെ കയറ്റിയ മറ്റൊരു കോപ്റ്റര്‍ തെല്‍അവീവിലേക്കും പറന്നുയര്‍ന്നു. മിശ്അലിന്റെ ജീവന്‍ രക്ഷപ്പെടുത്തിയതോടൊപ്പം വര്‍ഷങ്ങളായി ഇസ്രയേലി ജയിലില്‍ യാതന അനുഭവിക്കുകയായിരുന്ന പരമോന്നതനേതാവ് ശൈഖ് അഹമദ് യാസീന്നും നാല്‍പ്പത് ഫലസ്തീന്‍ തടവുകാര്‍ക്ക് ജയില്‍മോചനവും ലഭിച്ച ഈ സംഭവം ഹമാസിനെ സംബന്ധിച്ചേടത്തോളം ഒരു ലാഭക്കച്ചവടമായാണ് അവസാനിച്ചത്.



കടപ്പാട് :Praveen Vs