Monday, September 4, 2017

India - China conflict (Part-2)

ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യ സ്വതന്ത്രമായതിനു പിന്നാലെ തന്നെ 1949ൽ സായുധ വിപ്ലവത്തിലൂടെ ചൈനയിൽ അധികാരത്തിലേറിയ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിലുള്ള ഗവന്മെന്റ് ടിബറ്റിന്റെ വിമോചനമാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രധാന ചുമതലകളിലൊന്ന് എന്ന് പ്രഖ്യാപിച്ചതോടെ ടിബറ്റിന്റെ പരമാധികാരത്തിനുമേൽ വീണ്ടും ഇരുൾ വീണു. 1950 ആഗസ്റ്റിൽ PLA ടിബറ്റിൽ പ്രവേശിച്ചു സൈനികമായി ചൈനയെ ഒരുവിധത്തിലും പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ടിബറ്റിനുവേണ്ടി നേരിട്ട് പടനീക്കം നടത്തുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരുന്നു. ഇന്ത്യയെന്നല്ല ചൈനയുടെ ശത്രുരാജ്യങ്ങൾപോലും ആ സാഹസത്തിനു മുതിർന്നില്ല. 

ടിബറ്റിന്റെ അഭ്യർത്ഥന UNO യിൽ ചർച്ചക്ക് വന്നെപ്പോഴും ചൈനയും ടിബറ്റും തമ്മിലുള്ള ബന്ധത്തിന്റെ നിയമവശം വ്യക്തമല്ലാത്തതുകൊണ്ട് ചർച്ച മാറ്റിവെക്കണമെന്ന ഇംഗ്ലണ്ടിന്റെ നിലപാടിനെ ഇന്ത്യയും പിന്താങ്ങി. അങ്ങനെ ബ്രിട്ടീഷുകാർ മുൻകൈയെടുത്തു വളർത്തിയെടുത്ത ടിബറ്റൻ സ്വയംഭരണത്തിന് അവർ തന്നെ കർട്ടനിട്ടുകൊടുത്തു. വൈകാതെതന്നെ (1951 മെയ് 23 ന് ) ടിബറ്റുമായി ഒപ്പുവച്ച ഒരു 17 ഇന ഉടമ്പടിയിലൂടെ ചൈന ടിബറ്റിന്റെ ഭരണാവകാശം നിയമപരമായി നേടിയെടുത്തു. അങ്ങനെ 40 വർഷങ്ങൾക്കു ശേഷം ചൈന വീണ്ടും ഇന്ത്യൻ അതിർത്തിയുടെ പടിവാതിൽക്കലെത്തി. മുൻപ് ഈ സാമീപ്യം വന്നപ്പോൾ ബ്രിട്ടീഷ് ഇന്ത്യ അഥവാ ബ്രിട്ടൺ സുശക്തവും ചൈന പൊതുവേ ദുർബലവുമായിരുന്നെങ്കിൽ ഇപ്പോൾ ചൈന വളരെ ശക്തവും ഇന്ത്യ തീരെ ദുർബലവും ആയിരുന്നു എന്നത് പക്ഷേ ഒരു ദുർവിധിയായി. 
ഈ സമയം ടിബറ്റൻ വിഷയത്തിൽ ഇന്ത്യ നിഷ്‌ക്രിയത്വം കാണിച്ചതിനെതിരെ സാക്ഷാൽ സർദാർ വല്ലഭായ് പട്ടേൽ തന്നെ നെഹ്‌റുവിന് കത്തെഴുതി. ചൈന നയത്തിനോടുള്ള എതിർപ്പുകൾക്കപ്പുറം നോർത്ത് ഈസ്റ്റിനടുത്തെ ചൈനയുടെ സാമീപ്യം പ്രദേശത്തിനുണ്ടാക്കുന്ന വെല്ലുവിളികളെ ഓര്മിപ്പിച്ചുകൊണ്ടും അതിനെതിരായി സ്വീകരിക്കേണ്ട മുൻകരുതലുകൾ അക്കമിട്ടുനിരത്തിക്കൊണ്ടുമുള്ളതായിരുന്നു ആ കത്ത്. 

-ചൈനയിൽ നിന്നും നേരിടുന്ന ഭീഷണിയെ സൈനികമായും രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉപയോഗിച്ചും വിലയിരുത്തുക. 
-ഇന്ത്യൻ സൈന്യത്തിന്റെ ശേഷി വിലയിരുത്തുക 
-ചൈനയുടെ uno പ്രവേശനം സംബന്ധിച്ച നിലപാട് പുന:പരിശോധിക്കുക 
-അതിർത്തിപ്രദേശങ്ങളിലെ ഗതാഗത, വാർത്താവിനിമയ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ വളരെ യുക്തിപരവും ഗൗരവമേറിയതുമായ നിർദേശങ്ങളായിരുന്നു ഈ കത്തിലടങ്ങിയിരുന്നത് എങ്കിലും അത് വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടില്ല. 

സ്വാതന്ത്ര്യാനന്തരവും "അഹിംസാവാദത്തിന്റെ" ഹാങ്ങ്‌ ഓവർ മാറാത്ത ഇന്ത്യൻ നേതാക്കൾ സൈനിക ശക്തിക്ക് വേണ്ട പരിഗണന നൽകിയിരുന്നില്ല. ചൈനയിൽ അധികാരമാറ്റത്തിന് സാധ്യത കണ്ടുതുടങ്ങിയപ്പോൾ തന്നെ പ്രതിരോധനടപടികൾ നെഹ്‌റു തുടങ്ങിവച്ചിരുന്നു അവ പക്ഷേ സൈനികേതരം ആയിരുന്നു എന്ന് മാത്രം. അതിനായി നെഹ്‌റു നേപ്പാൾ, സിക്കിം, ഭൂട്ടാൻ തുടങ്ങിയ ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള നിഷ്പക്ഷ രാജ്യങ്ങളുമായി ഉള്ള സഹകരണവും അവരുടെ പിന്തുണയും ശക്തമാക്കുകയും ചെയ്തു. കൂടാതെ ചേരിചേരാ നയം അടക്കമുള്ള പോളിസികളിലൂടെയുള്ള ഇന്ത്യൻ നിലപാടുകൾ ആ കാലയളവിൽ സ്വതന്ത്രമായ പുതുരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യക്ക് ഒരു നായകസ്ഥാനം നൽകി. അങ്ങനെ സൈനികമായി ശക്തമല്ലെങ്കിലും നയതന്ത്രപരമായി ശക്തവും പൊതുസമ്മതനും ആകാനും ഇന്ത്യക്ക്, വ്യക്തമായി പറഞ്ഞാൽ നെഹ്‌റുവിന് കഴിഞ്ഞു. ചൈനയുമായും ഈ സൌഹാർദം വളർത്തിയെടുത്തുകൊണ്ട് ചൈന എന്ന 'ശത്രുവിനെ' ഇല്ലാതാക്കാം എന്നതായിരുന്നു നെഹ്‌റുവിന്റെയും അന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും കാഴ്ചപ്പാട്. അത് തികച്ചും ശരിയുമായിരുന്നു, 1962 യുദ്ധത്തിൽ ചൈനീസ്‌ പട്ടാളക്കാരുടെ തോക്കിൽ നിന്നും ആദ്യവെടി പൊട്ടുന്നതുവരെ മാത്രം.


അതിനുശേഷമാണ് ഇന്ത്യ പട്ടേലിന്റെ ദീര്ഘവീക്ഷണത്തെയും അദ്ദേഹത്തിന്റെ പ്രവചനാത്മകമായ നിർദേശങ്ങളുടെ ആവശ്യകതയെയും തിരിച്ചറിഞ്ഞത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരുന്നു പ്രതിരോധത്തിന്റെ അടിത്തറകെട്ടാതെ ഇന്ത്യ കെട്ടിപ്പൊക്കിയ നയതന്ത്രജ്ഞതയുടെ സൗധം ആ ഒക്ടോബറിൽ തകർന്നുവീണു.

കിഴക്ക് ഇന്ത്യ ടിബറ്റ് അതിർത്തി സിംല കരാറിലൂടെ 1914 ൽ തന്നെ മക്മോഹൻ രേഖവരെ നീട്ടിയിരുന്നെങ്കിലും രണ്ടാംലോകമഹായുദ്ധത്തിനു ശേഷമാണ് മക്മോഹൻ രേഖവരെ ബ്രിട്ടൺ നേരിട്ട് അധിഹാരനിർവ്വഹണം തുടങ്ങിയത് പക്ഷേ അപ്പോഴും തവാങ് അടക്കമുള്ള ചില ഇടങ്ങളിലെ ഗോത്രവർഗ്ഗക്കാരുടെയൊന്നും കാര്യത്തിൽ അവർ ഇടപെട്ടിരുന്നില്ല. 
എന്നാൽ അതിർത്തി പ്രതിരോധത്തിന്റെ ആദ്യപടിയെന്നോണം ചൈനയുമായുള്ള അതിർത്തികളിൽ തീർപ്പുകൽപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മക്മോഹൻ രേഖതന്നെയാണ് അതിർത്തിയെന്ന് പാർലമെന്റിൽ നെഹ്‌റു പ്രസ്താവിച്ചു. തുടർന്ന് മക്മോഹൻ രേഖക്ക് തൊട്ടു കിഴക്ക് വരെയുള്ള എല്ലാ മേഖലയിലേക്കും ഇന്ത്യൻ ഭരണവും അധികാരവും വ്യാപിക്കാൻ അദ്ദേഹം നടപടിയെടുത്തു. അങ്ങനെ 1914 ൽ കയ്യിൽ വന്നു ചേർന്നിട്ടും ഭരണനിർവഹണം നടത്താൻ ബ്രിട്ടീഷുകാർ കടുത്ത അനാസ്ഥ കാണിച്ച നോർത്ത് ഈസ്റ്റ് നിയമപരമായും ഭരണപരമായും പൂർണ്ണമായി ഇന്ത്യൻ സിവിൽ ഭരണത്തിന് കീഴിലായി. 

‌ചൈനയുടെ ഭീഷണി നേരിടാനുള്ള സാമാന്യമായ തന്ത്രത്തിന്റെ പ്രധാന ഭാഗം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ വിശ്വാസമാര്ജിച്ചു ചൈനയുടെ സൗഹൃദം സമ്പാദിക്കുക എന്നതായിരുന്നു. എന്നാൽ മുൻ ഭരണാധികാരിയായിരുന്ന ചിയാൻ കൈഷക്കുമായി നെഹ്റുവിന് വ്യക്തിപരവും ഔദ്യോഗികവുമായി വളരെ അടുത്ത ബന്ധം തന്നെ ഉണ്ടായിരുന്നതിനാൽ തന്നെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സംശയദൃഷ്ടി മാറ്റിയെടുത്തു അവരുടെ പ്രീതിപിടിച്ചുപറ്റുക എന്നത് നെഹ്റുവിന് എളുപ്പമായിരുന്നില്ല. ഇതിനായി uno യിൽ തായ്വാന് പകരം തങ്ങളെ പ്രവേശിപ്പിക്കണമെന്ന ചൈനയുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് ഇന്ത്യ നീക്കങ്ങൾ തുടങ്ങി. തുടർന്ന് un രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനും കൊറിയൻ പ്രശ്നത്തിലും തുടങ്ങി രാജ്യാന്തരവിഷയങ്ങളിലെല്ലാം ചൈനഅനുകൂല നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ചൈനയ്ക്കു അന്താരാഷ്ട്രരംഗത്തുള്ള പ്രാധാന്യം ഇന്ത്യ മാനിക്കുകയും അംഗീകരിക്കുകയും ചെയ്തതോടെ ചൈനയുടെ മനോഭാവത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. ഇന്ത്യയും ചൈനയും തമ്മിൽ അവശേഷിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഇന്ത്യയേ ചൈനതന്നെ ക്ഷണിച്ചു. ടിബറ്റിൽ പാരമ്പര്യമായി ഇന്ത്യക്ക് കൈവന്ന ആസ്തികളിലും അവകാശങ്ങളിലും നിന്നുമുണ്ടായ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിർദേശം 1952 ജൂലായിലാണ് ചൈന മുന്നോട്ടു വച്ചത്. 

ഈ ചർച്ചയിൽ വച്ച് മക്മോഹൻ രേഖയും ചർച്ച ചെയ്യാനും അതിന് ചൈനയുടെ അംഗീകാരം നേടാനും ശ്രമിക്കാം എന്ന് നയതന്ത്ര വിദഗ്ധരുടെ ഉപദേശം ലഭിച്ചെങ്കിലും മക്മോഹൻ രേഖയിൽ നമ്മുടെ അവകാശങ്ങളിൽ നമുക്ക് സംശയങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ അത് ചർച്ചക്ക് വിഷയമാക്കേണ്ടതില്ല എന്നതായിരുന്നു നെഹ്രുവിന്റെ നിലപാട്.ടിബറ്റിൽ ഇന്ത്യക്ക് സ്വന്തമായി ധാരാളം വാർത്താവിനിമയ സംവിധാനങ്ങളും ഭൂമിയും മറ്റു ആസ്തികളും ഉണ്ടായിരുന്നു. ഈ ചർച്ചയിലൂടെ ടിബറ്റിൽ ഇന്ത്യക്ക് പാരമ്പര്യമായി ലഭിച്ച ഇത്തരത്തിലുള്ള എല്ലാ അവകാശങ്ങളും ഭൂമിയും ഇന്ത്യ നിരുപാധികം ചൈനക്ക് വിട്ടുകൊടുക്കുകയും അവിടെ ഇന്ത്യക്കുണ്ടായിരുന്ന സൈനിക അകമ്പടികൾ പിൻവലിക്കുകയും ചെയ്തുകൊണ്ടുള്ള കരാറിൽ ഒപ്പുവച്ചതോടെ തന്നെ ചൈന മക്മോഹൻ രേഖയെ അംഗീകരിക്കുന്നതിന് തുല്യമായി. കാരണം, ടിബറ്റിൽ ഇന്ത്യക്ക് ഈ അധികാരങ്ങളും ആസ്തികളും എല്ലാം ലഭിച്ചത് മക്മോഹൻ രേഖ നിർണ്ണയിച്ച 1914 ലെ സിംല കരാറിലൂടെ തന്നെയായിരുന്നു. സിംല കരാറിലൂടെ ഇന്ത്യക്ക് ലഭിച്ച എല്ലാ അവകാശങ്ങളും അംഗീകരിക്കുന്നതിലൂടെ സിംല കരാറിലൂടെ രൂപീകൃതമായ മക്മോഹൻ രേഖയും സിംല കരാറും ഞങ്ങൾ അംഗീകരിക്കുന്നില്ല എന്ന ചൈനയുടെ വാദം പ്രത്യക്ഷത്തിൽ അവസാനിച്ചു. ലോകതിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ 1954ലെ പഞ്ചശീല ഉടമ്പടിയും ഈ ചർച്ചകളുടെ ഉല്പന്നമായിരുന്നു. എന്നാൽ കിഴക്കിലെ ഇന്ത്യൻ അതിർത്തി നമ്മൾ പൂർണ്ണമായും ഭരണത്തിൽ കൊണ്ടുവന്നപ്പോൾ ആ അതിർത്തിയിൽ അതൃപ്തിയുണ്ടായിരുന്ന ചൈന മൗനം പാലിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം കൊണ്ട് മാത്രം ആയിരുന്നില്ല. ഇന്ത്യ കിഴക്കിൽ അധികാരം സ്ഥാപിച്ചപ്പോൾ അങ്ങ് പടിഞ്ഞാറ് കാശ്മീരിൽ രണ്ടു രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്ന ഒരു പ്രദേശമായ അക്‌സായിചിൻ വഴി ടിബറ്റിലേക്ക് ചൈന രഹസ്യമായി ഒരു റോഡ്‌ നിര്മിക്കുന്നുണ്ടായിരുന്നു. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനാവുന്ന വളരെ തന്ത്രപ്രധാനമായ ഈ വലിയ പ്രൊജക്റ്റിന്റെ പൂർത്തീകരണത്തിന് മുൻപ് കിഴക്കൻ മേഘലയിൽ അവകാശമുന്നയിച്ചാൽ അത് അക്‌സായിചിൻ മേഖലയിലേക്ക് ഇന്ത്യയുടെ ശ്രദ്ധ ക്ഷണിക്കൽ ആകുമെന്ന് മനസ്സിലാക്കിയ ചൈന കിഴക്കിൽ താൽക്കാലികമായി മൗനം പാലിക്കുകയായിരുന്നു എന്ന് വേണം കരുതാൻ. 





അതേസമയം തന്നെ കിഴക്കൻ അതിർത്തി സുസ്ഥിരമാക്കിയ ഇന്ത്യ അടുത്തപടിയായി സംശയങ്ങൾക്കതീതമായി ഒരു പൂർണ്ണമായ മാപ്പ് തയ്യാറാക്കാനും തർക്കപ്രദർശങ്ങളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ഇത് പ്രകാരം 1954ൽ സർവ്വേ ഓഫ്‌ ഇന്ത്യ നാം ഇന്ന് കാണുന്നതരത്തിൽ അതിർത്തികൾ നിര്ണയിച്ചുകൊണ്ടുള്ള ഒരു മാപ്പ് തയ്യാറാക്കുകയും ചെയ്തു.ഇതിന് മുൻപ് ഇന്ത്യ ഗവന്മെന്റ് പുറത്തിറക്കിയ മാപ്പിൽ കിഴക്കൻ മേഘലയിൽ മക്മോഹൻ രേഖ വരച്ചിരുന്നെങ്കിലും അതിർത്തി അടയാളപ്പെടുത്തിയിട്ടില്ല എന്ന് കാണിച്ചിരുന്നു അതുപോലെ പടിഞ്ഞാറും മദ്ധ്യഭാഗത്തും അതിർത്തിരേഖ വരക്കുന്നതിനു പകരം വർണ്ണവ്യത്യാസം വരുത്തി അതിർത്തിനിര്ണയിച്ചിട്ടില്ല എന്നെഴുതി. എന്നാൽ പുതിയ മാപ്പിൽ കിഴക്കൻ ബോർഡറിന് പുറമേ മദ്ധ്യഭാഗവും പടിഞ്ഞാറും വ്യക്തമായി വേർതിരിച്ചു കാണിച്ചു ഇതിൽചൈനയും അവരുടേതെന്ന് അവകാശപ്പെടുന്ന അക്‌സായിചിന് പ്രദേശവും പെട്ടിരുന്നു. ലഡാക്കിനും ചൈനക്കും ഇടയിലുള്ള അതിർത്തി ഒരിക്കൽപോലും ഔപചാരികമായി അളന്ന് തിരിക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നിരിക്കെ ഇന്ത്യ ഏകപക്ഷീയമായി ഇങ്ങനെ ഒരു അതിർത്തി നിർണ്ണയം നടത്തിയത് ചൈനയെ ചൊടിപ്പിക്കാൻ പോന്ന ഒരു വീഴ്ചയാണെന്ന്‌ നിസ്സംശയം പറയാം. 

അക്‌സായി ചിന് ചൈനയ്ക്കു നൽകിക്കൊണ്ട് ജമ്മു കശ്മീർ ഭൂപടത്തിൽ എന്ത് മാറ്റം വരുത്തിയാലും അത് കശ്മീർ വിഷയത്തിൽ uno യിൽ പരിഗണനയുള്ള ഇന്ത്യ പാക് കേസിനെ പ്രതികൂലമായി ബാധിക്കാനും കേസിൽ ഇന്ത്യൻ വാദങ്ങൾ ദുര്ബലമാകാനും സാധ്യത ഉള്ളതിനാൽ ആണ് നെഹ്‌റു ഇത്തരം ഒരു തീരുമാനത്തിലെത്തിയത് എന്ന് പറയപ്പെടുന്നുണ്ട്. ഏതായാലും നിയമപരമായി വ്യക്തമായ പിൻബലമില്ലാതെ നിർമിച്ച ഈ മാപ്പ് ആണ് ഇന്ത്യ - ചൈന യുദ്ധത്തിലേക്കുനയിച്ച ആദ്യ വഴിത്തിരിവ് എന്ന് പറയാം.

ഈ മാപ്പ് പ്രകാരം അതിർത്തിയിൽ ഉടനീളം ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചതോടെ ഇന്ത്യൻ പട്ടാളം അതിർത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയെന്ന ചൈനയുടെ പരാതികൾ ആരംഭിച്ചു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ചെക്പോസ്റ്റുകൾ അതിർത്തിയിൽനിന്നും വളരെ ഉള്ളിലായിരുന്നു സ്ഥാപിച്ചിരുന്നത് എന്നതിനാൽ ഇവിടങ്ങളിൽ പ്രശ്നങ്ങൾ കുറവായിരുന്നു. പരാതികൾ മിക്കവയും മധ്യമേഖലയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിർത്തിരേഖകടന്നു പോകുന്ന പാതകളും ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങളും പോലും തങ്ങളുടെ ഭൂമിയിലാണെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടുവെങ്കിലും ഇവയിൽ പലതും നയതന്ത്ര തലത്തിൽ പ്രതിഷേധക്കുറിപ്പുകൾ കൈമാറിയതോടെ അവസാനിച്ചു. 
മധ്യമേഖലയിൽ ഇങ്ങനെ ചെറിയ തർക്കങ്ങൾ തുടങ്ങുന്ന സമയത്താണ് അക്‌സായി ചിന്നിൽ ചൈന നടത്തുന്ന റോഡ് നിർമ്മാണത്തെക്കുറിച്ചു ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നത്. 

വർഷങ്ങളോളം സമയം എടുത്തു ചൈന നടത്തിയ ഈ വലിയ റോഡിന്റെ നിര്മാണപ്രവർത്തനങ്ങളെക്കുറിച്ചു ടിബറ്റിലെ ഇന്ത്യൻ ട്രേഡ് ഏജന്റ് 1955ൽ തന്നെ ഇന്ത്യൻ ഗവണ്മെന്റിനെ അറിയിച്ചിരുന്നെങ്കിലും വിദേശകാര്യവകുപ്പ് അത് അവഗണിച്ചു അതിനുശേഷം 1957 സെപ്റ്റംബറിൽ ഈ റോഡിന്റെ പണി പൂർത്തിയായ വാർത്ത‍ ചൈനീസ് പത്രങ്ങളിൽ വന്നപ്പോഴാണ് ഇന്ത്യൻ ഭൂപടത്തിനുള്ളിൽ നടന്ന ഇത്രയും ദീർഘമായ ഒരു പ്രവൃത്തിയെക്കുറിച്ചു ഗവന്മെന്റ് അറിയുന്നത് തന്നെ. ഇത് തന്നെ അന്നത്തെ ഇന്ത്യൻ ഇന്റലിജൻസ്, പ്രതിരോധ സംവിധാനങ്ങളുടെ കാര്യപ്രാപ്തി വെളിപ്പെടുത്താൻ പോന്നതാണ്. വാർത്ത‍ അറിഞ്ഞ ശേഷവും റോഡിന്റെ സ്ഥാനവും മറ്റു വിവരങ്ങളും പരിശോധിക്കുന്നതിന് രണ്ടു റോന്തുചുറ്റൽ സംഘങ്ങളെ അയക്കാൻ ഇന്ത്യക്ക് സാധിക്കുന്നത് ഒരു വര്ഷത്തിനു ശേഷം 1958 സെപ്റ്റംബറിൽ ആണ്. ഇതിൽ ഒരു സംഘം പരിശോധന പൂർത്തിയാക്കി മടങ്ങിവന്നു ഇന്ത്യയുടേതെന്നവകാശപ്പെടുന്ന സ്ഥലത്തുകൂടെയാണ് റോഡ് കടന്നുപോകുന്നത് എന്ന് സ്ഥിരീകരിച്ചു. പക്ഷേ രണ്ടാമത്തെ സംഘത്തെ ചൈനീസ്‌ പട്ടാളം തടഞ്ഞുവച്ചു. വിദേശ കാര്യമന്ത്രാലയം ഇടപെട്ടതിനുശേഷമാണ് അവരെ വിട്ടയച്ചത്. 

ഇതേസമയം ചൈനയിലെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സ്വേച്ഛാധിപത്യപരമായ സമ്പ്രദായങ്ങൾക്കും ടിബറ്റിലെ നിലവിലെ സാമൂഹ്യവ്യവസ്ഥിതിയിൽ മാറ്റം വരുത്താനുള്ള നടപടികൾക്കുമെതിരെ ടിബറ്റിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഉച്ചസ്ഥായിയിലെത്തിയിരുന്നു. പ്രക്ഷോഭകർക്ക് cia യും തായ്‌വാൻ ചാരസംഘടനയും സഹായം നൽകിയിരുന്നത് വാസ്തവമായിരുന്നുവെങ്കിലും ചൈനയുടെ ദൃഷ്ടിയിൽ ഇന്ത്യയും സംശയത്തിനിരയായി. 

അക്‌സായിചിനിലെ റോഡിന്റെ നിർമ്മാണം പൂർത്തിയായതോടെ ചൈന അതിർത്തിയിൽ അതുവരെ കാണിച്ചിരുന്ന ഭാവത്തിൽ നിന്നു മാറി തുടങ്ങി അതിനു തുടക്കമെന്നോണം അവർ 1958 ജൂലായിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ അക്‌സായി ചിന്നിനു പുറമേ നോർത്ത് ഈസ്റ്റിലെയും ഭൂട്ടാനിലെയും അന്നത്തെ ഉത്തർപ്രദേശിലെയും കുറേ പ്രദേശങ്ങൾ അവരുടേതായി കാണിച്ചു. ആ ഭൂപടപ്രകാരം കാശ്മീരിൽ അതിർത്തി അക്‌സായിചിന് കടന്നു ലഡാക്കിലെ കുറേ അധികം സ്ഥലങ്ങളും വിഴുങ്ങിയിരുന്നു.
ചൈനയുടെ മുൻപുള്ള ഭൂപടങ്ങളിലും പടിഞ്ഞാറും കിഴക്കും തർക്കപ്രദേശങ്ങളിൽ ഇങ്ങനെ വന്നിരുന്നെങ്കിലും പഴയ ഭൂപടങ്ങൾ തിരുത്താൻ സമയം കിട്ടാതിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നായിരുന്നു അന്ന് വിശദീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ ഭൂപടത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു ഇന്ത്യ കത്തയച്ചപ്പോൾ ചൈന പറഞ്ഞ മറുപടി ഈ ഭാഗങ്ങളിൽ കൂടിയാലോചനകൾ നടത്തുകയും അതിർത്തി വീണ്ടും സർവ്വേ നടത്തുകയും ചെയ്തശേഷം അതിർത്തി രേഖപ്പെടുത്താൻ ഉള്ള പുതിയ രീതി കണ്ടെത്താം എന്നതായിരുന്നു. അതായത് ഇന്നത്തെ ഉത്തരാഖഡ് അടക്കമുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ ഭരണത്തിലുള്ള പ്രദേശങ്ങൾ ഇന്ത്യയുടേതാണോ എന്ന് ചൈനയുമായി ചർച്ചചെയ്തു സർവ്വേ നടത്തി തീരുമാനിക്കാം എന്ന് സാരം. 

ഈ മറുപടി ഇന്ത്യൻ വിദേശകാര്യവകുപ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ നെഹ്‌റു തന്റെ ഉത്കണ്ഠകൾ വിശദീകരിച്ചുകൊണ്ട് തികച്ചും സൗഹാർദ്ദപൂർണ്ണമായി ചൈനീസ്‌ പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചു. പടിഞ്ഞാറൻ മേഖലയിലെയും മധ്യമേഖലയിലെയും പ്രശ്നങ്ങളെ കുറിച്ച് കാര്യമായൊന്നും ഈ കത്തിൽ പ്രതിപാദിച്ചിരുന്നില്ല. കിഴക്കൻ അതിർത്തിയെക്കുറിച്ചു നേരത്തെ തന്നെ ശുഭ സൂചകമായ പ്രതികരണങ്ങൾ ചൈനയിൽ നിന്നും ലഭിച്ചിട്ടുള്ളതിനാൽ അവിടുത്തെ കാര്യങ്ങൾ ചർച്ചചെയ്തു അനുകൂലമായ മറുപടി നേടിയാൽ അത് ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ചു ജനങ്ങളുടെ വികാരം തണുപ്പിക്കാം എന്നും മറ്റിടങ്ങളിലെ പ്രശ്നങ്ങൾ ചൈനീസ്‌ പ്രധാനമന്ത്രിയുമായി നേരിട്ട ചർച്ച നടത്താൻ മാത്രം ഗൗരവമുള്ളതല്ലെന്നും അദ്ദേഹം കരുതിയിരിക്കാം. ഈ കത്തിന് അനുകൂലമായിത്തന്നെ ചൗവിൽ നിന്നും മറുപടി ലഭിച്ചുവെങ്കിലും ആ മറുപടിയെ മാനിക്കാൻ നെഹ്‌റുവിനെ സാഹചര്യങ്ങൾ അനുവദിച്ചില്ല.ഇങ്ങനെ ഒരുപക്ഷേ ചർച്ചയിലൂടെ പരിഹരിക്കാമായിരുന്ന പ്രശ്നങ്ങൾ കൈവിട്ടു പോകാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൂന്നു സംഭവവികാസങ്ങൾ 1959 ൽ ഉണ്ടായി.

1.ടിബറ്റിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ PLA കർശന നടപടികൾ തുടങ്ങിയതോടെ ദലൈലാമ ഇന്ത്യയിലേക്ക്‌ രക്ഷപ്പെടുകയും ഇന്ത്യ ലാമക്ക് അഭയം നല്കുകയും ചെയ്തു. ഇതോടെ ടിബറ്റൻ പ്രക്ഷോഭത്തിനു പിന്നിൽ ഇന്ത്യയുടെ കരങ്ങളും ഉണ്ടെന്ന ചൈനയുടെ സംശയം ശക്തമാവുകയും പല പ്രമുഖ നേതാക്കളും ഇന്ത്യക്കെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു അമേരിക്കയുടെ സാമ്രാജ്യത്വതാൽപ്പര്യങ്ങൾക്ക് ഒപ്പം നിന്ന് കൊണ്ട് cia യുമായി ചേർന്ന് ഇന്ത്യ ഗൂഢാലോചന നടത്തുന്നു എന്നതായിരുന്നു അവരുടെ ആരോപണം
2.ഇതേ സമയം ഇന്ത്യയിൽ ചൈനയുടെ ചിന്താഗതികൾക്ക് നേരെ വിപരീതമായി ജനങ്ങൾക്കിടയിൽ ശക്തമായ ചൈന വിരുദ്ധ വികാരം രൂപം കൊണ്ടു. ദലൈലാമയെ ധീരനായകനായി അംഗീകരിച്ച ഇന്ത്യക്കാർ ചൈനക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും മറ്റും വ്യാപകമായി നടത്തി. ബോംബെയിൽ വച്ച് നടന്ന ഒരു പ്രകടനത്തിൽ ജനങ്ങൾ ചൈനീസ്‌ കോൺസുലേറ്റിൽ സ്ഥാപിച്ചിരുന്ന മാവോയുടെ ചിത്രത്തിന് നേർക്ക്‌ ചീമുട്ടകൾ വലിച്ചെറിഞ്ഞു. 

പാർലമെന്റിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല ഇതിനിടെ അക്‌സായിചിന്നിൽ ചൈന റോഡ് നിർമിച്ചതും പട്രോളിംഗിന് ചെന്ന ഇന്ത്യൻ സൈനികരെ ചൈന അരസ്റ്റ് ചെയ്തതുമയുള്ള പഴയ വാർത്തകൾ കൂടെ പുറത്തുവന്നതോടെ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങൾ അതിരൂക്ഷമായി. ചൈനയോടുള്ള ഗവണ്മെന്റിന്റെ ഇതുവരെയുള്ള നയം എല്ലാവിധത്തിലും വിമർശനത്തിനു പാത്രമായി. ചൈന വിഷയത്തിൽ തുടർന്നെടുക്കുന്ന എല്ലാ നടപടികളും പാർലമെന്റിൽ ചർച്ച ചെയ്യാൻ നെഹ്‌റു നിർബന്ധിതനായി തീരുകയും ചെയ്തു.ഇങ്ങനെയൊരു കടിഞ്ഞാൺ നെഹ്‌റുവിൽ അടിച്ചേല്പിക്കപ്പെട്ടതോടെ നെഹ്രുവിന്റെ വിവേകപൂർണ്ണമായ നയതന്ത്ര ചാതുര്യത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വികാരവിക്ഷോഭങ്ങൾ മറികടക്കാൻ തുടങ്ങി. സംയമനം പാലിക്കേണ്ടുന്ന സമയങ്ങളിൽ പോലും പാർലമെന്റിനെ തൃപ്തനാക്കാൻ വേണ്ടി ധിക്കാരപൂർവ്വമായ നടപടികൾ കൈക്കൊള്ളേണ്ടതായും വന്നു. ഇത് നയതന്ത്രതലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ദുസ്സഹമാക്കി തീർത്തു. ഈ സംഭവങ്ങൾ ചൈനക്കും ഇഷ്ടപ്പെട്ടില്ല. ഇങ്ങനെ രണ്ടു രാഷ്ട്രങ്ങളിലെയും ആഭ്യന്തരവികാരം പരസ്പരം ശത്രുതാപരമായി വളർന്നതോടെ അതിർത്തി വിഷയത്തിൽ കർക്കശമായ നിലപാടെടുക്കാൻ രണ്ടു പ്രധാനമന്ത്രിമാരും നിര്ബന്ധിതരായി.

3. 1959 മുതൽ രണ്ടു രാഷ്ട്രങ്ങളിലെയും സായുധസേനകൾ പരസ്പരം സംഘട്ടനത്തിൽ ഏർപ്പെട്ടു തുടങ്ങി. സെപ്റ്റംബെർ മാസം ലോങ്‌ജൂവിൽ നിലയുറപ്പിച്ചിരുന്ന ആസ്സാം റൈഫിൾസിന്റെ ചെറിയ സംഘത്തെ ഇരുന്നൂറോളം വരുന്ന ചൈനീസ്‌ സായുധ സൈന്യം പിറകോട്ടു സാംബ പാലത്തിലേക്ക് തള്ളിമാറ്റി ഈ പാലമാണ് അതിർത്തിയെന്നും അതിനപ്പുറം ചൈന ഭൂമിയാണെന്നും അവകാശപ്പെട്ടു തികച്ചും സംഘർഷഭരിതമായ അന്തരീക്ഷം ആയിരുന്നെങ്കിലും അവിടെ വെടിവപ്പ് നടന്നില്ല.
1958 ഡിസംബറിൽ പ്രശ്നപരിഹാരാര്ഥം നെഹ്‌റു അയച്ചിരുന്ന കത്തിന് ജനുവരിയിൽ തന്നെ ചൗ മറുപടി നൽകിയിരുന്നു. ഇതുപ്രകാരം അക്‌സായി ചിന് ഭാഗത്തു ഇന്ത്യ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണെങ്കിൽ കിഴക്കിലെ പ്രശ്നത്തിൽ പ്രായോഗികമായ നടപടി കൈക്കൊള്ളാം എന്ന് ചൗ വാഗ്ദാനം ചെയ്തിരുന്നു. പോസിറ്റിവായ ഒരു മറുപടി ആയിരുന്നെങ്കിലും ഇത് ഒറ്റയടിക്ക് മുഴുവനായി അംഗീകരിക്കാതെ സിക്കിം, നേഫ, ലഡാക്ക് എന്നിവിടങ്ങളിലെ ഇന്ത്യൻ അവകാശം ന്യായീകരിച്ചുകൊണ്ട് വിശദമായ ഒരു മറുപടി നൽകുകയാണ് നെഹ്‌റു ചെയ്തിരുന്നത്. 

എന്നാൽ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ മനസ്സിലെ സൌഹൃദമനോഭാവം നശിച്ചത് നയതന്ത്രബന്ധങ്ങളെയും വഷളാക്കിത്തീർത്തു. ഇതോടെ 1959 സെപ്റ്റംബറിൽ ചൗ എഴുതിയ പരുഷമായ ഭാഷയിലുള്ള കത്തിൽ ജനുവരിയിൽ അദ്ദേഹം വാഗ്ദാനം ചെയ്തതിൽ നിന്ന് വ്യത്യസ്തമായി മക്മോഹൻ രേഖയിൽ പോലും ഒരു അനുരഞ്ജനത്തിനുള്ള സാധ്യത ഇല്ലാതാക്കി. എങ്കിലും അദ്ദേഹത്തിന്റെ പഴയ കത്തിനെ അനുസ്മരിച്ചുകൊണ്ടെന്നോണം അക്‌സായി ചിന്നിൽ വിട്ടുവീഴ്ച ചെയ്യാനുള്ള സാധ്യതയെക്കുറിച്ചു നെഹ്‌റു കത്തിലൂടെയും പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലൂടെയും സൂചന നൽകി ഈ കത്തിലൂടെ മക്മോഹൻ രേഖയിലും അക്‌സായി ചിന്നിലും ഉള്ള ഇന്ത്യയുടെ നിലപാടിന് അനുകൂലമായ അനേകം ചരിത്ര വസ്തുതകൾ അവതരിപ്പിക്കുകയും ചെയ്തു. 
തുടർന്ന് വിദേശ കാര്യവകുപ്പിനും പ്രതിരോധസേനകൾക്കുമായി മേഘലയിൽ സമാധാനം നിലനിർത്തുന്നതിനുവേണ്ടി അദ്ദേഹം പ്രത്യേക നിർദ്ദേശങ്ങൾ നൽകി. നമ്മുടെ മേൽ ബലപ്രയോഗം നടത്തുന്നത് വരെ നാം ഏറ്റുമുട്ടലിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും. ചൈനീസ്‌ സേന ഇങ്ങോട്ട് ആദ്യം വെടിവച്ചാലല്ലാതെ ഒരു കാരണവശാലും നാം ആദ്യം നിറയൊഴിക്കരുതെന്നും അക്‌സായി ചിന് ഏരിയയിൽ നിലവിലെ ഉള്ള സ്ഥിതി തന്നെ തുടരണമെന്നുമെല്ലാം ഈ നിർദേശങ്ങളിൽ വ്യക്തമായി പറയുന്നുണ്ടായിരുന്നു. ഇതെല്ലാം പ്രശ്നത്തിലുള്ള നെഹ്രുവിന്റെ തുറന്ന മനോഭാവത്തെ വെളിപ്പെടുത്തുന്നതാണ്. എന്നാൽ അദ്ധേഹത്തിന്റെ ഈ നിർദ്ദേശങ്ങൾക്കുവിരുദ്ധമായി പ്രവര്ത്തിച്ച ഇന്ത്യൻ സേനയുടെ ഇടപെടൽ കാരണം ഒക്ടോബർ 21 ന് കൊങ്ക പാസിൽ ഉണ്ടായ ഏറ്റുമുട്ടൽ സമാധാനപരമായ പരിഹാരം കാണാനുള്ള നെഹ്രുവിന്റെ പരിശ്രമങ്ങൾക്കും അതുവരെ ഇന്ത്യ സ്വാതന്ത്രമാകുന്നതിന്റെ മുൻപുമുതൽക്ക് തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ മുഴുവൻ നയതന്ത്ര പ്രവര്ത്തനങ്ങളുടെ വിജയത്തിനും മേൽ അന്ത്യകൂദാശയർപ്പിച്ചു. 

സിങ്കിയാങ് -ടിബറ്റ് റോഡ്‌ നമ്മൾ അവകാശപ്പെടുന്ന സ്ഥലത്തുകൂടെയാണ് കടന്നുപോകുന്നതെന്ന് സ്ഥിരീകരിച്ച ശേഷം നടന്ന ഒരു യോഗത്തിൽ അതിർത്തിയിൽ കുറേ കൂടി മുന്നോട്ടു കയറ്റിയിക്കൊണ്ട് പുതിയ സൈനിക പോസ്റ്റുകൾ സ്ഥാപിക്കണമെന്നും നിലവിലുള്ളവ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഇന്റലിജൻസ് ബ്യൂറോ തലവൻ നിർദ്ദേശിച്ചിരുന്നു എന്നാൽ ഇത് അനാവശ്യമാണെന്നും മേഖലയിലെ സംഘർഷ സാധ്യത കൂട്ടാനേ ഉപകരിക്കൂ എന്നും ജനറൽ തിമ്മയ്യയും വിദേശകാര്യ സെക്രട്ടറിയും അഭിപ്രായപ്പെട്ടു നെഹ്രുവും ജനറലിന്റെ അഭിപ്രായത്തോടാണ് യോജിച്ചതെങ്കിലും ഐ ബി തലവന്റെ നിശ്ചയദാർഢ്യത്തിനു (പിടിവാശിക്ക് ) വഴങ്ങിക്കൊണ്ട് പുതുതായി നാലു പോസ്റ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി. ഇതുപ്രകാരം 1959 ഒക്ടോബർ 17,18 തിയ്യതികളിലായി രണ്ടു CRPF പോസ്റ്റുകൾ സ്ഥാപിക്കുകയും ഒക്ടോബർ 21 നു കൊങ്ക ലയിലേക്ക് പട്രോൾ സംഘത്തെ അയക്കുകയും ചെയ്തു. തൊട്ടുമുമ്പത്തെ മാസം സമാധാനപൂർവ്വമായി മുന്നോട്ടു പോകാനുള്ള അവസാന ശ്രമമെന്നോണം നെഹ്‌റു നൽകിയ നിർദ്ദേശങ്ങൾക്ക് കടക വിരുദ്ധമായി തർക്കപ്രദേശത്തു പെട്രോളിങ്ങിനിറങ്ങിയ ഈ CRPF സംഘം കൊങ്ക മലമ്പാതക്കു താഴെയുള്ള ചെങ് ചെൻമോ താഴ്‌വരയിൽ വച്ച് ചൈനീസ്‌ ആര്മിയുമായി ഏറ്റുമുട്ടിക്കൊണ്ട് 9 ജവാന്മാരുടെ മരണം ഏറ്റുവാങ്ങി. സംഘത്തിലെ പത്തുപേരെ ചൈന തടവുകാരാക്കുകയും ചെയ്തു.അംഗബലം കൂടുതലുള്ള ഇന്ത്യൻ സംഘം തങ്ങളുടെ പ്രദേശത്ത് കടന്നുകയറി ഡെപ്യൂട്ടി സ്‌ക്വഡ് ലീഡറെ വധിച്ചതിന് ശേഷം മാത്രമാണ് തങ്ങൾ തിരിച്ചു ആക്രമണത്തിന് മുതിർന്നതെന്ന് ചൈന ഉറപ്പിച്ചുപറഞ്ഞപ്പോൾ മര്യാദയില്ലാത്ത ആക്രമണം നടത്തിയത് ചൈനയാണെന്ന് ഇന്ത്യയും തിരിച്ചടിച്ചു ഏതായാലും ചൈന യുദ്ധത്തിലേക്ക് തന്നെ തിരികൊളുത്തിയ ഈ സംഭവത്തിലും നഷ്ടം ഇന്ത്യക്ക് തന്നെയായിരുന്നു. 

ഇതുകൂടെയായപ്പോൾ ചൈനയുമായി സൗഹാർദ്ധപൂർണ്ണമായ ഒരു ഭാവി എന്നത് ഇന്ത്യയിലെ ജനങ്ങളുടെ വികാരങ്ങളുടെ അപ്പുറത്തായി മാറി. സ്വന്തം ജവാന്മാരുടെ മരണവർത്തയറിഞ്ഞ ജനം പ്രതികരണത്തിനായി വീർപ്പുമുട്ടി. മാധ്യമങ്ങളും പ്രതിപക്ഷവും അവസരത്തിനൊത്തു വികാരവിക്ഷോഭങ്ങൾക്ക് തീകൊടുക്കുകയും കൂടിയായപ്പോൾ ചൈനയെ ഒരു ശത്രുരാജ്യത്തിന്റെ ലിസ്റ്റിൽ തന്നെ എഴുതിചേര്ക്കാൻ ഇന്ത്യൻ ഗവന്മെന്റ് നിർബന്ധിതമായി. ഈ എതിർപ്പുകൾ ഒരു തവണകൂടിയെങ്കിലും നയതന്ത്രമാർഗ്ഗത്തിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിനെപ്പോലും എതിർത്തുകൊണ്ടായിരുന്നു. അതിനാൽ തന്നെ ഡിസംബറിൽ ചർച്ചക്കായുള്ള ചൗ വിന്റെ ക്ഷണം നെഹ്‌റു സാങ്കേതികതയുടെ പേരിൽ നിരസിച്ചു. 

സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ പ്രധാനമന്ത്രി എന്ന പദവിയിലുപരിയായി ലോകരാഷ്ട്രങ്ങളുടെയിടയിൽ ആദരണീയനും പൊതുസമ്മതനും ആയ വ്യക്തിയായിരുന്നു നെഹ്‌റു. ചേരിചേരാ നയം, ചൈനയുമായി രൂപപ്പെടുത്തിയ പഞ്ചശീല തത്ത്വങ്ങൾ എന്നിവ അടക്കമുള്ള ലോകശ്രദ്ധ നേടിയ വീക്ഷണങ്ങളിലൂടെ 20 ആം നൂറ്റാണ്ടിന്റെ പകുതിയോടെ സ്വാതന്ത്ര്യമായ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളുടെ ഒരു നേതൃസ്ഥാനം ഇന്ത്യക്ക് ലഭിച്ചിരുന്നു. ആ കാലഘട്ടത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിലെ പ്രശ്നപരിഹാരങ്ങൾക്കുള്ള മധ്യസ്ഥനായും പലപ്പോഴും ഇന്ത്യയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയെപ്പോലൊരു ദരിദ്രരാഷ്ട്രത്തിന്, ഒരു നവജാത ശിശുവിന് ലോകത്തിനു മുന്നിൽ ഇത്രയും ബഹുമാനം പിടിച്ചുപറ്റാനായത് നെഹ്രുവിന്റെ നയതന്ത്രചാതുര്യത്തിന്റെയും വ്യക്തിപ്രഭാവത്തിന്റെയും വലിയ പങ്കോട് കൂടിതന്നെയാണ്. അതിനാൽ തന്നെ അത്രയ്ക്ക് ആദരണീയനായ നെഹ്‌റുവിന് വസ്‌തുതകൾ പൂർണ്ണമായി മനസ്സിലാക്കാതെ പ്രതികരിക്കുന്ന ജനങ്ങളുടെയും മാധ്യമങ്ങളുടെയും വികാരങ്ങൾക്ക് മാത്രം അടിമപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്നതിനും പരിമിതികൾ ഉണ്ടായി.

രാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ ഒരു മേശക്കുചുറ്റും ഇരുന്നു സംസാരിച്ചു തീർക്കാവുന്നതാണെന്ന് ലോകത്തോടാകെ പ്രഖ്യാപിക്കുകയും അതിനായി ചേരിചേരാ രാഷ്ട്രങ്ങളെ സംഘടിപ്പിക്കുകയും ചെയ്ത നെഹ്‌റു തന്നെ സ്വന്തം രാജ്യത്തിൻറെ പ്രശ്നത്തിൽ ചർച്ചകൾക്കുള്ള അവസരം നിഷേധിക്കുന്നത് ലോകത്തിനുമുന്നിൽ ഇന്ത്യക്കുള്ള എല്ലാ ആദരവും ഇടിച്ചു തകർക്കാനും ആഗോളവ്യാപകമായി വിമര്ശനം നേരിടാനും ഉള്ള അവസരം വിളിച്ചുവരുത്തുമായിരുന്നു. ഇതറിയാവുന്ന നെഹ്‌റു 1960 ഏപ്രിൽ 16 നു ചൗവിനെ കൂടിക്കാഴ്ച്ചക്കായി ഇന്ത്യയിലേക്ക്‌ ക്ഷണിക്കുകയും 19 മുതൽ ഏഴു ദിവസത്തെ സന്ദർശനത്തിനായി ചൗ ഇന്ത്യയിലെത്തുകയും ചെയ്തു. 
പക്ഷേ അപ്പോഴും ഈ ചർച്ചകളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അവരെ വിശ്വാസത്തിലെടുക്കുന്നതിനും അദ്ദേഹത്തിന് കഴിയാതെ പോയി. അതിനാൽ തന്നെ ചർച്ചയിലൂടെ ചൈന മുന്നോട്ടുവെക്കുന്ന ഉപാധികൾ എല്ലാം അംഗീകരിച്ചുകൊണ്ട് നെഹ്‌റു ഇന്ത്യയുടെ താൽപ്പര്യങ്ങൾ എല്ലാം ബലികഴിക്കുമെന്നും ചൈനയ്ക്കു മുന്നിലുള്ള ഒരു കീഴടങ്ങലാകും ഈ കൂടിക്കാഴ്ചയെന്നും പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്. 

ഈ ചർച്ചയിൽ വച്ചു മക്മോഹൻ രേഖയെ ചൈന അംഗീകരിക്കാമെന്നും പകരമായി ചൈനയ്ക്കു വളരെ പ്രധാനമായ അക്‌സായിചിന് ചൈനയ്ക്കു വിട്ടുകൊടുക്കണമെന്ന നിർദേശം വീണ്ടും ചൗ വച്ചെങ്കിലും അതൊരു മാറ്റക്കച്ചവടമാണെന്നു പറഞ്ഞു ഇന്ത്യ തള്ളിക്കളഞ്ഞു. തുടർന്ന് ഈ ചർച്ചയിലൂടെ ഒരു പരിഹാരത്തിലെത്തില്ല എന്ന് ബോധ്യമായ ഘട്ടത്തിൽ അതിർത്തിയിലെ സമാധാനം നിലനിർത്താനായി എല്ലാ മേഖലകളിലെയും പട്രോളിംഗ് രണ്ടു രാജ്യങ്ങളും നിർത്തിവെക്കണം, പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കും വരെ രണ്ടുപക്ഷവും നിലവിലുള്ള നിയന്ത്രണരേഖയെ മാനിക്കുകയും അതിനപ്പുറമുള്ള അവകാശവാദങ്ങൾ ഉപേക്ഷിക്കണം എന്ന് തുടങ്ങിയ ആറു നിർദേശങ്ങൾ ചൗ മുന്നോട്ടുവച്ചെങ്കിലും അതിനെ നെഹ്‌റു നിഷേധിച്ചു. ഈ നിഷേധത്തിന് നെഹ്‌റുവിനെ പ്രേരിപ്പിച്ചത് ചൈനയുമായി ഒരുവിധ ഒത്തുതീർപ്പും പാടില്ല എന്ന പൊതുജനാഭിപ്രായം ആണെന്ന് നിസ്സംശയം പറയാം. ഇന്ത്യൻ ഭരണത്തിനുകീഴിലായ മക്മോഹൻ രേഖക്ക് തെക്കുള്ള പ്രദേശത്തെക്കുറിച്ചു ഒരു ചർച്ചയുടെയും ആവശ്യമില്ലെന്നും ഇവിടുത്തെ പട്രോളിംഗ് അടക്കമുള്ള ഒന്നിലും ഒരു മാറ്റവും പറ്റില്ലെന്നുമായിരുന്നു ഇന്ത്യയുടെ വാദം. അങ്ങനെ നയതന്ത്രമാർഗ്ഗത്തിലൂടെ ഇന്ത്യ - ചൈന അതിർത്തി തർക്കം പരിഹരിക്കാൻ വേണ്ടി നടത്തിയ അവസാന കൂടിക്കാഴ്ചയും പ്രത്യേക കരാറുകളൊന്നും ഇല്ലാതെ നിലവിലെ സാഹചര്യങ്ങളിൽ മാറ്റമൊന്നും ഉണ്ടാക്കാതെ അവസാനിച്ചു.


ഇന്ത്യയുടെ കരുത്തായ ആദർശങ്ങളുടെ ബലത്തിലുള്ള യുദ്ധം അതോടെ അവസാനിച്ചു. കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും ഉപരിയായി അതിർത്തിനിര്ണയത്തിനുള്ള അവശേഷിക്കുന്ന ഏക മാർഗ്ഗം സൈനികനടപടികൾ മാത്രമാണ്. എന്നാൽ അതൊരിക്കലും ഇന്ത്യയുടെ പാരമ്പര്യത്തിന് ചേര്ന്നതല്ല അഥവാ ആണെങ്കിൽ പോലും അതിനുള്ള ശേഷിയും ഇന്ത്യക്കില്ല. ഈയവസരത്തിൽ കൊങ്കയിലെ ഏറ്റുമുട്ടലിന്റെ മുറിവും ചൈനയോടുള്ള വൈരാഗ്യബുദ്ധിയും ജനങ്ങൾ മറന്നുതുടങ്ങിയ ശേഷവും ഇന്ത്യ സൈന്യത്തെ ഉപയോഗിച്ച് വെടിക്കോപ്പുകൾ ഉപയോഗിക്കാതെതന്നെയുള്ള ഒരു യുദ്ധത്തിന് കരുക്കൾ നീക്കിത്തുടങ്ങി. അതിർത്തി തർക്കത്തിന്റെ പേരിൽ ഒരിക്കലും ചൈന ഇന്ത്യയെ ആക്രമിക്കില്ല എന്ന് ഉത്തമബോധ്യമുള്ള സൈനിക, രഹസ്യാന്വേഷണ തലവന്മാരും മറ്റും ചേർന്ന് നടപ്പിലാക്കാൻ ശ്രമിച്ച ഈ നടപടി പക്ഷേ ചില ഉന്നത സൈനികഓഫീസർമാരുടെ പിടിപ്പുകേടും ഈഗോയും മറ്റും കാരണം തകർന്നടിയുന്നതും. വിദേശകാര്യമന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്ന പ്രശ്നം പ്രതിരോധമന്ത്രാലയത്തിനു കീഴിലേക്ക് മാറുന്നതും സൈനിക നടപടികൊണ്ടു മാത്രം പരിഹാരം കാണാനാവുന്ന തരത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നതുമാണ് പിന്നീട് കണ്ടത്.

അങ്ങനെ സമാധാനപരമായി തന്നെ ഒരുപക്ഷേ തീർക്കാമായിരുന്ന പ്രശ്നത്തിന് മേൽ ജനങ്ങളുടെ വൈകാരികത വരിഞ്ഞു മുറുകിയപ്പോൾ അത് ചർച്ചകൾ നിഷ്ഫലമാകുന്ന അവസ്ഥയിലേക്കെത്തുകയും അവിടെനിന്നും പ്രായോഗികമായ മുന്കരുതലുകളൊന്നും സ്വീകരിക്കാതെ രഹസ്യാന്വേഷണ ഏജൻസിയും സൈന്യത്തിലെ ചിലരുടെ നിര്ബന്ധബുദ്ധിയും ചേർന്ന് മിടുക്കരായ പല ഓഫീസർമാരുടെയും അർത്ഥവത്തായ താക്കീതുകളെ മറികടന്നു നടത്തിയ ചില നീക്കങ്ങൾ ഇന്ത്യക്ക് ഒരിക്കലും തീരാത്ത നാണക്കേടുണ്ടാക്കിവച്ച് കൊണ്ട് ഇന്ത്യൻ ആർമിയുടെ ഒരു ഡിവിഷനെത്തന്നെ പൂർണ്ണമായി നാമാവശേഷമാക്കിയ,ഡിവിഷൻ കമാണ്ടർ ആയ ലഫ്. ജനറലിനെപ്പോലും സൈനികരുടെ ആത്മവീര്യം പോലും തകർത്തുകൊണ്ട് യുദ്ധഭൂമിയിൽ നിന്ന് ഒളിച്ചോടേണ്ട ഗതികേടിലേക്ക് കൊണ്ടെത്തിച്ച ഇന്ത്യ - ചൈന യുദ്ധത്തിന് 1962 ഒക്ടോബറിൽ തുടക്കം കുറിക്കുകയും ചെയ്തു.