Friday, May 8, 2020

കോയിക്കൽ കൊട്ടാരം



325 വർഷത്തെ ചരിത്രം ഉറങ്ങുന്ന കൊട്ടരമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന കോയിക്കൽ കൊട്ടാരം വിശദമായി പരിശോധിച്ചാൽ ഒരു 400 വർഷത്തെ പഴക്കമെങ്കിലും ഉണ്ടാകും 1677-1684 ഈ കാലഘട്ടത്തിൽ വേണാട് റീജന്റ് തമ്പുരാട്ടി ആയിരുന്ന ഉമയമ്മറാണി നിർമ്മിച്ചതാണ് ഈ കൊട്ടരമെന്നു പറയപ്പെടുന്നു. ഇളയെടുത്തു സ്വരൂപമെന്നാണ് ഈ രാജവംശം അറിയപ്പെട്ടിരുന്നത് അതായത് വേണാട് രാജവംശത്തിന്റെ ഏറ്റവും ഇളയ തായ് വഴി. നെടുമങ്ങാട് പത്തനാപുരം കൊട്ടാരക്കര പിന്നേ ഇപ്പോൾ തമിഴ് നാടിന്റെ അധികാരപരിധിയിൽ ഉള്ള ചെങ്കോട്ട. ഈ പ്രദേശങ്ങൾ എല്ലാം ഒരുകാലത്തു ഉമയ്യമാ റാണിയുടെ അതായത് ഇളയെടുത്തു സ്വരൂപത്തിന്റെ അധികാരപരിധിയിൽ ഉണ്ടായിരുന്നതാണ്. മുകിലിൽ നിന്നുള്ള മുസ്ലീം പോരാളികൾ ഉമയമ്മ തമ്പുരാട്ടിയുടെ കാലത്ത് തിരുവനന്തപുരത്തു ആക്രമണത്തിനായി തമ്പടിച്ചിരുന്നുവെന്നും ഇതിൽ ഭയന്ന റാണി തിരുവനന്തപുത്ത് നിന്നും നെടുമങ്ങാട്ടേക്കു നിലയുറപ്പിച്ചു എന്നു ചരിത്രം പറയുന്നു ഉമയമ്മ റാണിക്ക് നില ഉറപ്പിക്കാൻ വേണ്ടി അന്ന് പണിതതാണ് ഈ കോയിക്കൽ കൊട്ടാരം. സർക്കാരിന്റെ കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ഇന്ന് കോയിക്കൽ കൊട്ടാരം 1992മുതൽ പുരാവസ്തു വകുപ്പിന്റെ ഒരു നാണയപഠനകേന്ദ്രമായി പ്രവർത്തിക്കുന്നു തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നാണയ ശേഖരണവും ഇവിടെയാണ് ഉള്ളത്. ലക്ഷങ്ങൾ വിലയുള്ള റോമൻ സ്വർണ്ണ നാണയങ്ങൾ ഇവിടെ ഉണ്ട്. ഇവിടെ സൂക്ഷിക്കാൻ സാധികാത്ത കുറെ നാണയങ്ങൾ ശ്രീപാദം കൊട്ടാരത്തിലെ നിലവറയിൽ മാറ്റിയിട്ടുണ്ട്. പ്രാചീന നാലുകെട്ട് സമ്പ്രദായത്തിലുള്ള ഈ കൊട്ടാരത്തിൽ ഒരു രഹസ്യമുണ്ട്. പുറത്തേക്കു ഭൂമിക്കടിയിലൂടെ ഒരു തുരങ്കം. കിളിമാനൂർ കൊട്ടാരവുമായി ഈ തുരങ്കത്തിന് ബന്ധമുണ്ടെന്ന് ചില തെളുവുകൾ ലഭിച്ചിട്ടുണ്ട്. പൊതു അവധി ദിവസങ്ങളും തിങ്കളാഴ്ചയും ഒഴികെ ഈ കൊട്ടാരവും പുരാവസ്തു മ്യൂസിയവും നിങ്ങള്ക്ക് വേണ്ടി തുറന്നു കിടക്കും.

Thursday, March 26, 2020

1918 ൽ സൗദിയില്‍ വ്യാപിച്ച സ്പാനിഷ് ജ്വരം

റിയാദ്- രാത്രി ഉറങ്ങാൻ കിടന്ന വീട്ടുകാർ രാവിലെ ഉണർന്നെണീറ്റില്ല. സന്നദ്ധ പ്രവർത്തകരെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുമ്പോൾ കാണുന്നത് ചേതനയറ്റ ശരീരങ്ങൾ. അവയെല്ലാം കുളിപ്പിച്ച് നിസ്‌കരിച്ച് ഖബറടക്കുന്നു. അനുശോചിക്കാനാരുമില്ല. പള്ളികളിലും അങ്ങാടികളിലും ആളനക്കമില്ല. ഒട്ടകങ്ങൾ ഉടമകളില്ലാതെ മരുഭൂമിയിൽ അലഞ്ഞു നടക്കുന്നു. 


നജ്ദിൽ മാത്രം നൂറോളം പേരാണ് ഒരു ദിവസം മരിക്കുന്നത്. എച്ച് വൺ, എൻ വൺ എന്ന് ഇന്ന് അറിയപ്പെടുന്ന സ്പാനിഷ് ജ്വരം സുദൈറിലും നജ്‌ദെന്ന ഇന്നത്തെ റിയാദിലും അൽഹസയിലും മക്കയിലും യാമ്പുവിലും ഇറാഖിലും ഭീകര താണ്ഡവമാടിയത് മൂന്നു മാസത്തോളമായിരുന്നു. കൊറോണ കോവിഡ് വ്യാപിക്കുമ്പോൾ റിയാദുകാരുടെ മനസ്സിൽ ഓടിവരുന്നത് തങ്ങളുടെ പിതാക്കൾ പറഞ്ഞുതന്നിരുന്ന നൂറു വർഷം മുമ്പുള്ള ആ നോവുന്ന ഓർമകളാണ്. 1918 ൽ സ്പാനിഷ് ജ്വരം മനുഷ്യന്റെ പ്രതിരോധ ശേഷിയെ നിശ്ശേഷം നശിപ്പിച്ചായിരുന്നു മുന്നേറിയതെങ്കിലും കോവിഡ് അത്തരമൊരു രീതിയിലല്ല നീങ്ങുന്നതെന്നത് ആശ്വാസമാണ്. സ്പാനിഷ് ജ്വരം ബാധിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനകം മരണം സംഭവിക്കുമായിരുന്നു. നജ്ദിൽ ഹിജ്‌റ വർഷം 1337 സഫർ മാസം 15 മുതൽ റബീഉൽ അവ്വൽ ഏഴുവരെയുള്ള കാലത്തായിരുന്നു ഈ പകർച്ചവ്യാധി അതിന്റെ രൗദ്രഭാവം പൂണ്ടിരുന്നതെന്നാണ് ചരിത്രകാരനായ ഇബ്രാഹീം ബിൻ ഈസാ പറയുന്നത്. മയ്യിത്ത് കട്ടിലുകൾ കൂടുതൽ ലഭ്യമല്ലാത്തതിനാൽ മരപ്പലകകളും കഫൻ പുടയില്ലാത്തതിനാൽ ബ്ലാങ്കറ്റുകളുമായിരുന്നു മരണാനന്തര കർമങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. റബീഉൽ അവ്വൽ അവസാനമായപ്പോഴേക്കും രോഗം വിട്ടൊഴിയുമ്പോൾ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞിരുന്നു. ആധുനിക സൗദി അറേബ്യയുടെ ശിൽപിയായ രാഷ്ട്രപിതാവ് അബ്ദുൽ അസീസ് ആൽ സൗദ് രാജാവിന്റെ മക്കളായ ഫഹദ് അൽഅവ്വൽ, തുർക്കി അൽഅവ്വൽ, ഭാര്യ ജൗഹറ ബിൻതു മുസാഇദ്, ശഖ്‌റാ ട്രഷറി സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽസബീഇ തുടങ്ങിയ പ്രമുഖർ ഈ പകർച്ച വ്യാധികളുടെ ഇരകളായാണ് മരണം പുൽകിയത്.

പകർച്ചപ്പനി തുടങ്ങുന്നതിന്റെ രണ്ടുവർഷം മുമ്പുള്ള റിയാദ് നഗരം



ഒന്നാം ലോക മഹായുദ്ധം അവസാനിച്ച 1918 ൽ അമേരിക്കയിലെ കൻസാസായിരുന്നു ഈ പനിയുടെ പ്രഭവ കേന്ദ്രം. അവിടെ നിന്ന് നാവികർ വഴി ഫ്രാൻസ്, ഓസ്ട്രിയ, ജർമനി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലൂടെ ഈജിപ്തിലെത്തി. ഈജിപ്തിൽ മഹാമാരി അതിന്റെ മൂർധന്യദശയിലായിരുന്ന സമയത്താണ് അവിടെ നിന്ന് തുണികളുമായി രണ്ട് പായക്കപ്പലുകൾ ജിദ്ദയിലെത്തിയത്. ഇതു വഴി രോഗം ജിദ്ദയിൽ പ്രവേശിക്കുകയും അവിടെനിന്ന് മക്കയിലേക്കും യാമ്പുവിലേക്കും പിന്നീട് നജ്ദിലേക്കും കടക്കുകയായിരുന്നുവെന്നാണ് ചരിത്രം.


നജ്ദിന്റെ തെക്ക് ഭാഗത്ത് നിന്ന് ആഞ്ഞുവീശിയ രോഗം എല്ലാ ഗോത്രമേഖലകളെയും കടന്ന് സുദൈർ, വശ്ം, അൽഹസാ, ഇറാഖ് എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചു. രോഗം ബാധിച്ചവരെ വീട്ടിൽ നിന്ന് മാറ്റിനിർത്തി പ്രത്യേക കേന്ദ്രത്തിലിരുത്തി നാട്ടുവൈദ്യം പരീക്ഷിച്ചിരുന്നുവെങ്കിലും ചിലർ മാത്രമാണ് രക്ഷപ്പെട്ടത്. ഇതിനിടെ അബ്ദുൽ അസീസ് രാജാവ് ബഹ്‌റൈനിൽ ആശുപത്രി നടത്തുകയായിരുന്ന അമേരിക്കൻ ഡോക്ടർമാരായ പോൾ ആർമോറിംഗ്, പോൾ ഹാരിസൻ എന്നിവരെ റിയാദിലേക്ക് വിളിച്ചുവരുത്തി ഒരു കെട്ടിടത്തിൽ ആശുപത്രി സജ്ജീകരിച്ച് ആളുകൾക്ക് സൗജന്യ ചികിത്സയൊരുക്കി. അങ്ങനെയാണ് മഹാമാരിയെ നിയന്ത്രണവിധേമാക്കാനായത്. ഡോക്ടർമാരെത്തും മുമ്പേ തന്റെ രണ്ടു മക്കളും രോഗം ബാധിച്ച് മരിച്ചിരുന്നു.

പകർച്ചപ്പനിക്കാലത്തെ നജ്ദ്.



സ്‌പെയിനിൽ 30 ലക്ഷത്തോളം പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. മാധ്യമ സ്വാതന്ത്ര്യം ഏറെയുണ്ടായിരുന്ന സ്‌പെയിനിൽ ഇത് കൂടുതൽ ചർച്ചയാവുകയും അമേരിക്കയാണ് പ്രഭവ കേന്ദ്രമെങ്കിലും പിന്നീട് സ്പാനിഷ് ജ്വരം എന്ന പേരിൽ അറിയപ്പെടുകയുമായിരുന്നു. ലോക ജനസംഖ്യയുടെ മൂന്നു മുതൽ അഞ്ചു ശതമാനം വരെ അഥവാ 50 മുതൽ 100 വരെ മില്യൻ ജനങ്ങൾ ഈ രോഗം ബാധിച്ച് മരിച്ചുവീണെന്നാണ് കണക്ക്. മരിച്ചവരോട് കരുണ ചെയ്യുന്ന കാലമായതിനാൽ കാരുണ്യത്തിന്റെ വർഷമെന്നർഥമുള്ള സനതു റഹ്മ എന്ന പേരിലാണ് ഈ വർഷം അറബികൾക്കിടയിൽ അറിയപ്പെടുന്നത്.

Friday, March 13, 2020

ആനവണ്ടിയുടെ ചരിത്രമറിയുക

രാജാവ് ലണ്ടന്‍ കാണാന്‍ പോയി; വന്നു 60 ചേസിസുകള്‍ കപ്പലില്‍: 80 തികയുന്ന ആനവണ്ടിയുടെ ചരിത്രമറിയുക.


കപ്പലില്‍: 80 തികയുന്ന ആനവണ്ടിയുടെ ചരിത്രമറിയുക Feb 19, 2020, 11:01 AM ISTA A A1938 ഫെബ്രുവരി 20-ന് തിരുവനന്തപുരത്ത് നടന്ന ആ വാഹനഘോഷയാത്ര. അതോടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് എന്ന ജനകീയ വണ്ടിപ്രസ്ഥാനം ഉരുണ്ടുതുടങ്ങി.






കാളവണ്ടിയുഗത്തില്‍ നിന്ന് യന്ത്രയുഗത്തിലേക്കുള്ള ഒരു നാടിന്റെ പരകായ പ്രവേശമായിരുന്നു ആ വാഹന എഴുന്നള്ളത്ത്... യാത്രയെന്ന മനുഷ്യന്റെ അനിവാര്യതയെ സാധ്യമാക്കിയിരുന്ന, മൃഗങ്ങളുടെയും മനുഷ്യരുടെയും കായബലത്തിന് എന്നന്നേയ്ക്കുമായി വിടനല്‍കിയ, ആധുനിക ശാസ്‌ത്രോത്പന്നമായ യന്ത്രത്തേരിലെ യാത്ര കുറിക്കുന്നതു കൂടിയായിരുന്നു.

1938 ഫെബ്രുവരി 20-ന് തിരുവനന്തപുരത്ത് നടന്ന ആ വാഹനഘോഷയാത്ര. അതോടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് എന്ന ജനകീയ വണ്ടിപ്രസ്ഥാനം ഉരുണ്ടുതുടങ്ങി. കാലം മുന്നോട്ട് പാഞ്ഞപ്പോള്‍ അത് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി പരിണമിച്ച് കേരളത്തിനകത്തും പുറത്തും ഓട്ടം തുടങ്ങി. കണക്കുപുസ്തകത്തില്‍ നഷ്ടത്തിന്റെ കളത്തിന് സ്ഥാനവലിപ്പമുള്ള കെ.എസ്.ആര്‍.ടി.സി. മത്സരിച്ചോടുമ്പോള്‍ കിതയ്ക്കുകയാണെങ്കിലും ജനത്തിന്റെ മുഖ്യ ആശ്രയമായി ഇന്നും നിലകൊള്ളുന്നു.

യൂറോപ്യന്‍ പര്യടനവേളയില്‍ അവിടത്തെ, പ്രത്യേകിച്ച് ലണ്ടനില്‍ കണ്ട ജനകീയ ഗതാഗതം തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാളില്‍ ആവേശിച്ചതോടെയാണ് മലയാളമണ്ണില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ്യാത്രാ സംരഭത്തിന് ഉദയമുണ്ടായത്. അക്കാലത്ത് ജലഗതാഗതമായിരുന്നു തിരുവിതാംകൂറിലും കൊച്ചിയിലും മുഖ്യ ആശ്രയം. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിലുള്ള സിമന്റ് റോഡിലും തിരുവനന്തപുരം നഗരത്തിലും അത്യപൂര്‍വമായി ചിലര്‍ മോട്ടോര്‍ വാഹനങ്ങള്‍ പൊതുജനയാത്രയ്ക്കായി ഓടിച്ചിരുന്നു. ഇവര്‍ യാത്രാക്കൂലിയിനത്തില്‍ നടത്തിയ തീവെട്ടിക്കൊള്ള നിരവധി പരാതികളായി രാജസമക്ഷം ലഭിച്ചപ്പോഴാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ന്യായനിരക്കില്‍ ബസ് സര്‍വീസ് തുടങ്ങണമെന്ന ആലോചന ജനിച്ചത്.

ഈ ചിന്ത മനസ്സില്‍ ഒതുങ്ങിയിരിക്കുമ്പോഴായിരുന്നു മഹാരാജാവിന്റെ യൂറോപ്യന്‍ പര്യടനം. ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ സര്‍വീസുകള്‍ കണ്ട് പഠിച്ച അദ്ദേഹം, അതിനെ മാതൃകയാക്കി തന്റെ രാജ്യത്ത് ജനകീയവണ്ടികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ലണ്ടന്‍ സന്ദര്‍ശനവേളയില്‍ത്തന്നെ ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡ് അധികൃതരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. തിരുവിതാംകൂറില്‍ ഇത്തരത്തില്‍ ഗതാഗതപരിഷ്‌കാരം നടപ്പാക്കാനുള്ള മഹാരാജാവിന്റെ ആഗ്രഹത്തിന് അവര്‍ എല്ലാ പിന്തുണയും നല്‍കി. ബോര്‍ഡില്‍ ഓപ്പറേറ്റിങ് സൂപ്രണ്ടായി പ്രവര്‍ത്തിച്ച സി.ജി. സാള്‍ട്ടറെ സേവനത്തിനായി തിരുവിതാംകൂറിന് വിട്ടുനല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു. 1937 സെപ്റ്റംബര്‍ 20-ന് തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ തിരുവിതാംകൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സൂപ്രണ്ടായി നിയമിച്ചുകൊണ്ട് രാജകീയ വിളംബരമുണ്ടായി.

ആദ്യം ഒരു നാട്ടുരാജ്യത്തിനുവേണ്ട യാത്രാസൗകര്യങ്ങള്‍ എന്തെന്ന് മനസ്സിലാക്കിയ സാള്‍ട്ടറുടെ ശുപാര്‍ശപ്രകാരം ഇംഗ്ലണ്ടില്‍നിന്ന് കോമര്‍ കമ്പനിയുടെ അറുപത് ചേസിസുകള്‍ വാങ്ങി. കപ്പലില്‍ എത്തിയ ഈ ചേസിസുകളില്‍ ഘടിപ്പിച്ചിരുന്നത് പെര്‍ക്കിന്‍സ് ഡീസല്‍ എന്‍ജിനുകളായിരുന്നു. സാന്‍ട്ടര്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച മെക്കാനിക്കല്‍ സ്റ്റാഫുകള്‍ക്കായിരുന്നു ബോഡി നിര്‍മാണച്ചുമതല.

ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ സാള്‍ട്ടറുടെ രൂപകല്‍പ്പനയില്‍ തീര്‍ത്ത ഒരു ബസ് ഓടിച്ച് പരീക്ഷണം നടത്തി. അത് വിജയമായതോടെ ആ മാതൃകയില്‍, സാള്‍ട്ടറുടെ മേല്‍നോട്ടത്തില്‍ നാട്ടിലെ മര ഉരുപ്പടികള്‍കൊണ്ട് ചേസിസിന് മുകളിലോട്ട് ബോഡി പണിതുയര്‍ത്തി. ഇരുമ്പ് തകിടും ബോള്‍ട്ടുകളും ബോംബൈയില്‍ നിന്ന് വാങ്ങി. ബസിന്റെ ചില്ലുകളാകട്ടെ ഇംഗ്ലണ്ടില്‍ നിന്നാണ് വരുത്തിയത്.

ഇനി വേണ്ടത് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും. തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ സ്വകാര്യവാഹനങ്ങള്‍ ഓടിച്ചിരുന്നവരെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിലേക്ക് തിരഞ്ഞെടുത്തു. സാള്‍ട്ടര്‍ തന്നെയാണ് ഇവരുടെ മികവ് നേരിട്ട് പരീക്ഷിച്ചത്. അഭ്യസ്ഥവിദ്യരായവരെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടക്ടര്‍മാരാക്കി. നൂറില്‍പ്പരം ബിരുദധാരികളെ ഇന്‍സ്‌പെക്ടര്‍മാരും ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരുമായി തിരഞ്ഞെടുത്തതോടെ ജനകീയ വണ്ടി ഓട്ടത്തിന് സന്നദ്ധമായി.

1938 ഫെബ്രുവരി 20-ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന ഔദ്യോഗിക അറിയിപ്പുണ്ടായി. പൗരപ്രമാണിമാരും ഉദ്യോഗസ്ഥരുമടക്കം വന്‍ജനാവലി നോക്കിനില്‍ക്കെ, മഹാരാജാവും അമ്മമഹാറാണിയും ഇളയരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്തണ്ഡവര്‍മയും അടുത്ത ബന്ധുവായ ക്യാപ്റ്റന്‍ ഗോദവര്‍മ രാജയും ഏറ്റവും മുന്നില്‍ അലങ്കരിച്ച ബസില്‍ കയറി ഇരുന്നു. ഡ്രൈവറുടെ റോളില്‍ സാള്‍ട്ടര്‍ തന്നെ. 

ആദ്യബസ് സ്റ്റാര്‍ട്ടായപ്പോള്‍ തുപ്പിയ പുക ഒരു നാടിന്റെ വികസനമാറ്റത്തിന്റെ അറിയിപ്പുകൂടിയായി. ജനക്കൂട്ടം ആവേശത്താല്‍ ആര്‍പ്പുവിളിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിക്കവേ സാള്‍ട്ടര്‍ ആദ്യ ഗിയര്‍ വലിച്ചു. നാടിന്റെ ചരിത്രത്തിലേക്ക് ഒരു മാറ്റവുമായി ആ ബസ് മെല്ലെ നീങ്ങി. തൊട്ടുപിന്നാലെ മുപ്പത്തിരണ്ട് ബസുകളും അതിന് അകമ്പടിയെന്നോണം ആരവംമുഴക്കി ജനവും.

മെയിന്‍ റോഡ് വഴി കവടിയാര്‍ കൊട്ടാരം വരെയുള്ള ബസിന്റെ രാജകീയ എഴുന്നള്ളത്തോടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഫെബ്രുവരി 21 മുതല്‍ തിരുവനന്തപുരം-കന്യാകുമാരി റൂട്ടില്‍ ഈ ബസുകള്‍ സര്‍വീസ് ആരംഭിച്ചു.

സലൂണ്‍ ബോഡിയുള്ള ബസിന്റെ പിന്നിലായിരുന്നു പ്രവേശനദ്വാരം, നടുവില്‍ സഞ്ചാരമാര്‍ഗം, മുന്‍ഭാഗത്ത് തുകല്‍ പൊതിഞ്ഞ രണ്ട് ഒന്നാംക്ലാസ് സീറ്റുകള്‍. ഒരു ബസില്‍ 23 പേരെ കയറ്റാനായിരുന്നു അനുമതി. ഇവര്‍ക്കിരിക്കാന്‍ തടിസീറ്റുകള്‍. ഓരോ റൂട്ടിലേയും കൂലിനിരക്കുകള്‍ പൊതുജനശ്രദ്ധയ്ക്കായി നാട്ടിലെങ്ങും പ്രദര്‍ശിപ്പിച്ചു. നിശ്ചിത സമയക്രമമനുസരിച്ചാണ് ഓട്ടം. ഒരു മൈലിന് അരച്ചക്രം ആയിരുന്നു കൂലി, മിനിമം കൂലിയും ഇതുതന്നെ. ഒന്നാംക്ലാസ് ടിക്കറ്റിന് അന്‍പത് ശതമാനം നിരക്ക് കൂടും. 

മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഇരിപ്പിടം ഉപയോഗിച്ചില്ലെങ്കില്‍ കൂലി നല്‍കേണ്ട. മൂന്നുമുതല്‍ പതിന്നാല് വയസ്സുവരെയുള്ളവരില്‍നിന്ന് പകുതി കൂലിയായിരുന്നു ഈടാക്കിയത്. കൂലികൊടുത്ത് യാത്ര ചെയ്യുന്നവരുടെ ലഗേജിന് പ്രത്യേകം കൂലിയില്ല. എന്നാല്‍, യാത്രാബസുകളോടൊപ്പം ഒരു പാഴ്സല്‍ ബസും പ്രത്യേകം ഓടിച്ചിരുന്നു. യാത്രക്കാരോടൊപ്പമുള്ള ലഗേജുകള്‍ക്ക് 28 പൗണ്ടിന് മുകളിലാണെങ്കില്‍ പ്രത്യേകം കൂലിയുണ്ടായിരുന്നു. 28 മുതല്‍ 56 പൗണ്ട് വരെയുള്ള ഉരുപ്പടികള്‍ക്ക് നാല് ചക്രവും 56 പൗണ്ട് മുതല്‍ 112 പൗണ്ട് വരെ തൂക്കമുള്ളവയ്ക്ക് ആറ്് ചക്രവുമായിരുന്നു നിരക്ക്.

തിരുവനന്തപുരം കന്യാകുമാരി റൂട്ടിലും അധികം വൈകാതെ നാഗര്‍കോവിലേക്കും സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. കന്യാകുമാരിവരെ മുപ്പതും നാഗര്‍കോവില്‍വരെ നാല്പതും സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. ഗവണ്‍മെന്റിന് വന്‍ലാഭമാണ് ആദ്യവര്‍ഷങ്ങളില്‍ ഈ ബസുകള്‍ നല്‍കിയിരുന്നതെന്ന് പഴയ രേഖകള്‍ പറയുന്നു. ജലാഗതാഗതത്തെ ഊര്‍ജസ്വലമാക്കാന്‍പോലും ഈ ലാഭം വിനിയോഗിച്ചു. എന്തിനേറെ, ഈ ബസുകള്‍ നല്‍കിയ ലാഭങ്ങള്‍ മൂലധനമാക്കി നിര്‍മിച്ച എത്രയോ റോഡുകള്‍ തിരുവനന്തപുരം നഗരത്തിലുണ്ടായി.

തിരുവിതാംകൂറില്‍ തുടങ്ങിയ യാത്രാവിപ്ലവം കൊച്ചിയിലേക്കും മലബാറിലേക്കും വ്യാപിച്ചപ്പോഴേക്കും നാട്ടുരാജ്യങ്ങള്‍ അപ്രത്യക്ഷമായി, പകരം കേരളം വന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി. കേരളത്തിലെമ്പാടും ഓട്ടം തുടങ്ങി... നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കുള്ള ഓട്ടം. എങ്കിലും കേരളീയര്‍ക്ക് ജനകീയവണ്ടികളെ ഒഴിവാക്കാനാവില്ല. എണ്‍പത് വയസ്സ് കഴിഞ്ഞിട്ടും മലയാളിയുടെ ചലനമുദ്ര എന്ന സ്ഥാനം കെ.എസ്.ആര്‍.ടി.സി.ക്ക് കൈമോശം വന്നിട്ടില്ല.

Content Highlights: History Of Kerala Road Transport Corporation Bus

ചരിത്രത്തിലെ ഡൽഹി


ലോകത്തിലെ പ്രശസ്ത നഗരങ്ങളിൽ ഒന്നും ഇന്ത്യയുടെ ഭരണ സിരാകേന്ദ്രവുമാണ് ഡൽഹി. ഈ നഗരം കേന്ദ്രീകരിച്ച് വിവിധ രാജവംശങ്ങൾ ഭരണം നടത്തിയിട്ടുണ്ട്. സിന്ധു-ഗംഗ സമതലത്തിന്റെ ഫലഭൂയിഷ്ഠതയാൽ അനുഗൃഹീതമായ ഡൽഹിയുടെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും പ്രധാന ചരിത്രസ്മാരകങ്ങളെക്കുറിച്ചും അറിയാം.

ഡല്‍ഹി, 1859-ല്‍ ചെങ്കോട്ടയില്‍നിന്ന് പകര്‍ത്തിയ ചിത്രം (ദ് ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ മ്യൂട്ടിനി എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്) | Photo Credit: Getty Images




ഹ്‌ലി’ എന്ന പദത്തിൽനിന്നാണ് ഡൽഹി എന്ന പേരുണ്ടായത്. (ഇപ്പോൾ ദില്ലി) ദഹ്‌ലി എന്നാൽ വാതിൽപ്പടി എന്നാണർഥം. ആരവല്ലി പർവതത്തിനും യമുനാനദിക്കും ഇടയിലുള്ള ഡൽഹി കടന്നുവേണം ഗംഗാതടത്തിലേക്ക്‌ പ്രവേശിക്കാൻ. അതുകൊണ്ടുതന്നെ ഗംഗാതടത്തിലേക്കുള്ള വാതിൽപ്പടിയാണ് ഡൽഹി. 
എ.ഡി. എട്ടാം നൂറ്റാണ്ടിൽ രജപുത്രവിഭാഗത്തിൽപ്പെട്ട തോമർമാരാണ് ഡൽഹിയെ ആദ്യമായി തലസ്ഥാനമാക്കിയത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഡൽഹിയുടെ നിയന്ത്രണം രജപുത്ര വിഭാഗത്തിലെ ചൗഹാൻമാർക്കായി. 1192-ൽ മുഹമ്മദ് ഗോറി ഡൽഹി പിടിച്ചെടുത്തു. തുടർന്ന് സുൽത്താൻമാരുടെയും മുഗളൻമാരുടെയും ബ്രിട്ടീഷുകാരുടെയും സ്വതന്ത്ര ഇന്ത്യയുടെയും തലസ്ഥാനമായി ഡൽഹി. 



1206 മുതൽ 1526 വരെയാണ് സുൽത്താൻ ഭരണകാലം. ഈ കാലയളവിൽ ഡൽഹി തലസ്ഥാനമായി അഞ്ച് രാജവംശങ്ങൾ ഭരണം നടത്തി. അടിമവംശം, ഖിൽജിവംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോധിവംശം എന്നിവ. 1526-ൽ ഹരിയാണയിലെ പാനിപ്പത്തിൽ നടന്ന യുദ്ധത്തിൽ ഇബ്രാഹിം ലോധിയെ ബാബർ പരാജയപ്പെടുത്തിയതോടെ, മുഗൾ സാമ്രാജ്യം നിലവിൽവന്നു. ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ് എന്നിവരാണ് ബാബറിനുശേഷം അധികാരത്തിൽവന്ന പ്രധാന മുഗൾ ചക്രവർത്തിമാർ. 
 1803-ൽ ബ്രിട്ടീഷുകാർ ഡൽഹിയിൽ ആധിപത്യം സ്ഥാപിച്ചു. മറാത്തകളുടെ ആക്രമണം തടയാൻ ബ്രിട്ടീഷുകാർ മുഗൾചക്രവർത്തിക്ക്‌ സൈനികസഹായം നൽകി. 1803 സെപ്‌റ്റംബർ 11-ന്‌ മറാത്ത സൈന്യത്തെ പരാജയപ്പെടുത്തിയതോടെ ഡൽഹി ബ്രിട്ടീഷുകാരുടെ കൈയിലായി. ബ്രിട്ടീഷ്‌ ആസ്ഥാനം കൽക്കട്ടയിലായതിനാൽ മുഗൾചക്രവർത്തിയെ ചെങ്കോട്ടയിൽ തുടരാൻ ബ്രിട്ടീഷുകാർ അനുവദിച്ചു.

1857-ലെ കലാപത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഡൽഹി. മീററ്റിൽ നിന്ന്‌ ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ വിപ്ളവകാരികൾ 1857 മേയ്‌ 11-ന്‌ അതിരാവിലെ ഡൽഹിയിലെത്തിയത്‌. ചെങ്കോട്ടയിൽ എത്തിയ അവർ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർഷാ രണ്ടാമനെ ചക്രവർത്തിയായി പ്രഖ്യാപിച്ചു. 1857 സെപ്‌റ്റംബറിൽ ഡൽഹി തിരിച്ചുപിടിക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമങ്ങൾ ലക്ഷ്യംകണ്ടു. ബഹദൂർഷാ രണ്ടാമനെ തടവുകാരനായി പിടിച്ച്‌ ചെങ്കോട്ടയിൽ വിചാരണചെയ്തു. തുടർന്ന്‌ മ്യാൻമറിലേക്ക്‌ നാടുകടത്തി. 1862 നവംബർ ഏഴിന്‌  മ്യാൻമറിൽ ബഹദൂർഷാ രണ്ടാമൻ അന്തരിച്ചു. 


1911-ൽ ഡൽഹി ബ്രിട്ടീഷ്‌ ഇന്ത്യയുടെ തലസ്ഥാനമായി. ഇന്ത്യയിലെത്തിയ ജോർജ്‌ അഞ്ചാമന്റെയും ഭാര്യ മേരിയുടെയും ബഹുമാനാർഥം നടത്തിയ ദർബാറിലായിരുന്നു ഡൽഹിയെ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം. റെയ്‌സിനകുന്ന്‌ കേന്ദ്രീകരിച്ച്‌ പത്ത്‌ ചതുരശ്രമൈൽ പ്രദേശത്ത്‌ നഗരം നിർമിച്ചു. ക്ലാസിക്കൽ ഗ്രീക്ക്‌ ശൈലിയും ഇന്ത്യൻ വാസ്തുനിർമാണശൈലിയും സംയോജിപ്പിച്ചായിരുന്നു നിർമാണം. ഹെർബർട്ട്‌ ബേക്കർ, എഡ്വിൻ 
ല്യൂട്ടൻസ്‌ എന്നിവരായിരുന്നു ശില്പികൾ.


1947-ലെ ഇന്ത്യാവിഭജനം ഡൽഹിയെ പിടിച്ചുകുലുക്കി. അഞ്ചുലക്ഷത്തോളം അഭയാർഥികൾ ഡൽഹിയിലെത്തി. തിലക്‌നഗർ, ലജ്‌പത്‌ നഗർ എന്നീ കോളനികൾ അഭയാർഥികൾക്കായി തുറന്നു. അന്ന്‌ ഡൽഹി നേരിട്ട മറ്റൊരു വിപത്ത്‌ വർഗീയ കലാപങ്ങളായിരുന്നു.

ഡൽഹിയുടെ വിജ്ഞാനമേഖലയ്ക്ക്‌ തുടക്കം കുറിച്ചത്‌ 1792-ൽ സ്ഥാപിച്ച ഡൽഹി കോളേജാണ്‌. ഉറുദു ഭാഷയുടെയും ശാസ്ത്ര-സാഹിത്യത്തിന്റെയും കാലമായിരുന്നു അത്‌. ‘ഡൽഹി നവോത്ഥാനം’ എന്നാണ്‌ ഈ മാറ്റം വിശേഷിപ്പിക്കപ്പെട്ടത്‌. 


മുഗൾ പ്രഭുവർഗം ഡൽഹിയിൽ താമസിച്ചിരുന്ന വസതികളാണ്‌ ഹവേലികൾ. 19-ാം നൂറ്റാണ്ടുവരെ നൂറോളം ഹവേലികൾ ഡൽഹിയിലുണ്ടായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹവേലികളുടെ സംരക്ഷണം ഇപ്പോൾ പുരാവസ്തുവകുപ്പിനാണ്‌.

ഏഴുനഗരങ്ങളുടെ നഗരമെന്നാണ്‌ ഡൽഹിയെ വിശേഷിപ്പിക്കാറുള്ളത്‌. നഗരങ്ങൾ പണികഴിപ്പിച്ച്‌ ചരിത്രത്തിൽ ഇടം നേടിയവർ:

  • ഖില റായ്‌ പിത്തോറ -പൃഥ്വിരാജ്‌ ചൗഹാൻ
  • സിരി -അലാവുദ്ദീൻ ഖിൽജി
  • തുഗ്ലാക്കാബാദ്‌  -ഗിയാസുദ്ദീൻ തുഗ്ലക്ക്‌ 
  • ഫിറോസാബാദ്‌  -ഫിറോസ്‌ഷാ തുഗ്ലക്ക്‌  
  • ഷാജഹാനാബാദ്‌ -ഷാജഹാൻ
  • ജഹാൻ പനാഹ്‌  -മുഹമ്മദ്‌ബിൻ തുഗ്ലക്ക്‌
  • ദിൻപനാഹ -ഹുമയൂൺ 
ചെങ്കോട്ട


പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചതാണ്‌ ചെങ്കോട്ട. മുഗൾ ചക്രവർത്തി ഷാജഹാൻ 1618-ൽ തറക്കല്ലിട്ടു. 1647-ൽ പണിപൂർത്തിയായി. ചെങ്കല്ലിലും കരിങ്കല്ലിലും പണിത ചെങ്കോട്ടയ്ക്ക്‌ പതിന്നാല്‌ കവാടങ്ങളുണ്ട്‌. തുർക്ക്‌മാൻ, കശ്മീർ, ഡൽഹി, ലാഹോറി, അജ്‌മീരി, മോറി എന്നിവയാണ്‌ പ്രധാന കവാടങ്ങൾ. കൊട്ടാരങ്ങൾ, പൂന്തോട്ടങ്ങൾ, മസ്‌ജിദ്‌ തുടങ്ങിയവയും ചെങ്കോട്ടയിലുണ്ട്‌. ദേശഭക്തി തുളുമ്പുന്ന ചെങ്കോട്ട ഐക്യരാഷ്ട്ര സഭയുടെ പൈതൃക കേന്ദ്രപട്ടികയിൽ ഇടം നേടിയിട്ടുണ്ട്‌.

കുത്തബ്‌മിനാർ





അടിമവംശ സ്ഥാപകനായ ഖുത്തബുദീൻ ഐബക്കാണ്‌ കുത്തബ്‌മിനാറിന്റെ നിർമാണത്തിന്‌ തുടക്കമിട്ടത്‌. ഇദ്ദേഹത്തിന്റെ പിൻഗാമി ഇൽത്തുമിഷാണ്‌ നിർമാണം പൂർത്തിയാക്കിയത്‌. ഇന്തോ-ഇസ്‌ലാമിക്‌ ശൈലിയിൽ ഒരുക്കിയ കുത്തബ്‌മിനാറിന്‌ അഞ്ച്‌ നിലകളുണ്ട്‌.

ഹുമയൂൺ കുടീരം


ഹുമയൂണിന്റെ ഭാര്യ ബേഗബാനു ബീഗമാണ്‌ ഈ ശവകുടീരം നിർമിച്ചത്‌. പേർഷ്യയിൽ നിന്നെത്തിയ വിദഗ്‌ധരാണ്‌ നിർമാണജോലിയിലേർപ്പെട്ടത്‌.
  • നിസാമുദ്ദീൻ ഔലിയയുടെ ദർഗ പ്രസിദ്ധമായ ഈ ദർഗ സൂഫിവര്യനായ നിസാമുദ്ദീൻ ഔലിയയുടേതാണ്‌. ജാതിമത ഭേദമില്ലാതെ ഒട്ടേറെപ്പേർ ഇവിടെ സന്ദർശനം നടത്തുന്നു.


ഇന്ത്യാഗേറ്റ്‌



ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ 80,000 പട്ടാളക്കാരുടെയും 1919-ലെ അഫ്‌ഗാൻ യുദ്ധത്തിൽ മരണപ്പെട്ടവരുടെയും ഓർമയ്ക്ക്‌, ബ്രിട്ടീഷുകാർ പണിതുയർത്തിയതാണ്‌ രാജ്‌പഥിൽ രാഷ്ട്രപതി ഭവന്‌ കിഴക്ക്‌ സ്ഥിതിചെയ്യുന്ന ഇന്ത്യാഗേറ്റ്‌. 1971-ൽ ഇന്ത്യ-പാക് യുദ്ധത്തിൽ മരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യാഗേറ്റിൽ ‘അമർജവാൻ’ ജ്യോതി തെളിയുന്നുണ്ട്‌. ഇന്ത്യാഗേറ്റ്‌ രൂപകല്പന ചെയ്തത്‌ എഡ്വിൻ ല്യൂട്ടൻസാണ്‌.

മെഹ്‌റോളിയിലെ ഇരുമ്പ്‌ തൂൺ


തുരുമ്പിക്കാത്ത ഈ ഇരുമ്പ്‌ തൂൺ ലോഹസംസ്കരണ രംഗത്തെ പുരാതന ഇന്ത്യയുടെ മികവിന്‌ ഉദാഹരണമാണ്‌. 7.2 മീറ്റർ ഉയരവുമുണ്ട്‌.

ജുമാമസ്‌ജിദ്‌


ഇന്ത്യയിലെ ഏറ്റവും വലിയ മസ്‌ജിദാണ്‌ ഡൽഹി ജുമാമസ്‌ജിദ്‌. ഷാജഹാനാണ്‌ ഇത്‌ പണികഴിപ്പിച്ചത്‌. 

പാർലമെന്റ്‌ മന്ദിരം



ബ്രിട്ടീഷുകാർ നിർമിച്ച കൗൺസിൽ ഹൗസാണ്‌ പാർലമെന്റ്‌ മന്ദിരം. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വാസ്തുശില്പി ഹെർബർട്ട്‌ ബേക്കറാണ്‌. 

രാഷ്ട്രപതി ഭവൻ



വൈസ്രോയി ഹൗസാണ്‌ രാഷ്ട്രപതി ഭവൻ. 340 മുറികളുള്ള രാഷ്ട്രപതിഭവന്റെ ആകർഷണം താഴികക്കുടമാണ്‌. എഡ്വിൻ ല്യൂട്ടൻസാണ്‌ രൂപകല്പന ചെയ്തത്‌.
Content Highlights: Delhi in History: Important Events and Monuments

Wednesday, March 11, 2020

സിന്ധ്യാ കുടുബവും രാഷ്ട്രീയ നിലപാടുകളും !

സിന്ധ്യാ കുടുബവും രാഷ്ട്രീയ നിലപാടുകളും !


.സിന്ധ്യ കുടുംബം. അമ്മ വിജയരാജെ,മക്കളായ മാധവ് റാവ്,വസുന്ധര,എന്നിവർക്കൊപ്പം ജ്യോതിരാദിത്യ.


മദ്ധ്യപ്രദേശിലെ വിശാലമായിരുന്ന ഗ്വാളിയർ - ഗുണ മേഖലയിലെ പ്രബലമായ രാജവംശമാ യിരുന്നു സിന്ധ്യാ രാജകുടുംബം. ഇവർ ബ്രിട്ടീഷ് സാമ്രാജ്യവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. മഹാരഷ്ട്രയി ലെ സത്താറ ജില്ലയിലുള്ള 'കണ്ണേർഖേഡ' ഗ്രാമാധിപനായിരുന്ന പാട്ടീൽ 'ജാനകോജീറാവുവിന്റെ' വംശജരായ ഇവർ അപാരമായ സമ്പത്തിനുടമകളായിരുന്നു അന്നും ഇന്നും.

1857 ൽ ഗ്വാളിയർ രാജകുടുംബം ഇംഗ്ലീഷുകാർ ക്കൊപ്പം ചേർന്ന് ജാൻസിയിലെ റാണി ലക്ഷമി ഭായിയെ ചതിച്ചതാണെന്ന ആരോപണം എതിരാളികൾ പലപ്പോഴും ഉന്നയിക്കാറുണ്ട്. മുൻപ് ഈ ആരോപണം ബിജെപി നേതാക്കളാ യിരുന്നു ഉന്നയിച്ചിരുന്നതെങ്കിൽ ഇപ്പോൾ പല കോൺഗ്രസ് നേതാക്കളും അതേറ്റെടുത്തിരി ക്കുന്നു.

രാജ്യത്തും വിദേശത്തും ധാരാളം സമ്പത്തുള്ള ഈ രാജകുടുംബാംഗങ്ങൾ ഇന്നും ജീവിക്കുന്നത് തികച്ചും രാജകീയപ്രൗഢിയോടെ തന്നെയാണ്. ഗ്വാളിയോർ മേഖലയിലെ ജനങ്ങൾ സിന്ധ്യാകുടുംബത്തെ വലിയ ഭയഭക്തി ബഹുമാനത്തോ ടെയും ആദരവോടെയുമാണ് നോക്കിക്കാണു ന്നത്. ഇവരെ ആരും പേരുവിളിക്കുന്ന പതിവില്ല. ആണുങ്ങളെ 'മഹാരാജ്' എന്നും സ്ത്രീകളെ 'രാജമതേ' എന്നുമാണ് എല്ലാവരും സംബോധ നചെയ്യുന്നത്.

പദവിയും അധികാര ഔന്നത്യവും ഇന്നും സിന്ധ്യ കുടുംബത്തിന്റെ ലക്ഷ്യവും വീക്ക് നെസ്സുമാണ്. അക്കാര്യത്തിൽ ആശയവും, ആദർശവും രാഷ്ട്രീയവിശ്വാസവും ഒക്കെ രണ്ടാം സ്ഥാനത്തുമാത്രം. ഇപ്പോൾ ജ്യോതിരാദിത്യസിന്ധ്യ നല്കിയതുപോലുള്ള,'മാസ്റ്റർ സ്ട്രോക്കുകൾ' അധികാരത്തിന്റെ ഇടനാഴികളിലെ അവരുടെ കഴിഞ്ഞ 63 വർഷത്തെ ചരിത്രത്തിൽ പലതവണ ഉണ്ടായിട്ടുണ്ട്.

മുത്തശ്ശി (രാജമാതാ വിജയരാജെ സിന്ധ്യ) മുതൽ കൊച്ചുമകൻ ജ്യോതിരാദിത്യ സിന്ധ്യവരെയുള്ള മൂന്നുതലമുറയുടെ രാഷ്ട്രീയനിലപാടുകൾ നാമറിഞ്ഞാൽ അക്കാര്യം നമുക്ക് ബോദ്ധ്യമാകും.

രാജഭരണം അവസാനിച്ചതോടെ ഗ്വാളിയർ രാജാവ് ജിവാജിറാവ് സിന്ധ്യ തൻ്റെ അപാര സമ്പത്തുകളുടെ സംര ക്ഷണത്തിനു മാത്രം പ്രാമുഖ്യത കല്പിച്ചപ്പോൾ ,ഇന്ദിരാഗാന്ധിയുടെ നിർബന്ധത്തിനുവഴങ്ങി ഭാര്യ വിജയരാ ജെയെ രാഷ്ട്രീയത്തിലിറക്കാൻ അദ്ദേഹം പാതിമ നസ്സോടെ സമ്മതിക്കുകയായിരുന്നു.അങ്ങനെ 4 പെണ്മക്കളുടെയും ഒരു മകന്റെയും ( മാധവ് റാവ് സിന്ധ്യ) അമ്മയായ വിജയരാജെ 1957 ൽ കോൺഗ്രസ് ടിക്കറ്റിൽ ഗുണ ലോക്‌സഭാ മണ്ഡലത്തിൽനിന്നും മത്സരിച്ച്‌ ജയിക്കു കയായിരുന്നു.സിന്ധ്യാ കുടുംബ ത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യചുവടുവ യ്പ്പായിരുന്നു അത്.

ജിവാജിറാവു ഭാര്യ വിജയരാജെയുമൊത്ത്.

വിജയരാജേ രണ്ടുതവണ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചശേഷം അവരെ കൈവിട്ട് ജനസംഘ രൂപീക രണത്തിൽ പങ്കാളിയായി.പിന്നീട് ജനതാ പാർട്ടിയിലും ,ബിജെപി യിലുമായി 8 തവണ അവർ ലോക്‌സഭയിലേക്ക് തെരഞ്ഞെടു ക്കപ്പെട്ടു.

കോൺഗ്രസിന് ആദ്യ മാസ്റ്റർസ്ട്രോക്ക് ( Master Stroke) നൽകിയത് രാജമാതാ വിജയരാജെ സിന്ധ്യയായിരുന്നു. പിന്നീട് മകൻ മാധവ് റാവ് സിന്ധ്യയും ഇപ്പോൾ കൊച്ചുമകൻ ജ്യോതിരാദിത്യ സിന്ധ്യയും അതേ വഴിതന്നെ തെരഞ്ഞെടുത്തു.

ഭാര്യ മാധവി, രണ്ടു പെൺമക്കൾ ,മകൻ ജ്യോതിരാദിത്യ എന്നിവർക്കൊപ്പം മാധവ് റാവ് സിന്ധ്യ.

1971 ൽ രാഷ്ട്രീയത്തിൽ ജനസംഘം വഴി അമ്മയുടെ പാതപിന്തുടർന്നുവന്ന മകൻ മാധവ് റാവ് സിന്ധ്യയും അമ്മയെപ്പോലെ 4 പാർട്ടികളിലൂടെ ( ജനസംഘം, കൊണ്ഗ്രെസ്സ്, MP വികാസ് കൊണ്ഗ്രെസ്സ്, സ്വതന്ത്രൻ) 9 തവണ ലോക്‌സഭയിലെത്തിയിരുന്നു. രാഷ്ട്രീയ ഗുരുവായിരുന്ന അടൽ ബിഹാരി ബാജ്‌പേയിയെ 84 ൽ ഗ്വാളിയറിൽ തറപറ്റിച്ച അദ്ദേഹം ദേശീയരാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധനേടി. 2001 ൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ പല ഭരണസിംഹാസനങ്ങളും അദ്ദേഹം കയ്യാളുമായിരുന്നു എന്നത് തർക്കമറ്റതാണ്..

വിജയരാജയുടെ ഇളയമകളായ വസുന്ധരാ രാജെയും വിവാഹശേഷം സഹോദരന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെത്തി ഭർത്താവി ന്റെ സംസ്ഥാനമായ രാജസ്ഥാനിൽ ബിജെപി യുടെ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടു. അവർ അഞ്ചുതവണ നിയമസഭയിലേക്കും 5 തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്ക പ്പെട്ടിട്ടുണ്ട്.

.വിജയരാജെസിന്ധ്യയും മകൾ വസുന്ധരാ രാജെയും ( പിൽക്കാലത്ത് രാജസ്ഥാൻ മുഖ്യമന്ത്രി)

വിജരാജെയുടെ ഏറ്റവും ഇളയമകൾ യശോധാരാ രാജെ രണ്ടുതവണ (98,2003) മദ്ധ്യപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും (ബിജെപി) കഴിഞ്ഞ ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ വ്യവസായവകുപ്പ് മന്ത്രിയുമായി.

അച്ഛൻ ജിവാജിറാവുവിനും അമ്മ വിജയരാജെക്കുമൊപ്പം ഇളയമകൾ യെശോധര രാജെ ( കഴിഞ്ഞ മദ്ധ്യപ്രദേശ് മന്ത്രിസഭയിലെ വ്യവസായമന്ത്രി)

ഇപ്പോൾ സിന്ധ്യാ കുടുംബത്തിലെ അവസാന കണ്ണിയായ ജ്യോതിരാദിത്യ സിന്ധ്യ, 2002 മുതൽ താൻ പ്രവർ ത്തിച്ചുവന്ന കോണ്ഗ്രെസ്സ് പാർട്ടിക്ക് , അച്ഛനെയും മുത്തശ്ശിയേയും പോലെ വലിയൊരു മാസ്റ്റർ സ്ട്രോക്ക്

തന്നെയാണ് നൽകിയിരിക്കുന്നത്.കോൺഗ്രസ് ടിക്കറ്റിൽ നാലുതവണ അദ്ദേഹം എം.പി ആയിരുന്നു.2019 ൽ ഗുണ സീറ്റിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു എന്നതും യാഥാർഥ്യം.വലിയ സമ്പത്തിന്റെ അധിപൻ കൂടിയാണ് ജ്യോതിരാദിത്യ സിന്ധ്യ.

14 വയസ്സുകാരനായ ജ്യോതിരാദിത്യ സിന്ധ്യ അച്ഛൻ മാധവ് റാവുവിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുന്നു.

ഗ്വാളിയർ രാജകുടുംബവുമായി വിധേയത്വം പുലർത്തുന്ന നിരവധി നേതാക്കളും MLA മാരും മദ്ധ്യപ്രദേശ് രാഷ്ട്രീയത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയുടെ ഇപ്പോഴത്തെ നിലപാടിനെപ്പറ്റി മറ്റൊരു രാജകുടുംബാംഗമായ ( Raghogarh) മുൻമുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകനും മദ്ധ്യപ്രദേശിലെ കോൺഗ്രസ് മന്ത്രിയുമായ ജയവർധൻ സിംഗ് പറഞ്ഞത് "ജാൻസിയിലെ ഇതിഹാസം ഒരിക്കൽക്കൂടി ആവർത്തിക്കപ്പെട്ടിരിക്കുന്നു" എന്നാണ്. (BBC, BN,VIKI )

ജ്യോതിരാദിത്യ ആദ്യമായി ഗുണ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ.

കടപ്പാട്: Prakash Nair Melila

Sunday, March 1, 2020

ഗൗഡസാരസ്വത ബ്രഹ്മണരിലെ ജാതി വാലുകൾ

ഗൗഡസാരസ്വത ബ്രഹ്മണരിലെ ജാതി വാലുകൾ




ഇന്ത്യയിൽ പ്രാചീനമായി നിലനിക്കുന്ന ജാതി സമ്പ്രാദയത്തിന്റെ തുടക്കം എന്നായിരുന്നുവെന്ന് ഉറപ്പിച്ചു പറയാൻ ചരിത്രകാരന്മാർക്ക് പറയാൻ സാധിച്ചിട്ടില്ല. ജാതി നാമങ്ങളിൽ മിക്കതും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ളതായാണ് കണ്ടിട്ടുള്ളത്. സ്ഥലനാമങ്ങളും ജാതിവാലായി മാറാറുണ്ട്. ജനനം കൊണ്ട് കിട്ടുന്ന ജാതി നാമം, സ്വജാതിയിൽ പെട്ടവരെ മാത്രം വിവാഹം കഴിക്കുന്നതിലൂടെ ജാതി വ്യവസ്ഥ നിലനിന്ന് പോരുന്നു. ഇന്ത്യയിൽ ആയിരത്തിലധികം ജാതികൾ ഉണ്ടെന്നാണ് വെയ്പ്.




2000 വർഷങ്ങൾക്ക് മുമ്പ് ഹിമാലയത്തിൽ നിന്ന് തെക്ക് പടിഞ്ഞാറോട്ടായി ഒഴുകിയിരുന്ന സരസ്വതി നദിയുടെ തീരങ്ങളിൽ താമസിച്ചിരുന്നവർ നദി വറ്റിവരണ്ടപ്പോൾ തെക്കോട്ടേക്ക് കുടിയേറി പാർത്തു. അന്ന് ഗോമന്തകം എന്നറിയപ്പെട്ടിരുന്ന ഗോവൻ മേഖലയിലാണ് ഗൗഡ സാരസ്വത് ബ്രാഹ്മണർ എന്ന ഈ സമൂഹം താമസമാക്കിയത്. പിന്നീട് പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസ് ഭരണാധികാരികളുടെ മത പരിവർത്തന ശ്രമവും മത പീഡനവും അസഹീയമായപ്പോൾ അവിടെ നിന്ന് കുറെ പേർ തെക്കൻ പ്രദേശങ്ങളിലെ തീരദേശങ്ങളിലേക്ക് കുടിയേറി. സൗത്ത് കാനറാ ജില്ലയിലും കാസറഗോഡ്, കോഴിക്കോട്, തൃശൂർ, എറണാകുളം തുടങ്ങി കേരളത്തിന്റെ ഒട്ടുമിക്ക നഗര പ്രദേശങ്ങളിലും ഇന്ന് ഗൗഡ സാരസ്വത ബ്രാഹ്മണരെ കാണാം.




കാസറഗോഡ് നഗരത്തിലെ പഴയകാല കച്ചവടക്കാരിൽ അധികവും സ്വാരസ്വതർ ആയിരുന്നു. ഇന്നും വലിയ മാറ്റമില്ല. വക്കീൽ, ഡോക്ടർ, ടൈപ്പിസ്റ്റ്, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ഷേണായ്, ഭക്ത, മല്ല്യ, റാവു, ഷാൻബോഗ്, കാമത്തുമാരെ കാണാവുന്നതാണ്. ഈ സമൂഹത്തിന്റെ പേരിന്റെ കൂടെയുള്ള ജാതിപ്പേരിന്റെ ഉത്ഭവവും വ്യത്യാസവും അറിയാൻ വേണ്ടി ഒരു കൗതുകം തോന്നിയതിന്റെ ബാക്കിപത്രമാണ് ഈ കുറിപ്പ്.



ഷേണായ് - Shenoy
Shrenipati അഥവാ സംഘടനയുടെ നേതാവ് എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ഷേണായ്.

ഷാൻബാഗ് - Shanbhag
ഇതും ഷേണായ് വിഭാഗം തന്നെയാണ്. അമ്പലങ്ങളിലെ എഴുത്തുകുത്തു ജോലികൾ ചെയ്യ്തിരുന്നവർ ഷാൻബാഗ് (ക്ളർക്ക്) ആയി മാറി.

പൈ - Pai
കൊങ്കണി ഭാഷയിൽ കാല് എന്നർത്ഥം വരുന്ന വാക്കിൽ നിന്നാണ് പൈ എന്ന നാമം വരുന്നത്. ഹിന്ദിയിലെ പൈർ. സമ്പത്തോ ആസ്തിയോ ഇല്ലാതെ സ്വന്തം കാലിൽ നിൽക്കുന്ന സാധാരണക്കാർ പൈ മാർ ആയി.

കാമത്ത് - Kamat
മണ്ണിൽ (മട്ടി) ജോലി (കാം) ചെയ്യുന്നവൻ കാം മത്തി യും പിന്നീട് കാമത്ത് ഉം ആയിത്തീർന്നു.

ഹെഗ്‌ഡെ - Hegde
കുതിര വണ്ടിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്നവർ (haya gade) ഹെഗ്‌ഡെ.

നായക് (Nayak)
പട്ടാളത്തിലെ സേനാപതി നായക് ആയി മാറി

റാവു - (Rao)
രാജാവിൽ നിന്ന് റാവ്‌ബഹാദൂർ പട്ടം നേടിയ നായക്കുകൾ റാവു എന്ന വാക്ക് കൂടെ ചേർത്തു

പ്രഭു - (Prabhu)
ഫ്യൂഡൽ ഭൂവുടമകൾ സ്വയം 'പ്രഭു' എന്ന പേര് ചേർത്ത് പ്രഭുക്കന്മാരായി.

മല്ല്യ - (Mallya)
പ്രഭുക്കന്മാർ താമസിച്ചിരുന്ന കൊട്ടാര സമാന (മഹൽ) വീടുകളിലെ കാര്യസ്ഥന്മാർ മഹലിയാർ ആയി. പിന്തലമുറക്കാർ മല്ല്യ എന്ന വാല് കൂടെ ചേർത്തു.

ആചാര്യ - (Acharya)
ക്ഷേത്രങ്ങളിൽ പൂജാകർമങ്ങൾ ചെയ്യുന്നവർ

ഭട്ട് - Bhat
ചെറിയ അമ്പലങ്ങളിൽ പൂജ ചെയ്തിരുന്നവർ

മഹാജൻ - Mahajan
ക്ഷേത്രങ്ങളിലെ കണക്ക് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നവർ

ഭണ്ടാരി - (Bhandari)
പാണ്ടിക ശാലകളിലെ കാവൽക്കാർ (storekeeper)

ഭക്ത (Bhakta)
അമ്പലങ്ങളിൽ അല്ലറ ചില്ലറ ജോലികൾ ചെയ്യുന്ന വിഭാഗം.







Monday, April 15, 2019

ജിദ്ദയിൽ ഭീമൻ സൈക്കിളിനെക്കുറിച്ച് അറിയാം…!!!



ജിദ്ദ : ജിദ്ദയിലെ ഫൈസലിയയിലെ ഭീമൻ സൈക്കിൾ ചിത്രത്തിലെങ്കിലും ഒരിക്കലെങ്കിലും കാണാത്തവരുണ്ടാകില്ല.

ജിദ്ദയുടെ തെരുവുകളിൽ കാണുന്ന നിരവധി ശില്പകലാരൂപങ്ങളിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്നതും ഏറെ അത്ഭുതപ്പെടുത്തുന്നതുമാണു ഈ സൈക്കിൾ.
ലോകത്തിലെ ഏറ്റവും വലിയ ബൈ സൈക്കിൾ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.നിർമ്മാണ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ സൈക്കിളായി ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തപ്പെട്ടിരുന്നു.
40 വർഷങ്ങൾക്ക് മുംബ്‌ സ്പാനിഷ്‌ ശിൽപി ജൂലിയോ ലവന്റെ രൂപകൽപന ചെയ്തതാണു ഈ ബൈസൈക്കിൾ .
ജിദ്ദയിലെ ബവാദിയിലെ പ്രിൻസ്‌ സൗദ്‌ അൽ ഫൈസൽ സ്ടീറ്റിലാണു സൈക്കിൾ സ്ഥിതി ചെയ്യുന്നത്. 15 മീറ്ററാണു സൈക്കിളിന്റെ ഉയരം.
കിംഗ് ഫഹദ് റോഡ് ( ഷാറ സിത്തീൻ ) സിഗ്നൽ രഹിതമാക്കുന്ന പദ്ധതിയിൽ പാലം നിർമ്മിച്ചപ്പോൾ ഈ സൈക്കിൾ അപ്രത്യക്ഷമാകുമെന്ന് സൈക്കിൾ പ്രേമികൾ ഭയന്നിരുന്നെങ്കിലും സൈക്കിളിൻ്റെ സ്ഥാനം മാത്രം മാറ്റി പുന:സ്ഥാപിക്കുകയാണുണ്ടായത്.

കടപ്പാട്: www.livekerala24.com