Wednesday, April 4, 2018

അനാർക്കലി


മുഗൾ രാജകുമാരനായിരുന്ന സലിം (ജഹാംഗീർ) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത പേർഷ്യൻ നർത്തകിയാണ് അനാർക്കലി. ഇവരുടെ ദുരന്ത പ്രേമകഥയെ ആസ്പദമാക്കി പല ഭാഷകളിലും, നാടകങ്ങളും കാവ്യങ്ങളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കഥ കേവലം സാങ്കല്പികമാണെന്ന് ഒരു നല്ലവിഭാഗം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു . അനാർക്കലിയുടേതെന്ന് കരുതപ്പെടുന്ന ശവകുടീരം ലാഹോറിൽ നിലനിൽക്കുന്നുണ്ട്.



സലിം അനാർക്കലിയിൽ അനുരക്തനായതറിഞ്ഞ് ചക്രവർത്തി കോപാകുലനായി. സലിമിൽ നിന്നകന്നില്ലെങ്കിൽ മരണശിക്ഷ നൽകുമെന്ന അക്ബറുടെ ഭീഷണിക്കു മുന്നിലും അവൾ കുലുങ്ങിയില്ല. ചക്രവർത്തി അവളെ ജീവനോടെ തുറുങ്കിലടച്ച് കല്ലുപടുത്തു. സലിം രക്ഷിക്കാനെത്തിയപ്പോഴേക്കും അവൾ മരിച്ചുകഴിഞ്ഞിരുന്നു. 

മാതളനാരകമൊട്ട് എന്നാണ് അനാർക്കലി എന്ന വാക്കിന് അർഥം. അനാർക്കലിയുടെ ശവകുടീരം പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന മുഗൾ കാലത്തെ ചരിത്രസ്മാരകമാണ് .  പഞ്ചാബ് ആക്കൈവ്സിന്റെ കാര്യാലയം ഇവിടെ പ്രവത്തിക്കുന്നു. ഈ ശവകുടീരം നിലനിൽക്കുന്ന പ്രദേശത്തിന്റെ പേരും അനാർക്കലി എന്നാണ്. പ്രേമഭാജനമായ അനാർക്കലിക്കായി 1599-ലാണ് മുഗൾ ചക്രവർത്തി ജഹാംഗീർ അഷ്ടഭുജാകൃതിയിലുള്ള ഈ ശവകുടീരം പണിതത് എന്നാണ് കരുതപ്പെടുന്നത്. അനാർക്കലിയുടെ ശരീരാവശിഷ്ടങ്ങൾ ഇതിൽ അടക്കം ചെയ്തതായും കരുതപ്പെടുന്നു.

ഈ ശവകുടീരം അനാർക്കലിയുടേതാണെന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ഈ ശവകുടീരം അവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. 1611-ൽ ഇവിടം സന്ദർശിച്ച ഒരു ഇംഗ്ലീഷ് വ്യാപാരി ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ശവകുടീരം, രഞ്ജിത് സിങ്ങിന്റെ കീഴിലെ വിദേശപടയാളിയായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് വെഞ്ചുറയുടെ ഭാര്യയുടെ വസതിയായായിരുന്നു. വെഞ്ചുറയുടെ വസതിയായിരുന്ന വെഞ്ചുറ ഹൗസ് ഇതിന്റെ തൊട്ടടുത്താണ്. ബ്രിട്ടീഷ് അധീനകാലത്ത് (1846-നു ശേഷം) ഈ പ്രദേശം റെസിഡന്റിന്റെ ഗുമസ്തന്മാരുടെ കാര്യാലയവും താമസസ്ഥലവുമായി മാറിയിരുന്നു. അക്കാലത്ത് ഈ ശവകുടീരം സിവിൽലൈൻസ് എന്നറിയപ്പെട്ട ആ മേഖലയിലെ പള്ളിയാക്കി മാറ്റിയിരുന്നു. 1891-ൽ പഞ്ചാബ് ആർക്കൈവ്സിന്റെ കാര്യാലയമാക്കി. ഇന്നും ഈ നിലയിൽ തുടരുന്നു. ഈ ശവകുടീരത്തിന്റെ മദ്ധ്യഭാഗത്തായിരുന്ന ശവക്കല്ലറ, പിൽക്കാലത്ത് മാറ്റിസ്ഥാപിച്ചിരുന്നു.