Saturday, October 21, 2017

വീട്ടിലിരുന്നു മാസം തോറും ലക്ഷങ്ങള്‍ സമ്പാദിക്കാം

വീട്ടില്‍ ഇരുന്നു കൊണ്ട് ജോലി ചെയ്ത് സമ്പാദിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് കല്ല്യാണം കഴിഞ്ഞ സ്ത്രീകള്‍. വെറുതെ ഇരിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ് ഇന്ന് ഏവരും അതുകൊണ്ട് തന്നെ പുറത്ത് ജോലി ചെയ്യാന്‍ പോകാന്‍ പറ്റിയില്ലെങ്കിലും വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞ് ഓണ്‍ ലൈന്‍ ആയിട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് എല്ലാവര്‍ക്കും അറിയണം.
സാമ്പത്തിക ഘടകങ്ങളേക്കാള്‍, സ്ത്രീ തൊഴിലെടുക്കുന്നത് സാമൂഹികവും മാനസികവുമായ ഒട്ടേറെ ഘടകങ്ങളെ സ്വാധീനിക്കുന്നു.
കേരളത്തില്‍ അഭ്യസ്തവിദ്യരുടെ എണ്ണം പരിശോധിച്ചാല്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ ശതമാനം സ്ത്രീകള്‍ തന്നെയാണ്. കോളേജുകളില്‍ 60 ശതമാനത്തിലധികവും പെണ്‍കുട്ടികളാണ്. പിന്നീട് ഇവര്‍ വീട്ടമ്മമാരും മറ്റും മാത്രമായി മാറുന്നത് ഉണ്ടാക്കിയേക്കാവുന്ന കുടുംബ, സാമൂഹിക പ്രശ്നങ്ങള്‍ വലിയ തോതില്‍ നാം അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. കുടുംബ ഭദ്രതയെ സ്വാധീനിക്കുന്ന രീതിയില്‍ സ്ത്രീകള്‍ അസംതൃപ്തരാവുക എന്നേടത്ത് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു.
വീട്ടമ്മമാര്‍ തൊഴില്‍ തേടുന്നതും ചെയ്യുന്നതും അവരില്‍ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും വര്‍ധിക്കുന്നതിന് കാരണമാകും. ഇതിനര്‍ഥം എല്ലാ സ്ത്രീകളും കുടുംബം വിട്ട് നിര്‍ബന്ധമായും തൊഴില്‍ തേടി പോകണം എന്നല്ല. വിദ്യാഭ്യാസ നിലവാരം, കുടുംബ പശ്ചാത്തലം എന്നിവക്കനുസരിച്ച് തങ്ങള്‍ക്കിണങ്ങിയ തൊഴില്‍ കണ്ടെത്തുന്നതും ചെയ്യുന്നതും അഭിലഷണീയമാണ്.
പുറത്ത് പോയല്ലാതെ വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലുകളും സംരംഭങ്ങളും ഒട്ടനവധിയുണ്ട്.
സ്ത്രീകള്‍ക്ക് തങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ചെയ്യാവുന്ന തൊഴിലുകളെയും തൊഴില്‍ ജന്യ കോഴ്സുകളെയും സാധ്യതകളെയും കുറിച്ചറിയേണ്ടത്അ ത്യാവശ്യമാണ്. സ്ത്രീകളുടെ സാധ്യതകളെ മൂന്ന് തരത്തില്‍ ക്രമീകരിക്കാം.
1. വീട്ടിലിരുന്ന് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിച്ച് ചെയ്യാവുന്ന ഓണ്‍ലൈന്‍ ജോലികള്‍.
2. സ്വയം സംരംഭകരാവാന്‍ കഴിവും താല്‍പര്യവുമുള്ളവര്‍ക്ക് യോജിക്കുന്ന സംരംഭങ്ങളും പദ്ധതികളും.
3. തൊഴില്‍ ജന്യഹ്രസ്വകാല കോഴ്സുകള്‍.
വീട്ടിലിരുന്ന് സമ്പാദിക്കാന്‍ തീരുമാനിച്ചാല്‍ ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കില്‍ വളരെ രസകരമായ ഒരുപാട് സാധ്യതകള്‍ കണ്ടെത്താനാവും. ഓണ്‍ലൈന്‍ തൊഴിലുകള്‍ ഒരര്‍ഥത്തില്‍ തൊഴിലും വിനോദവുമാണ്.
ഓണ്‍ലൈന്‍ ടീച്ചര്‍ (ട്യൂട്ടര്‍)
അമേരിക്കയിലും മറ്റും ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികളില്‍ ഏതാണ്ട് 40-50 ശതമാനം പേരും സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് തോല്‍ക്കുന്നു. ഇതാണ് എജുക്കേഷന്‍ ഔട്ട് സോഴ്സിംഗ് മേഖലയില്‍ സാധ്യതയേറാന്‍ കാരണമായത്. സയന്‍സിലോ മാത്സിലോ പി.ജിയോ ബി.എഡോ കഴിഞ്ഞവര്‍ക്ക് ഇംഗ്ളീഷ്- പ്രത്യേകിച്ച് ഇംഗ്ളീഷില്‍ സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തിയാല്‍ വീട്ടിലിരുന്ന് ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കാം.
ഏതാണ്ട് മാസത്തില്‍ അറുപതിനായിരം രൂപ വരെ ഇങ്ങനെ സമ്പാദിക്കുന്നവരുണ്ട്. ചില സൈറ്റുകളില്‍ രജിസ്റര്‍ ചെയ്ത് അവര്‍ നടത്തുന്ന ടെസ്റുകള്‍ക്ക് വിധേയമായി കഴിവ് തെളിയിച്ചാല്‍ ജോലി ചെയ്യാന്‍ തുടങ്ങാം. വൈറ്റ് ബോര്‍ഡ് പോലുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഈ ജോലി വീട്ടിലിരുന്നും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘ട്യൂട്ടര്‍ വിസ്റ’ എന്ന വെബ് സൈറ്റില്‍ പ്രവേശിക്കുക.
പാഠ്യേതര വിഷയങ്ങളും പെടുത്താം. അതായത് സംഗീതമോ നൃത്തമോ അങ്ങനെയെന്തും. ഓണ്‍ ലൈന്‍ ആയിട്ട് സംഗീതവും നൃത്തവും പഠിപ്പിച്ച് മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരും ഇന്ന് നമുക്ക് ചുറ്റും ഉണ്ട്.
ഓണ്‍ലൈന്‍ അക്കൌണ്ടിംഗ്
കോയമ്പത്തൂരില്‍ ബി.എസ്.സി ബയോടെക്നോളജി പഠിച്ച ക്രിസ്റീന എന്നെ ബന്ധപ്പെട്ടത് വിദൂര വിദ്യാഭ്യാസം വഴി ചെയ്യാവുന്ന എം.ബി.എകളെ കുറിച്ച് അറിയാനായിരുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ അക്കൌണ്ടിംഗ് തൊഴിലിനൊപ്പം വീട്ടിലിരുന്ന് പഠിക്കാനേ ആവൂ എന്നതുകൊണ്ടാണ് വിദൂര വിദ്യാഭ്യാസത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
ബയോടെക്നോളജി പഠിച്ച ആ വിദ്യാര്‍ഥിനി അക്കൌണ്ടിംഗില്‍ വെറും ആറ് മാസത്തെ പരിശീലനം നേടുകയും ഇന്റര്‍നെറ്റ് കൃത്യമായി ഉപയോഗിക്കുകയും ചെയ്തതുകൊണ്ടാണ് ഇത്തരമൊരു സാധ്യതയില്‍ എത്തിച്ചേര്‍ന്നത്. അക്കൌണ്ടിംഗില്‍ ഫിനാന്‍സ്, ഓഡിറ്റിംഗ്, ബില്ലിംഗ് എന്നിവയില്‍ താത്പര്യമുള്ളവര്‍ക്ക് വീട്ടിലിരുന്ന് ഇത്തരം ജോലി ഒട്ടും ബുദ്ധിമുട്ടില്ലാതെ ചെയ്യാം. മോഷ, ഗുരു, ഇലാന്‍സ് എന്നീ വെബ്സൈറ്റുകള്‍ വഴി ഇത്തരം തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനാകും.
കണ്ടന്റ് റൈറ്റിംഗ്
ഈ ലേഖകന്‍ നടത്തുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ഉള്ളടക്കവും സര്‍വീസുകളെ കുറിച്ചുള്ള വിശദീകരണങ്ങളും ചേര്‍ക്കേണ്ടിവന്നപ്പോള്‍ അത് ചെയ്യാന്‍ പറ്റിയ ആളുകളെ തേടി ഒരു ഓട്ടപ്രദക്ഷിണം നടത്തിയിരുന്നു. പ്രൊഫഷനുകളെല്ലാം വലിയ ചാര്‍ജാണ് പറഞ്ഞിരുന്നത്. അവസാനം വെബ്സൈറ്റ് നിര്‍മാതാക്കള്‍ തന്നെ നിര്‍ദേശിച്ചതനുസരിച്ച് ആലുവയിലെ ഒരു പ്രശസ്ത കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്‍ഥിനിയാണ് ഒരു പേജിന് അഞ്ഞൂറ് രൂപ നിരക്കില്‍ ഈ ജോലി ചെയ്ത് തന്നത്.
ഇംഗ്ളീഷില്‍ കഴിവുള്ളവര്‍ക്ക്, ക്രിയാത്മകമായ വിവരണശേഷിയുണ്ടെങ്കില്‍ വളരെ രസകരമായി ചെയ്യാവുന്ന ഒരു ജോലിയാണിത്. വെബ്സൈറ്റ് നിര്‍മാതാക്കള്‍, സോഫ്റ്റ്വെയര്‍ കമ്പനികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ ജോലി അന്വേഷിക്കാവുന്നതാണ്. ബ്രോഷറുകള്‍, പ്രോസ്പെക്ടസുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നവര്‍, പ്രിന്റിംഗ് കമ്പനികള്‍ എന്നിവയില്‍ സാധ്യതകള്‍ ഒരുപാടുണ്ട്.
മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍
വിദേശത്ത്, പ്രത്യേകിച്ച് അമേരിക്കയില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പിക്കേണ്ടതുണ്ട്. ആശുപത്രികള്‍ ഇത്തരം ജോലികള്‍ ഡോക്ടര്‍മാരെ ഏല്‍പിച്ച് അവരുടെ സമയം കളയാറില്ല. പകരം ഡോക്ടര്‍മാര്‍ വാക്കിലോ വരയിലോ നല്‍കുന്ന സൂചനകള്‍ മാത്രമുപയോഗിച്ച് പുറംകരാര്‍ കമ്പനികളെ ഏല്‍പിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള വിശദ റിപ്പോര്‍ട്ടുകള്‍ എഴുതി വാങ്ങുന്നു.
ഈ ജോലി മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ എന്ന പേരില്‍ പഠിപ്പിക്കുകയും തൊഴില്‍ നേടിക്കൊടുക്കുകയും ചെയ്യുന്ന ചില കമ്പനികള്‍ കേരളത്തിലുമുണ്ട്. കോഴിക്കോട് അസുറെ (AZURE), പുത്തനത്താണിയിലെ ആക്സന്‍, കൊച്ചിയിലെ സ്പെക്ട്രം (SPECTRUM) തിരുവനന്തപുരത്ത് (CDIT)എന്നിവ പഠനവും തൊഴിലവസരവും നല്‍കുന്നു.
പ്രൂഫ് റീഡിംഗ്
ലോകത്തിലെ അറിയപ്പെടുന്ന പ്രസാധകശാലകളെല്ലാം മുഴുസമയ പ്രൂഫ് റീഡര്‍മാരെ വെക്കുന്നതിന് പകരം ഓണ്‍ലൈനായി ഈ ജോലി ചെയ്യിപ്പിക്കുന്നുണ്ട്. മാക്മില്ലന്‍, പെന്‍ഗ്വിന്‍ മുതലായ പ്രസാധകശാലകളുടെ വെബ്സൈറ്റില്‍ അവയുടെ ബാക്ക് ആന്റ് സപ്പോര്‍ട്ടില്‍ പ്രവേശിച്ചാല്‍ ഈ തൊഴിലുകള്‍ നമുക്കും തേടാവുന്നതാണ്.
പുറമെ വെബ്സൈറ്റ് ഡിസൈനിംഗ്, ബില്ലിംഗ്, കോഡിംഗ്, മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, ഓഡിറ്റിംഗ് എന്നീ മേഖലയിലൊരുപാട് തൊഴിലവസരങ്ങള്‍ ഓണ്‍ലൈനായി നമുക്ക് തേടാവുന്നതാണ്. ഫോട്ടോഷോപ്പ്, എക്സല്‍, പവര്‍പോയിന്റ് എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് ഗുരു, മോക്ഷ, ഈസി ജോബ്സ്, ഓണ്‍ലൈന്‍ ജോബ്സ് എന്നിങ്ങനെയുള്ള സൈറ്റുകളിലൂടെ തൊഴില്‍ തേടാവുന്നതാണ്. ഓണ്‍ലൈന്‍ തൊഴില്‍ ദാതാക്കളില്‍ വളരെ പ്രമുഖരാണ് മെക്കാനിക്കല്‍ ടര്‍ക്സ്. എല്ലാവിധ ടെക്നിക്കല്‍ നോണ്‍ ടെക്നിക്കല്‍ ജോലികളും ഈ സൈറ്റിലൂടെ ലഭ്യമാണ്.
സ്വയം സംരംഭങ്ങള്‍ സാമ്പത്തിക മുന്നേറ്റത്തിനും സ്വയം പര്യാപ്തതക്കും
ഇന്ത്യയിലെ തൊഴില്‍ശക്തിയുടെ ഏതാണ്ട് ആറ് മുതല്‍ പത്ത് ശതമാനം മാത്രമേ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുള്ളൂ. ബാക്കിവരുന്ന തൊഴില്‍ശക്തിയില്‍ അധികവും സ്വകാര്യ സംരംഭങ്ങളിലോ സ്വയം സംരംഭങ്ങളിലോ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൂരിപക്ഷവും സ്വയം സംരംഭങ്ങളിലാണ് എന്നതാണ് വസ്തുത.
തൊഴിലില്ലായ്മ കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം മുന്‍പന്തിയിലാണ്. പ്രത്യേകിച്ച് അഭ്യസ്ഥവിദ്യരായ സ്ത്രീകള്‍ക്കിടയില്‍. ഈ പ്രശ്നത്തെ ഫലപ്രദമായി നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്ത്രീകള്‍ക്ക് സ്വയം സംരംഭങ്ങളും ചെറുകിട ബിസിനസ് സ്ഥാപനങ്ങളും വ്യവസായങ്ങളും സ്ഥാപിക്കുന്നതിനാവശ്യമായ ട്രെയിനിംഗ് പ്രോഗ്രാമുകള്‍,
കോഴ്സുകള്‍, വായ്പാ പദ്ധതികള്‍ എന്നിവ വ്യവസ്ഥാപിതമായി നടത്തിവരുന്നുണ്ട്. വ്യവസായ വകുപ്പ,് നബാര്‍ഡ്, ചെറുകിട സൂക്ഷ്മ സംരംഭ മന്ത്രാലയം (മിനിസ്ട്രി ഓഫ് മൈക്രോ സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്) തുടങ്ങി ഒട്ടനവധി കേന്ദ്ര സംസ്ഥാന സംരംഭങ്ങള്‍ ഈയൊരു ലക്ഷ്യം വെച്ചുകൊണ്ട് വ്യവസ്ഥാപിതമായി നടത്തിവരുന്നുണ്ട്. വനിത സംരംഭങ്ങള്‍ക്കായി പരിശീലന പദ്ധതികള്‍ പ്രൊജക്ട് രൂപ കല്‍പന, സാമ്പത്തിക സഹായം എന്നിവ ഇത്തരം സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രധാന പദ്ധതികളില്‍ ഒന്നാണ്.
ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ സ്വയം സംരംഭക പരിശീലന കേന്ദ്രങ്ങളുമായി സഹകരിച്ച് പരിശീലന കോഴ്സുകളും വര്‍ക്ക് ഷോപ്പുകളും ജില്ലാവ്യവസായ കേന്ദ്രങ്ങളും നല്‍കിവരുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വ്യവസായ കേന്ദ്രം ഫല സംസ്ക്കരണവും സംരക്ഷണവും, പാക്കേജിംഗ്, അച്ചാര്‍ നിര്‍മാണം മുതലായ ഹ്രസ്വകാല പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുകയും പരിശീലനം കഴിഞ്ഞവര്‍ക്ക് ധനസഹായത്തിനുള്ള മാര്‍ഗങ്ങള്‍ ഉപദേശിക്കുകയും ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്: 0495 2766035/ എറണാകുളം: 0484 2206022/ തിരുവനന്തപുരം: 0471 2326756
എം.എസ്.എം.ഇ (ചെറുകിട സൂക്ഷ്മ സംരംഭക മന്ത്രാലയം)
ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ പരിശീലന പരിപാടികളും കോഴ്സുകളും നല്‍കുക, സാമ്പത്തിക സഹായ സ്രോതസ്സുകളെ കുറിച്ചുള്ള സഹായങ്ങള്‍ നല്‍കുക, പ്രൊജക്ടുകള്‍ നിര്‍മിച്ചുകൊടുക്കുക എന്നിവയാണ് ഇതിന്റെ കീഴിലെ ഓരോ സംസ്ഥാനങ്ങളിലുമുള്ള സ്ഥാപനങ്ങളുടെ ദൌത്യം.
സംഘടനകള്‍ക്കോ ക്ളബ്ബുകള്‍ക്കോ എന്‍.ജി.ഒകള്‍ക്കോ സ്വന്തം നിലക്കോ പ്രദേശികാവശ്യങ്ങള്‍ക്കോ അനുസൃതമായ കോഴ്സുകളും പരിശീലനപരിപാടികളും തുടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിന് എം.എസ്.എം. ഇ സഹായം തേടാവുന്നതാണ്. ഇതിന്റെ കേരള കേന്ദ്രത്തിന്റെ നമ്പര്‍: 0487 2360216
നബാര്‍ഡ്
കൃഷിയും അനുബന്ധ ചെറുകിട വ്യവസായ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സ്ഥാപിതമായ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് നബാര്‍ഡ്. അഗ്രികള്‍ച്ചര്‍ ക്ളിനിക്കുകള്‍, അഗ്രികള്‍ച്ചറല്‍ ബിസിനസുകള്‍, ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിവ തുടങ്ങുന്നതിനാവശ്യമായ ഒട്ടേറെ പദ്ധതികള്‍ നബാര്‍ഡിന് കീഴിലുണ്ട്.
അഗ്രി ക്ളിനിക്സ്
മണ്ണിനെ കുറിച്ച സാങ്കേതിക വിവരങ്ങള്‍ വിത- കൊയ്ത്ത്, സാങ്കേതിക ഉപദേശങ്ങള്‍, സഹായങ്ങള്‍, കന്നുകാലികള്‍, സംരക്ഷണ രീതികള്‍ എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ ഉപദേശം നല്‍കുകയാണ് ഇതിന്റെ ദൌത്യം.
അഗ്രി ബിസിനസ്സ് സെന്റര്‍
കൃഷി ആയുധങ്ങളും ഉപകരണങ്ങളും വില്‍ക്കുകയും വാടകക്ക് കൊടുക്കുകയും ചെയ്യുന്ന സെന്ററാണിത്. നബാര്‍ഡിന്റെ സഹായത്തോടെ ഇത്തരം സംരംഭങ്ങള്‍ അഗ്രികള്‍ച്ചര്‍ അനുബന്ധ മേഖലകളില്‍ ഡിപ്ളോമ തലത്തിലോ ഹയര്‍ സെക്കന്ററി തലത്തിലോ വിദ്യാഭ്യാസം നേടിയവര്‍ക്ക് തുടങ്ങാവുന്നതാണ്. (www.nabard.org)
ഗ്രാമോധ്യോഗ് റോസ്ഗാര്‍ യോജന (ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി GRY)
ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്റെ കീഴിലാണിത്. സ്വയം സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രൊജക്ടുകള്‍ തയ്യാറാക്കി നല്‍കുക. സാമ്പത്തിക സഹായങ്ങള്‍ നല്‍കുക. പരിശീലനം നല്‍കുക എന്നിവയാണ് ഈ പ്രൊജക്ടുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. (www.kudmbasree.org)
ബനാനാ ചിപ്സ് യൂണിറ്റ്, ലേഡീസ് സ്യൂട്ട് നിര്‍മാണ യൂണിറ്റ്, ജെന്‍സ് ടീഷര്‍ട്ട് നിര്‍മാണം, മസാല നിര്‍മാണം, നൂഡില്‍സ് മാനുഫാക്ചറിംഗ്, ടൊമാറ്റോ പ്രൊസസിംഗ് യൂണിറ്റ് എന്നിവയാണ് സ്വയം സംരംഭക പ്രൊജക്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.kvic-regppmegp.in)
സ്വര്‍ണജയന്തി ഷഹരി റോസ്കാര്‍ യോജന
അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ചെലവുവരുന്ന സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായ പദ്ധതിയാണിത്. മൊത്തം പ്രൊജക്ടിന്റെ പതിനഞ്ച് ശതമാനം സബ്സിഡിയുണ്ടാകും. സ്വന്തമായി ആവിഷ്കരിക്കുന്ന ഏതു സംരംഭങ്ങളും ഈ പ്രൊജക്ടിനു കീഴില്‍ ആരംഭിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2324205 (www.kudumbashree.org)
നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ബിസിനസ് ഡവലപ്മെന്റ് (NIESBUD)
ചെറുകിട സൂക്ഷ്മ സംരംഭക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണിത്. മൂന്നോ നാലോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന തൊഴില്‍ പരിശീലന കോഴ്സുകള്‍, തൊഴില്‍ജന്യ കോഴ്സുകള്‍, സ്വയം സംരംഭക പരിശീലനങ്ങള്‍ എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ആകര്‍ഷണം. പദ്ധതി ഉപദേശങ്ങള്‍, സ്വയം സംരംഭക പ്രൊജക്ട് നടപ്പാക്കലും തയ്യാറാക്കലും സാമ്പത്തിക സഹായ പ്രോത്സാഹനങ്ങളെ കുറിച്ച വിവരങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. (www.niesbud.nic.in)
രാഷ്ട്രീയ മഹിള കോഷ് (നാഷണല്‍ ക്രെഡിറ്റ് ഫണ്ട് ഫോര്‍ വിമണ്‍)
സ്ത്രീകള്‍ക്കിടയിലെ ചെറുകിട സംരംഭങ്ങള്‍, തൊഴില്‍ പദ്ധതികള്‍ എന്നിവക്കായി സാമ്പത്തിക സഹായം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണിത്. ഇതിനെ കേരളത്തിലെ വനിതകളും സംഘടനകളും വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
മഹിളാ സമൃദ്ധി യോജന (MSY)
ന്യൂനപക്ഷ സമുദായ വനിതകള്‍ക്കുള്ള സ്വയം സംരംഭക പരിശീലന സഹായ പദ്ധതിയാണിത്. 15 മുതല്‍ 20 വരെ സത്രീകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് പരിശീലനവും പദ്ധതിയും നല്‍കുക. 16നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രാദേശിക പ്രാധാന്യമനുസരിച്ചോ അംഗങ്ങളുടെ കൂട്ടായ താല്‍പര്യമനുസരിച്ചോ തെരഞ്ഞെടുക്കപ്പെട്ട മേഖലയില്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുക. ശേഷം സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. (www.nmdfc.org)
മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്നതിനായി പരമാവധി ഷെയര്‍ ചെയ്യുക.

Thursday, October 19, 2017

കേരളബ്രാഹ്മണരുടെ അറുപത്തിനാല് ആചാരങ്ങൾ


പുരാതനകേരളത്തിലെ ജനങ്ങളുടെ സാമൂഹ്യ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച സാമൂഹ്യ നിയമങ്ങളാണ് കേരളബ്രാഹ്മണരുടെ 64 ആചാരങ്ങൾ .ഇൗ ആചാരങ്ങളാണ് നമ്പൂതിരിമാരെന്ന കേരളബ്രാഹ്മണരെ മറ്റു ഇന്ത്യന്‍ ബ്രാഹ്മണരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. നമ്പൂതിരിമാർക്കുപോലും ആചാരലംഘനത്തിന് ശിക്ഷാനടപടികൾ നേരിടേണ്ടി വരുമായിരുന്നു . ക്ഷത്രിയരായ കേരളത്തിലെ അധികാരി വർഗ്ഗത്തിനുപോലും ഇൗ ആചാരമര്യാദകൾ ലംഘിക്കാൻ അശക്തരായിരുന്നു .ശങ്കരൻ രചിച്ചുവെന്ന് നമ്പൂതിരിമാർ വിശ്വസിക്കുന്ന ശാങ്കരസ്മൃതി (ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ അദ്വൈത സിദ്ധാന്തക്കാരനായ ശങ്കരനല്ല അതേ നാമധാരിയായ എതോ നമ്പൂതിരിയാണ് ശാങ്കരസ്മൃതിയുടെ ഉപജ്ഞാതാവ് ) എന്ന പുസ്തകമാണത്രേ മനുസ്മൃതിപോലെ കേരളബ്രാഹ്മണരുടെ ജീവിതനിയമപുസ്തകമായത് അതിലെ 64 ആചാരങ്ങളാണ് ഇവ.



1- ദന്തധാവനം കോലുകൊണ്ട് പാടില്ല .
2-ഉടുവസ്ത്രങ്ങൾ ധരിച്ച് സ്നാനം ചെയ്യരുത് 
3-കുളി കഴിഞ്ഞ് ഉടുവസ്ത്രങ്ങൾകൊണ്ട് ദേഹം തോർത്തരുത് .
4-ഉഷഃസന്ധ്യയ്ക്കു മുൻപേ കുളിക്കരുത് .
5-സ്നാനം നടത്തി ദേഹശുദ്ധി വരുത്താതെ ഭക്ഷണം പാകം ചെയ്യരുത് .
6-തലേന്ന് രാത്രിയില്‍ എടുത്തുവെച്ച വെള്ളം പിറ്റേദിവസം ഉപയോഗിക്കരുത് .
7-സ്നാനം , ജപം മുതലായവ ചെയ്യുമ്പോള്‍ ഫലത്തെ ഇച്ഛിക്കരുത് .
8-കാലു കഴുകാനായി എടുത്ത വെള്ളത്തിന്റെ ബാക്കി കൊണ്ട് മറ്റു കർമ്മങ്ങൾ ചെയ്യരുത് .
9-ശൂദ്രാദികളെ തൊട്ടാൽ മുങ്ങിക്കുളിക്കണം .
10-താണജാതികൾ അടുത്തുവന്നാലും കുളിക്കണം 
11-താണജാതിക്കാർ തൊട്ട കുളമോ ,കിണറോ തൊട്ടാലും കുളിക്കണം .
12-കഴുകി വൃത്തിയാക്കാത്ത ചൂലുകൊണ്ട് അടിച്ചുവാരിയ വഴിയിലൂടെ നടക്കരുത് .
13-മൂന്നു വിരല്‍ കൊണ്ടുവേണം നെറ്റിയില്‍ ഭസ്മലേപനം ചെയ്യേണ്ടത് .
14-മന്ത്രോച്ചാരണം സ്വയം നടത്തണം .
15-തണുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ കഴിക്കരുത് .
16-കുട്ടികൾ കഴിച്ചതിന്റെ ഉച്ഛിഷ്ടം കഴിക്കരുത് .
17-ശിവന് നേദിച്ചത് കഴിക്കരുത് .
18-ഭക്ഷണം ചട്ടുകം കൊണ്ടല്ലാതെ .വെറും കൈകൊണ്ട് വിളമ്പരുത് . 
19-ഹോമാദികർമ്മങ്ങൾക്ക് എരുമപ്പാലും എരുമ നെയ്യും ഉപയോഗിക്കരുത് .
20-തീണ്ടാരിയായ സ്ത്രീയെ സ്പർശിച്ചാൽ അപ്പോള്‍ തന്നെ കുളിക്കണം .
21-ചോറ് ഉരുളയുരുട്ടി കഴിക്കണം .
22-കുടിക്കുനീർ വീഴ്ത്തിയശേഷമേ ആഹാരം കഴിക്കാവൂ .
23-ബ്രഹ്മചാരിയുടെ സമാവർത്തനം വൈകരുത് .
24- വേദാദ്ധ്യയനം കഴിഞ്ഞാല്‍ ഗുരുനാഥന് ദക്ഷിണ നൽകണം .
25-പൊതുവഴിയിൽ വേദങ്ങൾ ഉരുവിടരുത് 
26-വിധിപോലെ ഷോഡശകർമ്മങ്ങൾ ചെയ്യണം .
27- പുല, വാലായ്മ ആചരിക്കുമ്പോൾ താംബൂലചർവ്വണം പാടില്ല .
28- സ്ത്രീകള്‍ക്ക് ദ്രവ്യം വാങ്ങി കൊടുക്കരുത് .
29-സ്വാഭിലാഷപൂർത്തിയാക്കിയ വ്രതാനുഷ്ഠാനങ്ങൾ നടത്തരുത് .
30-ബ്രാഹ്മണൻ നൂൽനൂൽക്കരുത് ,അലക്കരുത് .
31-ബ്രാഹ്മണൻ രുദ്രാക്ഷം മുതലായവയിൽ ശിവപൂജ ചെയ്യരുത് .
32-ശൂദ്രാദികളുടെ ശ്രാദ്ധകർമ്മങ്ങളിൽ ബ്രാഹ്മണർ പങ്കെടുക്കരുത് .
33-പിതൃക്കളുടെ ശ്രാദ്ധകർമ്മങ്ങൾ യഥോചിതം നിർവ്വഹിക്കണം .
34-കറുത്തവാവുതോറും പിതൃതർപ്പണം ചെയ്യണം .
35-അച്ഛനും അമ്മയും മരിച്ച് ഒരുവർഷം തികയുന്ന ദിവസങ്ങളില്‍ ശ്രാദ്ധകർമ്മങ്ങൾ ചെയ്യണം .
36-മരിച്ചദിവസം തൊട്ട് ഒരു കൊല്ലം തികയുന്നതുവരെ സംവത്സരദീക്ഷ അനുഷ്ഠിക്കണം.
37-ശ്രാദ്ധദിവസം നിശ്ചയിക്കുന്നത് നക്ഷത്രമനുസരിച്ചായിരിക്കണം .
38-ശ്രാദ്ധം അനുഷ്ഠിക്കുന്നതിനിടയിൽ കുടുംബത്തിൽ പ്രസവം ഹേതുവായുള്ള വാലായ്മ ഉണ്ടായാല്‍ അതുകൊണ്ടുമതി ശ്രാദ്ധകർമ്മങ്ങൾ .
39-ദത്തുപുത്രൻ വളർത്തുപിതാവിന്റെയും സ്വപിതാവിന്റെയും ശ്രാദ്ധം അനുഷ്ഠിക്കണം .
40-ഒരാൾ മരിച്ചാൽ അയാളുടെ ജഡം വീട്ടുവളപ്പിൽതന്നെ സംസ്കരിക്കണം .
41-സന്യാസധർമ്മം സ്വീകരിച്ചവർ സ്ത്രീകളെ കാണാന്‍ പാടില്ല .
42-സന്യാസിമാരുടെ ശ്രാദ്ധം കുടുംബാംഗങ്ങൾ നടത്തരുത് .
43-സന്യാസധർമ്മം സ്വീകരിച്ചവർ 
ഇതര സന്യാസിമാരുടെ ശ്രാദ്ധം ചെയ്യരുത് .
44-ബ്രാഹ്മണസ്ത്രീകൾ സ്വന്തം ഭർത്താക്കന്മാരെയല്ലാതെ പരപുരുഷന്മാരെ കാണരുത് .
45-ദാസിമാരുടെ അകമ്പടിയില്ലാതെ ബ്രാഹ്മണസ്ത്രീകൾ പുറത്തിറങ്ങി നടക്കരുത് .
46-അവർ വെളുത്ത വസ്ത്രങ്ങളേ ധരിക്കാവൂ.
47-മൂക്കു കുത്താൻ പാടില്ല .
48-മദ്യം ബ്രാഹ്മണന് നിഷിദ്ധമാണ് 
49-സ്വഭാര്യയല്ലാതെ മറ്റൊരു ബ്രാഹ്മണസ്ത്രീയുമായി ലൈംഗിക ബന്ധം പുലർത്തുന്ന ബ്രാഹ്മണനെന സ്വജാതിയിൽ നിന്നും പുറത്താക്കണം 
50-ക്ഷേത്രങ്ങളിൽ പ്രേതപ്രതിഷ്ഠ പാടില്ല .
51-ശൂദ്രജാതികളെയും മറ്റും ക്ഷേത്രവിഗ്രഹങ്ങൾ തൊട്ട് അശുദ്ധമാക്കാൻ അനുവദിക്കരുത് .
52-ഒരു ദേവന് നിവേദിച്ചത് മറ്റൊരു ദേവന് നിവേദിക്കരുത് .
53-വിവാഹാദികർമ്മങ്ങളിൽ ഹോമക്രിയങ്ങൾ കൂടാതെ നടത്തരുത് .
54-ബ്രാഹ്മണർ പരസ്പരം നമസ്കരിക്കരുത് .
55-അവർ പരസ്പരം ആശീർവദിക്കരുത് .
56-പശുവിനെ ബലികഴിച്ചുകൊണ്ടുള്ള അനുഷ്ഠാനങ്ങൾ പാടില്ല .
57ശൈവ വൈഷ്ണവ ആരാധനകൾ വഴി വേർതിരിവുണ്ടാക്കരുത് .
58-ബ്രാഹ്മണൻ ഒറ്റ പൂണൂലേ ധരിക്കാവൂ.
59-മൂത്തപുത്രൻ മാത്രമേ വേളികഴിക്കാവൂ .
60- അരിവേവിച്ചു മാത്രമേ പിതൃക്കൾക്ക് ബലിയിടേണ്ടത് .
61-ക്ഷത്രിയാദികൾ അമ്മാവനു ബലിയിടണം .
62-ക്ഷത്രിയന് മരുമക്കത്തായമാണ് ദായക്രമം .
63-വിധവകൾ സന്യാസധർമ്മം ആചരിക്കണം 
64-സതീസമ്പ്രദായം ആവശ്യമില്ല .

ഇവയില്‍ എനിക്ക് ഏറ്റവും ചിന്തനീയമായി തോന്നിയത് നമ്പൂതിരിമാർ പരസ്പരം നമസ്കരിക്കരുതെന്നും ,ആശീർവദിക്കരുതെന്നുമുള്ള ആചാരങ്ങളാണ് .ഒരുപക്ഷേ ഇതുകൊണ്ടായിരിക്കും തമിഴന് വണക്കം എന്ന പോലെ ഗോസായിക്ക് നമസ്ക്കാർ എന്ന പോലെ ബിലാത്തിക്കാരുടെ ഗുഡ് മോർണിംഗ് പോലെ പരസ്പരം അഭിവാദ്യം ചെയ്യാന്‍ ഒരു പദം മലയാളിക്ക് ഇല്ലാതെ പോയത്.


* * * * * * * * * *
വിവരശേഖരണം : ശ്രീ .എം.ജി. ശശിഭൂഷൺ രചിച്ച മലയാളികളുടെ ആചാരങ്ങളും അനാചാരങ്ങളും എന്ന പുസ്തകം 

Tuesday, October 17, 2017

നമുക്ക് കുറഞ്ഞ ചിലവില്‍ സ്വന്തമായി CCTV ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്യാം




CCTV വീഡിയോ സർവലൈൻസ് സംവിധാനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും സർവ്വ സാധാരണമായിരിക്കുകയാണല്ലോ. ചെറിയ കടകളിൽ മുന്തൽ വീടുകളിൽ വരെ ചെറുതും വലുതുമായ സി സി ടിവി യൂണിറ്റുകൾ പരക്കെ ഉപയോഗിക്കപ്പെടുന്നു. ഏതെങ്കിലും കടയിൽ മോഷണം നടന്നാൽ പോലിസുകാർ ‘ എന്താ സി സി ടിവി വയ്ക്കാത്തതെന്ന്?’ ചോദിച്ച് കടയുടമകളെ കുറ്റപ്പെടുത്തുന്നതും പതിവാണ്‌ .

എവിടെയൊക്കെ സി സി ടി വി വയ്ക്കാം വയ്ക്കാതിരിക്കാം എന്നതിനെക്കുറിച്ചൊക്കെ പ്രത്യേകമായി പതിപാദിക്കുന്ന നിയമങ്ങളൊന്നും നമ്മുടെ രാജ്യത്ത് നിലവിൽ ഇല്ല. സി സി ടി വിയും സ്വകാര്യതയും തമ്മിൽ വലിയ ബന്ധം ഉള്ളതിനാൽ പൊതു ഇടങ്ങളിൽ ഇവ വിവേചനമില്ലാതെ ഉപയോഗിക്കുന്നത് ഒരു ചർച്ചാ വിഷയവുമാണ്‌.

എനിക്ക് എന്റെ വീട്ടിലെ ടോയ്‌‌ലെറ്റിൽ വരെ സി സി ടിവി കാമറ വയ്ക്കുന്നതിൽ യാതൊരു നിയമ തടസ്സവും ഇല്ല. പക്ഷേ ഒരു പബ്ലിക് ടോയ്‌‌ലറ്റിൽ ആയാൽ അത് മറ്റ് പല നിയമ ലംഘനങ്ങളുടെയും പരിധിയിൽ വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനായി പ്രത്യേകം ഒരു നിയമം ഇല്ലെങ്കിലും പൊതുവെ സർവലൈൻസ് കാമറകൾ ഫിറ്റ് ചെയ്തിടത്തൊക്കെ ” You are under CCTV surveillance” തുടങ്ങിയ മുന്നറിയിപ്പ് ബോഡുകൾ കാണാം.

ഇത് കുറ്റവാളികളെ കുറ്റം ചെയ്യുന്നതിൽ നിന്നും പിൻതിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉള്ളവയല്ല. മറിച്ച് മറ്റാരും നിരിക്ഷിക്കുന്നില്ലെന്ന തെറ്റിദ്ധാരണയോടെ അറിയാതെയുണ്ടാകുന്ന സ്വകാര്യതാ ലംഘനങ്ങൾ ഒഴിവാക്കാൻ കൂടി വേണ്ടിയാണ്‌.

സ്വകാര്യ ഭാഗങ്ങളിൽ ഒന്ന് ചൊറിയണമെന്ന് തോന്നിയാൽ സി സി ടി വി ഉള്ള ഇടങ്ങളിലാണെങ്കിൽ ആവശ്യമായ മറവോ മറ്റു മുൻകരുതലുകളോ എടുക്കാൻ ഇത്തരം മുന്നറിയിപ്പ് ബോഡുകൾ സഹായിക്കുമല്ലോ. മുഖം അന്യ പുരുഷർ കാണുന്നതിലൂടെ സ്വർഗ്ഗം നഷ്ടപ്പെടുമെന്ന ഭീതിയുള്ളവർക്കും ആവശ്യമായ മുൻകരുതലുകൾ ഇതിലൂടെ എടുക്കാൻ കഴിയുന്നു.

ഡിമാൻറ്റ് കൂടിയപ്പോൾ സി സി ടിവി ഫിറ്റ് ചെയ്ത് കൊടുക്കുന്ന ഏജൻസികളും കൂണുപോലെ മുളച്ച് പൊങ്ങിയിരിക്കുന്നു. ഉപഭോക്താക്കളൂടെ അജ്ഞതയും തെറ്റിദ്ധാരണയും മുതലെടുത്ത് വലിയ മാർജിൻ എടുക്കുന്നതിനാൽ ഇത് വലിയ ലാഭകരമായ ഒരു ബിസിനസ് ആയാണ്‌ വിലയിരുത്തപ്പെടുന്നത്. അതിനാൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും ചെയ്ത് പഠിക്കാനും താല്പര്യമുള്ളവർക്കായി എങ്ങിനെ ചുരുങ്ങിയ ചെലവിൽ ഒരു സി സി ടി വി സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാം എന്ന് മനസ്സിലാക്കിത്തരാൻ ശ്രമിക്കാം.

ഈ രംഗത്ത് ബിസിനസ് ചെയ്യുന്ന സുഹൃത്തുക്കൾ ക്ഷമിക്കുക. ഒരു ഫ്യൂസ് കെട്ടാൻ വരെ ഇലക്ട്രീഷ്യന്റെ സഹായം തേടുന്നവരാണ്‌ നമ്മൂടെ നാട്ടിൽ കൂടൂതലും എന്നതിനാൽ ഇത് നിങ്ങളുടെ ബിസിനസ്സിനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല.നിലവിൽ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളതും വിപണിയിൽ സുലഭവുമായ വീഡിയോ സർവലൈൻസ് സംവിധാനങ്ങളെ ഒന്ന് പരിചയപ്പെടാം.

1. സ്റ്റാൻഡ് അലോൺ വയർലെസ് ഐ പി കാമറകൾ – ഇതിൽ ഓരോ ക്യാമറയും നേരിട്ടോ ഒരു നെറ്റ്‌‌വർക്ക് സ്വിച്ച് വഴിയോ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വയറോടു കൂടീയതൊ വയർ ലെസ്സോ ആകാം. ഇന്റർനെറ്റിലൂടെ ഇവ മൊബൈൽ ആപ്പുകളിലൂടെയോ കമ്പ്യൂട്ടർ സോഫ്റ്റ്‌‌വെയറുകൾ വഴിയോ വിദൂര വീക്ഷണവും റേക്കോഡിംഗും സാദ്ധ്യമാകുന്നു.

പല തരത്തിൽ ഐ പി കാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണെങ്കിലും പൊതുവേ സർവ്വറുകളൊന്നും ഉപയോഗിക്കാത്ത പീർ ടു പീർ വ്യൂവിംഗ് സംവിധാനങ്ങളാണ്‌ ഇപ്പോൾ പരക്കെ ഉപയോഗപ്പെടുത്തിക്കാണുന്നത്. പീർ ടു പീർ വ്യൂവിങ്ങ് എന്നാൽ നമ്മൂടെ ടോറന്റുകളുടെ അതേ സാങ്കേതിക വിദ്യ തന്നെ.

ഓരോ കാമറയ്ക്കും ഒരു യുണീക് ഐഡി ഉണ്ടായിരിക്കും ഈ യുണീക് ഐഡി ഉപയോഗിച്ച് മൊബൈൽ ഫോണുകളുമായോ കമ്പ്യൂട്ടറുകളുമായോ നേരിട്ട് ബന്ധം സ്ഥാപിക്കുന്നു. ഇതല്ലാതെ നേരിട്ട് കാമറയുടെ ഐ പി അഡ്രസ് ഉപയോഗിച്ചും വിദൂര വീക്ഷണം സാദ്ധ്യമാണ്‌. ഇതിനായി ഒന്നുകിൽ ഇന്റർനെറ്റ് കണക്ഷന് ഒരു സ്റ്റാറ്റിക് ഐപി അഡ്രസ് ആവശ്യമാണ്‌ (പൊതുവേ ഹോം യൂസർ കണക്ഷനുകൾക്ക് ഇത് കിട്ടാറില്ല. )

അല്ലെങ്കിൽ ഡൈനാമി ഐപി അഡ്രസ്സുകളെ സ്റ്റാറ്റിക് ഐപി അഡ്രസ് ആക്കി മാറ്റുന്ന No IP പോലെയുള്ള തേഡ് പാർട്ടി സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്‌.
ചൈനീസ് ബ്രാൻഡുകൾ 3000-4000 റേഞ്ചിൽ റിമോട്ട് പാൻ ട്വിൽറ്റ് സൂം (PTZ) ഫംഗ്ഷനുകളോടുള്ളവ ലഭ്യമാകുമ്പോൾ തുല്ല്യമായ ഫീച്ചറുകൾ ഉള്ള ഡി ലിങ്ക്, സോണി, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളുടെ കാമറകൾക്ക് ഇതിന്റെ അഞ്ചു മുതൽ പത്ത് മടങ്ങ് വരെ വില നൽകേണ്ടതായി വരുന്നു.

അതിനാൽ വലിയ വിലക്കുറവുള്ള ചൈനീസ് ക്യാമറകൾ ഈ മേഖലയിൽ അരങ്ങ് വാഴുന്നു. പൊതുവേ ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായി വരുന്ന സന്ദർഭങ്ങളിലും മറ്റുമാണ്‌ കൂടുതലായി ഐ പി കാമറകൾ ഉപയോഗപ്പെടുത്തുന്നത്. ഒരൊറ്റ മുറിയുള്ള കടകൾ, വീട്ടിൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ, വീട്ടു ജോലിക്കാരെ ശ്രദ്ധിക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കുമായും ഇത്തരം ചെറിയ ഐ പി കാമറകൾ ഉപയോഗപ്പെടുത്താവുന്നതാണ്‌ . ഐപി കാമറകളുടെ ഡീഫോൾട്ട്‌ പാസ്വ‌‌വേഡുകളും യൂസർ ഐഡികളും മാറ്റിയില്ലെങ്കിൽ വളരെ എളുപ്പത്തിൽ അവ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ട്.

2. ലോക്കൽ മെമ്മറി കാർഡ് സ്റ്റൊറേജോടു കൂടിയ കാമറകൾ..
പ്രത്യേകിച്ച് നെറ്റ് വർക്ക് കാഡോ റിമോട്ട്‌ സ്റ്റോറേജ് സൗകര്യമോ ഒന്നുമില്ലാത്ത ലോക്കൽ സ്റ്റോറേജ് മാത്രം ഉള്ള സ്റ്റാൻഡ് അലോൺ ക്യാമറകളാണ്‌ ഇവ. ഇത്തരം കാമറകളിൽ 128 ജി ബി വരെയുള്ള മെമ്മറി കാഡ് പൊതുവേ സപ്പോർട്ട് ചെയ്യുന്നതായി കണ്ടു വരുന്നു. ഇവയിലും ഓഡിയോ‌ വീഡിയോ ഔട് പുട് ഉണ്ട്.

ആവശ്യമാണെങ്കിൽ ടി വിയിലെ വീഡിയോ ഇൻ സോക്കറ്റിൽ കേബിളുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്ത് ടിവിയിലും മറ്റും മോണിറ്റർ ചെയ്യാവുന്നതാണ്‌ . ചുരുങ്ങിയ വിലയിൽ ഇത്തരം കാമറകൾ ലഭ്യമാണ്‌ (വിപണിയിൽ പൊതുവേ ഈ സെഗ്മന്റിൽ ചൈനീസ് ബ്രാൻഡുകൾ മാത്രമേ ലഭിക്കുന്നുള്ളൂ എന്നതിനാൽ ഗുണനിലവാരവും വീഡിയോ ക്വാളിറ്റിയുമെല്ലാം ഒത്തു കിട്ടിയാൽ കിട്ടീ എന്നേ ഉള്ളൂ ).

3. വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാമറകൾ കേബിളുകൾ വഴി ഡിജിറ്റൽ വീഡീയോ റെക്കോഡറുമായി ബന്ധിപ്പിച്ചിരിക്കുന്ന സാധാരണ സി സി ടി വി സിസ്റ്റം ( ഇതാണ്‌ ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ളത്).

4. വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഐ പി ക്യാമറകൾ കേബിളുകൾ വഴിയും നെറ്റ് വർക്ക് സ്വിച്ചുകൾ വഴിയും ഒരു നെറ്റ്‌‌വർക്ക് വീഡിയോ‌ റേക്കോർഡറുമായി (NVR) ബന്ധിപ്പിച്ചുകൊണ്ടുള്ള സംവിധാനം. ബഹുനില മന്ദിരങ്ങളിലും മറ്റും അനേകം ക്യാമറകൾ ഉള്ള വളരെ വിപുലമായ സംവിധാനം ആണെങ്കിൽ ഇതോ അല്ലെങ്കിൽ അനലോഗ് ക്യാമറകൾ കൂടി ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് സിസ്റ്റമോ ആയിരിക്കും കൂടുതൽ അനുയോജ്യം.

5. വയർലെസ് കാമറകൾ വൈഫൈ വഴി എൻ വി ആറുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന വൈഫൈ സി സി ടി വി സിസ്റ്റം 6. അനലോഗ് ക്യാമറകളും നെറ്റ് വർക്ക് ക്യാമറകളും ഒന്നിച്ചുള്ള ഹൈബ്രിഡ് സിസ്റ്റം.

ഒരു CCTV സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപേ സ്വന്തം അവശ്യം എന്തെന്ന് മനസ്സിലാക്കുയും ലഭ്യമായ സാങ്കേതിക വിദ്യകളെക്കുറിച്ച് അറീവുണ്ടായിരിക്കുകയും നല്ലതാണ്‌. ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായ ഇടങ്ങളിൽ ഡി വി ആറും മറ്റു സംവിധാനങ്ങളുമെല്ലാം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .

ഒരു സാധാരണ അനലോഗ് CCTV സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങളെക്കുറിച്ച് പറയാം.

CCTV Cameras:

പൊതുവെ രണ്ടു തരത്തിലുള്ള ക്യാമറകൾ ആണ്‌ സി സി ടി വി സിസ്റ്റത്തിൽ ഉപയോഗിച്ചു വരുന്നത്. ഒന്ന് ഡോം ക്യാമറ രണ്ട് ബുള്ളറ്റ് ക്യാമറ. ഒരു ചിരട്ട മുറിയുടെ ആകൃതിയിൽ ചുവരിലോ സീലിംഗിലോ ഒക്കെ ഉറപ്പിച്ചു വയ്ക്കാവുന്ന കാമറകൾ ആണ്‌ ഡോം കാമറകൾ. കുഴൽ രൂപത്തിൽ പ്രത്യേകം ആക്സിസിൽ ഉറപ്പിച്ചു വച്ചിരിക്കുന്നവയാണ്‌ ബുള്ളറ്റ് ക്യാമറകൾ

. വിലയുടെ കാര്യം പറയുമ്പോൾ ഡോം ക്യാമറകൾക്ക് ബുള്ളറ്റ് കാമറകളേക്കാൾ വിലക്കുറവാണ്‌. ഫോക്കസ് , കവറേജ് ഏരിയ തുടങ്ങിയവ പൊതുവേ ഡോം ക്യാമറകളേ അപേക്ഷിച്ച് ബുള്ളറ്റ് ക്യാമറകൾക്ക് കൂടുതൽ ആയിരിക്കും . സാധാരണയായി ഇൻഡോർ കവറേജിനു ഡോം കാമറയും ഔട് ഡോർ കവറേജിൻ ബുള്ളറ്റ് കാമറയും ആണ്‌ ഉപയോഗിക്കുന്നത്.

ഇതിൽ തന്നെ എല്ലാ ബുള്ളറ്റ് കാമറകളും മഴയും വെയിലുമൊക്കെ കൊള്ളാൻ പാകത്തിലുള്ള ഔട്‌ഡോർ ഉപയോഗത്തിനു പറ്റിയവ ആകണമെന്നില്ല. അതിനാൽ അത്തരം ഉപയോഗങ്ങൾക്ക് ഐപി68 സ്റ്റാൻഡേഡിലുള്ള ബുള്ളറ്റ് കാമറകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സാധാരണ കൂടുതലായി ഉപയോഗിച്ച് കാണുന്നില്ലെങ്കിലും Pan Twilt Zoom (PTZ) സൗകര്യങ്ങളോടു കൂടിയ കാമറകളും ഉണ്ട്.

ശബ്ദം കൂടി റെക്കോഡ് ചെയ്യാൻ സഹായിക്കുന്ന മൈക്രോഫോൺ കൂടിയുള്ള ക്യാമറകളും ലഭ്യമാണ്‌. മിക്കവാറും ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ക്യാമറകളിലെല്ലാം നൈറ്റ് വിഷൻ സൗകര്യം കൂടി ഉള്ളതാണ്‌. ഇതിലേക്കായി പ്രത്യേകമായി ഒന്നും തന്നെ ചെയ്യേണ്ടതില്ല. ക്യാമറകളുടെ മെഗാ പിക്സൽ റേറ്റിംഗിനനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടായിരിക്കും. പൊതുവേ 2 മെഗാ പിക്സൽ ക്യാമറകളാണ്‌ കൂടുതലായി ഇന്സ്റ്റാൾ ചെയ്ത് കണ്ടൂ വരുന്നത്.

DVR :

ഡിജിറ്റൽ വീഡിയോ‌ റേക്കോഡർ എന്ന ഡി. വി ആർ ആണ്‌ ഒരു സി സി ടി വി സിസ്റ്റത്തിന്റെ ഹൃദയഭാഗം . എല്ലാ കാമറകളും പ്രത്യേക കേബിളുകൾ മുഖേന ഡി വി ആറുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. സ്വന്തമായി ചെറിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഒരു കൊച്ചു കമ്പ്യൂട്ടർ ആണ്‌ ഡി വി ആറുകൾ. ഇതിൽ മൗസും മോണിറ്ററും ഘടിപ്പിക്കാനുള്ള സൗകര്യവും ക്യാമറകൾ കണക്റ്റ് ചെയ്യാനുള്ള സോക്കറ്റുകളും ഉണ്ടായിരിക്കും .

ചാനലുകളുടെ (ക്യാമറകളുടെ) എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഡി വി ആറുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്. 4 ചാനൽ ഡി വി ആറുകൾ ആണ്‌ ഏറ്റവും അടിസ്ഥാനമായ മോഡൽ. ഇതിൽ പരമാവധി 4 കാമറകൾ കണക്റ്റ് ചെയ്യാവുന്നതാണ്‌. അഞ്ചു ക്യാമറകൾ കണക്റ്റ് ചെയ്യണമെങ്കിൽ 5 ചാനൽ ഡി വി ആറുകളോ 6 ചാനൽ ഡി വി ആറുകളോ വിപണിയിൽ ലഭ്യമല്ല. അതിനായി 8 ചാനൽ ഡി വി ആറുകൾ തന്നെ വാങ്ങേണ്ടി വരും.

8 ചാനൽ കഴിഞ്ഞാൽ പിന്നെ പൊതുവേ 16 ചാനൽ 32 ചാനൽ തുടങ്ങിയവയാണ്‌ കണ്ടു വരുന്നത്. നമ്മുടെ നാട്ടിൽ പൊതുവേ ഉപയോഗിച്ചു കണ്ടിട്ടുള്ള മോഡലുകളാണ്‌ Hikvision, CpPlus, Godrej, BPL, Sony, iBall തുടങ്ങിയവ. ഇതിൽ HikVision, CpPlus തുടങ്ങിയവ വളരെ കൂടുതലായി കണ്ടു വരുന്നു. 4 ചാനൽ ഡി വി ആറുകളും 8 ചാനൽ ഡി വി ആറുകളും തമ്മിൽ വിലയിൽ അതനുസരിച്ചുള്ള വലിയ വ്യത്യാസങ്ങൾ ഇല്ല എന്നറിയുക.

ഓരോ ചാനലിലും എത്ര മെഗാപിക്സൽ ക്യാമറകളാണ്‌ കണക്റ്റ് ചെയ്യാനാവുക എന്നും ഏത് ഫോർമാറ്റിൽ ആണ്‌ റെക്കോഡിംഗ് സാദ്ധ്യമാകുന്നത് എന്നതിലും വ്യത്യാസമുണ്ടായിരിക്കും. 720P യിൽ റെക്കോഡ് ചെയ്യുന്ന ഡി വി ആറുകളേക്കാൾ വില കൂടുതലായിരിക്കും 1080P യിൽ റെക്കോഡ് ചെയ്യുന്നവയ്ക്ക്.

വിപണിയിലുള്ള പ്രമുഖ കമ്പനികളുടെ ഡി വി ആർ മോഡലുകളിലെല്ലാം ഇന്റർനെറ്റുമായി ബന്ധിയ്ക്കാനുള്ള നെറ്റ്‌‌വർക്ക് പോർട്ടുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അതനുസരിച്ചുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കും.വയർലെസ് ഡി വി ആറുകൾ എന്നൊരു വിഭാഗം കൂടി ഉണ്ട്. ഇതിൽ വയർലെസ് കാമറകൾ ആണ്‌ ഉപയോഗിക്കുന്നത്.

ക്യാമറകളൂം ഡി വി ആറും തമ്മിലുള്ള ദൂരപരിധി പരിമിതമാണെന്നതിനാൽ ഇത്തരം ഡി വി ആറുകൾ അധികമായി ഉപയോഗിക്കാറില്ല എന്നുമാത്രമല്ല വിപണിയിൽ പ്രമുഖ കമ്പനികളുടേതായി ഇത്തരത്തിലുള്ളവ ലഭ്യവുമല്ല. പക്ഷേ ചൈനീസ് പോർട്ടലുകളിൽ ഇവ യഥേഷ്ടം ലഭ്യമാണ്‌ .

SMPS :
കാമറകൾ പ്രവർത്തിക്കുന്നതിനാവശ്യമായ 12 വോൾട്ട് ഡി സി പവർ സപ്ലെ നൽകുവാനാണ്‌ ഇത് ഉപയോഗിക്കുന്നത്. എത്ര ചാനലുകൾ ഉപയോഗിക്കുന്നുവോ അതനുസരിച്ച് SMPS ന്റെ കറന്റ് റേറ്റിംഗിലും വ്യത്യാസം വരും .


Cable:
90 മീറ്ററിന്റെ ബണ്ടിൽ ആയാണ്‌ കേബിൾ ലഭ്യമാകുന്നത്. ലൂസ് ആയും കടകളിൽ നിന്നും മുറിച്ച് വാങ്ങാവുന്നതാണ്‌ . ക്യാമറ ഔട് പുട് കണക്റ്റ് ചെയ്യാനുള്ള ഒരു ഷീൽഡഡ് കേബിളും 12 വോൾട്ട് പവർ സപ്ലെയ്ക്കായുള്ള പോസിറ്റീവ് നെഗറ്റീവ് കേബിളും ഓഡിയോ കണക്റ്റ് ചെയ്യണമെങ്കിൽ അതിനായുള്ള ഒരു വയറും ഉൾപ്പെട്ട ഒരു ബഞ്ച് ആണ്‌ ഈ കേബിൾ.

കേബിൾ ടിവി കേബിളിലേതുപോലെ വലയോടു കൂടിയ ഷീൽഡിംഗ് ഉള്ളതാണ്‌ വീഡിയോ കേബിൾ, പവർ സപ്ലെ പോസിറ്റിവ് ആയി ചുവന്ന വയറും നെഗറ്റീവ് ആയി കറുപ്പോ നീലയോ വയർ ആയിരിക്കും. കേബിളിന്റെ ഗുണനിലവാരം വീഡിയോയെ ബാധിക്കും എന്നതിനാൽ നല്ല നിലവാരമുള്ള കോപ്പർ കേബിളുകൾ ഉപയോഗിക്കുക.

Connectors:
പ്രധാനമായും രണ്ടു തരം കണക്റ്ററുകൾ ആണ്‌ സി സി ടി വി വയറിംഗിനായി ആവശ്യമായി വരുന്നത്. ഒന്ന് ക്യാമറ കണക്റ്റ് ചെയ്യാനുള്ള ബി എൻ സി / ആർ സി എ കണക്റ്ററുകളും പവർ സപ്ലെ കണക്റ്റ് ചെയ്യാനുള്ള ഡി സി പവർ കണക്റ്ററുകളും.

Cable Clips:

സി സി ടി വി ഇൻസ്റ്റാളേഷനിലെ ഏറ്റവും സമയമെടുക്കുന്നതും വിഷമമേറിയതുമായ ഘട്ടം ആണ്‌ വയറിംഗ്. വെറുതേ തലങ്ങും വിലങ്ങും കേബിളുകൾ വലിച്ച് കണക്റ്റ് ചെയ്താലും സംഗതി പ്രവർത്തിക്കുമെങ്കിലും അങ്ങനെ പോരല്ലോ. പ്ലാസ്റ്റിക് കേബിൾ ക്ലിപ്പുകൾ ഉപയോഗിച്ച് അധികം വൃത്തികേട് തോന്നാത്ത വിധം സീലിംഗിന്റെ മൂലകളിലൂടെയോ മറ്റു വയറിംഗുകൾക്ക് സമാന്തരമോ ഒക്കെയായി വയറിംഗ് ചെയ്യാവുന്നതാണ്‌.

Hard Disc:

ഡി വി ആറുകൾ ഹാർഡ് ഡിസ്ക് ഫിറ്റ് ചെയ്തല്ല ലഭിക്കുന്നത്. ഹാർഡ് ഡിസ്ക് ആവശ്യമായ കപ്പാസിറ്റിക്ക് അനുസരിച്ച് പ്രത്യേകമായി വാങ്ങേണ്ടതുണ്ട്. 1 TB, 2 TB അങ്ങനെ ഡാറ്റ എത്ര ദിവസം സൂക്ഷിക്കണം എന്നതിനനുസരിച്ച് ഹാർഡ് ഡിസ്കുകൾ വാങ്ങാവുന്നതാണ്‌.

സാധാരണ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും സർവലൈൻസ് മീഡിയാ ഹാർഡ് ഡിസ്കുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും വലിയ വില വ്യത്യാസമുള്ളതിനാലും വിപണിയിലെ ലഭ്യതക്കുറവും കാരണം സാധാരണ ഹാർഡ് ഡിസ്കുകൾ തന്നെയാണ്‌ ഡി വി ആറുകളിൽ പൊതുവേ ഇൻസ്റ്റാൾ ചെയ്യുന്നതായി കണ്ടു വരുന്നത്.

പല തരത്തിൽ റെക്കോഡിംഗുകൾ കോൺഫിഗർ ചെയ്യാനുള്ള സൗകര്യം ഡി വി ആറുകളിൽ ഉണ്ട്. 24 മണിക്കൂർ റെക്കോഡിംഗ്, ചില പ്രത്യേക സമയങ്ങളിൽ മാത്രം റെക്കോഡിംഗ്, എന്തെങ്കിലും ചലനങ്ങൾ ഉണ്ടെങ്കിൽ മാത്രം റെക്കോഡ് ചെയ്യുക തുടങ്ങിയവയെല്ലാം പ്രത്യേകം ചാനലുകൾക്കായി കോൺഫിഗർ ചെയ്യാവുന്നതാണ്‌.

ഇതിൽ മോഷൻ സെൻസർ റെക്കോഡിംഗ് ആണെങ്കിൽ ഹാർഡ് ഡിസ്കിൽ കൂടുതൽ ദിവസങ്ങൾ സ്റ്റോർ ചെയ്യാൻ കഴിയും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പഴയ ഡാറ്റയുടെ മുകളിൽ ഓവർ റൈറ്റ് ചെയ്യുന്ന രീതിയിൽ ആണ്‌ റെക്കോഡിംഗ്. അതായത് ഹാർഡ് ഡിസ്ക് ഫുൾ ആയാൽ ഏറ്റവും പഴയ ഡാറ്റയുടെ മുകളിൽ പുതിയ ഡാറ്റ റെക്കോഡ് ചെയ്യപ്പെടുന്നു.

റേക്കോഡിംഗ് ഫോർമാറ്റ്, വീഡിയോ ക്വാളിറ്റി, ഫ്രേം പെർ സെക്കന്റ് തുടങ്ങിയവയെല്ലാം റെക്കോഡ് ചെയ്യപ്പെടുന്ന വീഡീയോയുടെ വലിപ്പം നിർണ്ണയിക്കുന്ന ഘടകങ്ങളാണ്‌.നാലു ക്യാമറകൾ മോഷൻ ഡിറ്റക്‌‌ഷനോടു കൂടി (ശരാശരി ആളനക്കമുള്ള ഇടങ്ങളിൽ)‌ഒരു ദിവസം 15 മുതൽ 25 ജി ബി വരെ മെമ്മറി എടുക്കും .

24 മണിക്കൂർ റെക്കോഡിംഗ് ആണെങ്കിൽ ഏകദേശം ഇതിന്റെ ഇരട്ടിയും. 30 ഫ്രേം പെർ സെക്കന്റ് ആണ്‌ പൊതുവേ റെക്കോഡ് ചെയ്യപ്പെടുന്നത്. റെസലൂഷൻ 1 മെഗാ പിക്സൽ കാമറ ആണെങ്കിൽ 720 P യും 2 മെഗാ പിക്സൽ ആണെങ്കിൽ 1080P യും ആയിരിക്കും . ധാരാളം ഓൺലൈൻ കാൽക്കുലേറ്ററുകൾ ലഭ്യമാണ്‌. അതിൽ ഈ പറഞ്ഞ വിവരങ്ങൾ നൽകിയാൽ ഒരു ഏകദേശ ധാരണ ലഭിക്കുന്നതാണ്‌ .

Monitor:

സാധാരണ കമ്പ്യൂട്ടർ മോണിറ്ററോ എൽ ഇ ഡി ടിവിയോ ഒക്കെ മോണിറ്ററിംഗിനായി ഉപയോഗിക്കാവുന്നതാണ്‌. അനലോഗ് വീഡിയോ ഔട് പുട്ടീനായി വീഡിയോ ഔട് കണക്റ്ററുകൾ പൊതുവേ വിപണിയിലുള്ള ഡി വി ആർ മോഡലുകളിൽ കാണാറില്ല എന്നതിനാൽ ടി വിയിൽ VGA, HDMI പോർട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ ടി വി മോണിറ്റർ ആയി ഉപയോഗിക്കാൻ ശ്രമിക്കേണ്ടതുള്ളൂ. അല്ലെങ്കിൽ ഒരു VGA to Video Converter കൂടി അധികമായി ഫിറ്റ് ചെയ്യേണ്ടി വരും.

Microphone

പൊതുവേ നമ്മൂടെ നാട്ടിൽ ഇൻസ്റ്റാൾ ചെയ്യുന്ന സി സി ടി വി സിസ്റ്റത്തിൽ മൈക്രോ ഫോൺ കണക്റ്റ് ചെയ്യാറില്ലെങ്കിലും ആവശ്യമുള്ളവർക്ക് മൈക്രോഫോണുകൾ പ്രത്യേകമായി വാങ്ങി ഓരോ ചാനലിലും ആവശ്യമായ ഇടങ്ങളിൽ കണക്റ്റ് ചെയ്യാവുന്നതാണ്‌. 300 മുതൽ 1000 രൂപ വരെയുള്ള റേഞ്ചിൽ മൈക്രോ ഫോണുകൾ ലഭ്യമാണ്‌. ഡി വി ആറിൽ ഓഡിയോ കാർഡ് ഉണ്ടായിരിക്കണം എന്ന് മാത്രം (ചില ഡി വി ആറുകളിൽ എല്ലാ ചാനലുകളും ഓഡിയോ സപ്പോർട്ടഡ് ആയിരിക്കണം എന്നില്ല)

ഇനി ഒരു സി സി ടി വി സിസ്റ്റം അസംബിൾ ചെയ്തു നോക്കാം

എത്ര ക്യാമറ വേണമെന്നും ഏത് തരം ക്യാമറ ഉപയോഗിക്കണമെന്നുമെല്ലാമുള്ള ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാകുമല്ലോ. ഒരു 4 ചാനൽ സിസ്റ്റം സ്വന്തമായി വാങ്ങി ഇൻസ്റ്റാൾ ചെയ്യാൻ വരുന്ന ഏകദേശ ചെലവ് ചുവടെ ചേർക്കുന്നു. (ഹൈക്ക് വിഷൻ എന്ന പ്രമുഖ മോഡൽ ആണ്‌ ഇവിടെ ഉദാഹരണമായി എടുക്കുന്നത്)

1. DVR (Hikvision DS-7204HQHI-F1)
2. Two Dom Camera (2 Mega Pixel) Hikvision Ds-2Ce56D0T-Irp Full Hd1080P
3. Two Bullet Camera (Hikvision DS-2CE16D0T-IRP 2MP )
4. Cable (CP Plus Copper 90 Mtr)
5. Connectors (BNC 8 Nos DC 4 nos)+Cable Clips
6. SMPS
7. Hard Disc – (1 TB)
8. Mouse.
9. Monitor (If required)

ഇതെല്ലാം പ്രത്യേകമായും കിറ്റ് ആയും ഓൺലൈനിൽ ലഭ്യമാണ്‌ . മേൽ സൂചിപ്പിച്ചവയെല്ലാം കൂടി ഒരു കിറ്റ് ആയി 12000 – 13000 രൂപയ്ക്ക് ലഭ്യമാണ്‌. (HD വേണ്ടെങ്കിൽ , 1 മെഗാപിക്സൽ ക്യാമറ മതി എങ്കിൽ വില ഇതിലും വളരെ കുറയും). ഹാർഡ്‌ ഡിസ്കിനായി 3500 രൂപ അധികമായി ചെലവുണ്ടാകും.

മോണിറ്റർ ആയി നിങ്ങൾ നിലവിൽ ഒന്നുകിൽ നിലവിൽ ഉപയോഗിക്കുന്ന ടി വിയോ അല്ലെങ്കിൽ പ്രത്യേകം കമ്പ്യൂട്ടർ മോണിറ്ററോ ഉപയോഗിക്കാവുന്നതാണ്‌.സുരക്ഷിതമായ ഒരിടത്ത് ആയിരിക്കണം ഡി വി ആർ ഇൻസ്റ്റാൾ ചെയ്യേണ്ടത്. ആദ്യമായി ആവശ്യമായ ഇടങ്ങളിൽ ക്യാമറകൾ ഉറപ്പിക്കുക. ഡ്രിൽ മെഷീൻ, വാൾ പ്ലഗ്ഗുകൾ സ്ക്രൂ തുടങ്ങിയവയൊക്കെ ഇതിനായി ആവശ്യമായി വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഓരോ ക്യാമറകളിലേയും പവർ സപ്ലെ, വീഡിയോ കേബിളുകൾ കണക്റ്റ് ചെയ്ത് ഡി വി ആർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഇടം വരെ റൂട്ട് ചെയ്യുക. ഡി വി ആറിൽ ഹാർഡ് ഡിസ്ക് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകില്ല. ഡി വി ആറിന്റെ കവർ തുറന്ന് സ്കൂ ഉപയോഗിച്ച് ഹാർഡ് ഡിസ്ക് നിർദ്ദിഷ്ട സ്ഥാനത്ത് ഉറപ്പിച്ച് അതിലെ സാറ്റാ കേബിളും പവർ കേബിളും കണക്റ്റ് ചെയ്യുക (ധാരാളം യൂടൂബ് വീഡീയോകൾ റഫറൻസിനായി ലഭ്യമാണ്‌ ).

അതിനു ശേഷം വീഡിയോ കേബിളുകൾ നിർദ്ദിഷ്ട വീഡിയോ ഇൻപുട് കണക്റ്ററുകളിലേക്കും ഓരോ ക്യാമറയുടേയും പവർ സപ്ലെ എസ് എം പി എസ്സിലേക്കും കണക്റ്റ് ചെയ്യുക .ചില എസ് എം പി എസ്സുകളിൽ ഓരോ ചാനലുകൾക്കും പ്രത്യേകം പ്രത്യേകം കണക്റ്റ് ചെയ്യാനായി പോസിറ്റീവ് നെഗറ്റീവ് ടെർമിനലുകളുള്ള കണക്റ്ററുകൾ ഉണ്ടായിരിക്കും . മറ്റു ചിലതിലാകട്ടെ പോസിറ്റീവ് നെഗറ്റീവ് ആയി ഒരൊറ്റ ഡി സി ടെർമിനൽ മാത്രമേ ഉണ്ടാകൂ.

ഈ അവസരത്തിൽ എല്ലാ ക്യാമറകളുടേയ്യും പോസിറ്റീവ് വയറുകൾ ഒന്നിച്ച് ബന്ധിപ്പിച്ച് പോസിറ്റീവിലേക്കും നെഗറ്റീവ് വയറുകൾ ബന്ധിപ്പിച്ച് നെഗറ്റീവിലേക്കും കണക്റ്റ് ചെയ്യുക.
മൗസ്, മോണിറ്റർ എന്നിവ കണക്റ്റ് ചെയ്ത് ഡി വി ആർ പവർ ഓൺ ചെയ്യുക. അപ്പോൾ സ്ക്രീനിൽ യൂസർ നേം പാസ് വേഡ് എന്റർ ചെയ്യാനുള്ള ഒപ്ഷൻ കാണാം.

മിക്കവാറും ഡി വി ആറുകളിൽ യൂസർ നേം admin ആകും പാസ് വേഡ് ഒന്നുകിൽ admin അല്ലെങ്കിൽ ബ്ലാങ്ക് പാസ് വേഡ് ആയിരിക്കും . യൂസർ മാന്വലിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടാകും . ഇതിൽ കാണുന്ന എല്ലാ മെനു ഒപ്ഷനുകളും സെൽഫ് എക്പ്ലനേറ്ററി ആണ്‌. വളരെ പ്രചാരമുള്ള ഡി വി ആറുകളുടെ എല്ലാം കോൺഫിഗറേഷൻ വീഡീയോകൾ യൂടൂബിൽ ലഭ്യമായതിനാൽ യാതൊരു വിധ ബുദ്ധിമുട്ടുകളും ആ വിഷയത്തിൽ ഉണ്ടാകില്ല.

ആദ്യ ഭാഗത്തു തന്നെ സൂചിപ്പിച്ചതുപോലെ മൊബൈൽ ഫോണുകളിൽ ക്യാമറ ലൈവ് കാണാനുള്ള P2P വ്യൂവിംഗ് സംവിധാനം എല്ലാ പ്രമുഖ ഡി വി ആറുകളിലും ഉണ്ട്. അതിനായി നിങ്ങളുടെ ഇന്റർ നെറ്റ് റൗട്ടർ ലാൻ കെബിൾ വഴി ഡി വി ആറിന്റെ നെറ്റ് ‌‌വർക്ക് പോർട്ടിൽ കണക്റ്റ് ചെയ്യുക.

ഹൈക്ക് വിഷന്റെ ഉൾപ്പെടെ ധാരാളം p2p Camera viewing മൊബൈൽ ആപ്പുകളിൽ ഡി വി ആറിന്റെ യുണീക് ഐഡിയും യൂസർ നേമും പാസ് വേഡും നൽകി എളുപ്പത്തിൽ എല്ലാ ക്യാമറകളും വീക്ഷിക്കാവുന്നതാണ്‌. ഇതിനായുള്ള ക്രമീകരണങ്ങൾ ഡി വി ആറിന്റെ Network Setup മെനുവിൽ ആണ്‌ ലഭിക്കുന്നത്.ഇതിൽ P2P എനേബിൾ ചെയ്യുക എന്നതാണ്‌ പ്രധാന ഭാഗം.

ഇത്തരം പീർടു പീർ വെബ് വ്യൂവിന്റെ പ്രധാന സുരക്ഷാ പ്രശ്നം എന്താണെന്ന് വച്ചാൽ റാൻഡം ആയി ഡി വി ആർ / കാമറ കോഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്താൽ ആർക്കും ക്യാമറ കാണാനാകും എന്നതു തന്നെ. അതിനാൽ ഒരു പ്രാഥമിക സുരക്ഷ എന്ന നിലയിൽ ഡി വി ആറിന്റെ ഡീഫോൾട്ട് യൂസർ നേമും പാസ് വേഡും മാറ്റേണ്ടത് അത്യാവശ്യമാണ്‌.

ഇത്തരത്തിൽ വെബ് ബ്രൗസറുകൾ വഴിയും പ്രത്യേക സോഫ്റ്റ്‌‌വെയറുകൾ വഴിയും ഒക്കെ ക്യാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണ്‌.എല്ലായിടത്തും സി സി ടി വി സിസ്റ്റം സർവ്വസാധാരണമായപ്പോൾ കുറ്റവാളികളും അതിനനുസരിച്ച് അപ്ഡേറ്റഡ് ആയിട്ടുണ്ട്. അതിനാൽ മോഷണ വസ്തുക്കളോടൊപ്പം ഡി വി ആർ കൂടി അടിച്ചു മാറ്റിക്കൊണ്ടു പോകുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്‌.

അതിനാൽ ഡി വി ആറുകൾ അത്ര പെട്ടന്ന് കവർന്നെടുക്കാൻ പറ്റാത്ത വിധം സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്‌.ഇന്റർനെറ്റുമായി ബന്ധിപ്പിച്ച്വ വീഡിയോ ക്ലൗഡ് സെർവ്വറുകളിൽ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നത് ഏറെ സുരക്ഷിതമായ ഒരു മാർഗ്ഗം ആണെങ്കിലും വലിയ ആവർത്തനെച്ചെലവുകളും ഇന്റർനെറ്റ് കണൿഷന്റെ ബാൻഡ് വിഡ്ത് പരിമിതികളും പ്രായോഗിക തലത്തിൽ ഇത് അപ്രാപ്യമാക്കുന്നു.

ധാരാളം ക്ലൗഡ് സ്റ്റോറേജ് സർവീസുകൾ വിവിധ കമ്പനികളുടേതായി ലഭ്യമാണെങ്കിലും അതിന്റെ ചെലവ് താങ്ങാനാകുന്നതാകണമെന്നില്ല. നല്ല ഇന്റർനെറ്റ് കണൿഷൻ ഉണ്ടെങ്കിൽ ഡി വി ആർ മോഷൻ ഡിറ്റക്ഷൻ അലാം ഇമേജുകളും വീഡീയോ ക്ലിപ്പുകളുമെല്ലാം മറ്റൊരു സ്ഥലത്ത് കണക്റ്റ് ചെയ്തിരിക്കുന്ന നിങ്ങളുടെ തന്നെ ഒരു കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യുന്ന രീതിയിൽ ഡി വി ആറിനെ കോൺഫിഗർ ചെയ്യാനാകും .

ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിനെ ഒരു FTP സർവ്വർ ആക്കി മാറ്റുകയും അതിന്റെ വിവരങ്ങൾ ഡി വി ആറിലെ നെറ്റ് വർക്ക് സെറ്റിംഗ്സിലെ നിർദ്ദിഷ്ട ഫീൽഡുകളിൽ നൽകിയാൽ മതി.ഇവിടെ നിങ്ങളുടെ ഇന്റർനെറ്റ് കണൿഷന് സ്റ്റാറ്റിക് ഐപി അഡ്രസ് ഇല്ലാത്തതിനാൽ ഡൈനാമിക് ഐപി അഡ്രസ്സിനെ സ്റ്റാറ്റിക് ആക്കി മാറ്റുവാനുള്ള No Ip തുടങ്ങിയ ഏതെങ്കിലും സർവീസുകൾ ഉപയോഗിക്കുകയും ഇന്റർനെറ്റ് റൗട്ടറിൽ FTP പോർട്ട് (21) ഫോർവേഡ് ചെയ്യുകയും വേണ്ടി വരും .

സാങ്കേതികമായി അല്പം സങ്കീർണ്ണമാണെന്ന് തോന്നുമെങ്കിലും ധാരാളം സപ്പോർട്ടീംഗ് വീഡിയോകളും മറ്റു വിവരങ്ങളും ഇന്റർനെറ്റിൽ ലഭ്യമായതിനാൽ നിരാശരാകേണ്ടതില്ല. നല്ല അപ്‌‌ലോഡ് ബാൻഡ് വിഡ്ത് ഉള്ള ഇന്റർനെറ്റ് കണ‌‌ക്‌‌ഷൻ ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറും വ്യൂവിംഗിനു മാത്രമാണെങ്കിൽ സാധാരണ ബ്രോഡ് ബാൻഡ്‌ കണ‌‌ൿഷൻ തന്നെ ധാരാളം.

എത്ര തന്നെ ശ്രദ്ധിച്ചാലും മിടുക്കന്മാരായ – സാങ്കേതിക പരിജ്ഞാനമുള്ള കള്ളന്മാരെ പറ്റിക്കുവാൻ ഒരു പടി കൂടി കടന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഡി വി ആറുകളും ക്യാമറകളും നശിപ്പിക്കുക, പവർ സപ്ലെ കട്ടാക്കുക, ഇന്റർനെറ്റ് കണൿഷൻ വിച്ഛേദിക്കുക തുടങ്ങി പല പണികളും കുറ്റവാളികൾ ചെയ്യുമെന്ന് മുൻകൂട്ടിക്കണ്ട് അതിനെ മറികടക്കുവാനായി അധികമായി ഡമ്മി ക്യാമറകൾ ഫിറ്റ് ചെയ്യുക, പെട്ടന്ന് ശ്രദ്ധയിൽ പെടാത്ത ഇടങ്ങളിൽ ലോക്കൽ സ്റ്റോറേജോടു കൂടിയ പിൻ ഹോൾ സ്റ്റാൻഡ് അലോൺ ക്യാമറകൾ ഘടിപ്പിക്കുക, പവർ സപ്ലെ ബാക്കപ് ഉറപ്പു വരുത്തുക, തുടങ്ങിയവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

എഴുതിയത് : സുജിത് കുമാര്‍