Wednesday, August 30, 2017

പുരുഷനിലേക്ക് സ്ത്രീയെ ആകര്‍ഷിക്കുന്ന 8 കാര്യങ്ങള്‍

ഓരോ സ്ത്രീയും ചിന്തകളിലും ആഗ്രഹങ്ങളിലും തീര്‍ത്തും വ്യത്യസ്തരാണ്. സ്ത്രീകള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് പൂര്‍ണമായും മനസിലാക്കാന്‍ ഇന്നോളം ഒരു പുരുഷനും സാധിച്ചിട്ടില്ല. എന്ത് സൂത്രവാക്യം ഉപയോഗിച്ചാലാണ് അവളുടെ മനസ്സിന്റെ ഉള്ളറകള്‍ തുറക്കാന്‍ സാധിക്കുകയെന്നത് ഇന്നും പല പുരുഷന്മാര്‍ക്കും അജ്ഞമാണ്. എങ്കിലും പെണ്ണിന്‍റെ സ്‌നേഹം പിടിച്ചെടുക്കാന്‍ ചില എളുപ്പവഴികളുണ്ട്.

ഹീറോയായ പുരുഷന്‍-  പുരുഷന്‍ നല്‍കുന്ന കരുതലും സംരക്ഷണവും എത് സ്ത്രീയും ആഗ്രഹിക്കുന്നതാണ്. അതുകൊണ്ട് എത് മോശം അവസ്ഥയിലും അവളോടൊപ്പം താന്‍ ഉണ്ടാകുമെന്ന് തെളിയിക്കാന്‍ കിട്ടുന്ന ഒരവസരവും കളയരുത്. കാരണം അപകടസമയത്ത് കൂടെ നിന്ന പുരുഷനോട് സ്ത്രീകള്‍ക്ക് എന്നും നന്ദിയും ആദരവും ഉണ്ടാകും. അതുകൊണ്ട് അവളുടെ മുന്‍പില്‍ സൂപ്പര്‍ഹീറോ ആകാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ പിന്നെ മറ്റൊന്നും നോക്കരുത്. 

പുരുഷന് ഒരു മണമുണ്ട്-  സുഗന്ധങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഡിയോഡറന്റുകളുടെ പരസ്യങ്ങള്‍ എറ്റവും കൂടൂതല്‍ ഉപയോഗപ്പെടുത്തിയ ആശയമാണിത്.പുരുഷന്‍ ഉപയോഗിച്ച പെര്‍ഫ്യൂമില്‍ ആകൃഷ്ടയായി മറ്റെല്ലാം മറന്ന് പിറകെ ഓടുന്നതുവരെയായി പരസ്യങ്ങള്‍ ഈ വസ്തുതയെ ചിത്രീകരിച്ചുണ്ട്.

അപ്രതീക്ഷിത സമ്മാനം-  സര്‍പ്രൈസ് ഗിഫ്റ്റുകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരും ഇല്ല. പ്രത്യകിച്ചും സ്ത്രീകള്‍. ചോക്ലേറ്റ്‌സോ ഗ്രീറ്റിംഗ് കാര്‍ഡുകളോ, ഗിഫ്റ്റുകള്‍ എന്തുമായിക്കോട്ടെ കൂട്ടുകാരിയെ സന്തോഷിപ്പിക്കാന്‍ തീര്‍ച്ചയായും സാധിക്കും.



സത്യസന്ധത - ബന്ധങ്ങളില്‍ സുതാര്യത പാലിക്കാന്‍ എല്ലായിപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ജീവിതകാലം മുഴുവന്‍ ഒപ്പുണ്ടാകണമെന്ന ആഗ്രഹിക്കുന്ന പങ്കാളിയോട് ഒരിക്കലും കള്ളം പറയാതിരിക്കുക. സത്യസന്ധന്‍ ആണെന്ന തിരിച്ചറിവ് അവള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം കൂട്ടും.

ആരോഗ്യമുള്ള ശരീരം-  നിങ്ങളുടെ ശരീരം സിനിമാതാരങ്ങളുടെതുപോലുള്ള സിക്‌സ് പാക്കും എയ്ട്ട് പാക്കുമൊന്നുമല്ലെങ്കിലും വിഷമിക്കേണ്ടതില്ല. ഉള്ള ശരീരം ആരോഗ്യത്തോടെ സംരക്ഷിച്ചാല്‍ മതി. കൃത്യമായ വ്യായമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലികൊണ്ടും എതൊരാള്‍ക്കും ദൃഢമായ ശരീരം സ്വന്തമാക്കാം. അയഞ്ഞ് തൂങ്ങിയ ശരീരത്തില്‍ ആരും ആകൃഷ്ടരാവില്ലെന്നും ഓര്‍ക്കുക

ആകര്‍ഷകമായ വസ്ത്രധാരണം -  ഓരോരുത്തരും തനിക്ക് ചേരുന്ന വസ്ത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കാരണം ആകര്‍ഷകമായ വസ്ത്രധാരണം നിങ്ങളുടെ വ്യക്തിത്വത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നു. ശരീരപ്രകൃതിക്ക് അനിയോജ്യമായ വസ്ത്രം തിരഞ്ഞെടുക്കാന്‍ സ്‌റ്റൈലിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

തകര്‍പ്പന്‍ ഹെയര്‍ക്കട്ട്-  അശ്രദ്ധമായിചീകിയ മുടിയുമായി ഒരിക്കലും നിങ്ങളുടെ പ്രിയപ്പട്ടവളുടെ മുന്‍പില്‍ നില്‍ക്കരുത്. കാരണം അശ്രദ്ധമായമായ മുടിചീകല്‍ അലസതയുടെ ലക്ഷണമാണ്.അത് നിങ്ങളുടെ മതിപ്പ് കുറയ്ക്കും. വസ്ത്രത്തോടൊപ്പംതന്നെ ശ്രദ്ധിക്കപ്പെടുന്നതാണ് ഹെയര്‍ക്കട്ടും. അതുകൊണ്ട് നല്ല ഹെയര്‍ക്കട്ട് നിങ്ങളുടെ അപ്പിയറന്‍സിനെതന്നെ അടിമുടിമാറ്റാന്‍ സഹായിക്കും.

ഇഷ്ടപ്പെട്ട ഭക്ഷണം - ഒഴിവുദിവസങ്ങളില്‍ നല്ല റസ്റ്റോറന്റ്ില്‍ പോയി കൂട്ടുകാരിയുടെ ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യൂ. അവളുടെ സന്തോഷം നിങ്ങള്‍ക്ക് മുഖത്ത് കാണാം. നിങ്ങള്‍ നിസാരമായി കാണുന്ന പല ചെറിയ നല്ല കാര്യങ്ങള്‍ക്കും അവളെ ഒരുപാട് സന്തോഷിപ്പിക്കാന്‍ കഴിയുമെന്ന് എപ്പോഴും ഓര്‍ക്കുക.


Thursday, August 24, 2017

Malappuram History - സി.എസ്‌.ഐ പള്ളിയിലെ സായിപ്പന്മാരുടെ കല്ലറകള്‍.


മലപ്പുറം കുന്നുമ്മലിൽ സി.എസ്‌.ഐ പള്ളിക്കു പിന്നിൽ കാടുമൂടിക്കിടക്കുന്ന ഒരു പഴയ സെമിത്തേരിയുണ്ട്‌. കാട്ടുവള്ളികൾ ഉയർന്നുനിൽക്കുന്ന കുരിശുകളെ മറച്ചുതുടങ്ങിയിരിക്കുന്നു. വൻമരങ്ങൾ ശവക്കല്ലറകളെ തകർത്തുതുടങ്ങിയിരിക്കുന്നു. അത്ര പെട്ടെന്ന് മറവിയിലേക്ക്‌ മറിച്ചിടേണ്ടവയല്ല ഈ കല്ലറകൾ.

മലബാർ സമരത്തിനിടയിൽ 1921 ഓഗസ്റ്റ്‌ 26 ന് പൂക്കോട്ടൂരിൽ വെച്ച്‌ മാപ്പിളപോരാളികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലപ്പുറം അസിസ്റ്റന്റ്‌ പോലീസ്‌ സൂപ്രണ്ടായിരുന്ന Cuthbert Buxton സായിപ്പിന്റേയും 1921 സെപ്തംബർ 23ന് പാണ്ടിക്കാട്‌ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ്‌ പട്ടാളക്കാരുടേയും ഉൾപ്പെടെ നിരവധി കല്ലറകൾ ഉണ്ടിവിടെ. പലതും നശിച്ചുപോയി. പേരും തിയ്യതിയും സംഭവങ്ങളും കൊത്തിവെച്ച മാർബിൾ കല്ലുകൾ മറിഞ്ഞുപോയി.




ബ്രിട്ടീഷുകാർക്കെതിരെ മാത്രമല്ല, നാട്ടുകാരെ ചതിച്ച്‌ ബ്രിട്ടീഷ്‌ ഭരണകൂടത്തെ പിന്തുണച്ചിരുന്ന തങ്ങൾമാരുൾപ്പെടെയുള്ള ജന്മിമാർക്കെതിരിലും ഒരു ജനത നടത്തിയ പോരാട്ടങ്ങളുടെ ചരിത്ര സ്മരണകൾ ഇവിടെ നശിക്കാതെ നിൽക്കേണ്ടതുണ്ട്‌.



സ്വാതന്ത്ര്യ സമരം എന്തിനായിരുന്നൂവെന്ന വരുംതലമുറയുടെ ചോദ്യങ്ങൾക്ക്‌ ഉത്തരമായിട്ടെങ്കിലും...

Tuesday, August 22, 2017

അസൽ ഉത്തർ യുദ്ധം (Battle of Asal Uttar)

അസൽ ഉത്തർ യുദ്ധം( Battle of Asal Uttar ) - പാകിസ്ഥാനി ടാങ്കുകളെ കൂട്ടക്കൊല ചെയ്ത ഉജ്വലമായ ഒരിന്ത്യൻ വിജയം .


യുദ്ധവിജയങ്ങൾ ഏതൊരു രാജ്യത്തിന്റെയും അഭിമാന സ്തംഭങ്ങളുടെ പൊൻതൂവലുകളാണ് .ഇന്ത്യൻ ചരിത്രത്തിലെ അത്തരം ഉജ്വലവിജയമാണ് അസൽ ഉത്തർ യുദ്ധത്തിലെ വിജയം.

1965 ലെ പാകിസ്ഥാനുമായുള്ള യുദ്ധം പൂർണമായും നമ്മിൽ അടിച്ചേല്പിക്കപ്പെട്ടതായിരുന്നു .നമ്മുടെ നാടിനെ ആക്രമിച്ചു വളരെ എളുപ്പത്തിൽ ഭൂഭാഗങ്ങൾ കൈയിലാക്കാം എന്ന പാകിസ്ഥാൻ ഭരണ കൂടത്തിന്റെ വിശ്വാസത്തിൽനിന്നും ഉടലെടുത്തതായിരുന്നു പാകിസ്ഥാന്റെ 1965ലെ ആക്രമണം . യുദ്ധത്തിലെ പാകിസ്ഥാന്റെ പരാജയം ഉറപ്പിക്കുന്ന മഹത്തായ യുദ്ധവിജയമാണ് നമ്മുടെ സൈന്യം അസൽ ഉത്തർ യുദ്ധത്തിൽ നേടിയത്.



പാകിസ്ഥാൻ ടാങ്കുകൾ 1965 സെപ്റ്റംബർ എട്ടിന് ഇന്ത്യൻ അതൃത്തി ലംഖിച്ചു കടന്നു കയറി .ഏതാണ്ട് 250 യു എസ് നിർമിത പാറ്റെൺ ടാങ്കുകളാണ് ഇന്ത്യൻ അതിർത്തി ഭേദിച്ചത് .അക്കാലത്തെ മുൻനിര ടാങ്കുകളായിരുന്നു പാറ്റെൺ ടാങ്കുകൾ .തങ്ങളുടെ സഖ്യ കക്ഷിയായ പാകിസ്താനെ അക്കാലത്തു അമേരിക്കൻ ഭരണകൂടം അകമഴിഞ്ഞ് സഹായിച്ചിരുന്നു.

ഇന്ത്യൻ സൈന്യത്തിന് ആ സമയത് മേഖലയിൽ ഉണ്ടായിരുന്നത് നൂറിൽ താഴെ സെഞ്ചുറിയാൻ ടാങ്കുകൾ ആയിരുന്നു .പാറ്റെൺ ടാങ്കുകളേക്കാൾ ഒരു തലമുറ പിറകിലായിരുന്നു സെഞ്ചുറിയാൻ ടാങ്കുകൾ .പഞ്ചാബിലെ കരിമ്പുകൃഷി നടത്തുന്ന സമതല പ്രദേശമായിരുന്നു അസൽ ഉത്തർ മേഖല .ഈ സമതലത്തിലൂടെ വളരെ വേഗം മുന്നേറുകയായിരുന്നു പാകിസ്ഥാന്റെ പദ്ധതി .കരിമ്പ് പാടങ്ങളിലേക്ക് വെള്ളം ഒഴുക്കിവിട്ടുകൊണ്ട് പാകിസ്ഥാൻ ടാങ്കുകളുടെ വേഗത കുറക്കാൻ നമുക്കായി .പിന്നീടുള്ള മൂന്ന് ദിവസങ്ങളിൽ നടന്നത് പാകിസ്ഥാൻ ടാങ്കുകളുടെ കൂട്ടക്കുരുതി ആയിരുന്നു .രണ്ടാം ലോക മഹായുദ്ധത്തിൽ കുർസ്ക് യുദ്ധത്തിന് ശേഷം ഇത്ര വലിയ ഒരു ടാങ്ക് യുദ്ധം ഉണ്ടായിട്ടില്ല എന്നാണ് യുദ്ധ ചരിത്രകാരന്മാരുടെ വിലയിരുത്തൽ .പാകിസ്ഥാന്റെ ആധുനിക അമേരിക്കൻ നിർമിത ടാങ്കുകൾ നമ്മുടെ സൈനികരുടെ ധീരതയുടെയും ,കൗശലത്തിന്റെയും മുന്നിൽ എരിഞ്ഞടങ്ങുന്ന കാഴ്ചയാണ് പിന്നീട കണ്ടത് .രണ്ടു ദിവസത്തിനുള്ളിൽ പാകിസ്ഥാൻ ടാങ്ക് സൈന്യത്തിന്റെ ഭൂരിഭാഗം ടാങ്കുകളും തകർക്കപ്പെട്ടു .വിരലിൽ എണ്ണാവുന്ന ഇന്ത്യൻ ടാങ്കുകൾക്കു മാത്രമാണ് കേടുപാടുകൾ പറ്റിയത് .ജനറൽ ഗുർബക്ഷ് സിംഗിന്റെയും ബ്രിഗേഡിയർ തോമസ് തിയോഗ്രാജ് ഇന്റെയും നേതിര്ത്വത്തിലാണ് ഇന്ത്യൻ സൈന്യം യുദ്ധതന്ത്രങ്ങൾ മെനഞ്ഞത്.

പാക്കിസ്ഥാൻ സൈനിക വ്യൂഹത്തിന്റെ തലവൻ മേജർ ജനറൽ നസീർ അഹമ്മദ് ഖാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു .പിന്നീട് പാകിസ്ഥാൻ പ്രെസിഡന്റായ പർവേസ് മുഷറഫ് ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു .പരാജയത്തിന് ശേഷം പാകിസ്ഥാനിലേക്ക് ഓടി രക്ഷപെട്ട പാകിസ്താനി സൈനികരുടെ കൂട്ടത്തിൽ മുഷാറഫും ഉണ്ടായിരുന്നു.

ഹവിൽദാർ അബ്ദുൽ ഹമീദ്

ഈ യുദ്ധത്തിലെ ഇന്ത്യൻ സൈനിക വിജയത്തിൻലെ ഏറ്റവും തിളക്കമാർന്ന അദ്ധ്യായം രചിച്ചത് ഹവിൽദാർ അബ്ദുൽ ഹമീദ് ആണ്.യുദ്ധത്തിൽ ഏഴു പാകിസ്ഥാനി ടാങ്കുകളെ തകർത്തശേഷം വീരമൃത്യുവരിച്ച ഹവിൽദാർ അബ്ദുൽ ഹമീദ് നമ്മുടെ ചരിത്രത്തിലെ വീര നായകരിൽ ഒരാളാണ്..അദ്ദേഹത്തിന് മരണാനന്തരം രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതിയായ പരമ വീര ചക്രം നൽകപ്പെട്ടു .

അര നൂറ്റാണ്ടു മുൻപ് നടന്ന ആ യുദ്ധത്തിലെ മായാത്ത സ്മരണയായി ഇപ്പോഴും പാകിസ്ഥാനിൽ നിന്നും പിടിച്ചെടുത്ത തും നശിപ്പിക്കപ്പെട്ടതും ആയ ടാങ്കുകൾ ആ പ്രദേശത്തു പ്രദർശനത്തിലുണ്ട് .''പാറ്റെൺ'' നഗർ എന്നാണ് ഇവിടം ഇപ്പോൾ അറിയപ്പെടുന്നത് .

ആധുനിക യുദ്ധ ചരിത്രത്തിലെ തന്നെ തിളക്കമേറിയ ഒരധ്യായമാണ് അസൽ ഉത്തർ യുദ്ധത്തിൽ നാം നേടിയ ഗംഭീര വിജയം

ചിത്രങ്ങൾ : യുദ്ധത്തിൽ തകർന്ന പാകിസ്ഥാൻ ടാങ്കുകൾ ,ഹവിൽദാർ അബ്ദുൽ ഹമീദ് :ചിത്രങ്ങൾ കടപ്പാട് : https://web.archive.org ,വിക്കിമീഡിയ കോമൺസ്.
---
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
---
REF:
1. https://web.archive.org/…/www…/LAND-FORCES/Army/Patton2.html
2. https://en.wikipedia.org/wiki/Battle_of_Asal_Uttar
3. http://www.claws.in/…/journals…/1902138004_PKChakravorty.pdf
4. http://www.indiatimes.com/…/the-battle-of-asal-uttar-where-…

Saturday, August 12, 2017

പേരകത്തുശ്ശേരി തണ്ടാരുടെ ദാരുണ അന്ത്യം



പതിനേഴാം നൂറ്റാണ്ടില്‍ തെക്കുംകൂര്‍ രാജ്യത്തെ പടിഞ്ഞാറന്‍ കായല്‍നിലങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിളകള്‍ തളിയിലെ ഇടത്തില്‍ കോവിലകത്ത്‌ കപ്പമായി എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ഈഴവപ്രമാണി ആയിരുന്നു പേരകത്തുശ്ശേരി തണ്ടാര്‍. തണ്ടാര്‍ ഒരു ജാതിപ്പേരല്ല, രാജവാഴ്ചക്കാലത്തെ ഒരു ഔദ്യോഗിക പദവി ആയിരുന്നു എന്നോര്‍ക്കണം.

രാജാവിന് വിശ്വസ്തനും ബഹുമാനിതനും ആയിരുന്ന ഒരു പേരകത്തുശേരിത്തണ്ടാരുടെ സ്മരണയ്ക്കായി ഒരു തെക്കുംകൂര്‍ രാജാവ് പണികഴിപ്പിച്ച സ്മാരകമാണ് ചിത്രത്തിൽ! കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ജീര്‍ണ്ണാവസ്ഥയിലായ ഈ മാളിക പൊളിച്ചു നീക്കപ്പെട്ടു.
ഈ സ്മാരകസൌധം പണിയിച്ചതിനു പിന്നില്‍ ഒരു ദാരുണമായ കഥയുണ്ട്. അതിങ്ങനെയാണ്: 

വേളൂര്‍കരയില്‍ വിളയുന്ന നാളികേരങ്ങളില്‍ നിശ്ചിത എണ്ണം ഓരോ മണ്ഡലകാലങ്ങള്‍ കൂടുമ്പോഴും കപ്പമായി കൊട്ടാരത്തില്‍ എത്തിക്കേണ്ടത്‌ പേരകത്തുശേരി തണ്ടാരുടെ ചുമതല ആയിരുന്നു. അത് മുടക്കം കൂടാതെ അദ്ദേഹം നിര്‍വഹിച്ചുമിരുന്നു. ഒരിക്കല്‍ കാറ്റുവീഴ്ച ബാധിച്ചിട്ടോ വരള്‍ച്ച മൂലമോ തേങ്ങയുടെ ഉത്പാദനം പൊതുവേ കുറഞ്ഞു. ആ മാസം അളവില്‍ കുറവ് വരുത്തണമെന്ന് തണ്ടാര്‍ രാജാവിനോട് അപേക്ഷിച്ചു. പൊതുവേ അല്‍പ്പം എടുത്തുചാട്ടക്കാരനായ രാജാവ് അത് അംഗീകരിച്ചില്ല. മാത്രമല്ല പതിവുമുറ തെറ്റിച്ചാല്‍ തക്കതായ ശിക്ഷ എറ്റുവാങ്ങേണ്ടിവരുമെന്ന്‍ മുന്നറിയിപ്പും നല്‍കി. തണ്ടാര്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും രാജാവ് ചെവിക്കൊണ്ടില്ല. അക്കാര്യത്തില്‍ ഇരുവരും ഒന്നിടയുകയുമുണ്ടായി. തണ്ടാര്‍ ഈര്‍ഷ്യയോടെയാണ് അവിടെ നിന്നുംപോയത്.

അടുത്ത മീനം ഒടുവില്‍ രാജസമക്ഷം എത്തിക്കേണ്ട വിഭവങ്ങളുമായി വിവിധ ദേശങ്ങളില്‍നിന്നും ചുമതലപ്പെടുത്തിയവര്‍ എത്തിയിട്ടും തണ്ടാരെ മാത്രം കാണാഞ്ഞ് രാജാവ് അദ്ദേഹത്തെ തിരക്കി. തണ്ടാര്‍ തേങ്ങക്ക് പകരം ഒതളങ്ങ വള്ളത്തില്‍ കയറ്റി വരുന്നുണ്ട് എന്ന വിവരം ആരോ രാജാവിനെ അറിയിച്ചു. രാജാവിനോടുള്ള പ്രതിഷേധം അറിയിക്കാനാവാം അത്തൊരമൊരു സമരമാര്‍ഗ്ഗം തണ്ടാര്‍ സ്വീകരിച്ചത്. പക്ഷെ അത് അദ്ദേഹത്തിനു വിനയായി. രാജാവ് താഴത്തങ്ങാടിയിലെത്തി തണ്ടാരുടെ വരവ് കാത്തുനിന്നു. മീനച്ചിലാറ്റിലൂടെ വളവര വള്ളത്തില്‍ ഒതളങ്ങയും നിറച്ച് അണിയത്തിരുന്നു തുഴഞ്ഞുവരുന്ന തണ്ടാരെ ദൂരത്തുനിന്നുതന്നെ രാജാവ് കണ്ടു. തന്‍റെ അനുചരന്മാരായ മൂസാംബികളോട്(മുസ്ലിം സൈനികര്‍) വെടിവെയ്ക്കാന്‍ രാജാവ് ഉത്തരവിട്ടു. അത് നടപ്പിലായി. 

വള്ളമടുപ്പിച്ച് തണ്ടാരുടെ ശവശരീരം കരക്കിറക്കിയ ശേഷം ഒതളങ്ങകള്‍ രാജസേവകര്‍ നീക്കംചെയ്യാന്‍ തുടങ്ങി. അപ്പോഴതാ, ഒതളങ്ങയുടെ ഒരു നിരയുടെ അടിയില്‍ തേങ്ങകള്‍ നിറച്ചിരിക്കുന്നു. അതും രാജാവ് ആവശ്യപ്പെട്ട നിശ്ചിത എണ്ണം!!! കൂടാതെ രാജാവിന് നല്‍കാനായി ഒരു പണക്കിഴിയും!!!
തന്‍റെ എടുത്തുചാട്ടം മൂലമുണ്ടായ അബദ്ധത്തില്‍ രാജാവ് അങ്ങേയറ്റം പശ്ചാത്താപവിവശനാവുകയും തണ്ടാരുടെ മൃതദേഹത്തിന് എല്ലാ ആദരവുകളും നല്‍കി അദ്ദേഹത്തിന്‍റെ പുരയിടത്തില്‍ തന്നെ സംസ്കരിക്കുകയും പട്ടട കാക്കാന്‍ നാലുപേരെ നിയമിക്കുകയും ചെയ്തു. പിണ്ഡകര്‍മ്മാദികള്‍ നടത്തിയ ശേഷം തണ്ടാരുടെ ആത്മാവിനെ ആവാഹിച്ച ദാരുബിംബം ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ മനോഹരമായ ഈ മാളികക്കെട്ടു പണിത് അതിന്‍റെ മേള്‍നിലയില്‍ നിശ്ചിത സ്ഥാനത്തായി പ്രതിഷ്ടിക്കുകയും ചെയ്തു. 

ഈ രാജാവ് വേളൂര്‍ ദിക്കിലെത്തുമ്പോഴെല്ലാം ഈ മാളികയുടെ മുകളിലെത്തി തണ്ടാരുടെ ബിംബത്തിനു മുമ്പിലിരുന്ന് നിറകണ്ണുകളോടെ സമയം ചെലവഴിക്കുമായിരുന്നുവെന്നും വായ്മൊഴികഥയായി പ്രചരിച്ചുവരുന്നു

Wednesday, August 9, 2017

സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയോട് ചേരാന്‍ മടിച്ച അഞ്ച് നാട്ടുരാജ്യങ്ങളുടെ കഥ.

ന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ പുതുയുഗ പിറവിയായിരുന്നു 1947 ഓഗസ്റ്റ് 15ന് അർദ്ധരാത്രി വെള്ളക്കാരിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. നെഹറുവിന്റെ ഭാഷയിൽ പറഞ്ഞാൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതത്ര്യത്തിലേക്കും പുതു ജീവിതത്തിലേക്കും കടന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം ജീവൻ പോലും രാഷ്ട്രത്തിന് സമർപ്പിക്കാൻ തയ്യാറായ പല മഹാന്മാരുടെയും ത്യാഗത്തിന്റെയും കഠിന പ്രയത്നത്തിന്റെയും മൊത്തം തുകയായിരുന്നു ഓഗസ്റ്റ് 15ന് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം.
സ്വാതന്ത്ര്യം കിട്ടിയതിന്റെ സന്തോഷം ആവോളം ഉണ്ടായിരുന്നെങ്കിലും രാഷ്ട്ര് നേതാക്കൾക്ക് ബ്രിട്ടീഷുകാരെ ഒഴിവാക്കിയതിലും കടുത്ത വെല്ലുവിളിയായിരുന്നു അനേകം ചെറു നാട്ടുരാജ്യങ്ങളായി ചിന്നി ചിതറിക്കിടന്നിരുന്ന ഇന്ത്യാ മഹാരാജ്യത്തെ ഏകോപിപ്പിച്ച് ഒരൊറ്റ രാജ്യമായി മാറ്റുക എന്നത്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ സ്വന്തം രാജ്യങ്ങൾ രൂപീകരിച്ച് ഭരണം നടത്തി കഴിഞ്ഞു പോന്നിരുന്ന അനേകം നാട്ടു രാജ്യങ്ങളാണ് ഇന്ത്യയിൽ അന്നുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും ഏകോപിപ്പിക്കുക എന്നത് കടുത്ത വെല്ലു വിളി തന്നെയായിരുന്നു. കാരണം അത്രയ്ക്കും ശക്തർ തന്നെയായിരുന്നു അന്നത്തെ രാജാക്കളിൽ പലരും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 500 നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. സ്വാതന്ത്രാനത്തരം ഇവരിൽ പല നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ തയ്യാറായില്ല. സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനായിരുന്നു ഇന്ത്യയെ ഏകീകരിക്കേണ്ടതിന്റെ ചുമതല. ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ പട്ടേലിന് ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയായിരുന്നു. മലയാളിയായ വി പി മേനോൻ ആയിരുന്നു ഈ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറി. പട്ടേലിന്റെയും വി പി മേനോൻ എന്ന അതി ബുദ്ധിമാന്റെയും അക്ഷീണ പരിശ്രമവും അതിലുപരി നയതന്ത്രപരമായ കഴിവും സാമർദ്ധ്യവും തന്നെയായിരുന്നു ഇന്നു കാണുന്ന ഇന്ത്യയെ ഇങ്ങനെയാക്കി മാറ്റിയത് എന്ന് അടിവര ഇട്ട് പറയേണ്ടി ഇരിക്കുന്നു.


ബിക്കാനിർ, ബറോഡ കൂടാതെ രാജസ്ഥാനിലെ മറ്റു കുറച്ച് നാട്ടുരാജ്യങ്ങളും മാത്രമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യം ലയിക്കാൻ തയ്യാറായത്. അപ്പോഴും പ്രബല ശക്തികൾ ഇതിന് പുറം തിരിഞ്ഞ് നിന്നു. പലരും ഈ സമയം തങ്ങളുടെ നാട്ടുരാജ്യത്തെ സ്വതന്ത്ര രാഷ്ട്രമായി മാറ്റാനുള്ള അവസരമായി കണക്കിലെടുത്തപ്പോൾ മറ്റു ചിലർ പാക്കിസ്ഥാന്റെ ഭാഗമായി മാറാനുള്ള അവസരമായി ഇത് കണക്കിലെടുത്തു. പ്രധാനമായും അഞ്ച് നാട്ടു രാജ്യങ്ങളാണ് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച് മാറി നിന്നത്. തിരുവിതാംകൂർ, ഹൈദരാബാദ്, ജോദ്പൂർ,ഭോപ്പാൽ ജുനഗഡ് എന്നിവയായിരുന്നു അത്.

തിരുവിതാംകൂർ
തിരുവിതാംകൂറിന്റെ മറ്റൊരു പേര് തന്നെയായിരുന്നു സർ സി പി രാമസ്വാമി അയ്യർ എന്നത്. ശ്രീ ചിത്തിര തിരുനാൾ രാജാവിന്റെ കീഴിലായിരുന്നു സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യ എങ്കിലും അക്കാലത്ത് തിരുവിതാംകൂർ എന്ന് പറഞ്ഞാൽ ദിവാൻ സർ സിപി രാമസ്വാമി അയ്യർ തന്നെയായിരുന്നു. സർ സിപി എന്ന് കേട്ടാൽ കേരളം തന്നെ കുലുങ്ങുന്ന കാലഘട്ടമായിരുന്നു അത്. ഒരു നിയമജ്ഞനായി പേരെടുത്ത സർ സിപി പിന്നീട് തിരുവിതാംകൂറിന്റെ ദിവാനായി നിയമിതനാകുക ആയിരുന്നു.


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ തിരുവിതാംകൂറിനെ ഒരു സ്വതന്ത്ര രാജ്യമാക്കി നിലനിർത്താനായിരുന്നു സർ സിപിക്ക് ഇഷ്ടം. ഇതിനായി ബ്രിട്ടീഷുകാരുമായും സർ സിപി രഹസ്യക്കരാർ ഉണ്ടാക്കി. തിരുവിതാംകൂറിന്റെ അളവറ്റ സമ്പത്തിൽ തന്നെയായിരുന്നു അപ്പോൾ ബ്രിട്ടീഷുകാർ കണ്ണ് വെച്ചിരുന്നത്. തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി പലതവണ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സർ സിപി തന്റെ നിലപാടിൽ ഉറച്ച് നിന്നു. പിന്നീട് കെസിഎസ് മണിയുടെ വധ ശ്രമത്തിൽ നിന്നും അത്ഭുതതകരമായി രക്ഷപ്പെട്ട ശേഷം മാത്രമാണ് സിപിയുടെ മനസ് മാറിയത്. ഇന്ത്യൻ യൂണിയനിൽ തിരുവിതാംകൂറിനെ ലയിപ്പിക്കാൻ തീരുമാനിച്ചു. പിന്നീട് ദിവാൻ പദവി രാജിവയ്ക്കുകയും ഇംഗ്ലണ്ടിലേക്ക് കുടിയേറുകയുമായിരുന്നു ഒരേസമയം തിരുവിതാംകൂറിന്റെ ഹീറോയും വില്ലനുമായിരുന്ന ദിവാൻ സർ സിപി.

ജോദ്പുർ

തികച്ചും ഹിന്ദു രാജ്യമായിരുന്നു ജോദ്പൂർ. രജപുത് രാജ്യമായിരുന്ന ജോദ്പൂർ ആദ്യമൊക്കെ പാക്കിസ്ഥാൻ ചായ്വോടെയാണ് നിന്നത്. ഹിന്ദു രാജാവ് ഭരിച്ചിട്ടും ഒരു ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഒരു രാഷ്ട്രമായിരുന്നിട്ട്കൂടി പാക്കിസ്ഥാനിലേക്ക് ചാഞ്ഞ് നിന്ന ജോദ്പൂരിന്റെ നിലപാട് അവിശ്വസനീയമായിരുന്നു. മഹാരാജ ഹൻവന്ദ്‌സിങ് ഇന്ത്യൻ യൂണിയനിൽ ചേരാൻ വളരെ ആശിച്ച് നിൽക്കുമ്പോഴായിരുന്നു, ചില ലക്ഷ്യത്തോടെ പാക്കിസ്ഥാനിൽ ചേരാൻ തീരുമാനിക്കുന്നത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജോദ്പൂർ ഇന്ത്യയിൽ ചേരുന്നതിനേക്കാളും ഗുണം തങ്ങൾക്ക് പാക്കിസ്ഥാനിൽ ചേരുന്നതാണെന്ന് കരുതി. ഇതോടെ പാക്കിസ്ഥാനിൽ ചേരാനുള്ള നീക്കവും സജീവമായി.

ഇതോടെ പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ് മുഹമ്മദലി ജിന്നയും ജോത്പൂർ രാജാവിനെ പാക്കിസ്ഥാനിൽ ചേരാൻ പ്രേരിപ്പിച്ചു പല വാദ്ഗാനങ്ങളും നൽകി. കറാച്ചിയിൽ തുറമുഖവും സൈനിക പിന്തുണയും വാഗ്ദാനം ചെയ്തു. ഒവിൽ പട്ടേലിന്റെ ഇടപെടലാണ് ജോദ്പൂർ ഇന്ത്യയിലേക്ക് എത്താൻ തീരുമാനിച്ചത്. ഹിന്ദു രാഷ്ട്രമായ ജോദ്പൂർ പാക്കിസ്ഥാനിൽ ചേർന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി. ഇന്ത്യൻ യൂണിയനിൽചേർന്നാൽ ഉണ്ടാകുന്ന ഗുണഗണങ്ങളെ കുറിച്ചും പറഞ്ഞു. ഉടൻ ജോദ്പൂർരാജാവ് തോക്ക് എടുത്ത് പട്ടേലിന്റെ തലയ്ക്ക് നേരെ ചൂണ്ടിയതായും ഞാൻ നിങ്ങളുടെ തീരുമാനം അംഗീകരിക്കില്ലെന്ന് പറയുകയും ചെയ്തതായി ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ പുസ്‌കത്തിൽ പറയുന്നു. പിന്നീട് അൽപ നേരം ശാന്തനായ രാജാവ് ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള രേഖകളിൽ ഒപ്പു വയ്ക്കുകയും ആയിരുന്നു.

ഭോപ്പാൽ
കോൺഗ്രസ് ഭരണത്തെ നിഷിതമായ വിമർശിച്ച ഭോപ്പാൽ രാജ്യത്തിനും പാക്കിസ്ഥാനോട് ആയിരുന്നു ചായ്‌വ് . മുസ്ലിം നവാബ് ആയ ഹമീദ് ഉള്ളഖാൻ ഭരിച്ചിരുന്ന ഭോപ്പാലിൽ കൂടുതലും ഹിന്ദുക്കളായിരുന്നു. മുസ്ലിം ലീഗിനോട് ചേർന്ന് നിന്നിരുന്ന നവാബിന് കോൺഗ്രസിനോട് എതിർപ്പായിരുന്നു. സ്വതന്ത്ര ഭോപ്പാൽ രാജ്യം എന്ന സ്വപ്‌നത്തിൽ നിന്നും നവാബ് തീരുമാനം മാറ്റിയതിലും വി പി മേനോൻ എന്ന മലയാളിയുടെ ചങ്കുറപ്പ് തന്നെയായിരുന്നു.

ഹൈദരാബാദ്
മധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നൈസാം ഭരിച്ചിരുന്ന ഹൈദരാബാദിന്റേതായിരുന്നു. സ്വാത്ര്രന്താനന്തരം മിർ ഉസ്മാൻ അലി ഭരിച്ചിരുന്ന ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കുക എന്നത് ശ്രമകരമായജോലിയായിരുന്നു. മുഹമ്മദ് അലി ജിന്നയോടും പാക്കിസ്ഥാനോടും കൂറ് പുലർത്തിയിരുന്ന ഹൈദരാബാദ് നൈസാമിന് ഒരുസ്വതന്ത്രരാജ്യമായി നിൽ്കകാനായിരുന്നു താത്പര്യം. ബ്രിട്ടീഷ് കോമൺവെൽത്ത് സംഘടനയിലും അംഗമാകാനും ഈ രാജ്യം നീക്കം നടത്തി. ഇന്ത്യൻ യൂണിയനോട് ചേരാൻ കൂട്ടാക്കാതെ നിന്ന ഹൈദരാബാദിനെ ഓപ്പറേഷൻ പോളോ എന്ന സൈനിക നീക്കത്തിലൂടെയാണ് പട്ടേൽ ഇന്ത്യയോട് കൂട്ടിച്ചേർത്തത്. 

ജുനഗഡ്
ഗുജറാത്തിലെ ജുനഗഡും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ചേരാതെ വിട്ടുനിന്ന നാട്ടുരാജ്യമായിരുന്നു. ഹിന്ദുക്കൽ കൂടുതൽ ഉണ്ടായിരുന്ന ഇവിടം നവാബ് മുഹമ്മദ് മഹബദ് കാഞ്ചി മൂന്നാമന്റെ കയ്യിലായിരുന്നു. മൗണ്ട് ബാറ്റേൺ പ്രഭു നവാബിനോട് ജുനഡഗ് ഇന്ത്യയിൽ ലയിപ്പിക്കണമെന്ന് ആശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല. പ്രശ്‌നം രൂക്ഷമായപ്പോൾ നവാബ് കറാച്ചിയിലേക്ക് പോയി. രാജ്യത്തെ സാമ്പത്തിക അവസ്ഥ താറുമാറായി. ഇതോടെ ജുനഗഡും ഇന്ത്യൻ യൂണിയനിലേക്ക് എത്തിച്ചേർന്നു.
രാജാ ഹരിസിങിന്റെ കീഴിൽ ശക്തിപ്രാപിച്ചരാജ്യമായിരുന്നു കാശ്മീരും ഇന്ത്യൻ യൂണിയനിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ച നാട്ടുരാജ്യമായിരുന്നു. സ്വന്തം പതാകയും നിയമാവലികളുമായി സ്വതന്ത്ര രാജ്യമായി നിൽക്കാൻ കാശ്മീരും തീരുമാനിച്ചതോടെ പ്രശ്‌നം രൂക്ഷമായി. കാശ്മീർ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് പാക്കിസ്ഥാനും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യയും വാദിച്ചപ്പോൾ ഒടുവിൽ ഇന്ത്യൻ യൂണിയനിൽ ചേരാൻ തന്നെ കാശ്മീർ തീരുമാനിച്ചു. അതും ഒരു പാട് ഉപാദികളോട. ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയും പതാകയും അടക്കം ഒരുപാട് പിരഗണനകളാണ് ഇന്ത്യൻ യൂണിയനുള്ളിൽ കാശ്മീർ ഇപ്പോഴും അനുഭവിച്ച് പോരുന്നത്.