Thursday, March 23, 2017

ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റെയില്‍പാത

20 രൂപക്ക് ഒരായിരം കാഴ്ചകള്‍



ദക്ഷിണഭാരതത്തിലെ അതീവ സുന്ദരമായ ഒരു റെയിൽവേ പാതയാണ് പട്ടിക്കാട് റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെട്ട ഷോര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍പാത. ഭാരതപുഴയെ തൊട്ടുതലോടി ചാലിയാർ പുഴവരെ എത്തിനില്‍കുന്ന ഈ റെയിൽവേ പാതയിലൂടെയുള്ള യാത്ര തീർത്തും അവിസ്മരണീയമാണ്. ഒന്നരമണിക്കൂര്‍ കൊണ്ട് അവസാനിക്കുന്ന ഈ യാത്ര, നമ്മുടെ നാടിന്‍റെ മഹത്തായ സംസ്കാരം കണ്ടറിയാനും പച്ച പകിട്ടിന്‍റെ വര്‍ണ്ണഭംഗി ആസ്വദിക്കാനും കഴിയും എന്നതിലുപരി സംസ്കരങ്ങളുടെ കളിതൊട്ടിലായ വള്ളുവനാടിന്‍റെയും ഏറനാടിന്‍റെയും വിരിമാറിലൂടെയാണ് യാത്ര എന്നുള്ളത്‌ നമ്മുക്ക് അഭിമാനിക്കാന്‍ വകയേകുന്ന ഒന്നാണ്. ദക്ഷിണ റെയില്‍വേയുടെ ഭാഗമായ ഈ പാത ഇപ്പോള്‍ പാലക്കാട്‌ ഡിവിഷന്‍റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്‌.






66 കിലോമീറ്റര്‍ നീളമുള്ള ഈ റെയില്‍വേ പാതയില്‍ ആദ്യ കല്‍കരി തീവണ്ടി കൂവി പാഞ്ഞത് 1927 ഫെബ്രുവരി 3 നാണ്. ഷോര്‍ണൂര്‍ മുതല്‍ അങ്ങാടിപ്പുറം വരെയുള്ള ആദ്യയാത്ര ചരിത്ര പ്രധാനമര്‍ഹിക്കുന്നതാണ്. ഈ മേഖലയുടെ വികസനത്തിലും സംസ്കാരത്തിലും അതിലുപരി മേഖലയുടെ മുഖച്ചായ തന്നെ മാറ്റിമറിക്കാന്‍ ഈ ബ്രോഡ് ഗേജ് പാതക്ക് കഴിഞ്ഞു.

20 നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് ഈ പാതയുടെ പ്രാധാന്യത്തെ കുറിച്ച് അന്നത്തെ ബ്രിട്ടീഷ് അധികാരികള്‍ ചിന്തിച്ചുതുടങ്ങിയത്. നിലമ്പൂര്‍ കാടുകളില്‍ ലഭിച്ചിരുന്ന വന സബത്ത് കൊള്ളയടിക്കുക, മലബാര്‍ കലാപകരികള്‍ക്ക് നേരെ പട്ടാളനീക്കം എളുപ്പത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സൗത്ത്‌ ഇന്ത്യന്‍ റെയില്‍വേ കമ്പനിയോട് നിലമ്പൂര്‍ – ഷോര്‍ണൂര്‍ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍, 1923 ല്‍ അന്നത്തെ ബ്രിട്ടീഷ് ആസ്താനത്ത് നിന്ന് നിര്‍ദേശിക്കപ്പെട്ടു. 1927 ല്‍ ആദ്യഘട്ടം പൂര്‍ത്തിയായ ഈ പാത ആ വര്‍ഷം തന്നെ നിലമ്പൂര്‍വരെ തീവണ്ടിപ്പാതയാൽ ബന്ധിപ്പിക്കപ്പെട്ടു. രണ്ടാംലോക മഹായുദ്ധം പൊട്ടിപുറപ്പെട്ട സമയം ആയുധ നിര്‍മാണത്തിനു ഇരുമ്പിന്‍റെ ലഭ്യത കുറഞ്ഞതോടെ, പാളങ്ങള്‍ ഉള്‍പെടെ പല സാദനങ്ങളും ബ്രിട്ടീഷുകാര്‍ പിഴുതെടുത്ത് കൊണ്ട്പോയി. 1941 ആയപ്പോഴേക്കും തീര്‍ത്തും ഉപയോഗശൂന്യമായ ഒരു ഗതാഗത പാതയായിമാറി. പിന്നീട് 1953 ലാണ് ഇന്നീ കാണുന്ന നിലമ്പൂര്‍ – ഷോര്‍ണൂര്‍ റെയില്‍വേ പാതയായി പുനസ്ഥാപിക്കപ്പെട്ടത്‌.



ചരിത്രപാത തുടങ്ങുന്നത്‌ കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ ജങ്ങ്ഷന്‍കളില്‍ ഒന്നായ ഷോര്‍ണൂര്‍ നിന്നാണ്. കേരളത്തിലെ ആദ്യ ക്ലീന്‍ ട്രെയിന്‍ സ്റ്റേഷന്‍ പദ്ധതി തുടങ്ങിയ ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, ശുചിത്വത്തില്‍ ഇന്ത്യന്‍ റയില്‍വേയുടെ മുഖച്ഛായ തന്നെ തന്നെ മാറ്റി മറിച്ചിരിക്കയാണ്. തേക്ക് മരങ്ങള്‍ക്കിടയിലൂടെ ചൂളമടിച്ച് ഓടിയെത്തുനത് പട്ടാമ്പി-പാലക്കാട്‌ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന വാടാനാംകുര്‍ശി എന്ന ആദ്യ സ്റ്റേഷന്‍ലാണ്. പിന്നീടങ്ങോട്ട് പാലക്കാടന്‍ ഗ്രാമഭംഗി ആസ്വദിക്കാം, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വായലോളങ്ങള്‍ക്ക് നടുവിലൂടെയുള്ള യാത്ര വല്ലപ്പുഴ സ്റ്റേഷന്‍ എത്തുന്നത്‌ അറിയാനെ കഴിയില്ല. ട്രെയിനിന്‍റെ ജനലഴികളിലൂടെയുള്ള കാറ്റിന്‍റെ തലോടല്‍ നില്‍ക്കുബ്ബോള്‍ മാത്രമേ അറിയൂ ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയിരിക്കുന്നുവെന്ന്. കുലുക്കലൂര്‍ സ്റ്റേഷന്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍, ഒരു ഉള്‍ഗ്രാമത്തിന്‍റെ എല്ലാ സ്പന്ദനങ്ങളും അനുഭവിച്ചറിയാന്‍ കഴിയും. പാലക്കാട്‌ – മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്ക്ടുന്നതും ഭാരതപുഴയുടെ പ്രധാന പോഷക നദിയുമായ കുന്തിപുഴയെ പിന്നിലാക്കി എത്തിചേരുന്നത് മലപ്പുറം ജില്ലയിലെ ആദ്യ റെയില്‍വേ സ്റ്റേഷനായ ചെറുകരയിലാണ്. ചൂളം വിളിച്ചു കുതിച്ചു നീങ്ങുന്ന ട്രെയിനിന്‍റെ പുറത്തെ കാഴ്ച്ചകള്‍ മത സൗഹാര്‍ത്തിന്‍റെയും നന്മയുടെയും പ്രതീകങ്ങളായ നിസ്കാര പള്ളികളും കുടുംബകാവുകളുമാണ്. സാമൂതിരിമാരുടെ പേടിസ്വപ്നമായിരുന്ന മാമാങ്ക ചേകവന്‍മാരുടെ ചാവേര്‍തറ സ്ഥിതിചെയ്യുന്ന വള്ളുവനാട്ന്‍റെ തലസ്ഥാന നഗരിയിലേക്കാനു പിന്നീട് എത്തിചേരുക. അങ്ങാടിപ്പുറത്തു നിന്നും നീങ്ങി തുടങ്ങിയാല്‍ വീണ്ടും ഗ്രാമകാഴ്ചകളായി. പച്ച പരവതാനി വിരിച്ച വയലുകളും തോടുകളും മൊട്ടകുന്നുകളും തന്‍റെ ഗ്രാമഭംഗി വിളിച്ചോതി, തൃശൂര് – മൈസൂര്‍ റോഡിനെ കീറിമുറിച്ചു പട്ടിക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തും. ഒരുപാട് തെങ്ങിന്‍ തോപ്പുകളെയും കൃഷിയിടങ്ങളെയും കൊച്ചു കൊച്ചു തോടുകളെയുമേല്ലാം പിന്നിലാക്കി വെള്ളിയാര്‍ പുഴയുടെ തീര ഗ്രാമമായ മേലാറ്റൂര്‍ ആണ് അടുത്ത സ്റ്റേഷന്‍. ഇവിടെ നിന്നും യാത്ര പുറപ്പെട്ടാല്‍ നോക്കത്താദൂരത്ത് സഹ്യപര്‍വ്വതത്തിന്‍റെ മുള്‍ മുനകള്‍ കാണാം. ഒലിപ്പുഴ യുടെ ഓളങ്ങളെ മുറിച്ചുകടന്നു എത്തിചേരുന്നത് ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ രണഭൂമിയായ തുവ്വൂര്‍ സ്റ്റേഷന്‍ പരിധിയിലേക്കാണ്. വെള്ളക്കാര്‍ക്ക് നേരെ ധീരമായ പോരാട്ടവീര്യം നടത്തിയ കഥകള്‍ അയവോര്‍ത്ത് , ഏറനാടിന്‍റെ മടിത്തട്ടിലൂടെ യാത്രയാവുമ്പോള്‍ കാഴ്ചകള്‍ക്ക് മാറ്റങ്ങള്‍ പ്രകടമാവും. ഈ പാതയിലെതന്നെ ഏറ്റവും ചെറിയ സ്റ്റേഷനായ തൊടിപ്പുലത്താണ് പിന്നീട് ട്രെയിന്‍ എത്തിചേരുക. ഗ്രഹാതുരത്വമുനര്‍ത്തുന്ന കാഴ്ചകള്‍ സമ്മാനിച്ച് കൂവി വിളിച്ച് ഓടുന്ന ട്രയിന്‍ എത്തിചേരുന്നത് പാതയിലെ തന്നെ വലിയ സ്റ്റേഷനുകളില്‍ ഒന്നായ വാണിയമ്പലത്താണ്. പശ്ചിമഘട്ട മല നിരകളില്‍ നിന്ന് ഉൽഭവിച്ച് നീലഗിരി കുന്നുകളെ തലോടി അറബികടലില്‍ ചേരുന്ന ചാലിയാര്‍ പുഴയുടെ ദൃശ്യഭംഗി കണ്‍മുന്നില്‍ എത്തുമ്പോള്‍ ഒരുവേള ചാലിയാറിനെ തഴുകാന്‍ കൊതിക്കും. ലോകപ്രശസ്തമായ തേക്ക് രാജന്‍റെ നാട്ടിലേക്ക് എത്തി എന്നോണം തേക്കിന്‍ കാടുകളുടെ കാഴ്ചയിലൂടെ, സഹ്യന്‍റെ താഴ്വരയായ നിലമ്പൂരിലേക്ക് ട്രെയിന്‍ പ്രവേശിക്കുമ്പോള്‍ ഈ ഹരിത പാത കനിഞ്ഞുനല്‍കുന്ന ദൃശ്യഭംഗി അവസാനിക്കുകയാണ്.